രാമനെ അറിയുക രാമായണത്തെയും - പ്രൊഫ. കെ ജി നാരായണൻ എഴുതുന്നു
‘ആത്മാനം മാനുഷം മന്യേ’ (എന്നെ മനുഷ്യനായി ഞാൻ കാണുന്നു) എന്നത് വാല്‌മീകി രാമായണത്തിലെ രാമന്റെ അതിശ്രദ്ധേയമായ ആത്മഗതവാക്യമത്രെ. രാമനെ മനസ്സിലാക്കാൻ ഇതിലേറെ മർമസ്‌പർശിയായ വാക്യമുണ്ടോയെന്നു സംശയം. ‘ഗിരികളും നദികളും ഭൂമിയിൽ നിലനിൽക്കുന്ന കാലംവരെ രാമായണം ലോകത്തിൽ പ്രചരിക്കും’ എന്ന് ബ്രഹ്മാവ് ആദികവിയിൽ ചൊരിഞ്ഞ ആശീർവാദ കൽപ്പന അന്വർഥമാകുന്നത് ഈ വാക്യത്തിന്റെ പിൻബലത്തിൽത്തന്നെയാകും. ഈ ലോകത്ത് ഗുണവാനും വീര്യവാനുമായ ഉത്തമ മനുഷ്യനാര്. (കോന്വസ്‌മിൻ ലോകേ ഗുണവാൻ കശ്‌ചവീര്യവാൻ) എന്ന ചോദ്യത്തിന് ലഭിച്ച നാരദോപദേശത്തിന്റെ പരിപൂരണമായിരുന്നല്ലോ രാമകഥാഖ്യാനം. ഉത്തമനായ ഒരു ജനനായകൻ മനുഷ്യസഹജമായ മമതാബന്ധങ്ങൾക്കുപരി രാജ്യതന്ത്രത്തിന്റെയും പൗരോഹിത്യാനുശാസനത്തിന്റെയും സമ്മർദങ്ങളിൽപ്പെട്ട് ധർമപത്നിയെപ്പോലും ത്യജിച്ച് നീറിനീറി ലോകവിമുക്തി നേടുന്നതാണ് രാമകഥാസാരം. കഥാഗതിയുടെ നിർണായക സന്ധികളിലെല്ലാം മനസ്സാക്ഷി വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും നിർബന്ധിതനായപ്പോൾ രാമന് നഷ്ടപ്പെട്ടത് അയോധ്യയുടെ രാജാധികാരം മാത്രമായിരുന്നില്ല. യുദ്ധാനന്തരം ലങ്കയിൽനിന്ന് വീണ്ടെടുക്കപ്പെട്ട പ്രാണപ്രേയസി സീതയെയുമായിരുന്നു. പൂർണഗർഭിണിയായ ആ പതിദേവതയെ ചാരിത്രശങ്കാകുലമായ ജനാപവാദം ഭയന്ന് ചതിവാക്കിൽ കുരുക്കി കാട്ടിലുപേക്ഷിച്ചതും അഗ്നിപരീക്ഷിതയാക്കിയതും അശ്വമേധയാഗ പൂർത്തീകരണത്തിനായി പത്നീസ്ഥാനത്ത് കാഞ്ചനസീതയെ പകരംവച്ചതുമെല്ലാം ഗുണദോഷസമ്മിതനായ ഒരു മനുഷ്യകഥാപാത്രത്തിന്റെ നിസ്സഹായ ദുർവിധിയായിട്ടാണ് ആദികവി വിഭാവനം ചെയ്‌തത്. രാമന്റേതിനേക്കാൾ തീക്ഷ്‌ണമായ സീതാദുഃഖപരമ്പര ചൊരിഞ്ഞുതീർത്ത കണ്ണീർ പ്രവാഹം സപ്ത സാഗരങ്ങളെയും അതിശയിക്കുന്നെന്ന നിരീക്ഷണത്തിന്റെ പരിധിയിൽ വരുന്ന മറ്റൊരു കഥാപാത്രം വിശ്വസാഹിത്യത്തിലുണ്ടാകാൻ ഇടയില്ല. ഇങ്ങനെ മനുഷ്യമഹാദുഃഖങ്ങളുടെ തീക്കടൽ കടഞ്ഞെടുത്ത പൂർവസൂരിയായ വാല്‌മീകിയെ മഹാകവി കാളിദാസൻ ‘രുദിതാനുസാരീ കവി’ എന്ന് പ്രശംസിക്കുന്നത് ആലോചനാമൃതംതന്നെ. സാഹിത്യ വിമർശക കേസരി കുട്ടികൃഷ്‌ണമാരാരുടെ നിശിതമായ യുക്തിചിന്തയുടെയും ക്രാന്തദർശനത്തിന്റെയും മകുടോദാഹരണമായി പറയാറുള്ള ‘വാല്‌മീകിയുടെ രാമൻ ’ എന്ന പ്രൗഢപഠനത്തിൽ വാല്‌മീകി ഭാവനയിൽ കണ്ട രാമന്റെ തികഞ്ഞ മനുഷ്യസ്വരൂപത്തെത്തന്നെയാണ് സൂക്ഷ്‌മമായി അനുസന്ധാനം ചെയ്‌തുറപ്പിക്കുന്നത്. എണ്ണമറ്റ പാഠഭേദങ്ങളോടെയെങ്കിലും രാമകഥയ്‌ക്കുണ്ടായ അഭൂതപൂർവവും അത്ഭുതകരവുമായ പ്രചാരം തിബറ്റ്, തുർക്കിസ്ഥാൻ, ഇൻഡോനേഷ്യ, ഇൻഡോ ചൈന, മ്യാൻമർ, ജാവ എന്നിങ്ങനെ രാജ്യാന്തര സീമകൾ ഉല്ലംഘിക്കപ്പെട്ടു എന്നതും എടുത്തുപറയേണ്ടതുണ്ട്. ഒുപ്പംതന്നെ കൗതുകകരമായത് രചയിതാവുതന്നെ ഉത്തരകാണ്ഡത്തിൽ കഥാഗതിയിലെ നിർണായക നിർവാഹകനും സാക്ഷിയുമായി പ്രത്യക്ഷപ്പെടുന്നതത്രെ. പൗരസ്‌ത്യരും പാശ്‌ചാത്യരുമായ ഒട്ടേറെ സംസ്‌കൃത പണ്ഡിതന്മാർ രാമായണകാവ്യത്തെ വാനോളം വാഴ്‌ത്തിയിട്ടുണ്ട്. പാശ്‌ചാത്യരായ ഓറിയന്റലിസ്‌റ്റുകളിൽ പ്രമുഖരായ മാക്‌സ്‌മുള്ളർ, മോണിയർ വില്യംസ്, എം വിന്റർനീൽസ്, എ ബി കീത്ത്, ആർതർ എ മാക്‌ഡോണൽ, ഫാദർ കാമിൽബുൽക്കെ എന്നീ പേരുകൾ പ്രത്യേകം സ്‌മരണീയം. ‘എ ഹിസ്‌റ്ററി ഓഫ് സാൻസ്‌ക്രിറ്റ് ലിറ്ററേച്ചർ' എന്ന വിഖ്യാത കൃതിയിൽ മാക്‌ഡോണൽ രേഖപ്പെടുത്തിയ പ്രശംസാവാക്യത്തിനുപരി രാമായണത്തിന്റെ സാർവാതിശായിത്വത്തിന് വേറെ ദൃഷ്‌ടാന്തമില്ല. അതിന്റെ തർജമ ഇങ്ങനെ: ‘ഉൽപ്പത്തിയിൽ മതപരമല്ലാത്ത ഒരു ഗ്രന്ഥം ഒരു ജനതയുടെ ജീവിതത്തെയും ചിന്തയെയും ഇത്ര അഗാധമായി പ്രചോദിപ്പിച്ചതിന് വിശ്വസാഹിത്യത്തിൽ വേറെ ഉദാഹരണം ഉണ്ടായിരിക്കില്ല'. ഈ പ്രശംസാവാക്യത്തിലെ ‘ഉൽപ്പത്തിയിൽ മതപരമല്ലാത്ത’ എന്ന ആദ്യഭാഗം അടിവരയിടേണ്ടതുണ്ട്. ‘രാമകഥ’ എന്ന പേരിൽ ഏറ്റവും ആധികാരിക പഠനഗ്രന്ഥം രചിച്ച ഫാദർ കാമിൽ ബുൽക്കെ, ആദിരാമായണ രചനാകാലമായി വിവക്ഷിക്കുന്നത് ക്രിസ്‌തുവർഷം രണ്ടാം ശതകമത്രെ. അക്കാലങ്ങളിലൊന്നും ഹിന്ദു എന്ന പദംപോലും കേട്ടുകേൾവിയില്ലാത്തതെന്ന് ഓർക്കുക. സുസംഘടിത ചട്ടക്കൂടോ ആധികാരിക വക്താക്കളോ അവകാശപ്പെടാനില്ലാത്ത ഹിന്ദുത്വത്തിന്റെ മതഗ്രന്ഥമായി വാല്‌മീകി രാമായണത്തെ വിശേഷിപ്പിക്കുന്നത് ആദികവിയുടെ വിശ്വവ്യാപ്‌തിയാർന്ന കവിത്വക്രാന്ത ദർശിത്വങ്ങളെ താഴ്‌ത്തിക്കെട്ടാനേ ഇടയാക്കൂ. മതഗ്രന്ഥപാരായണം ഭഗവത്‌പ്രീതിക്കായുള്ള കേവലഭക്തിഭാവത്തിൽ പരിമിതപ്പെടുന്നു എന്നതും കാണാതിരുന്നുകൂടാ. രാമകഥയ്‌ക്ക് നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന അസംഖ്യം പുനരാവിഷ്‌കാരങ്ങളിൽ രാമൻ അവതാര പുരുഷന്റെ ദിവ്യപരിവേഷം പൂണ്ടവനാണ്. ഭക്തി പ്രസ്ഥാനം ഇന്ത്യയിൽ എമ്പാടും ശക്തിപ്രാപിച്ചപ്പോൾ കേരളീയ പ്രാതിനിധ്യത്തിന്റെ നടുനായകസ്ഥാനം സ്വാഭാവികമായും തുഞ്ചത്തെഴുത്തച്ഛനിൽ നിക്ഷിപ്‌തമായി. എഴുത്തച്ഛൻ പ്രയോഗത്തിൽ വരുത്തിയ മികവാർന്ന മലയാളഭാഷയും അതിന് സഹായകരമായിട്ടുണ്ട്. എന്നാൽ, തുഞ്ചത്താചാര്യന്റെ ഭക്തിഭാവസാന്ദ്രമായ അധ്യാത്മരാമായണ കാവ്യപാരായണത്തിന് മാസദൈർഘ്യമുള്ള കേവലാചാരരൂപം കൈവന്നത് സമീപകാലത്തുമാത്രമാണെന്ന് ഇന്ന് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്. വാല്‌മീകി രാമായണത്തിലെ അയോധ്യാകാണ്ഡം അശനിപാതംപോലുള്ള അശുഭ സംഭവ പരമ്പരയ്‌ക്കാണ് തിരികൊളുത്തിയത്. അയോധ്യാ രാജകൊട്ടാരത്തിലെ അന്തഃപുരത്തിൽ കുരുത്ത കുടില നയോപദേശം ഫലംകണ്ടത് രാമന്റെ അഭിഷേക വിഘ്‌നത്തിലും വനവാസ വിധിയനുസരിച്ചുള്ള നിഷ്‌കാസനത്തിലുമായിരുന്നല്ലോ. പുതുകാലത്ത് കൊട്ടിഘോഷിക്കപ്പെട്ട 'അയോധ്യാകാണ്ഡ'ത്തിലും അരങ്ങേറിയത് ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന് തീർത്തും ആശാസ്യമല്ലാത്ത കപടരാഷ്ട്രീയകരുനീക്കമായി ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. അമിതാധികാര രാഷ്‌ട്രീയത്തിന്റെ കുടില ചാണക്യതന്ത്രത്താൽ വെട്ടിപ്പിടിച്ചെടുത്ത ആ സംഘർഷ ഭൂമിയിലെ പ്രാണപ്രതിഷ്ഠാഭാസത്തിൽ ആവാഹിക്കപ്പെട്ടത് പരമതദ്വേഷത്തിന്റെ ഉന്മാദ ലഹരിയല്ലാതെ മറ്റെന്താണ്. സംഘർഷഭൂമിയിലെ ബലിത്തറയിൽ കെട്ടിപ്പൊക്കിയ ആരൂഢത്തിനു കീഴെയുള്ള ഏത് പ്രതിഷ്‌ഠയിലാണ് രാമചൈതന്യം കുടികൊള്ളുന്നത്. പ്രതിഷ്‌ഠയുടെ നവനിർമിത മേൽവിതാനത്തിൽ രൂപപ്പെട്ട വിള്ളലും ചോർച്ചയും കാലം കരുതിവച്ച കാവ്യനീതിയാകുമോ. (തേവര എസ്എച്ച് കോളേജിലെ മലയാളം വിഭാഗം മുൻ മേധാവിയാണ് ലേഖകൻ) Read on deshabhimani.com