മാനവികതയുടെ ധീരനാദം - ഇന്ന്‌ തിരുനല്ലൂർ 
കരുണാകരൻ ജന്മശതാബ്ദി



  “എന്തിനും മീതെ വിലപ്പെട്ടതായി നാം എണ്ണിയതൊന്നേ മനുഷ്യന്റെ ജീവിതം, കൽത്തുറുങ്കും കൈവിലങ്ങും തകർക്കുന്ന മർദിതനായ മനുഷ്യന്റെ ജീവിതം.” എന്നിങ്ങനെ മാനവികതയുടെ മഹത്വം ഉയർത്തിപ്പിടിച്ച കവിയാണ് തിരുനല്ലൂർ കരുണാകരൻ. ദുരിതങ്ങളും യാതനകളും അനുഭവിക്കുന്ന മനുഷ്യർക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുന്ന മധുരവും പ്രസന്നവുമായ കവിതകളിലൂടെ അദ്ദേഹം സമൂഹത്തെ ഉണർത്തി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ യുഗോദയത്തിനുവേണ്ടിയുള്ള ഗാഥകളായിരുന്നു അവ. മലയാളകവിതയിൽ ആയിരത്തിത്തൊള്ളായിരത്തിനാൽപ്പതുകളുടെ അന്ത്യമായപ്പോഴേക്കും ഒരു ചുവന്ന പ്രഭാതത്തിന്റെ ഉദയരശ്മികൾ വീശിത്തുടങ്ങി. സ്വതന്ത്രഭാരതത്തിൽ സാധാരണമനുഷ്യർക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന രാഷ്ട്രീയ തിരിച്ചറിവിൽനിന്നാണ് ആ ഉശിരൻ കവിതകളുടെ ആവിർഭാവം. കർഷകരും തൊഴിലാളികളും മറ്റു തരത്തിൽ പണിയെടുക്കുന്നവരുമായ പാവപ്പെട്ട മനുഷ്യരുടെ വികാരവിചാരങ്ങളും അവരനുഭവിക്കുന്ന ദുരിതങ്ങളിൽനിന്നുള്ള വിമോചനപ്രതീക്ഷകളും ആ കവിതകളിൽ ജ്വലിച്ചുനിന്നു. തുടർന്നുള്ള ഒരു പതിറ്റാണ്ടുകാലം മലയാളകവിതയിലെ ചുവന്ന ദശകമായി സാഹിത്യചരിത്രകാരന്മാർ രേഖപ്പെടുത്തി. പി ഭാസ്കരൻ, വയലാർ രാമവർമ, ഒ എൻ വി കുറുപ്പ്, തിരുനല്ലൂർ കരുണാകരൻ, പുതുശേരി രാമചന്ദ്രൻ, പുനലൂർ ബാലൻ തുടങ്ങിയവരായിരുന്നു ആ കവിഗണത്തിന്റെ മുമ്പിൽ നിന്നവർ. അവരുടെ കവിതകൾക്ക് സംഘഗാഥയുടെ സ്വരലയം ഉണ്ടായിരുന്നപ്പോൾത്തന്നെ ഓരോരുത്തരുടെയും ഒച്ച വേറിട്ടു കേൾക്കുന്ന വിധം വ്യക്തിത്വമുള്ളതായിരുന്നു. അക്കൂട്ടത്തിൽ തനിമയും ഇനിമയുമുള്ള കവിതകൾകൊണ്ട് ജനമനസ്സുകളിൽ സ്ഥാനംപിടിച്ച കവിയാണ് തിരുനല്ലൂർ. താമരയുടെ തളിരിലയിൽ ഇറ്റുവീണ ഒരു തുള്ളി ആകാശനീലിമയായി തിരുനല്ലൂർതന്നെ വർണിച്ച അഷ്ടമുടിക്കായലിന്റെ തീരത്താണ്‌ അദ്ദേഹം ജനിച്ചത്. പാവപ്പെട്ട തൊഴിലാളികൾ തൊണ്ട്‌ തല്ലുന്നതിന്റെ താളം കേട്ട് വളർന്ന തിരുനല്ലൂർ കരുണാകരന്റെ കവിതയിൽ ഗ്രാമീണവിശുദ്ധിയും തൊഴിലാളിവർഗബോധവും ഊടും പാവുമായി. തിരുനല്ലൂരിന്റെ ആദ്യകാല കവിതകളിലൊന്നായ ‘റാണി’ അക്കാലത്ത് ജനകീയഗാനമായി സാധാരണക്കാരുടെ നാവിൽ തത്തിക്കളിച്ചതാണ്. ആ കഥാകാവ്യം ജീവിതദുരിതം അനുഭവിച്ചിരുന്ന സാധാരണക്കാരുടെ ഹൃദയത്തിൽ പ്രണയമാധുര്യം പകർന്നു. അതിലെ നായികയെക്കുറിച്ച് എഴുതിയ ‘റാണിയെന്നോമനപ്പേരിവൾക്കേകിയ ഭാവനയാരുടേതാകാം?’, എന്നതുപോലെയുള്ള ലളിത മോഹനവും കാൽപ്പനികസുന്ദരവുമായ വരികൾ ജനഹൃദയങ്ങളെ തൊട്ടുണർത്തി. “അവിരാമമദ്ധ്വാനമേ നമുക്കു മുദ്രാവാക്യം. നവജീവിതസൗന്ദര്യമൊന്നേ ലക്ഷ്യം. വിഘ്നങ്ങളെല്ലാം ചിതൽപ്പുറ്റുപോൽ തകരട്ടെ. വിശ്വജേതാവാം കർമ്മധീരത മുന്നേറട്ടെ.” അധ്വാനിക്കുന്ന മനുഷ്യന്റെ മഹത്വത്തെ തിരുനല്ലൂർ ഇങ്ങനെ കീർത്തനം ചെയ്തു. മാർക്സിയൻ പ്രത്യയശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ വിശ്വാസദാർഢ്യം അചഞ്ചലമായിരുന്നു. സമൂഹത്തിൽ വരേണ്ട മാറ്റങ്ങൾ സ്വപ്നം കാണുന്ന കവിതകളെഴുതിയപ്പോഴും പാരമ്പര്യത്തെയാകെ തച്ചുടയ്ക്കുന്ന സംഹാരതാണ്ഡവത്തിന്റെ ഭേരീനാദങ്ങളല്ല അവയിൽ മുഴങ്ങിയത്. തങ്ങൾ വിജയിക്കും, അതിജീവിക്കും എന്ന ആത്മവിശ്വാസത്തിന്റെ അന്തർനാദമായിരുന്നു. “കരുതുവിൻ നമ്മളുടേതാണു നാളെ, യതിനായി ട്ടൊരുമിച്ചു നിൽക്കും നമ്മളജയ്യരല്ലോ. ഇരുളിനു കഴിയുകില്ലൊരിക്കലുമുഷസ്സിന്റെ കിരണകന്ദളങ്ങളെ തുറുങ്കിലാക്കാൻ.” കവിതകൾ മാത്രമല്ല, മനോഹരമായ ഗാനങ്ങളും അദ്ദേഹം രചിച്ചു. അവയും വ്യാപകമായ ജനപ്രീതി നേടി. നാടകത്തിനുവേണ്ടിയോ സിനിമയ്ക്കുവേണ്ടിയോ ആയിരുന്നില്ല അവ രചിച്ചത്. എങ്കിലും അവ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു. “കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ” എന്നു തുടങ്ങുന്ന മനോഹരഗാനം ജനങ്ങൾക്കിടയിൽ പ്രചാരം നേടിക്കഴിഞ്ഞപ്പോൾ സിനിമയിലേക്ക് എടുത്തു ചേർക്കുകയായിരുന്നു. പുന്നപ്ര– -വയലാർ സമരം കഴിഞ്ഞകാലത്ത് സ്കൂൾ വിദ്യാർഥിയായിരുന്ന തിരുനല്ലൂർ കരുണാകരൻ ആ സമരഭൂമിയിലേക്ക് ഒരു സാഹസിക സന്ദർശനം നടത്തിയിരുന്നു. അതിന്റെ അനുഭവങ്ങളും അനുഭൂതികളും അനുസ്മരിച്ചുകൊണ്ട് പിൽക്കാലത്തെഴുതിയതാണ് ‘വയലാർ’ എന്ന ഖണ്ഡകാവ്യം. ‘പ്രേമം മധുരമാണ്; ധീരവുമാണ്’, ‘റാണി’, ‘രാത്രി’, ‘താഷ്കെന്റ്’, ‘സീത’, ‘സൗന്ദര്യത്തിന്റെ പടയാളികൾ’, ‘ഗ്രീഷ്മസന്ധ്യകൾ’, ‘മഞ്ഞുതുള്ളികൾ’, ‘അന്തിമയങ്ങുമ്പോൾ’ എന്നിവയാണ് പ്രധാന കാവ്യസമാഹാരങ്ങൾ. ‘തിരുനല്ലൂർ കരുണാകരന്റെ കവിതകൾ’ എന്ന കൃതിക്ക് 1989ലെ വയലാർ അവാർഡ് ലഭിച്ചു. ‘മലയാളഭാഷാപരിണാമം– സിദ്ധാന്തങ്ങളും വസ്തുതകളും’ എന്ന പഠനഗ്രന്ഥം മലയാളഭാഷയുടെ പ്രാചീനചരിത്രത്തിലേക്ക് ഉൾക്കാഴ്ച നൽകുന്ന ഗവേഷണപരമായ കൃതിയാണ്. മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംക്ഷിപ്തമായ ഗദ്യാഖ്യാനമാണ് ‘ഒരു മഹായുദ്ധത്തിന്റെ പര്യവസാനം’. കാവ്യഭംഗിയുള്ള മനോഹരഗദ്യത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്. ചെറുപ്പത്തിലേ സംസ്കൃതത്തിൽ നല്ല പാണ്ഡിത്യം നേടിയ തിരുനല്ലൂർ കരുണാകരൻ പക്ഷേ, ലളിതമായ മലയാളത്തിലാണ് കവിതകൾ എഴുതിയത്. കാളിദാസകവിതയോട് ആഭിമുഖ്യം പുലർത്തിയ തിരുനല്ലൂർ ദ്രാവിഡവൃത്തത്തിൽ രചിച്ച ‘മേഘസന്ദേശ’ത്തിന്റെ പരിഭാഷ ആ കാവ്യത്തിന് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച വിവർത്തനമാണ്. ‘അഭിജ്ഞാനശാകുന്തള’ത്തിന് അദ്ദേഹം തയ്യാറാക്കിയ തർജമയും മനോഹരമാണ്. കാളിദാസകൃതികൾപോലെ തിരുനല്ലൂരിന് പ്രിയങ്കരമായിരുന്നു വാല്‌മീകിരാമായണവും. ആ ഇതിഹാസത്തെ അവലംബിച്ച് തിരുനല്ലൂർ രചിച്ച കാവ്യമാണ് രാമന്റെ ജീവിതാന്ത്യത്തെ ആവിഷ്കരിക്കുന്ന ‘രാമായണം’. ‘വാല്‌മീകിയുടെ ആശ്രമത്തിൽ’ ‘സീത’ തുടങ്ങി രാമായണകഥയെ ആധാരമാക്കിയ വേറെയും കവിതകൾ എഴുതിയിട്ടുണ്ട്. ഒമർ ഖയ്യാമിന്റെ ‘റൂബിയാത്ത്’, പുഷ്കിന്റെ ‘ജിപ്സികൾ’ എന്നീ കൃതികളും തിരുനല്ലൂർ പരിഭാഷപ്പെടുത്തി. ദേബീപ്രസാദ് ചതോപാധ്യയയുടെ ‘പ്രചീനഭാരതത്തിലെ ഭൗതികവാദം’ എന്ന ഗദ്യകൃതിയും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. തിരുനല്ലൂർ കരുണാകരൻ 1924 ഒക്ടോബർ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമത്തിലാണ് ജനിച്ചത്. കൊല്ലം എസ്എൻ കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. അക്കാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തകനായിരുന്നു. ചരിത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തരബിരുദവും നേടി. ദീർഘകാലം യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായിരുന്നു. പിന്നീട് പബ്ലിക് സർവീസ് കമീഷൻ അംഗമായി. ഔദ്യോഗികരംഗത്തുനിന്ന് വിരമിച്ചതിനുശേഷം ജനയുഗം വാരികയുടെ മുഖ്യപത്രാധിപരായി പ്രവർത്തിച്ചു. 2006 ജൂലൈ അഞ്ചിന് അദ്ദേഹം അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിതയ്ക്ക് സാമൂഹ്യവും രാഷ്ട്രീയവുമായ ജാഗ്രതയും മാനവികമായ ഉൾക്കരുത്തും പകർന്ന കവികളിൽ പ്രമുഖനായിരുന്ന തിരുനല്ലൂർ കരുണാകരന്റെ ഓർമയ്ക്കുമുമ്പിൽ ശതാബ്ദിപ്രണാമം. (കാലടി സംസ്‌കൃത ശ്രീ ശങ്കരാചാര്യ സർവകലാശാല മുൻ പ്രൊ വൈസ്‌ ചാൻസലറാണ്‌ ലേഖകൻ) Read on deshabhimani.com

Related News