മൂന്ന് ക്രിമിനൽ നിയമങ്ങൾ: സ്വേച്ഛാധിപത്യ പ്രവണതയുടെ കടന്നുകയറ്റം



  ഇന്ത്യൻ ശിക്ഷാ നിയമം 1860, ക്രിമിനൽ നടപടി ചട്ടങ്ങൾ 1973, ഇന്ത്യൻ തെളിവ് നിയമം 1872 എന്നിവയുടെ സ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവ കൊണ്ടുവന്നിരിക്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള എതിർപ്പുകളാകെ അവഗണിച്ച് രാജ്യത്തുടനീളം 2024 ജൂലൈ ഒന്നു മുതൽ അത് പ്രാബല്യത്തിലായി. 2023 ഡിസംബറിൽ പാർലമെന്റിൽ കാര്യമായ ചർച്ചയൊന്നും കൂടാതെ ഈ ക്രിമിനൽ ഭേദഗതി നിയമങ്ങൾ മൂന്നും അംഗീകരിക്കുകയാണുണ്ടായത്, 148 പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്ത ശേഷമാണ് ഈ നിയമങ്ങൾ പാസാക്കപ്പെട്ടത്. അപകോളനിവത്ക്കരണം എന്ന ആഖ്യാനത്തിനുമപ്പുറം ആഭ്യന്തരമന്ത്രി ഭാരതവത്ക്കരണം സംബന്ധിച്ച വമ്പൻ അവകാശവാദങ്ങൾ നടത്തിയാണ് ഈ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്; രാഷ്ട്രത്തിന്റെ ശിക്ഷാ കേന്ദ്രിത ക്രിമിനൽ ജസ്റ്റിസ് സംവിധാനത്തെ നീതി അടിസ്ഥാനമാക്കിയ ഒന്നാക്കി പരിവർത്തനപ്പെടുത്തുകയാണ് എന്നാണ് ആഭ്യന്തര മന്ത്രി അവകാശപ്പെട്ടത്. ആലങ്കാരികമായ പദങ്ങൾ – ഇന്ത്യൻ എന്നതിനു പകരം ഭാരതീയ, പീനൽ എന്നതിന് പകരം ന്യായ, ക്രിമിനൽ എന്നതിനുപകരം നാഗരിക്, പ്രൊസീജിയർ എന്നതിനുപകരം സുരക്ഷ, എവിഡെൻസ് എന്നതിനുപകരം സാക്ഷ്യ, കോഡ് എന്നതിനുപകരം സംഹിത – പുനഃസ്ഥാപിച്ച് കൊളോണിയൽ പൈതൃകത്തെ നീക്കം ചെയ്യുന്നതിനുള്ള മാർഗമെന്ന നിലയിൽ ആഭ്യന്തരമന്ത്രി അവതരിപ്പിക്കുകയാണുണ്ടായത്. രാജ്യദ്രോഹം എന്നത് കുറ്റകൃത്യമല്ലാതാക്കുകയും ആൾക്കൂട്ട ആക്രമണങ്ങളെ ക്രിമിനൽവൽക്കരിക്കുകയും ചെയ്തുവെന്നാണ് അവകാശവാദം. പതിവുപോലെ ‘‘സബ് കാ സാഥ്, സബ് കാ വിശ്വാസ്, സബ് കാ വികാസ്, സബ് കാ പ്രയാസ്" എന്നിങ്ങനെ പൊള്ളയായ അവകാശവാദങ്ങൾ ആവർത്തിച്ചാണ് ഈ ബില്ലുകൾ അവതരിപ്പിച്ചത്. എന്നാൽ യഥാർഥത്തിൽ മുൻ ഐപിസിയിലെയും സിആർപിസിയിലെയും തെളിവ് നിയമത്തിലെയും മിക്കവാറും എല്ലാ വകുപ്പുകളും ചില നിർണായക മാറ്റങ്ങളോടെ നിലനിർത്തിയിരിക്കുകയാണ്. ‘നീതി’ കാണാതാകുന്നു; ഒപ്പം ഹിന്ദി അടിച്ചേൽപിക്കലും ‘‘കോടതി’’ യെ സംബന്ധിച്ച നിർവചനം നൽകുന്ന വകുപ്പ് മുൻപ് ‘‘നീതിന്യായ കോടതി’’ എന്നാണ് പഴയ നിയമ പുസ്തകങ്ങളിൽ ഉണ്ടായിരുന്നത്; ഇപ്പോഴത് കൂടുതൽ നിർവചനം നൽകുന്നതിൽ മാറ്റമില്ലാതെ നിലനിർത്തവെ തന്നെ ‘‘കോടതി’’എന്നു മാത്രമാക്കിയിരിക്കുന്നു. ഉള്ളിലുള്ള വകുപ്പുകളെല്ലാം തന്നെ ഇംഗ്ലീഷിലാണെങ്കിലും സ്റ്റാറ്റ്യൂട്ടുകളുടെ പേരുകൾ സംസ്കൃതവൽകരിച്ച ഹിന്ദിയിലാണ് നൽകിയിരിക്കുന്നത്. ഇതിനെ ഹിന്ദി സംസാരിക്കാത്ത പല ജനവിഭാഗങ്ങളും എതിർക്കുന്നുണ്ട്; ഇത് ഒരുതരം ഹിന്ദി അടിച്ചേൽപ്പിക്കലാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മദ്രാസിലെ ഒരു ഹൈക്കോടതി ജഡ്ജി പ്രസ്താവിച്ചത് തന്റെ കോടതി ഇനിയും പഴയ ഇംഗ്ലീഷ് പേരുകൾ മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നാണ്. കോർപ്പറേറ്റ് താൽപര്യമുള്ള 
കുറ്റകൃത്യങ്ങളെ 
അപക്രിമിനൽവത്ക്കരിക്കുന്നു;
 പ്രതിഷേധ പ്രക്ഷോഭങ്ങളെ 
കുറ്റകൃത്യങ്ങളാക്കുന്നു ഇതേ കാലഘട്ടത്തിൽ നിയമമാക്കിയ ജനവിശ്വാസ് ആക്ട് 2023 ലൂടെ ബിജെപി ഗവൺമെന്റ് 19 മന്ത്രാലയങ്ങളുമായും ഡിപ്പാർട്ടുമെന്റുകളുമായും ബന്ധപ്പെട്ട 42 കേന്ദ്ര – സംസ്ഥാന നിയമങ്ങൾ പ്രകാരമുള്ള 182 കുറ്റകൃത്യങ്ങളെ ക്രിമിനൽ കുറ്റങ്ങളല്ലാതാക്കിയിരിക്കുന്നു. 1940ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് ഭേദഗതി ചെയ്തുകൊണ്ട് ഔഷധങ്ങളുടെ ഉൽപാദനവും വിതരണവും വിൽപനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ കുറ്റകരമല്ലാതാക്കിയതും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പുതിയ ക്രിമിനൽ നിയമങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത് തൊഴിലാളിവർഗവും പൊതുജനങ്ങളും നടത്തുന്ന നിരാഹാര സമരങ്ങൾ, ഘെരാവൊകൾ എന്നിവ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളെ സംഘടിത കുറ്റകൃത്യങ്ങളുടെയും ഭീകര പ്രവർത്തനങ്ങളുടെയും പരിധിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്; തങ്ങളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങളും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രക്ഷോഭങ്ങളെയാണ് ഇങ്ങനെ ക്രിമിനൽ കുറ്റങ്ങളാക്കിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 113 നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിൽ (യുഎപിഎ) ഉള്ള ഭീകരപ്രവർത്തനം സംബന്ധിച്ച നിർവചനമാണ് സ്വീകരിച്ചിരിക്കുന്നത്. സെക്‌ഷൻ 152 ഐപിസിയിലെ രാജ്യദ്രോഹം സംബന്ധിച്ച വ്യവസ്ഥകൾ അതേപടി നിലനിർത്തിയിരിക്കുന്നു. പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നു