‘ഭീകരത’ അധികാരത്തിൽ
കാൽനൂറ്റാണ്ടായി സിറിയ ഭരിച്ച ബഷാർ അൽ അസദ് ഭരണകൂടം വിമതനീക്കത്തിനൊടുവിൽ അട്ടിമറിക്കപ്പെട്ടു. പശ്ചിമേഷ്യയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന് വെല്ലുവിളിയായിരുന്ന അസദ് രാജ്യം വിടാൻ നിർബന്ധിതനായി. വിമതസേന വെറും പത്തുദിവസത്തെ സൈനിക നീക്കത്തിലൂടെയാണ് അസദ് ഭരണകൂടത്തെ പുറത്താക്കിയത്. അസദ് രാജ്യം വിട്ടപ്പോൾ 1970ൽ ഹഫീസ് അൽ അസദ് ആരംഭിച്ച കുടുംബഭരണത്തിനാണ് അന്ത്യമായതെങ്കിലും പശ്ചിമേഷ്യയെ അത് കൂടുതൽ സംഘർഷത്തിലേക്കായിരിക്കും നയിക്കുക. സാമ്രാജ്യത്വവിരുദ്ധനും മതനിരപേക്ഷ വാദിയുമായിരുന്ന അസദിന്റെ അസാന്നിധ്യം മേഖലയിൽ ഇസ്രയേൽ–- അമേരിക്കൻ അധിനിവേശത്തിന് കരുത്തുപകരും. അട്ടിമറിക്ക് പിന്നിൽ തുർക്കിയയുടെ കരങ്ങളുണ്ടെന്ന് വ്യക്തം. നവംബർ 27നാണ് ഹയാത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) എന്ന ഭീകരസംഘടനയുടെ നേതൃത്വത്തിൽ അസദ് ഭരണകൂടത്തിനെതിരായ സൈനികനീക്കം ആരംഭിച്ചത്. 2016വരെ, ആഗോളഭീകര സംഘടനയായ അൽ ഖായ്ദയുടെ ഒരു വിഭാഗമായിരുന്ന എച്ച്ടിഎസ് (നേരത്തെ ജബത് അൽ നുസ്ര എന്നാണ് അറിയപ്പെട്ടിരുന്നത്) തുർക്കിയയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സിറിയൻ നാഷണൽ ആർമിയുടെ ഭാഗംകൂടിയാണ്. ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ച സംഘടനയാണ് ഹയാത് തഹ്‌രീർ അൽ ഷാം. നാലുവർഷംമുമ്പ് ബഷാർ സർക്കാർ അടിച്ചമർത്തിയ എച്ച്ടിഎസ് ആണ് വീണ്ടും കരുത്താർജിച്ച് ഭരണകൂടത്തെ അനായാസം പിഴുതെറിഞ്ഞത്. ഇസ്രയേലും ഹിസ്‌ബുള്ളയുമായി സമാധാന സന്ധി ഒപ്പിട്ടതിനുപിന്നാലെയാണ് എച്ച്ടിഎസ്, സിറിയൻ ഭരണകൂടത്തിനെതിരായ ആക്രമണവും അഴിച്ചുവിട്ടത്. എന്താണ് സിറിയയിൽ സംഭവിക്കുന്നതെന്ന് ലോകം മനസ്സിലാക്കിയപ്പോഴേക്കും വിമതസേന സിറിയ പിടിച്ചടക്കി. ബഷാർ ഭരണം അവസാനിപ്പിക്കാൻ തന്നെയായിരുന്നു വിമതരുടെ ലക്ഷ്യം. എച്ച്ടിഎസ് തലവൻ, സൗദി അറേബ്യയിൽ ജനിച്ച അബു മൊഹമ്മദ് അൽ ജൊലാനി കഴിഞ്ഞദിവസം അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എച്ച്ടിഎസ് ഭരണം ഏറ്റെടുക്കുമ്പോൾ സിറിയയുടെ വടക്കുകിഴക്കൻ നഗരങ്ങളായ റാക്കാ, ദേർ അൽ സൂർ എന്നിവ പൂർണമായും അമേരിക്കൻ പിന്തുണയുള്ള കുർദ് വിഭാഗമായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ്. (ഇറാൻ, ഇറാഖ്, സിറിയ, തുർക്കി അതിർത്തിയിലെ പ്രദേശങ്ങളിൽ അധിവസിക്കുന്ന കുർദ് വിഭാഗം, അവിടെ സ്വതന്ത്ര കുർദിസ്ഥാൻരാഷ്ട്രം സ്ഥാപിക്കുന്നതിനായി മേൽപ്പറഞ്ഞ നാലുരാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി പോരാട്ടത്തിലാണ്.) ബാഷറുടെ അസാന്നിധ്യത്തിലും കീറിമുറിഞ്ഞ അവസ്ഥയിലാണ് സിറിയ തുടരുക. എന്നുമാത്രമല്ല, സിറിയയെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റണമെന്നാണ് എച്ച്ടിഎസിന്റെ പ്രഖ്യാപിതലക്ഷ്യം. അത്തരം നടപടി മേഖലയെ കൂടുതൽ പ്രശ്നസങ്കീർണമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. സംഘർഷത്തിന്റെ നാൾവഴി സിറിയൻ സായുധസേനയിലെ അംഗമായിരുന്ന ഹഫീസ് അൽ അസദിന്റെ മരണശേഷം 2000ലാണ് മകൻ, പാശ്ചാത്യവിദ്യാഭ്യാസംനേടിയ നേത്രരോഗവിദഗ്ധനായ ബഷാർ അധികാരത്തിലെത്തുന്നത്. 1963മുതൽ തുടർച്ചയായി നടത്തിയ മൂന്നു സൈനിക അട്ടിമറികളിലൂടെയാണ് 1970ൽ ഹഫീസ് അൽ അസദ് സിറിയൻ ഭരണം പിടിച്ചത്. അന്നുമുതൽ 2000ൽ മരിക്കുന്നവരെ അദ്ദേഹത്തിന്റെ ഭരണമായിരുന്നു. ആദ്യഘട്ടത്തിൽ ബഷാർ പ്രതീക്ഷകൾ ഉണർത്തിയ ചില പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. തുടർന്ന് ഭരണത്തിനെതിരായി ഉയർന്ന ജനകീയരോഷം, 2011ൽ അറബ് മേഖലയിലാകെ പടർന്ന മുല്ലപ്പൂവിപ്ലവം എന്നറിയപ്പെടുന്ന ജനകീയമുന്നേറ്റത്തോടെ ശക്തമായെങ്കിലും റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അവയെ അതിജീവിച്ചു. അമേരിക്കയും തുർക്കിയും സൗദി അറേബ്യയും പാശ്ചാത്യശക്തികളുമാണ് സിറിയൻ വിമതരെ പിന്തുണച്ചിരുന്നത്. സിറിയയെ പിടിച്ചുകുലുക്കിയ ആ ആഭ്യന്തരസംഘർഷങ്ങൾ അഞ്ചുലക്ഷം ജനങ്ങളുടെ മരണത്തിനിടയാക്കി. രണ്ടരക്കോടിയോളംവരുന്ന സിറിയൻ ജനസംഖ്യയുടെ പകുതിയോളം ആളുകളെ അഭയാർഥികളാക്കുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങളെ അങ്കലാപ്പിലാക്കിയതായിരുന്നു ആ പ്രവാഹം. ഇപ്പോഴും ഭീകരരുടെ ആക്രമണത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന് മൂന്നുലക്ഷത്തോളം പേർക്ക് പലായനം ചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്രസംഘടന അറിയിച്ചു. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹോംസിലേക്ക് വിമതനീക്കം ആസന്നമായതോടെ വെള്ളി രാത്രിയോടെ ആയിരങ്ങളാണ് നഗരംവിട്ടത്. എച്ച്ടിഎസ് സിറിയയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ കൂടുതൽ ആളുകൾ സിറിയയിൽനിന്നും രക്ഷപ്പെടുന്നുമുണ്ട്. റഷ്യ–ഉക്രയ്‌ൻ യുദ്ധവും ഇസ്രയേൽ–പലസ്തീൻ സംഘർഷവും വിമതർക്ക് സിറിയയെ ആക്രമിക്കാൻ കരുത്തുപകർന്നിട്ടുണ്ട്. കാരണം ഉക്രയ്‌നുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന റഷ്യക്ക് മുമ്പു നൽകിയിരുന്നതുപോലുള്ള പിന്തുണ സിറിയയ്ക്ക് നൽകാനാകില്ല. ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ ഫലമായി ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനും പഴയതുപോലെ സിറിയയെ സഹായിക്കാനുമാകുന്നില്ല. ഇപ്പോൾ നടക്കുന്ന ഈ യുദ്ധങ്ങളും വിമതസേനയ്ക്ക് ബഷാർ ഭരണകൂടത്തെ പരാജയപ്പെടുത്താൻ സഹായകമായി. ഇപ്പോൾത്തന്നെ സംഘർഷഭരിതമായ പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ വഷളാക്കുന്നതായിരിക്കും എച്ച്ടിഎസിന്റെ വരവ്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എങ്ങനെ ഈ പ്രശ്നത്തെ നേരിടുമെന്നതും ആശങ്കജനകം തന്നെ. തീവ്രനിലപാടുള്ള എച്ച്ടിഎസ് സിറിയയിൽ അധികാരമേൽക്കുമ്പോൾ പശ്ചിമേഷ്യ കൂടുതൽ പ്രതിസന്ധിയിലേക്കായിരിക്കും നീങ്ങുക. (കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻമേധാവിയാണ് ലേഖകൻ) Read on deshabhimani.com