മാതൃകാ സംവേദകൻ- കെ പി മോഹനൻ എഴുതുന്നു



  കേരളീയ നവോത്ഥാനത്തിൽ ആചാര്യസ്ഥാനത്തു നിൽക്കുന്ന ശ്രീനാരായണഗുരു എങ്ങനെയാണ് ജനങ്ങളാട് സംവദിച്ചത്. അദ്ദേഹം ഉപയോഗിച്ച ഭാഷയുടെ സവിശേഷത എന്തായിരുന്നു. ഇത് ഇന്ന് പരിഗണനാർഹമായ ഒരു വിഷയമാണ്. സാധാരണക്കാരോട് സംസാരിക്കാൻ, അതും ഗൗരവമേറിയ ആധ്യാത്മിക വിഷയങ്ങളാകുമ്പോൾ ഏതുതരം ഭാഷ ഉപയോഗിക്കണമെന്ന് ഗുരുവിന് നന്നായി അറിയാമായിരുന്നു. തമിഴും സംസ്കൃതവും  മലയാളവും നന്നായി കൈകാര്യം ചെയ്യാനും മൂന്നു ഭാഷയിലും ഒരുപോലെ കവിത്വസിദ്ധി തെളിയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ലളിതസുന്ദരമായ മലയാളം സംവേദകൻ എന്നത്  ഗുരുവിന്റെ മുഖമുദ്രയാണ്. ഒട്ടനവധി മുദ്രാവാക്യങ്ങൾ മുഴങ്ങിയ കേരളത്തിൽ, നാം കേട്ട അർഥസുഭഗവും ശിൽപ്പസുന്ദരവുമായ മുദ്രാവാക്യങ്ങൾ "മതമേതായാലും മനുഷ്യൻ നന്നായാൽ മതി', "ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്’ തുടങ്ങിയ ഗുരുവചനങ്ങളായിരിക്കും. മനുഷ്യൻ എന്ന ബിന്ദുവിൽ ഊന്നിനിന്നവയാണ് ഈ വചനങ്ങൾ. മനുഷ്യൻ നന്നായാൽ മതി എന്നിടത്തുതന്നെയാണ് ഊന്നൽ. എഴുത്തിലായാലും പറച്ചിലിലായാലും നർമം, ലാളിത്യം, വാക്കുകൾക്കു പിറകിൽ സ്വാഭാവികമായും ഒഴുകിയെത്തുന്ന അനന്തമായ അർഥസാധ്യതകൾ തുടങ്ങിയവയെല്ലാം ആ സംവേദനശൈലിക്ക് സവിശേഷത പ്രദാനം ചെയ്തു. ഭാഷയുടെ ആവാഹകത്വശേഷി, അതായത് അർഥത്തിന്റെ പലതരം അടരുകൾ വായനക്കാരിൽ, അല്ലെങ്കിൽ കേൾവിക്കാരിൽ എത്തിക്കാനുള്ള വൈഭവം അദ്ദേഹം സ്വരൂപിച്ചത് താൻ ഉപയോഗിക്കുന്ന വാക്കുകളെ അവയുടെ പഴമയിലേക്കും സംഭാഷണാത്മകതയിലേക്കും പ്രാദേശികതയിലേക്കും മൂർത്തതയിലേക്കും ദൃഢതയിലേക്കും പ്രത്യാനയിച്ചുകൊണ്ടാണ്. "അവൻ, ഇവൻ എന്നറിയുന്നതൊക്കെയോർത്താൽ, അവനിയിലാദിമമായൊരാത്മരൂപം. അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ, യപരന്നു സുഖത്തിനായ് വരേണം’ എന്നോ ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ’ എന്നോ എഴുതുമ്പോൾ ഭാഷയിലെ ഈ ലാളിത്യമാണ് ആരും ശ്രദ്ധിച്ചുപോകുന്നത്.1924ൽ ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം നടത്താൻ തീരുമാനിച്ച സന്ദർഭത്തിൽ സമ്മേളനത്തിന്റെ ആശയം ലളിതമായി അവതരിപ്പിക്കാൻ പ്രാപ്തമായ ഒരു മുഖവാക്യം അദ്ദേഹം സഹോദരൻ അയ്യപ്പന് നൽകുകയുണ്ടായി. "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും'. ഈ മുഖവാക്യം പടിവാതിൽക്കൽത്തന്നെ പ്രദർശിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു. സംവാദങ്ങളിലെ ജനാധിപത്യമെന്ന ആശയം ഇതിനേക്കാൾ ലളിതമായി എങ്ങനെ ആവിഷ്‌കരിക്കാനാകും! ദുരധികാരങ്ങൾക്കെതിരെയുള്ള സമരമുഖങ്ങളിൽ ഭാഷ എങ്ങനെ ശക്തമായ ഒരു ആയുധമാകുന്നു എന്നതിന്റെ തെളിവാണ് ഗുരുവിന്റെ പ്രമാണവാക്യങ്ങളിലെ ഭാഷ. ഗുരുവിനെ സംബന്ധിച്ചിടത്തോളം അദ്വൈതം എന്നത് ഒരു വേദാന്ത വിഷയമല്ല. അത് ജീവിതപ്രമാണംതന്നെയാണ്. ശ്രീശങ്കരന്റെ അദ്വൈതചിന്തകളുടെ കാലാനുസാരിയായ പുതുക്കലും ജനാധിപത്യവൽക്കരണവും ശ്രീ നാരായണ ഗുരുവിലുണ്ട്. ശ്രീശങ്കരാദ്വൈതം സ്വീകാര്യമെങ്കിലും പ്രമാണമായി ഗുരു സ്വീകരിക്കുന്നതായി കാണുന്നില്ല. ബ്രഹ്മസത്യം, ജഗന്മിഥ്യ എന്നിടത്ത് ആദ്യപാദം സ്വീകാര്യം. പക്ഷേ, രണ്ടാം പാദത്തെ അദ്ദേഹം അതേപടി സ്വീകരിക്കുന്നില്ല. ജീവൻമുക്തന് ലോകത്തിന്റെ മിഥ്യാത്വം ബോധ്യമായാലും, അത് പിന്നെയും ഇന്ദ്രിയവേദ്യമായിരിക്കുമെന്ന് ഗുരു പറയുന്നു. മായാവലയിതനെപ്പോലെ മുക്തനും ജഗത്തിനെ കാണുന്നുണ്ട്. കാണുന്നത് ഇല്ലാത്ത ഒന്നിനെയാണെന്ന ബോധ്യത്തോടെയാണെന്ന വ്യത്യാസത്തോടെയാണെന്നു മാത്രം. ‘കാര്യത്തിൽ നിൽപ്പതിഹ കാരണസത്തയെന്യേ, വേറല്ല വീചിയിലിരിപ്പതു വാരിയത്രേ’ എന്നു ചിലയിടത്തെങ്കിലും ശങ്കരന്റെ ഭാഷ സ്വീകരിക്കുന്നുമുണ്ട്. ഗഹനമായ വേദാന്ത ചിന്തകളിലേക്കു പോകുമ്പോഴും ഭാഷയെ ആവോളം ലളിതമാക്കാൻ ഗുരു ശ്രദ്ധിച്ചു എന്നർഥം.   "പലമതസാരവുമേകം’ എന്ന തന്റെ ഏകമത ദർശനത്തെ വിശദീകരിക്കാൻ വേണ്ടിയായിരുന്നു ആലുവ അദ്വൈതാശ്രമത്തിലെ സർവമതസമ്മേളനം. എത്ര ലളിതമായ ഭാഷയിലാണ് ഏകമതദർശനത്തെ വ്യാഖ്യാനിക്കുന്നതെന്നു ശ്രദ്ധിച്ചാലറിയാം ഗുരുവിന്റെ ഭാഷയുടെ പ്രത്യേകത. "ജീവൻ മുക്തർക്ക് ഊർധ്വമുഖത്വം ഉണ്ടാക്കാനുള്ള അധികാരമേ മതത്തിനുള്ളൂ. സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല മതത്തിന് അവൻ പ്രമാണമാകുകയാണ്’. "ബുദ്ധന് ബുദ്ധമതംകൊണ്ട് എന്തു പ്രയോജനം’ എന്ന് ഗുരു ചോദിക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യയിൽ തഴച്ചുവളരാൻ ശ്രമിക്കുന്ന ഹിന്ദുത്വ തീവ്രവാദത്തിന്  ഗുരു എന്തുകൊണ്ട് അസ്വീകാര്യനായിത്തീരുന്നു എന്നറിയാൻ അത്യന്തം ലളിതഭാഷയിൽ ആവിഷ്കരിച്ച ഏകമതദർശന വിശദീകരണം മാത്രംമതി. "ഹിന്ദുമതം എന്ന ഒരു മതമേ ഇല്ലല്ലോ. ഹിന്ദുസ്ഥാനത്തെ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും മതം ഹിന്ദുമതംതന്നെ. വൈദികമതം, മീമാംസാ മതം ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയ മതം, വൈഷ്ണവ മതം എന്നിങ്ങനെ പ്രത്യക്ഷത്തിൽ വിഭിന്നങ്ങളായിരിക്കുന്ന അനേകമതങ്ങൾക്ക് എല്ലാത്തിനുംകൂടി ഹിന്ദുമതമെന്ന ഒരു പൊതുപേര് പറയുന്നത് യുക്തിഹീനമല്ലെങ്കിൽ, മനുഷ്യജാതിക്കെല്ലാത്തിനും മോക്ഷപ്രാപ്തിക്കുപയുക്തങ്ങളായി ദേശകാലാവസ്ഥകൾക്കനുസരിച്ച് ഓരോ ആചാര്യന്മാർ ഈഷദ്ഭേദങ്ങളോടുകൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങൾക്കുംകൂടി ഏകമായ ലക്ഷ്യത്തോടു കൂടിയ ഏകമതം എന്നു പറയുന്നതിൽ എന്തിനാണ് യുക്തിഹീനത സംശയിക്കുന്നത്.’ എത്ര സ്പഷ്ടവും സുഗ്രാഹ്യവും യുക്തിഭദ്രവുമായ ഭാഷയിലാണ് ഗുരു സംവദിക്കുന്നത് എന്നു നോക്കുക. ഒരു സന്യാസിക്കു തുല്യമായ മിതത്വത്തോടെ "പുണർന്നു പെറുമൊക്കെയും ഒരിനമാം’ എന്ന് തികച്ചും ശാസ്ത്രീയമായ ഒരു ആശയം അർഥശങ്കയ്ക്കിടമില്ലാത്ത വിധം ഗുരു ആവിഷ്കരിക്കുന്നുണ്ട്. ഭാരതീയ ഭാഷകളിലെല്ലാം നവോത്ഥാനം ഭാഷാപരിഷ്കരണത്തിന്റെ അകമ്പടിയോടെയാണ് കടന്നുവന്നിട്ടുള്ളത്. ഭാഷയാകട്ടെ മനുഷ്യന്റെ ഭൗതിക സംസ്കൃതിയുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നുതാനും. ശ്രീനാരായണഗുരു ആശയസംവേദനത്തിനുപയോഗിച്ച ഭാഷ ഇപ്പോൾ നമുക്ക് മാതൃകയാകേണ്ടതുണ്ട്. പറയാനുള്ള കാര്യങ്ങൾ പറയാൻ പാലി ഭാഷയുടെ വകഭേദങ്ങൾ ഉപയോഗിച്ച ശ്രീബുദ്ധനെപ്പോലെ ശ്രീനാരായണഗുരുവും തന്റെ ഭാഷയെ അടിമുടി പുതുക്കിപ്പണിതു. സുഗ്രാഹ്യമായ യുക്തിയും സുഗ്രാഹ്യമായ ഭാഷയുമാണ് ഗുരുമതത്തിന്റെ കാതൽ. ജാത്യാഭിമാനത്തിന്റെയും മത ഗർവത്തിന്റെയും അടിസ്ഥാനംതന്നെ അഹം ബോധമാണെന്നും അതില്ലാതെയായിക്കഴിയുമ്പോൾ, അതായത് ജീവന്റെ പരാഗബിന്ദു എവിടെനിന്ന് ആരംഭിക്കുന്നെന്ന് തിരിച്ചറിയുമ്പോൾ, അവിടെ തീരാവുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളുമെന്ന് സന്യാസിതുല്യമായ നിർലേപത്വത്തോടെയും നിഷ്കളങ്കതയോടെയും വിളിച്ചു പറയുക എന്നതാണ് ഗുരു ചെയ്തത്. പതിനേഴാം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ ജീവിച്ചിരുന്ന കണ്ണുടയ വെള്ളാളർ എന്ന ഒരാൾ  മിക്കവാറും ഒരു ശൈവസന്യാസി സമ്പ്രദായക്കാരൻ, രചിച്ച ഒരു അദ്വൈത ശൈവഗ്രന്ഥം "ഒഴിവിൽ ഒടുക്കം’ ഗുരു മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്. പക്ഷേ, അതിലെ ഒന്നോ രണ്ടോ ശ്ലോകങ്ങൾ ഒഴികെ വെളിച്ചം കണ്ടിട്ടില്ല. ഒരുപക്ഷേ ചട്ടമ്പിസ്വാമികൾ ആ കൃതി പൂർണമായും വിവർത്തനം ചെയ്തത് മുമ്പിലിരിക്കെ ഇനി താനായിട്ടുവേണ്ട എന്ന് സ്വാമി നിനച്ചിരിക്കണം. ആദ്യന്തം ശൈവ സിദ്ധാന്തപദാവലികളിൽ വിരചിതവും വെൺപാവൃത്തത്തിൽ ഉരുവംകൊണ്ടതുമായ രചനയാണ് ‘ഒഴിവിൽ ഒടുക്കം’. തിരുപ്പോരൂർ ചിദംബരം സ്വാമികളുടെ ഒരു കമന്ററിയും അതോടൊപ്പം ലഭ്യമാണ്. ഒഴിവ് എന്നാൽ പ്രാപഞ്ചികപ്രലോഭനങ്ങളിൽനിന്നുള്ള മുക്തി. ആത്മജ്ഞാനത്തിലൂടെയുള്ള പ്രാപഞ്ചിക മുക്തിതന്നെ. ആത്മാവെ ആത്മാവിൽ കാണൽ. ഒടുക്കം എന്നാൽ തന്നിലേക്കു തന്നെയുള്ള ഒടുങ്ങലും. രമണ മഹർഷിക്ക്‌ വളരെ പ്രിയപ്പെട്ട ഒരു കൃതിയായിരുന്നത്രെ ഒഴിവിൽ ഒടുക്കം. സ്വന്തമായ ചില അടിക്കുറിപ്പുകളോടെ തന്റെ തലയിണയ്ക്കു കീഴെ അദ്ദേഹം സൂക്ഷിച്ചിരുന്ന കൃതിയായിരുന്നുവത്രെ അത്. തമിഴ്നാട്ടിലെ തനി സാധാരണക്കാരായ മനുഷ്യർക്കിടയിൽ അഗാധ വേദാന്ത ദർശനങ്ങൾ എത്തിക്കാൻവേണ്ടി രചിതമായ ഈ ഗ്രന്ഥത്തെ ശ്രീ നാരായണഗുരു ഇഷ്ടപ്പെട്ടത് അതിലെ ഭാഷയുടെ ലാളിത്യംകൊണ്ടാണ്. അല്ലെങ്കിലും ഗുരുവിന് സംസ്കൃതത്തേക്കാൾ പ്രിയം തമിഴിനോടായിരുന്നല്ലോ. തന്റെ ദാർശനികചിന്തയുടെ കാതലെന്നു വിശേഷിപ്പിക്കാവുന്ന സവിശേഷ അദ്വൈത ദർശനത്തെയും ജീവൻമുക്തി പ്രമാണത്തെയും ലളിതഭാഷയിലും ലളിതമായ രൂപകങ്ങളിലും ആവിഷ്കരിക്കുകയാണ് ഗുരു ചെയ്തത്. കാലം ഗുരുവിൽ ഏൽപ്പിച്ച നിയോഗമായിരുന്നു അത്. എന്നാൽ, ചരിത്രം ഏൽപ്പിക്കുന്ന ചില തിരിച്ചടികളുണ്ട്. ഏതു വൈദികാധികാരങ്ങളെയാണോ ഗുരു തന്റെ ലളിതവും  നിഷ്കളങ്കവുമായ പ്രവൃത്തികളാൽ തൂത്തെറിയാൻ ശ്രമിച്ചത്, അതേ വൈദികാധികാരങ്ങളെയും  പൗരോഹിത്യ പ്രമത്തതകളെയും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നു. തുടക്കത്തിൽ ദേവാലയങ്ങൾക്ക് പുതുരൂപവും പുതുഭാഷ്യവും നൽകിയ ഗുരു കാലാന്തരത്തിൽ  ജീവിതത്തിന്റെ അന്ത്യവർഷങ്ങളിൽ ദേവാലയങ്ങളാണ് ഏറ്റവുമധികം ജാതിചിന്ത നിർമിക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞ് അവതരിപ്പിക്കുന്നുണ്ട്. കണ്ണാടിപ്രതിഷ്‌ഠ നടത്തിയ വിപ്ലവചിന്തയുടെ പിൻമുറക്കാർ ബ്രാഹ്മണ പൗരോഹിത്യത്തേക്കാൾ വലിയ ആഢ്യത്വം പ്രകടിപ്പിക്കാൻ വെമ്പൽ കൊള്ളുന്നു. അഭിമുഖങ്ങളിൽ ഗുരു പ്രകടിപ്പിച്ച യുക്തിബോധത്തിനും നിശിതബുദ്ധിക്കും ഗാന്ധിജിയുമായും സി വി കുഞ്ഞിരാമനുമായും സഹോദരൻ അയ്യപ്പനുമായും നടത്തിയിട്ടുള്ള അഭിമുഖങ്ങൾ ഉദാഹരണങ്ങളാണ്. അവ വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ആയിരുന്നു. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ദൈവചിന്തയുണ്ടോ എന്നതല്ല പ്രവൃത്തിയിൽ ദൈവമുണ്ടോ എന്നതാണ് പ്രധാനമെന്ന് സഹോദരൻ അയ്യപ്പനെക്കുറിച്ച് പറയുമ്പോൾ പറയുന്നതു തന്നെയാണ് പ്രധാനം. എത്ര സൂക്ഷ്മമാണ് അത്തരം സന്ദർഭങ്ങളിൽ ഗുരുവിന്റെ ഭാഷ എന്നതാണ് ശ്രദ്ധേയം. ഗുരുവിന്റെ നർമം, ഗുരുവിന്റെ രൂപകഭാഷകൾ എല്ലാത്തിലും മനുഷ്യപരിഗണന വ്യക്തം. ആ പരിഗണനയാകട്ടെ, തികച്ചും വർഗാപേക്ഷയോടുകൂടിയതും. കേരളം കണ്ട വിദഗ്ധ സംവേദകരിൽ, മാസ്റ്റർ കമ്യൂണിക്കേറ്റർമാരിൽ പ്രധാനിയായിരുന്നു ശ്രീനാരായണഗുരു. സംസ്കാരത്തിൽ ഇടപെടാനും സാംസ്കാരികമായി ഇടപെടാനും ഒരുപോലെ വിരുതുള്ള ഒരാൾ. ആ പാത പിന്തുടരലാണ് സാംസ്കാരികരംഗത്തെ ഇപ്പോഴത്തെ ആവശ്യം. ഗുരു സംസ്കാരത്തിൽ ഇടപെട്ടതിന്റെ ശൈലി കൂടുതൽ വിശദമായി പഠിക്കപ്പെടേണ്ടതായിട്ടും ആഗിരണം ചെയ്യപ്പെടേണ്ടതായിട്ടുമുണ്ട്. ഉടുക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, പെരുമാറുന്ന ഇടങ്ങളിലെ സംസ്കൃതി, പറയുന്ന ഭാഷ, ആരെയും നോവിക്കാത്ത നർമം എന്നുവേണ്ട സംസ്കാരത്തിന്റെ ഏതുമൂലയിലാണ് ആ കണ്ണുകൾ ചെല്ലാത്തത്. Read on deshabhimani.com

Related News