മാത്രം (ഹിന്ദിയിൽ രാജ്ദ്രോഹ് എന്നതിനെ ദേശ് ദ്രോഹ് എന്നാക്കി). ജീവപര്യന്തം തടവ് അഥവാ ഏഴു വർഷം വരെയുള്ള തടവ് എന്ന് ശിക്ഷ കൂടുതൽ കർക്കശമാക്കിയിരിക്കുന്നു. മതമെന്ന വാക്ക് ഒഴിവാക്കൽ – സ്വത്വം മൂടിവയ്ക്കൽ ഭാരതീയ ന്യായ് സംഹിതയുടെ (ബിഎൻഎസ്) ഇരുപത്തിമൂന്നാം വകുപ്പ് പ്രകാരം സാമൂഹിക സേവനം എന്നാൽ എന്തെന്ന് നിർവചിച്ചിട്ടില്ല; ഇത് ജഡ്‌ജിയുടെ വിവേചനത്തിന് വിട്ടു കൊടുത്തിരിക്കുന്നു. ബിഎൻഎസിലെ ഇരുപതാമത്തെ വകുപ്പ് ഏകാന്ത തടവിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. ബിഎൻഎസിന്റെ 103 (2), 117 (4) എന്നീ വകുപ്പുകൾ ‘‘അഞ്ചോ അതിലധികമോ ആളുകൾ ചേർന്ന് വംശം, ജാതിയോ സമുദായമോ, ലൈംഗികത, ജനനസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം, മറ്റേതെങ്കിലും കാരണത്താൽ’’ നടത്തപ്പെടുന്ന (ആൾക്കൂട്ട ആക്രമണമെന്ന് വ്യക്തമായി സൂചിപ്പിക്കാതെ) കൊലപാതകത്തിനിടയാക്കുന്നതും ഗുരുതരമായ പരിക്കേൽപ്പിക്കുന്നതുമായ കുറ്റകരമായ നടപടികളെ പ്രത്യേക കുറ്റകൃത്യം എന്ന നിലയിൽ അവതരിപ്പിക്കുന്നു. മതത്തെ അടിസ്ഥാനമാക്കിയുള്ള ആൾക്കൂട്ട ആക്രമണങ്ങൾ വർധിച്ചു വരുമ്പോഴും (പ്രത്യേകിച്ച് ബിജെപി അധികാരത്തിലെത്തിയശേഷം) ‘‘മതം’’ എന്ന വാക്കു തന്നെ ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ സംഗതി. 2023 ഓഗസ്റ്റിൽ അവതരിപ്പിച്ച ഒറിജിനൽ ബില്ലിൽ കൊലപാതകത്തിന് നൽകപ്പെടുന്നതിലും ചെറിയ ശിക്ഷ നൽകാൻ വകുപ്പുണ്ടായിരുന്നു; അത് പിന്നീട് നിയമമാക്കുന്ന ഘട്ടത്തിൽ കൊലപാതകത്തിനു നൽകുന്ന അതേ ശിക്ഷയാക്കി മാറ്റി; എന്നാൽ ‘‘മതം’’ എന്ന വാക്ക് അപ്പോഴും ഉൾപ്പെടുത്തിയില്ല. ബിഎൻഎസിന്റെ അറുപത്തിയൊൻപതാം വകുപ്പിനുള്ള വിശദീകരണത്തിൽ ‘‘സ്വത്വം മറച്ചുവെച്ചുകൊണ്ടുള്ള വിവാഹം’’ ഉൾപ്പെടെ ‘‘വഞ്ചനാപരമായ മാർഗ’’ങ്ങളിലൂടെ വിവാഹ വാഗ്ദാനം നൽകുന്നതിനെ ക്രിമിനൽവത്ക്കരിക്കുകയാണ്. ആർഎസ്എസ്സിനെയും അതിന്റെ പരിവാർ സംഘങ്ങളെയും പോലെയുള്ള വലതുപക്ഷ ശക്തികളുടെ ‘‘ലൗ ജിഹാദ്’’ എന്ന ആഖ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ വ്യവസ്ഥ; വിഘടന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ തീവ്രമാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ സജീവ പിന്തുണയോടെയാണ് ഇത് നടക്കുന്നത്. കൈവിലങ്ങ് വയ്ക്കൽ – 
