കലാമിനെ ഓർക്കുമ്പോൾ
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൾ കലാം എന്ന എ പി ജെ അബ്ദുൾ കലാമിന്റെ ഒൻപതാം ചരമവാർഷികമാണിന്ന്. 1931 ഒക്ടോബർ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്താണ് ജൈനുലബ്ദീൻറെയും ആഷിയമ്മയുടെയും ഇളയ മകനായി എ പി ജെ അബ്ദുൾ കലാം ജനിച്ചത്. സാമ്പത്തിക പരാധീനതകളിൽ നട്ടം തിരിഞ്ഞ കുടുംബത്തിന് കൈത്താങ്ങായി അഞ്ചാം വയസ്സിൽ ആ കൊച്ചുബാലൻ പത്രവില്പനയ്ക്കിറങ്ങി. അപ്പോഴും അവന്റെ ലക്ഷ്യം ആകാശമായിരുന്നു. പഠനത്തിൽ മിടുമിടുക്കനായിരുന്ന കലാം ഗണിതത്തിൽ അസാധാരണ വൈഭവം പുലർത്തി. സ്കൂൾ കാലഘട്ടത്തിനു ശേഷം ഭൗതികശാസ്ത്രത്തിലും എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിലും ബിരുദം നേടി. പൈലറ്റാവാൻ ആഗ്രഹിച്ച കലാം അതിന് സാധിക്കാഞ്ഞതിനെ തുടർന്നാണ് ശാസ്ത്രജ്ഞനായി മാറി ഇന്ത്യയുടെ അഭിമാനദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എന്നാൽ വിമാനം പറത്തുകയെന്ന സ്വപ്നം അദ്ദേഹം തന്നെ പറയുന്നതുപോലെ ഉറങ്ങാനനുവദിക്കാതെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഇന്ത്യയുടെ പ്രഥമപൗരനായി Su-30MKI യുദ്ധവിമാനം പറത്തിയപ്പോൾ അദ്ദേഹത്തിന് പ്രായം 74! ഒരു യുദ്ധവിമാനം പറത്തുന്ന ഏക ഇന്ത്യൻരാഷ്ട്രപതിയാണ് അദ്ദേഹം. 'സ്വപ്നം കാണൂ, സ്വപ്നങ്ങൾ ചിന്തകളായും, ചിന്തകൾ പ്രവൃത്തികളായും മാറും' എന്ന് പഠിപ്പിക്കുക മാത്രമല്ല, സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിക്കുക കൂടിയായിരുന്നു കലാം. 1960 ൽ ഡിആർഡിഒയിൽ (DRDO) അസിസ്റ്റന്റ് സയന്റിസ്റ്റായാണ് കലാമിന്റെ സുദീർഘമായ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് 1969 -ൽ ഐഎസ്ആർഒയിലേക്ക്. 1980 ൽ അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ രാജ്യം തദ്ദേശീയമായി ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനം എസ്എൽവി 3 യുടെ (SLV3) നിർമിച്ചപ്പോൾ അതുവരെ ഇന്ത്യ സ്വന്തമായി ഒരു വിമാനം പോലും നിർമിച്ചിരുന്നില്ല. ഇതോടെ ഇന്ത്യ ബഹിരാകാശരംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെ നടത്തി. പിന്നീട് ഡിആർഡിഒയിലേക്കു തന്നെ കലാം തിരിച്ചെത്തി. ഡിആർഡിഒയിലെ ഈ രണ്ടാം ഇന്നിങ്സിലാണ് അഗ്നി, പൃഥ്വി ഉൾപ്പെടെയുള്ള അഞ്ചു മിസൈലുകൾ നിർമിച്ചത്. അങ്ങനെ എ പി ജെ അബ്ദുൾ കലാം ഇന്ത്യയുടെ 'മിസൈൽ മാനാ'യി മാറി. അമേരിക്കൻ ചാരക്കണ്ണുകളെ വെട്ടിച്ച് പൊഖ്‍റാനിൽ ആണവപരീക്ഷണം നടത്തിയതിന് നേതൃത്വം നൽകിയതും കലാമായിരുന്നു. അമേരിക്ക, ചൈന, ഫ്രാൻസ്, റഷ്യ, യുകെ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ആണവശക്തി ഉണ്ടായിരുന്നത്. ജീവിതത്തിൽ സമാധാനത്തിന്റെ പാത പിന്തുടരുമ്പോഴും രാജ്യസുരക്ഷയ്ക്കുവേണ്ടി ആ മഹത്തായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. 2002 ൽ രാജ്യത്തിന്റെ പ്രഥമപൗരനായപ്പോൾ കലാമിന്റെ മാനുഷികത കൂടുതൽ പ്രകടമാവുകയായിരുന്നു. രാഷ്ട്രപതിയായിരിക്കെ ഒരു രൂപ പോലും ശമ്പളമായി കൈപ്പറ്റാതെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നൽകി അദ്ദേഹം. അധികാരത്തിലിരുന്ന സമയം അദ്ദേഹം 50 വധശിക്ഷാകേസുകളാണ് പുനഃപരിശോധനയ്ക്കായി തിരിച്ചയച്ചത്. ഒരു ദയാഹർജി മാത്രമാണ് അദ്ദേഹം തള്ളിയത്. കേരളത്തിൽ സന്ദർശനത്തിനെത്തിയ കലാം രാജ് ഭവനിൽ തന്റെ പ്രത്യേക അതിഥിയായി ക്ഷണിച്ചത് ചെരുപ്പുകുത്തിയെയും താൻ നിത്യേന ഭക്ഷണം കഴിച്ചിരുന്ന ഒരു ചെറിയ ഹോട്ടലിന്റെ ഉടമയെയുമായിരുന്നു. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലിചെയ്തിരുന്ന കാലത്ത് കലാമിന്റെ സുഹൃത്തുക്കളായിരുന്നു ഇരുവരും. 2015 ജൂലൈ 27 ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് വേദിയിൽ വിദ്യാർത്ഥികളോട് സംവദിക്കവെ കുഴഞ്ഞുവീഴുന്നതു വരെ വിശ്രമമില്ലാത്ത ജീവിതമായിരുന്നു കലാമിന്റേത്. ഇന്ന് അദ്ദേഹത്തിന്റെ ഒൻപതാം ചരമവാർഷികവേളയിൽ ഇന്ത്യയിൽ ശാസ്ത്രത്തെ മിത്തുകൾ കൊണ്ട് പകരംവയ്ക്കാൻ ശ്രമിക്കുന്നതാണ് നാം കാണുന്നത്. 2014 ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ മുതൽ മിത്തുകളെ വസ്തുതകളാക്കി സ്ഥാപിക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന പ്രവണത പ്രകടമാണ്. പുരാണങ്ങൾക്ക് ശാസ്ത്രത്തിന്റെ അടിത്തറയുണ്ടാക്കിക്കൊടുത്ത് അവയുടെ ആധികാരികത ഉറപ്പിക്കലാണ് ഇന്നത്ത ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ ജോലി. 2015 ൽ മുംബൈയിൽ നടന്ന ശാസ്ത്ര കോൺഗ്രസിൽ പുഷ്പകവിമാനമാണ് ആദ്യത്തെ വിമാനമെന്നും ഗണപതിയുടെ രൂപം പ്ലാസ്റ്റിക് സർജറിയാണെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ പ്രസംഗിക്കുന്ന സാഹചര്യമുണ്ടായി. കോവിഡ് മഹാമാരിയുടെ കാലത്ത് പാത്രം കൊട്ടി വൈറസിനെ തുരത്താമെന്നായിരുന്നു മോദിയുടെ കണ്ടുപിടിത്തം! പത്താം ക്ലാസിലെ എൻസിഇആർടി പാഠപുസ്കത്തിൽ നിന്ന് പീരിയോഡിക് ടേബിൾ വെട്ടിമാറ്റി. നൂറുവർഷത്തിനിടയിൽ ആദ്യമായി ഇന്ത്യൻ ശാസ്തകോൺഗ്രസിന് ഫണ്ടുനൽകാതെ മുടക്കി. വർഗീയത വളരുന്നത് മനുഷ്യർക്കിടയിൽ വെറുപ്പ് ഉത്പാദിച്ചുകൊണ്ടാണ്. അതിന് അവർ കൂട്ടുപിടിക്കുന്നത് മതവിശ്വാസത്തെയാണ്. ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള സമൂഹം മതത്തെയും അതിന്റെ ഭാഗമായുള്ള അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്തു തുടങ്ങും. അതുകൊണ്ട് മതവർഗീയത അധികാരത്തിൽ വരുമ്പോൾ എക്കാലത്തും ഏതു ദേശത്തും ഏറ്റവുമധികം ഭയപ്പെട്ടിട്ടുള്ളത് ശാസ്ത്രവളർച്ചയെയാണ്. ശാസ്ത്രനേട്ടങ്ങളെ രാജ്യത്തിന്റെ നേട്ടമായി ഉയർത്തിക്കാണിക്കുമ്പോൾ, ജനങ്ങൾക്കിയിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളർത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഏറ്റവും വലിയ വിരോധാഭാസം കലാമിനെ ഹിന്ദുത്വവാദികൾ സ്വന്തം ചേരിയിൽ നിർത്താൻ ശ്രമിക്കുന്നതാണ്. അദ്ദേഹത്തിന്റെ ചരമദിനമായ ഇന്ന് ബിജെപി ന്യൂനപക്ഷ മോർച്ച രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുകയാണ്. ശാസ്ത്രത്തെ പരിണയിച്ച കലാമിന്റെ പ്രതിമയിൽ ഹിന്ദുത്വവാദികൾ പുഷ്പമാല്യം അർപ്പിക്കുമ്പോൾ അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് ആലോചിക്കുന്നത് രസകരമാണ്. ഇന്ത്യൻ ഭരണഘടനയുടെ 51എ അനുച്ഛേദത്തിൽ പൗരന്മാരുടെ മൗലികകർത്തവ്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ശാസ്ത്ര ചിന്തയും അന്വേഷണത്വരയും വളർത്തണമെന്നാണ്. മനുഷ്യവംശം ഇന്നേവരെ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുന്ന മതവർഗീയത അധികാരത്തിലിരിക്കുമ്പോൾ, ഭരണഘടന ഉയർത്തിപ്പിടിച്ച് ശാസ്ത്രചിന്ത വളർത്തേണ്ടത് ഏതൊരു പൗരന്റെയും മൗലികകർത്തവ്യമാണ്. അതിന് എ പി ജെ അബ്ദുൾ കലാമിനെപ്പോലെ രാജ്യം ആദരിക്കുന്ന ശാസ്ത്രജ്ഞരുടെ ജീവിതവും പ്രവൃത്തികളും നമ്മെ മുന്നോട്ട് നയിക്കട്ടെ. ഇന്നത്തെ ഇന്ത്യയിൽ കലാമിനെ തന്നെ വർഗ്ഗീയ ഫാസിസ്റ്റുകളിൽ നിന്നു രക്ഷിക്കേണ്ട വലിയ ദൗത്യവും നമ്മൾ നിർവ്വഹിക്കേണ്ടതായിട്ടുണ്ട്. Read on deshabhimani.com