റെയിൽവേയിലെ 
മാലിന്യക്കൂമ്പാരം



  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിന്‌ അടിയിൽക്കൂടി കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ സംഭവിച്ച തൊഴിലാളി ക്രിസ്‌റ്റഫർ ജോയിയുടെ ദാരുണാന്ത്യം റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യസംസ്കരണത്തിന്റെ പോരായ്മകളിലേക്ക് വിരൽചൂണ്ടുന്നു. ജോയിയുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ സാധ്യമാക്കാൻ 40 ട്രക്ക് ഖരമാലിന്യം  നീക്കംചെയ്യേണ്ടിവന്നു. ഈ  ഖരമാലിന്യത്തിൽ ഏറെയും  കുപ്പിവെള്ളത്തിന്റ പ്ലാസ്റ്റിക് കുപ്പികളായിരുന്നു. തിരുവനന്തപുരം സെൻട്രലിൽ മാത്രമല്ല, കൊച്ചുവേളിയിലും മാലിന്യക്കൂമ്പാരങ്ങൾ നീക്കംചെയ്യുന്നില്ല എന്നാണ് അറിയുന്നത്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്നതാണ് ഉത്തരം കണ്ടെത്തേണ്ട പ്രസക്തമായ ചോദ്യം. പരിധിയിലുള്ള പ്രദേശങ്ങളിലെ മാലിന്യം നീക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. മനുഷ്യാവകാശ കമീഷൻ പ്രശ്നത്തിൽ ഇടപെടുകയും ചെയ്‌തിട്ടുണ്ട്‌. ഈയൊരു സാഹചര്യത്തിൽ മാലിന്യസംസ്കരണമെന്ന സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ റെയിൽവേ പരാജയപ്പെടുന്നത്‌ എന്തുകൊണ്ടാണെന്നു പരിശോധിക്കേണ്ടതുണ്ട്. റെയിൽവേ ഓഫീസുകൾ, പ്ലാറ്റ്ഫോമുകൾ,  പരിസരങ്ങൾ എന്നിവ വൃത്തിയാക്കിയിരുന്നത് റെയിൽവേ തൊഴിലാളികളായിരുന്നു. സ്റ്റേഷനുകളിലും ഓഫീസുകളിലും ശുചിത്വം നിലനിർത്തിയിരുന്നത് "സഫായിവാല' എന്ന തസ്തികയിലുണ്ടായിരുന്ന സ്വീപ്പർമാരുമായിരുന്നു. ഇതിനുപുറമെ ആരോഗ്യവിഭാഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ റെയിൽവേയിലെ പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിന് ശുചീകരണത്തൊഴിലാളികൾ സ്തുത്യർഹമായവിധത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്‌തിരുന്നു. എന്നാൽ,  ജീവനക്കാരുടെ എണ്ണവും തസ്തികകളും വെട്ടിക്കുറച്ചതിന്റെ ഫലമായി റെയിൽവേയിൽ ശുചീകരണത്തൊഴിലാളികൾ നാമമാത്രമായി. പ്ലാറ്റ്ഫോമുകളും ട്രാക്കും പരിസരപ്രദേശങ്ങളും മാലിന്യക്കൂമ്പാരങ്ങളാൽ നിറഞ്ഞു. ഈ ഘട്ടത്തിൽ സ്ഥിരം യാത്രക്കാർ പ്രതിഷേധിക്കാൻ തുടങ്ങുകയും ജനപ്രതിനിധികളും മാധ്യമങ്ങളും മാലിന്യപ്രശ്നങ്ങൾ  ഉയർത്തിക്കാട്ടുകയും ചെയ്തപ്പോൾ ശുചീകരണത്തിനു പുറമെയുള്ള ആളുകളെ ഉപയോഗപ്പെടുത്താൻ സൂപ്പർവൈസർമാരെ അധികാരപ്പെടുത്തി. ഇതിനായി നൽകിയ തുക നാമമാത്രമായിരുന്നു. ക്രമേണ ശുചീകരണജോലി പൂർണമായും കരാർവൽക്കരിക്കപ്പെട്ടു.   കരാർ ജീവനക്കാർക്ക് അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിലും ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിലും കോൺട്രാക്ടർമാർ ശുഷ്കാന്തി കാണിച്ചില്ല. ശുചീകരണത്തൊഴിലാളികൾക്ക് മിനിമംവേതനംപോലും നൽകിയിരുന്നില്ല. റെയിൽവേ കോൺട്രാക്ട് ലേബർ യൂണിയൻ (ആർസിഎൽയു) നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഫലമായാണ് തൊഴിലാളികൾക്ക് മിനിമം വേതനം ലഭ്യമായത്. ഈ വേതനമാകട്ടെ പ്രദേശത്തെ കൂലിയെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാലും കുടുംബം പോറ്റാൻ കുറെ തൊഴിലാളികൾ, പ്രത്യേകിച്ച്‌ സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവന്നു. ജൈവ  -അജൈവ മാലിന്യങ്ങളെ വേർതിരിച്ച് ഇൻസിനറേറ്റർ ഉപയോഗിച്ച് അവയെ നിർമാർജനം