സഫ്ദര്‍: തെരുവിലിന്നും തീനാളം



ചുവന്ന ഓർമകളിൽ പുതുവർഷസൂര്യൻ തുടിച്ചുദിക്കുന്ന പ്രദേശമാണ് ഉത്തർപ്രദേശിലെ ഝണ്ടാപുർ. രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന്‌ ഏറെയില്ല ദൂരം. ഭരണകൂടങ്ങളുടെ നെറികേടുകളെ നോക്കി തെരുവുകളിൽ ജ്വലിച്ച്‌ ചോദ്യങ്ങളുന്നയിച്ച സഫ്ദർ ഹശ്മി എന്ന നാടകപ്രതിഭ 1989 ജനുവരി ഒന്നിന് കൊലക്കത്തിക്കിരയായത് ഇവിടെയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ "ഹല്ലാ ബോൽ ' (നിങ്ങൾ ശബ്ദമുയർത്തൂ) എന്ന പേരിലുള്ള നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കേയായിരുന്നു അക്രമം. തൊഴിലാളികളുടെ ദൈന്യത വിവരിച്ച് ചൂഷണത്തിനെതിരെയുള്ള ശബ്ദം പ്രമേയമാക്കിയുള്ള തെരുവുനാടകം. നിസ്വരായ മനുഷ്യർക്കുവേണ്ടി, അന്യവൽക്കരിക്കപ്പെട്ടവരുടെ അവകാശത്തിനുവേണ്ടി വേദികളിലൂടെ സംസാരിച്ചുകൊണ്ടിരുന്ന സഫ്ദറിന്റെ അവസാനനാടകത്തിന്റെ പേരായ "ഹല്ലാ ബോൽ' ഇന്ന് രാജ്യത്താകമാനം ഒരു മുദ്രാവാക്യമായി മാറിയിരിക്കുന്നു. ഭേദഗതി ചെയ്യപ്പെട്ട പൗരത്വനിയമം മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിച്ചപ്പോഴും ഇന്ദ്രപ്രസ്ഥനഗരിയുടെ അതിർത്തികൾ വളഞ്ഞ് അന്നദാതാക്കൾ ഉപരോധമിരിക്കുമ്പോഴുമൊക്കെ അവകാശസമരത്തിന്റെ അലയൊലികളായി ആകാശംമുട്ടെ ഉയർന്ന മുഷ്ടികളിൽ മുഴങ്ങുന്ന മുദ്രാവാക്യം. സഫ്ദറിനെ ഓർക്കാൻ ജനനാട്യമഞ്ച് പ്രവർത്തകർ എല്ലാ വർഷത്തെയുംപോലെ ഇന്നും ഝണ്ടാപുരിലെ ആ തെരുവിൽ ഒത്തുകൂടും. അവിടെ നാടകം കളിക്കും. വിമോചനസ്വപ്നമുള്ള ലക്ഷക്കണക്കിന്‌ ജനതയുടെ ഹൃദയമായി സഫ്ദർ തുടിച്ചുനിൽക്കുന്നുണ്ടെന്ന് ഉറക്കെയുറക്കെ പറയാൻ. സാഹിബാബാദിൽ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പു നടക്കാനിരിക്കേ ഝണ്ടാപുരിൽ തെരുവുനാടകം കളിക്കാൻ പുതുവർഷദിനത്തിൽ ഉച്ചയോടെ എത്തിയതായിരുന്നു സഫ്ദറും കൂട്ടരും. മുനിസിപ്പാലിറ്റിയിലേക്കു മത്സരിക്കുന്ന മുകേഷ് ശർമ എന്ന കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ അക്രമം അരങ്ങേറി. സഫ്ദർ ഓടി രക്ഷപ്പെട്ടില്ല. ഒപ്പമുള്ള നാടകപ്രവർത്തകരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. വടികളും തോക്കുകളുമായി എത്തിയ അക്രമികളിൽനിന്ന്‌ സഹപ്രവർത്തകരെയും സഖാക്കളെയും രക്ഷിക്കാൻ അവരെയെല്ലാം സഫ്ദർ തൊട്ടടുത്തുള്ള സിഐടിയു ഓഫീസിലാക്കി. എല്ലാവരെയും അകത്താക്കി വാതിൽക്കൽ കാവലുറപ്പിച്ച സഫ്ദറിനൊപ്പം ബ്രിജേന്ദ്ര സിങ് എന്ന സഹപ്രവർത്തകനും നിലയുറപ്പിച്ചു. എന്നാൽ, ആ സഖാവിനെ ശാസിച്ച് സഫ്ദർ ഓഫീസിനുള്ളിലാക്കി വാതിലടച്ചു. ഒടുവിൽ കൊലവിളികളുമായി അക്രമികളെത്തുമ്പോൾ ഒപ്പമുള്ളവരെ അവർക്കു വിട്ടുകൊടുക്കാതെ സഫ്ദർ ധീരതയോടെ വാതിൽക്കൽ നിന്നു. അക്രമത്തിൽ അദ്ദേഹത്തിന്‌ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. തെരുവിൽ കിടന്ന സഫ്ദറിനെ ആദ്യം ഗാസിയാബാദിലും അവിടന്ന്  ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലും പിന്നീട് റാം മനോഹർ ലോഹ്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ,  പിറ്റേദിവസം ആ ജീവൻ വെടിഞ്ഞു. അന്നത്തെ സംഘർഷത്തിൽ ബഹാദുർ സിങ് എന്ന തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറം തൊഴിലാളികളടക്കം നൂറുകണക്കിന്‌ നിസ്വരായ മനുഷ്യർ കൊല്ലപ്പെടുന്നത് ഒരു വാർത്തപോലുമാകാത്ത നാടായി ഉത്തർപ്രദേശ് മാറിയിരിക്കുന്നു. 1989 ജനുവരി മൂന്നിന് സഫ്ദറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പാർലമെന്റിനു സമീപം വിത്തൽഭായ് പട്ടേൽ ഹൗസിനു മുന്നിൽനിന്ന്‌ പുറപ്പെടുമ്പോൾ പതിനായിരത്തിലേറെ പേർ പങ്കെടുത്തു. ഉത്തരേന്ത്യയിൽ അന്നുവരെ ഒരു കലാകാരനും ലഭിച്ചിട്ടില്ലാത്ത ആദരാഞ്ജലിയായിരുന്നു പത്തു കിലോമീറ്ററോളം കാൽനടയായി നീങ്ങിയ ആ വിലാപയാത്ര. സിപിഎം നേതാക്കളായ ബി ടി രണദിവെ, ഹർകിഷൻ സിങ് സുർജിത്, സൈഫുദ്ദീൻ ചൗധരി, ജോഗീന്ദർ ശർമ തുടങ്ങിയവർ ശവമഞ്ചം ചുമലിലേറ്റി. അദ്ദേഹത്തിന്റെ മതത്തിന്റെ പേരുപറഞ്ഞ് ശ്മശാനം അധികൃതർ സംസ്‌കാരത്തിന്‌ തടസ്സം നിന്നു. എന്നാൽ, മതപരമായ ഒരു അനുഷ്ഠാനത്തിലും വിശ്വസിച്ചിട്ടില്ലാത്ത സഫ്ദറിനെ സഖാക്കൾ ന്യൂഡൽഹിയിലെ വൈദ്യുതിശ്മശാനത്തിൽത്തന്നെ സംസ്‌കരിച്ചു. സഫ്ദർ പിടഞ്ഞുവീണ ഝണ്ടാപുരിലെ അതേ തെരുവിൽ പിറ്റേ ദിവസം 1200ലേറെ പേർ പങ്കെടുത്ത ഒരു അപൂർവ കാഴ്ച അരങ്ങേറി. സഫ്ദർ എഴുതിവച്ച നാടകം കണ്ണീരടക്കിപ്പിടിച്ച മനസ്സുമായി ഭാര്യ മാലശ്രീ അടക്കമുള്ള സഖാക്കൾ തൊഴിലാളികൾക്കു മുന്നിൽ അവതരിപ്പിച്ചു. രണ്ടു ദിവസംമുമ്പ് കൊലക്കത്തിക്കുമുന്നിൽ പിടഞ്ഞുവീണതുകൊണ്ടുമാത്രം പൂർത്തിയാക്കാനാകാതെ ബാക്കിവച്ച സഫ്ദറിന്റെ നാടകം അവർ പൂർണമാക്കി. ഇടതുപക്ഷ രാഷ്ട്രീയത്തിന്‌ സമർപ്പിച്ചതായിരുന്നു സഫ്ദറിന്റെ ജീവിതം. ഡൽഹി സർവകലാശാല, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിലായി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് സിപിഐ എമ്മിൽ സജീവമായി. പിടിഐ വാർത്താ ഏജൻസി, ഇക്കണോമിക് ടൈംസ് ദിനപത്രം എന്നിവയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. ഡൽഹി സർവകലാശാലയിലും ഗഡ് വാൾ, കശ്മീർ സർവകലാശാലകളിലുമൊക്കെ അധ്യാപകനായി. പശ്ചിമ ബംഗാൾ സർക്കാരിന്റെ ഇൻഫർമേഷൻ ഓഫീസറായും അദ്ദേഹം ജോലി ചെയ്തു. 