ചരിത്രം മയങ്ങുന്ന താളിയോല കൊട്ടാരം
ഭരണനിർവഹണം, ക്രയവിക്രയങ്ങൾ, ചികിത്സാവിധികൾ, ശിക്ഷാക്രമങ്ങൾ, ദായക്രമം, കൃഷി, കാർഷിക സംസ്കാരം, സമ്പദ് വ്യവസ്ഥ, പാട്ടം, നികുതി പരിഷ്കാരം, കരംപിരിവ്, ലിപികൾ, അവയുടെ ഉത്ഭവം, വളർച്ച, പരിണാമം തുടങ്ങി ഒരു നാടിന്റെ ഭാവിയും ഭാഗധേയവും നിർണയിച്ച താളിയോലകൾ കേരളത്തിന്റെ പൂർവകാല ചരിത്രമായി പുനർജനിക്കുകയാണ്, ഈ താളിയോലരേഖാ മ്യൂസിയത്തിൽ. പോരാത്തതിന് ഒരു പിടി വീഡിയോ പ്രോഗ്രാമുകൾ തയ്യാറാക്കിവച്ചിട്ടുള്ള കിയോസ്കുകൾ പല ചരിത്രവസ്തുതകളും നമ്മോട് പറയും. 2022 ഡിസംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് താളിയോലരേഖാ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് അകലെയല്ലാതെ ഫോർട്ട് ആശുപത്രിക്ക് സമീപം താളിയോലരേഖാ മ്യൂസിയം എന്ന് എഴുതിയ ആർച്ച് കാണാം. അകത്തേക്ക് കയറിയാൽ പ്രൗഢി വിളിച്ചോതുന്ന നെടുങ്കൻ കെട്ടിട സമുച്ചയം. മ്യൂസിയത്തിന് ചുറ്റുമായി രാജഭരണകാലത്ത് പണിത കരിങ്കൽ കോട്ട മതിൽ. ഏകദേശം 400 വർഷം പഴക്കമുണ്ട് ഈ കെട്ടിടങ്ങൾക്ക്. നാലു ദിക്കിലുമായി നീളത്തിൽ പണിത ഓട്ടുപുരകൾക്ക് മധ്യേ മാടൻ തമ്പുരാൻ ക്ഷേത്രം. അവിടവിടെയായി വടവൃക്ഷങ്ങളും പൂവിട്ടുനിൽക്കുന്ന വള്ളിച്ചെടികളും. അതിനിടയിൽ പ്രദർശനശാലകളിലേക്ക് നീളുന്ന ഒറ്റയടിപ്പാതകൾ. രാജഭരണകാലത്ത് ഇവിടം നായർ പടയാളികളുടെ താവളമായി പ്രവർത്തിച്ചിരുന്നു. പിന്നീടിത് ജയിലറകളായി. അക്കാലത്ത് ഇവിടെ തൂക്കിക്കൊല നടന്നിരുന്നുവെന്ന് പഴമക്കാർ പറയുന്നു. 1886ൽ പൂജപ്പുരയിൽ പുതിയ ജയിൽ മന്ദിരം വന്നപ്പോൾ ഇവിടുത്തെ കുറ്റവാളികളെ മുഴുവനും അങ്ങോട്ടേയ്ക്ക് മാറ്റി. അന്നുതൊട്ട് ഇവിടം തിരുവിതാംകൂറിന്റെ ഔദ്യോഗിക രേഖകൾ, ഹജൂർ വെർണാക്കുലർ റെക്കോഡ്സ് സൂക്ഷിക്കുവാനുള്ള സ്ഥലമായിത്തീർന്നു. 1964ൽ പുരാരേഖാ വകുപ്പ് രൂപീകരിച്ചപ്പോൾ അതിന് കീഴിൽ താളിയോലകൾ ശേഖരിച്ച് സൂക്ഷിക്കുവാനുള്ള ഇടമായി മാറി. 2022 മുതൽ താഴത്തെ നില മുഴുവനും താളിയോലരേഖാ മ്യൂസിയമാക്കി പ്രവർത്തനം തുടങ്ങി. മുകളിലത്തെ നിലയിൽ താളിയോലകളുടെ വൻശേഖരം ചുരുണകളാക്കി പരിപാലിച്ചു പോരുന്നു. അവിടങ്ങളിലേക്ക് ഗവേഷകർക്കല്ലാതെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഈ താളിയോലരേഖാ മ്യൂസിയം കാണുവാൻ സ്കൂൾകുട്ടികൾ വരാറുണ്ടെന്ന് ഇവിടുത്തെ ആർക്കൈവ്സ്റ്റ് ബീന ആർ എസ് പറഞ്ഞു. പൊതുജനങ്ങൾക്ക് പ്രവേശനം ഇപ്പോൾ സൗജന്യമാണ്.