ബെനഗൽ; ഇന്ത്യൻ സിനിമയിലെ നവതരംഗ വിപ്ലവകാരി
ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മെയിൻ സ്‌ട്രീം ബോളിവുഡ് സിനിമകളുടെ തനത് ശൈലിയിൽ നിന്ന് മാറി നടന്ന് മനുഷ്യന്റെ ജീവിതത്തെ അഭ്രപാളിയിലെത്തിച്ച ശ്യാം ബെനഗൽ. അങ്കുറും നിശാന്തും മന്തനും ഭൂമികയും മമ്മോയുമൊക്കെ നവതരംഗ സിനിമകളുടെ മുഖമായപ്പോൾ അതിനെല്ലാം ചുക്കാൻ പിടിച്ചത് ശ്യാം ബെനഗലെന്ന സംവിധായകനായിരുന്നു. 1970ൽ തുടക്കമായ ഇന്ത്യൻ സിനിമയിലെ നവതരംഗ വിപ്ലവത്തിന്റെ പ്രധാന കണ്ണി ബെനഗലായിരുന്നു. ഇന്ത്യൻ ഗ്രാമീണ ജീവിതവും ചരിത്രവും ജാതി വിവേചനവുമെല്ലാം പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ ആവിഷ്‌കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. റിയലിസവും സാമൂഹ്യ വിമർശനവും സംസാരിച്ച് ആഗോള തലത്തിൽ തന്നെ സിനിമാ മേഖലയിൽ ചലനങ്ങളുണ്ടാക്കിയ ഫ്രഞ്ച് നവതരംഗ സിനിമകളും ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് സിനിമകളുമായിരുന്നു ശ്യാം ബെനഗലെന്ന സംവിധായകനെ രൂപപ്പെടുത്തിയത്. അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977) എന്നീ ചിത്രങ്ങളാണ് ബെനഗലിന്റെ ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുക. ഫ്യൂഡലിസവും വർഗ രാഷ്‌ട്രീയവും സംസാരിച്ച അങ്കുർ ആയിരുന്നു ഇന്ത്യൻ സിനിമയുടെ മുഖങ്ങളിലൊന്നായി ശ്യാം ബെനഗലിനെ അടയാളപ്പെടുത്തിയത്. ശബാന ആസ്‌മി എന്ന അഭിനേത്രിയെ ബെനഗൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതും അങ്കുറിലൂടെ തന്നെയായിരുന്നു. ശബാന ആസ്‌മിയെ മാത്രമല്ല നസറുദ്ധീൻ ഷാ, സ്‌മിത പാട്ടീൽ, ഓം പുരി, കുൽഭൂഷൻ കർബന്ദ, അമരീഷ് പുരി തുടങ്ങി പിൽക്കാലത്ത് മുഖ്യധാര സിനിമയിലും തിളങ്ങിയ അഭിനേതാക്കളെ സമാന്തര സിനിമയിലൂടെ പരിചയപ്പെടുത്തിയ സംവിധായകരുടെ നിരയിലായിരുന്നു ബെനഗലിന്റെ സ്ഥാനം. ഗുജറാത്തിലെ ഒരു ഗ്രാമീണ ക്ഷീര സഹകരണ സംഘത്തിന്റെ കഥയായ മന്തനിൽ, ബെനഗൽ ശാക്തീകരണത്തിന്റെയും സമൂഹത്തിന്റെയും കഥ പറഞ്ഞു. ക്ഷീര സഹകരണ സംഘം തന്നെ സിനിമ നിർമിച്ചപ്പോൾ ചിത്രം കൂടുതൽ കയ്യടി നേടുകയും ചെയ്തു. സിനിമയ്‌ക്കുള്ളിലെ സിനിമയെ അടയാളപ്പെടുത്തിയ ബെനഗലിന്റെ ഭൂമികയും പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരുന്നു. വ്യക്തിപരമായ ആഗ്രഹങ്ങൾക്കും സാമൂഹിക പ്രതീക്ഷകൾക്കും ഇടയിൽ അകപ്പെട്ട ഒരു സ്ത്രീയുടെ ആന്തരിക അസ്വസ്ഥതയും ശക്തിയും ഉജ്ജ്വലമായി സ്‌മിത പാട്ടീൽ എന്ന അഭിനേത്രിയിലൂടെ ഭൂമികയിൽ ബെനഗൽ ചിത്രീകരിച്ചു. യാഥാർഥ്യത്തിൽ നിന്ന് മാറി നടക്കുകയും ഒരേ രീതിയിൽ മാത്രം കഥ പറയുന്നതുമായ അക്കാലത്തെ വാണിജ്യ സിനിമകളിൽ നിന്ന് ബെനഗലിന്റെ ചിത്രങ്ങൾ വേറിട്ട് നിന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലെ വ്യക്തികളുടെ യഥാർത്ഥ ജീവിത പോരാട്ടങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആഖ്യാനങ്ങൾക്ക് ആഴവും സങ്കീർണ്ണതയും കൊണ്ടുവരികയായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം സ്‌ത്രീ സ്വാതന്ത്രം, അഴിമതി, യാഥാസ്ഥികത്വവും ആധുനികതയും തമ്മിലുള്ള അനിശ്ചിതത്വങ്ങൾ എന്നീ പ്രശ്‌നങ്ങളും ശ്യാം ബെനഗൽ തന്റെ സൃഷ്‌ടികളിലൂടെ അന്വേഷിച്ചു. സിനിമകൾക്കുമപ്പുറം, നിരവധി ചലച്ചിത്രകാരൻമാരെ സ്വാധീനിച്ചു എന്നതാണ് ശ്യാം ബെനഗലിനെ വേറിട്ടുനിർത്തുന്നത്. സമൂഹത്തോടുള്ള പ്രതിബദ്ധതയും ചിന്തോദ്ദീപകമായ സിനിമകളും ഇന്ത്യൻ ചലച്ചിത്ര നിർമാണത്തിന്റെ ഭൂപ്രകൃതിയെ പുനർനിർമിച്ചപ്പോൾ നമ്മുടെ സിനിമാറ്റിക് ഐഡന്റിറ്റിയുടെ സുപ്രധാന ഭാഗമായി സമാന്തര സിനിമാ പ്രസ്ഥാനത്തെ മാറ്റാൻ ബെനഗലിനായി. ഇന്ത്യയുടെ ചലച്ചിത്രരംഗത്തെ രൂപപ്പെടുത്തുകയും നവീകരിക്കുകയും ചെയ്ത ഒരു സംവിധായകനായി ആയിരിക്കും ശ്യാം ബെനഗലിനെ വരുന്ന തലമുറ ഓർക്കുക. അദ്ദേഹത്തിന്റെ സംഭാവനകൾ ചലച്ചിത്ര നിർമാണത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന വരും തലമുറയെ തീർച്ചയായും പ്രചോദിപ്പിക്കും. Read on deshabhimani.com