1973ൽ തന്റെ 19-–-ാമത്തെ വയസ്സിൽ "ജനകീയ നാടകവേദി' എന്നർഥമുള്ള ജനനാട്യമഞ്ചിന് സഫ്ദർ രൂപം നൽകിയിരുന്നു. മുഴുവൻസമയ നാടകപ്രവർത്തകനാകാൻ 1983ൽ അദ്ദേഹം ജോലി രാജിവച്ചു. ദൂരദർശനിൽ സീരിയലുകളായും ഡോക്യുമെന്ററികളായുമൊക്കെ സഫ്ദറിന്റെ രചനകൾ നിറഞ്ഞു. ഒരു ജനകീയ കലാപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നതിന് എക്കാലത്തേക്കുമുള്ള പേരാണ് സഫ്ദർ ഹാശ്മി. അടിയന്തരാവസ്ഥയ്ക്കുശേഷം ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾ നടക്കുന്ന സമയത്താണ് സഫ്ദറിന്റെ രക്തസാക്ഷിത്വം. ലോകം മുഴുവൻ തെരുവുനിറയ്ക്കുന്ന കാഴ്ചകളാണ് സഫ്ദറിന്റെ നാടകങ്ങൾ. യുവാക്കളും സ്ത്രീകളുമടക്കം ഏറെപ്പേർ ജനനാട്യമഞ്ചിന്റെ ഭാഗമായി. ഇന്ത്യയിലാകെ തെരുവുനാടകപ്രവർത്തകർക്ക് സഫ്ദർ പ്രചോദനമായി. ജനനാട്യമഞ്ചിന്റെ ചുവടുപിടിച്ച് ഒട്ടേറെ തെരുവുനാടകസംഘങ്ങൾ വളർന്നുവന്നു. ഒരു ജനകീയ കലാപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നതിന് എക്കാലത്തേക്കുമുള്ള പേരാണ് സഫ്ദർ ഹാശ്മി. അടിയന്തരാവസ്ഥയ്ക്കുശേഷം ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾ നടക്കുന്ന സമയത്താണ് സഫ്ദറിന്റെ രക്തസാക്ഷിത്വം.   സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും ഫാസിസം കാർന്നുതിന്നുന്നതാണ് നമ്മുടെ വർത്തമാനം. ഫാസിസം അധികാരസിംഹാസനങ്ങളിലേക്കും പടർന്നുകയറിയ കാലത്ത് സഫ്ദർ ഒരു പ്രതിരോധത്തിന്റെ അടയാളമായിത്തീരുന്നു. തെരുവുകളിൽ രാഷ്ട്രീയം സംസാരിച്ച് ഹൃദയങ്ങളിലേക്കു പടർന്ന വിപ്ലവകാരിയാണ് സഫ്ദർ. തെരുവുകൾ സമരഭരിതമാകുകയും പ്രക്ഷോഭകർ വേട്ടയാടപ്പെടുകയും ചെയ്യുമ്പോൾ സഫ്ദർ അനിവാര്യനാണെന്ന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ ഓർമയിൽ ചലച്ചിത്രകാരൻ ആനന്ദ് പട്‌വർധൻ എഴുതിയ കവിത. "സഫ്ദർ, ബാബ്റി മസ്ജിദിന്റെ തകർച്ച നിനക്കു കാണാനായില്ല ശേഷമുള്ള വിദ്വേഷവും കുരുതികളുമൊന്നും... രമാഭായിയെ നിങ്ങൾക്കു നഷ്ടമായി ഒപ്പം മറ്റു ദലിത് കൂട്ടക്കൊലകളും... ആണവബോംബിനോടുള്ള നമ്മുടെ രാജ്യത്തിന്റെ സ്നേഹം നിനക്കറിയാനായില്ല 2002ലെ ഗുജറാത്ത് വംശഹത്യയും അയലത്തെ പാകിസ്ഥാനിലുള്ളതും താലിബാൻ രൂപീകരണവും ഒക്കെ നിനക്കു നഷ്ടമായി... കൊലയാളികളുടെ കിരീടവാഴ്ചയും നിനക്കു നഷ്ടമായി... സകലതും കണ്ട ഞങ്ങൾക്കോ നഷ്‌ടമായത്‌ നിന്റെ സാന്നിധ്യം.’ Read on deshabhimani.com

Related News