കേൾക്കുക, സുബ്ബറാവുവിന്റെ വാക്കുകൾ
നികുതിവിഹിതം പങ്കുവയ്‌ക്കുന്ന കാര്യത്തിൽ കേരളത്തിന്റെ ആവശ്യം മിതവും ന്യായവും മാത്രമാണെന്ന് പ്രതിപക്ഷത്തിനുപോലും സമ്മതിക്കേണ്ടിവരും വിധം അന്യായമായാണ് കേന്ദ്രസർക്കാർ പെരുമാറുന്നത്. കേരളത്തിന്റെ ആവശ്യം ഇതര സംസ്ഥാനങ്ങളുടേത് കൂടിയായി മാറി. പങ്കുവയ്‌ക്കുന്ന നികുതിവിഹിതം 50 ശതമാനമായി ഉയർത്തണമെന്നാണ് പതിനാറാം ധനകമീഷനോട് കേരളം ആവശ്യപ്പെട്ടത്. പതിനഞ്ചാം ധനകമീഷൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41 ശതമാനമായാണ് തീരുമാനിച്ചത്. പങ്കിടാവുന്ന കേന്ദ്രനികുതികളും ആദായനികുതിയും അടങ്ങുന്ന അറ്റാദായത്തിന്റെ 41 ശതമാനം മാത്രമാണ് ചെലവിന്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് കിട്ടിപ്പോന്നത്. ഇത് തീരെപോരാ എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. അധികാരങ്ങളും ധനാഗമമാർഗങ്ങളും എല്ലാം കേന്ദ്രീകരിച്ച് കൈയടക്കണമെന്നു കരുതുന്ന ഏകാധിപത്യശക്തികളും അധികാരങ്ങളും വിഭവങ്ങളും കീഴ്‌തലങ്ങളിലേക്കുകൂടി കൈമാറേണ്ടതാണ് എന്നു കരുതുന്ന ജനാധിപത്യ വിശ്വാസികളും തമ്മിലുള്ള രാഷ്ട്രീയസമരമായി അത് വികസിക്കുകയാണ്. അവിടെയാണ് അക്കാദമിക്കുകളും പ്രൊഫഷണലുകളും ഇതിൽ കക്ഷി ചേരുന്നതിന്റെ പ്രാധാന്യം. അത്തരമൊരവസരമായിരുന്നു മണിശങ്കരയ്യരുടെ പിതാവ് വി ശങ്കരയ്യർ എന്ന പ്രഗത്ഭ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സ്മരണാർഥം നടന്ന ഈ വർഷത്തെ പ്രഭാഷണം. ഇത്തവണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ സതേൺ ഇന്ത്യൻ റീജണൽ കൗൺസിൽ അതിനായി ക്ഷണിച്ചത് റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡി സുബ്ബറാവുവിനെയാണ്. വിഷയം ‘Is India's fiscal federalism loaded against the states’ എന്നായിരുന്നു. അതിൽ അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യം ഇന്ത്യയിൽ ആകെ ചെലവിന്റെ 63.9 ശതമാനവും നിർവഹിക്കുന്നത് സംസ്ഥാനങ്ങളാണ് എന്നാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെക്കൂടുതലാണ് എന്ന് അദ്ദേഹം സമ്മതിക്കുന്നു. ബ്രസീലിൽ സംസ്ഥാനങ്ങൾക്ക് ചെലവാക്കേണ്ടി വരുന്നത് 40.2 ശതമാനം മാത്രമാണ്. ഇന്തോനേഷ്യയിൽ അത് 37.9 ശതമാനവും ഓസ്‌ട്രേലിയയിലും അമേരിക്കയിലും യഥാക്രമം 40 ഉം 40.1 ആണ്.ഇന്ത്യയിൽ ആകെ ലഭിക്കുന്ന നികുതിയുടെ 40 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾ പിരിക്കുന്നത്. അവിടെയാണ് ചെലവിന്റെ 60 ശതമാനത്തിൽ കൂടുതൽ അവ ഏറ്റെടുക്കേണ്ടി വരുന്നത്. കേന്ദ്ര ഗവൺമെന്റ് സെസ്സുകളും സർചാർജുകളും കൂടുതലായി ചുമത്തി അവ സംസ്ഥാനങ്ങൾക്ക് നൽകാതെ സ്വന്തമാക്കുന്ന രീതിയെയും അദ്ദേഹം വിമർശിച്ചു. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് കേന്ദ്ര ഗവൺമെന്റ് രാഷ്ട്രീയം കളിക്കുകയാണ് എന്ന് അക്കാദമിക്കുകളും പ്രൊഫഷണലുകളും പറഞ്ഞു തുടങ്ങുന്നു എന്നത് നല്ലതുതന്നെ. മുഴുവൻ ജനാധിപത്യവാദികളും ഏറ്റെടുക്കേണ്ട ഒരു വിഷയമായിത്തീരുകയാണ് സഹകരണാത്മക ഫെഡറലിസവും എന്നർഥം.(ബെഫി മുൻഅഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകൻ) Read on deshabhimani.com