ചെയ്തിരുന്നു. ഇപ്പോൾ എവിടെയും ഇൻസിനറേറ്ററുകൾ പ്രവർത്തിക്കുന്നില്ല. പരിസരമലിനീകരണത്തെക്കുറിച്ച് ജനങ്ങൾ ബോധ്യമുള്ളവരായതോടെ ജൈവ–- അജൈവ മാലിന്യങ്ങൾ, അതിനായി വച്ചിട്ടുള്ള ബക്കറ്റുകളിൽ  നിക്ഷേപിക്കാൻ ഭൂരിപക്ഷം ആളുകളും ശ്രമിക്കുന്നുണ്ട്‌. എന്നാൽ, ട്രെയിനുകളിൽ ശേഖരിക്കുന്ന മാലിന്യം സ്റ്റേഷൻ യാർഡിൽ വലിച്ചെറിയുന്നത് പതിവായി. കൂടുതൽ സമയം വണ്ടികൾ നിൽക്കുന്ന സ്റ്റേഷൻ പ്ലാറ്റുഫോമുകളിലെ ട്രാക്ക് (ആപ്റണുകൾ) കോൺക്രീറ്റ് ചെയ്താൽ ശുചീകരണം എളുപ്പമാകും. വിവിധ കാരണം പറഞ്ഞ്‌ റെയിൽവേ ഇതിനു തയ്യാറാകുന്നില്ല. ഹരിതകേരളം മിഷൻ നടപ്പായതോടെ ചെറിയ സ്റ്റേഷനുകളിൽ ഹരിതസേന മാലിന്യം ശേഖരിക്കുന്നുണ്ട്. വലിയ സ്റ്റേഷനുകളിൽ മിക്കയിടത്തും ശേഖരിച്ചു വേർതിരിച്ച മാലിന്യം സംസ്കരിക്കാനോ നീക്കംചെയ്യാനോ സംവിധാനങ്ങളില്ല. ഈ പ്രവൃത്തിയുൾപ്പെടെ ഏറ്റെടുത്ത കരാറുകാർ മാലിന്യം നീക്കംചെയ്യുന്നില്ല. അതുകൊണ്ടാണ് തിരുവനന്തപുരം സെൻട്രലിലും കൊച്ചുവേളിയിലുമെല്ലാം അപകടകരമായവിധത്തിൽ മാലിന്യക്കൂമ്പാരങ്ങൾ ഉയർന്നത്‌. കോവിഡ് കാലത്ത്‌ വണ്ടികൾ കുറവായിരുന്ന കുറച്ചു നാളുകളുടെ മറവിൽ ശുചീകരണത്തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു. ആളുകളുടെ എണ്ണം ജോലിക്ക്‌ അനുസൃതമല്ലാതെ മുടക്കുന്ന തുകയ്ക്ക് അനുസൃതമാക്കി മാറ്റി. ദീർഘകാലം സേവനമനുഷ്ഠിച്ച നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു. ജോലി ചെയ്യേണ്ട സ്ഥലവിസ്തൃതി കൂടിയത് ജോലിഭാരം കൂട്ടി.  ശുചീകരണത്തെ ബാധിക്കുകയും ചെയ്‌തു. പാലക്കാട്ട്‌ 85 പേരുണ്ടായിരുന്നത്‌ 30 ആയി. കോഴിക്കോട്ട്‌ 55ൽനിന്ന് 22ലേക്കും ശുചീകരണത്തൊഴിലാളികളുടെ എണ്ണം കുറഞ്ഞു.   തൃശൂർ റെയിൽവേ സ്റ്റേഷനിൽ ശേഖരിക്കുന്ന മാലിന്യം കോർപറേഷന്റെ പ്ലാന്റിലാണ് സംസ്കരിക്കുന്നത്. ചില പ്രധാന സ്റ്റേഷനുകളിൽ ഖരമാലിന്യം നീക്കംചെയ്ത് മലിനജലം ശുദ്ധീകരിച്ചതിനുശേഷമാണ് ഒഴുക്കുന്നത്. ഈ മാതൃക തിരുവനന്തപുരത്തും പ്രധാന സ്റ്റേഷനുകളിലും നടപ്പാക്കണം. ശുചീകരണം കാര്യക്ഷമമാക്കാൻ ശുചീകരണത്തൊഴിലാളികളുടെ എണ്ണം കോവിഡിനു മുമ്പുണ്ടായിരുന്നതിലേക്ക് വർധിപ്പിക്കണം. അവർക്ക് ജോലി ചെയ്യുന്നതിനാവശ്യമായ യന്ത്രങ്ങൾ നൽകണം. അവർക്ക് സുരക്ഷയും മാന്യമായ വേതനവും ഉറപ്പുവരുത്തണം. റെയിൽവേ കേരള സർക്കാരുമായി സഹകരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹായത്തോടെ മാലിന്യമുക്ത നവകേരളം സാധ്യമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്‌. ഇനിയെങ്കിലും അതുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. മാലിന്യസംസ്‌കരണത്തിന്‌ റെയിൽവേ ശാസ്‌ത്രീമായ സംവിധാനമൊരുക്കണം. തൊഴിലാളികൾക്ക്‌ ആവശ്യമായ സുരക്ഷാ ഏർപ്പാടുകളും വേണം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കംചെയ്യാനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഓൺലൈനായി വിളിച്ച മന്ത്രിമാർ, ജനപ്രതിനിധികൾ, റെയിൽവേ ഡിവിഷണൽ മാനേജർ, മേയർ, ചീഫ് സെക്രട്ടറി തുടങ്ങിയവരുടെ അടിയന്തരയോഗം കൈക്കൊണ്ട തീരുമാനങ്ങൾ ഇനിയുമൊരു ദുരന്തം എവിടെയും ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കാൻ റെയിൽവേക്ക്‌ പ്രേരണയാകട്ടെ. 
 (ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (സിഐടിയു) കേന്ദ്ര വൈസ് പ്രസിഡന്റാണ്‌ ലേഖകൻ) Read on deshabhimani.com

Related News