എഴുത്തിന്റെ പിറവിയും പരിണാമവും പറയുന്ന ആദ്യ ഗ്യാലറിതൊട്ട് മണ്ണും മനുഷ്യനും , ഭരണസംവിധാനം , യുദ്ധവും സമാധാനവും, വിദ്യാഭ്യാസവും ആരോഗ്യവും, സമ്പദ് വ്യവസ്ഥ, കലയും സംസ്കാരവും, മതിലകം രേഖകൾ (ശ്രീപത്മനാഭ സ്വാമി ക്ഷേത്രച്ചുരുണകൾ) എന്നിങ്ങനെ എട്ടു ഗ്യാലറികളിലായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. താളിയോലകൾ കേടുകൂടാതെ സൂക്ഷിച്ചിട്ടുള്ള പ്രത്യേകതരം ബോക്സുകൾക്ക് മുകളിലായി ഒരോന്നിന്റെയും ഉള്ളടക്കം അനുയോജ്യമായ ചിത്രങ്ങൾക്കൊപ്പം എഴുതിവച്ചിട്ടുണ്ട്. മാത്രമല്ല, ലിപി ഏതെന്നും ഭാഷ എന്തെന്നും വ്യക്തമായ സൂചനകൾ നൽകിയിട്ടുണ്ട്. ഓരോ ഗ്യാലറിയിലും വീഡിയോ അടക്കമുള്ള വസ്തുതകൾ പരിശോധിക്കുന്നതിന് കംപ്യൂട്ടർ കിയോസ്ക്കുകൾ വച്ചിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിലാണ് അതിന്റെ ഓപ്പറേഷൻ. നമ്മുടെ പരമ്പരാഗത എഴുത്തു സമ്പ്രദായങ്ങളിൽ താളിയോലകൾക്ക് വലിയ സ്ഥാനമാണുള്ളത്. കടലാസ് വരുന്നതിന് മുമ്പ് താളിയോലകളിൽ നാരായം കൊണ്ട് എഴുതുന്ന രീതി ഉണ്ടായിരുന്നുവല്ലോ. അതു കൂടാതെ കല്ല്, മുള, ചെമ്പ് തകിട് അഥവാ ചെമ്പോല അല്ലെങ്കിൽ ചെപ്പേട് എന്നിവയായിരുന്നു എഴുത്ത് മാധ്യമങ്ങൾ. എടയ്ക്കലിലും മറയൂരിലും മറ്റും 5000 മുതൽ 8000 വർഷം വരെ കാലപ്പഴക്കമുള്ള കല്ലിൽ വരച്ച ചിത്രരചനകളാണ് ഇന്ന് ഏറ്റവും പഴയത്. താളിയോലക്കെട്ടുകൾ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആധാരശിലകളാണ്. പുരാണങ്ങളും ശാസ്ത്രങ്ങളും ആയുർവേദമടക്കമുള്ള ചികിത്സാവിധികളും രേഖപ്പെടുത്തിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങൾ പിൻതലമുറയ്ക്ക് പകർന്നു കിട്ടിയ ജ്ഞാനനിധികളാണല്ലോ. കോലെഴുത്തിലും മലയാണ്മയിലും എഴുതപ്പെട്ട ഈ രേഖകൾ ഈയടുത്ത കാലം വരെയും സാധാരണക്കാർക്ക് അപ്രാപ്യങ്ങളായിരുന്നു. എന്നാൽ പുരാതന കേരളീയ ഗൃഹങ്ങളിലെയും കൊട്ടാരക്കെട്ടുകളിലെയും ഇരുണ്ട അറകളിൽ ഉറങ്ങിയിരുന്ന താളിയോലകളെ കണ്ടെത്തി, അവയുടെ മൂല്യം തിരിച്ചറിഞ്ഞ് ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി കുറെ നാളായി നടന്നുവരികയാണ്. സംസ്ഥാന പുരാരേഖാ വകുപ്പാണ് ആയാസകരമായ ഈ ജോലി ഏറ്റെടുത്തു വിജയകരമാക്കിക്കൊണ്ടിരിക്കുന്നത്. ബ്രാഹ്മിലിപിയാണ് ആദ്യം ഉണ്ടായത്. അപ്പോൾ ബ്രാഹ്മിയാണ് ലിപിയുടെ മാതാവ് എന്നു പറയാം. പിന്നീട് വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ തുടങ്ങിയ ലിപികളുണ്ടായി. പണ്ട് കേരളത്തിലെ കുട്ടികളെ അക്ഷരമാല പഠിപ്പിക്കുമ്പോൾ മലയാളം മാത്രമല്ല, തമിഴും വട്ടെഴുത്തും പഠിപ്പിച്ചിരുന്നു. ഏതാണ്ട് 18–ാം നൂറ്റാണ്ടുവരെ വട്ടെഴുത്ത് ആധിപത്യം പുലർത്തിയിരുന്നു. വട്ടെഴുത്തിൽ നിന്നാണ് കോലെഴുത്ത് ഉണ്ടായത്. കോലുകൊണ്ട് എഴുതി വന്നതിനാലാണ് ആ ലിപിക്ക് കോലെഴുത്ത് എന്ന് പേരുണ്ടായത്. എന്തായാലും വട്ടെഴുത്തിൽ നിന്ന് രൂപം കൊണ്ടതാണ് മലയാളം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇങ്ങനെ ബ്രാഹ്മി ലിപിയിൽ തുടങ്ങി മലയാള ലിപി എങ്ങനെ രൂപപ്പെട്ടുവെന്നാണ് ആദ്യ ഗ്യാലറി ‘എഴുത്തിന്റെ കഥ' യിൽ പറയുന്നത്. മറ്റ് ഏഴ് ഗ്യാലറികളിൽ എന്തൊക്കെയുണ്ടെന്ന് ചുരുക്കത്തിൽ പറയാം. ഒരുകാലത്ത് കൃഷി മാത്രമായിരുന്നു മനുഷ്യന് ജീവിതോപാധി. പണത്തിന് ആവശ്യം കൂടിവന്നപ്പോൾ കൃഷിഭൂമി പാട്ടത്തിനും മറുപാട്ടത്തിനും കൊടുക്കാൻ തുടങ്ങി. വാങ്ങാനും വിൽക്കാനും തുടങ്ങി. അപ്പോൾ ആധാരം ഉണ്ടായി. അതുപോലെ സാധനങ്ങൾ വാങ്ങി പകരം സാധനങ്ങൾ വിൽക്കുവാൻ തുടങ്ങി. കൃഷിക്കാവശ്യമായ തോടുകളും കനാലുകളും വെട്ടി. അണക്കെട്ടുകൾ പണിതു. ഇതൊക്കെ രേഖപ്പെടുത്തിയ താളിയോലകൾ രണ്ടാമത്തെ ഗ്യാലറിയിൽ കാണാം. കരം പിരിവ്, നികുതി പരിഷ്കരണം, ജനദ്രോഹകരമായ ചില നികുതികൾ വേണ്ടെന്ന് വച്ചത്, പാവങ്ങളായ സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന്റെ രേഖ, ഹജൂർക്കച്ചേരിയുടെ ആവശ്യത്തിനായി കൊല്ലം കരിപ്രയിൽ നിന്നും രണ്ടു ലക്ഷം പനയോല വാങ്ങിയതിന്റെ രേഖ, ഓഫീസിൽ വൈകിവന്നവർക്ക് പിഴത്തുക ഈടാക്കിയ രേഖ, വിലങ്ങുകളുടെ നിർമാണത്തിന് പണം അനുവദിച്ച രേഖ, 1721ലെ ആറ്റിങ്ങൽ കലാപം, 1741ലെ കുളച്ചൽ യുദ്ധം, 1723ലെയും 1805ലെയും ബ്രിട്ടീഷ് വേണാട് ഉടമ്പടികൾ തുടങ്ങി പഴയകാല യുദ്ധങ്ങളെപ്പറ്റിയും അതേതുടർന്നുണ്ടാക്കിയ ഉടമ്പടികളെപ്പറ്റിയൊക്കെയുളള രേഖകൾ അടുത്ത ഗ്യാലറികളിലുണ്ട്. ദളവാപദവി നഷ്ടപ്പെട്ട വേലുത്തമ്പിയെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊണ്ടുവരണമെന്ന രാജകൽപ്പന, 1805ൽ തിരുവിതാംകൂറും ബ്രിട്ടീഷുകാരും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയനുസരിച്ച് എട്ടുലക്ഷം കപ്പം കൊടുക്കേണ്ടതാണെന്നും നാട്ടിൽ ആഭ്യന്തര കലാപമുണ്ടാകുന്ന പക്ഷം ബ്രിട്ടീഷ് ഗവണ്മെന്റിന് ഇടപെടാൻ അവകാശമുണ്ടെന്നും അങ്ങനെ തിരുവിതാംകൂറിന് രാഷ്ട്രീയ സ്വാതന്ത്ര്യം ഇല്ലാതായി എന്നും പറയുന്ന രേഖ, സർക്കാർ വക സ്കൂളുകൾ ഉണ്ടായത്, പുതിയ ഇംഗ്ലീഷ് സ്കൂളുകൾ തുടങ്ങിയത്, ആശുപത്രികൾ ഉണ്ടായത്, വസൂരി, കോളറ തുടങ്ങിയ മഹാമാരികൾക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എന്തൊക്കെ, പിന്നെ മരണക്കണക്കുകൾ, ഇന്നത്തെ കോവിഡിനെപ്പോലെ അന്ന് സാമൂഹികാകലം പാലിച്ചത്, കൊച്ചി ഖജനാവിൽ നിന്ന് വായ്പ എടുത്തതിനെപ്പറ്റി, കുരുമുളക് വ്യാപാരത്തെപ്പറ്റി, സ്വാതിതിരുനാളിന്റെ കാലത്തെ കലാപോഷണ പ്രവർത്തനങ്ങളെപ്പറ്റി, കൊച്ചിയിലെ അത്തച്ചമയത്തെപ്പറ്റിയൊക്കെയുള്ള രേഖകൾ ഇവിടെയുണ്ട്. 1 1829ലാണല്ലോ ഇന്ത്യയിൽ സതി (ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ ജീവനൊടുക്കുന്ന സമ്പ്രദായം) നിർത്തലാക്കിയത്. അതിന് മുമ്പ് കേരളത്തിൽ സതി ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. തിരുവിതാംകൂറിൽ സീതാരാമൻ എന്നൊരു പട്ടാളക്കാരൻ മരിച്ചപ്പോൾ സതി അനുഷ്ഠിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യ വീരമ്മ സർക്കാരിൽ അപേക്ഷ നൽകിയ രേഖ ഇവിടെക്കാണാം. ആ അപേക്ഷയ്ക്ക് മറുപടിയായി ഈ നാട്ടിൽ അതു നടപ്പില്ല എന്നു പറഞ്ഞ് യാത്രാക്കൂലി നൽകി അവരെ വീട്ടിലേക്ക് മടക്കിയെന്നും ഇവിടുത്തെ താളിയോലയിൽ കാണുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി, തിരുവിതാംകൂർ രാജ്യത്തിന്റെ കല, സംസ്കാരം, നിയമം, ഭരണം തുടങ്ങി പല രേഖകൾ ഒടുവിലത്തെ ഗ്യാലറിയായ മതിലകം രേഖകളിലുണ്ട്. 986ൽ അവിട്ടം തിരുനാളിനുശേഷം ആയില്യം തിരുനാൾ മഹാറാണി പടിയേറ്റം നടത്തി അധികാരമേറ്റെടുത്തതിന്റെ രേഖ, ഉതൃട്ടാതി തിരുനാൾ ഗൗരി പാർവതി ബായിയുടെ നിർദേശത്തെതുടർന്ന് ശംഖുംമുഖത്ത് ആറാട്ട് കൊട്ടാരം നിർമിച്ചത്, കൊല്ലവർഷം 861ൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം തീപിടിച്ചപ്പോൾ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ അതിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത്, 1018 മുതൽ 1024വരെ വിശേഷ ദിവസങ്ങളിൽ ചാർത്തുവാനായി എടുത്ത ആഭരണങ്ങൾ നിലവറയിൽ തിരികെ വച്ചതിന്റെ രേഖ തുടങ്ങിയ താളിയോല രേഖകൾ നിങ്ങൾക്കവിടെ കാണാം. ഏകദേശം ഒരു കോടിയോളം താളിയോലകൾ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ അതിൽ വളരെക്കുറച്ചേ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുള്ളു. എങ്കിലും അമൂല്യനിധികളായ താളിയോലകൾ നശിച്ചുപോകാതെ സൂക്ഷിക്കുന്നതിനും അവയെ വരുംതലമുറയ്ക്ക് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും ഈ താളിയോലരേഖാ മ്യൂസിയം ഹേതുവാകുന്നു. Read on deshabhimani.com