പൊലീസ് കസ്റ്റഡി; 
കുറ്റകൃത്യങ്ങൾ മൂടിവയ്ക്കൽ – 
വിചാരണകൾ ഒഴിവാക്കൽ മുൻപുണ്ടായിരുന്ന നിയമങ്ങൾ പ്രകാരമുള്ള, സ്ത്രീകളെ രാത്രികാലത്ത് അറസ്റ്റ് ചെയ്യുന്നതിനെതിരായ വ്യവസ്ഥകളിൽ ഇളവുവരുത്തി; ഇപ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്നു. ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) യുടെ 43 (3) വകുപ്പ് കുറ്റാരോപിതരെ കൈവിലങ്ങിടാൻ അനുവദിക്കുന്നു; കുപ്രസിദ്ധരായ ക്രിമിനലുകളെയും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെയും ഒഴികെ ആരെയും കൈവിലങ്ങിടാൻ പാടില്ലെന്ന സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണിത്. ബിഎൻഎസ്എസിന്റെ നൂറ്റി എൺപത്തിയേഴാം വകുപ്പു പ്രകാരം പൊലീസ് കസ്റ്റഡിയുടെ കാലദൈർഘ്യം അറുപതോ തൊണ്ണൂറോ ആയി വർധിപ്പിച്ചിരിക്കുന്നു; അതുപോലെ തന്നെ ചാർ‌ജ്‌ ഷീറ്റ് ഫയൽ ചെയ്യുന്നതിനുള്ള പരമാവധി കാലപരിധി 90 മുതൽ 180 ദിവസംവരെ എന്നാക്കിയിരിക്കുന്നു; അങ്ങനെ തുടക്കത്തിൽ ഭീകര പ്രവർത്തനങ്ങളെ ലക്ഷ്യമാക്കി കൊണ്ടുവന്ന വ്യവസ്ഥ ഇപ്പോൾ സാധാരണ കുറ്റകൃത്യങ്ങൾക്കെല്ലാം ബാധകമാക്കിയിരിക്കുകയാണ്. ബിഎൻഎസ്എസിന്റെ സെക്ഷൻ 172, അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ അവഗണിച്ച് അറസ്റ്റ് ചെയ്ത് തടവിലാക്കുന്നതിന് നിയമപരമായ അനുമതി നൽകുന്നതാണ്. മൂന്നു മുതൽ ഏഴു വർഷം വരെ ശിക്ഷ നൽകാവുന്ന കുറ്റകൃത്യങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമോ എന്ന് നിശ്ചയിക്കാൻ പ്രാഥമികാന്വേഷണം നടത്താൻ പൊലീസിനെ അനുവദിക്കുന്നതാണ് സെക്ഷൻ 173; ഇത് പരാതികൾ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്നതിന് ഇടയാക്കുന്നു (കുറ്റകൃത്യങ്ങൾ മൂടിവയ്ക്കലാണിത്). ബിഎൻഎസ്എസ്സിന്റെ മുപ്പത്തിയേഴാം വകുപ്പ് ഓരോ പൊലീസ് സ്റ്റേഷനു മുന്നിലും ജില്ലാ ഹെഡ്‌ ക്വാർട്ടേഴ്‌സുകളിലും കുറ്റാരോപിതരുടെ പേരും മേൽവിലാസവും അറസ്റ്റിന്റെ സ്വഭാവവും ഭൗതികമായും ഡിജിറ്റലായും പ്രദർശിപ്പിക്കാൻ ബാധ്യതപ്പെടുത്തുന്നു. ഇത് വിചാരണയ്ക്കും ഔപചാരികമായി കുറ്റവാളിയായി കണ്ടെത്തുന്നതിനും മുൻപു തന്നെ നിരപരാധികളായ കുറ്റാരോപിതരെ ക്രിമിനലുകളായി മുദ്ര കുത്തുന്നതിനിടയാക്കുന്നു; ഇത് അവരുടെ സ്വകാര്യതയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനുള്ള അവകാശത്തിന്റെ ലംഘനമാണ്; ഇത് വ്യക്തികളെ ആക്രമണ ലക്ഷ്യമാക്കുന്നതിന് വഴിയൊരുക്കുന്നു. ബിഎൻഎസ്എസിന്റെ മുന്നൂറ്റി അൻപത്തിയാറാം വകുപ്പ് വിചാരണയ്ക്കുള്ള അവകാശം ഇളവു ചെയ്യലാണ്; വിചാരണ ഒഴിവാക്കുന്നതിന് പ്രഖ്യാപിത കുറ്റവാളി നാടുവിടുകയാണെങ്കിൽ ബന്ധപ്പെട്ടയാളുടെ നേരിട്ടുള്ള സാന്നിധ്യം കൂടാതെ തന്നെ കോടതിയെ വിചാരണയുമായി മുന്നോട്ടുപോകാൻ പ്രാപ്തമാക്കുന്നതാണ് ഈ വകുപ്പ്. കുറ്റം സ്ഥിരീകരിക്കുന്നതിനു മുൻപു തന്നെ കുറ്റാരോപിതന്റെ സ്വത്ത് പിടിച്ചെടുക്കൽ, വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനുള്ള സംരക്ഷണത്തിൽ വെള്ളം ചേർക്കൽ, വീഡിയോ കോൺഫറൻസിങ്ങിലൂടെ ക്രോസ് വിസ്താരം ഉൾപ്പെടെ വിചാരണ പൂർണമായും നടത്തുന്നതിനുള്ള വ്യവസ്ഥകളിലൂടെ സ്വതന്ത്രവും നീതിപൂർണവുമായ വിചാരണയ്ക്കുള്ള അവകാശം നിഷേധിക്കൽ എന്നിവയെല്ലാം തന്നെ ഉത്കണ്ഠയുളവാക്കുന്നതാണ്. വിചാരണത്തടവുകാർക്കുള്ള ജാമ്യകാലാവധി മൂന്നിലൊന്നായി കുറയ്ക്കുന്നതാണ് സെക്ഷൻ 479. അതിനും പുറമേയാണ്, സ്വകാര്യ പരാതികളിൽനിന്ന് പൊതുപ്രവർത്തകർക്ക് (Public Servants) സംരക്ഷണം നൽകലും ഈ വകുപ്പിൽ വരുന്നു; ഇത് ഇത്തരം പരാതികളുടെ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കലാണ്. നിരപരാധിത്വം 
സ്ഥാപിക്കുന്നതിനുള്ള 
അടിസ്ഥാന തത്വത്തെ 
തകർക്കൽ സർവോപരി, ഈ മൂന്ന് ക്രിമിനൽ നിയമങ്ങൾ ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാനതത്വത്തെ, അതായത് നിരപരാധിത്വം സ്ഥാപിക്കൽ തന്നെ തകർക്കുന്നതാണ്; നിരപരാധിത്വം തെളിയിക്കലാണ് ഇന്ത്യൻ ക്രിമിനൽ നീതിനിർവഹണ വ്യവസ്ഥയുടെ അടിസ്ഥാനശില. ഇതിനെയാണ് നമ്മുടെ ക്രിമിനൽ നിയമസംഹിതയുടെ അടിസ്ഥാനമെന്ന നിലയിൽ കോടതികൾ ആവർത്തിച്ചുയർത്തിപ്പിടിച്ചിട്ടുള്ളത്. അതിനുപുറമെ ഈ നിയമങ്ങൾ 2024 ജൂലൈ ഒന്നിനും അതിനുശേഷവും നടത്തുന്ന കുറ്റകൃത്യങ്ങൾക്കു മാത്രമേ ബാധകമാകുന്നുള്ളൂ. കീഴ്കോടതികളിൽ കെട്ടിക്കിടക്കുന്ന 3.4 കോടി ക്രിമിനൽ കേസുകളുടെ വിചാരണയും 66 ശതമാനം വിചാരണത്തടവുകാരുടെ കേസുകളും മുൻപുണ്ടായിരുന്ന ക്രിമിനൽ നിയമങ്ങൾ പ്രകാരം നടത്തും. ഇതിന്റെ അർഥം കോടതികളിൽ സമാന്തരമായി രണ്ട് വ്യത്യസ്ത വ്യവസ്ഥകൾ പ്രകാരം വിചാരണ നടക്കുമെന്നാണ്; വർഷങ്ങളോളം ഇത് തുടരും. നീക്കം ചെയ്യൽ–ഒഴിവാക്കൽ; 
ഉൾപ്പെടുത്തലും വിവേചനവും ‘‘നീതി നിർവഹണ കോടതി’’ (Courting Justice) എന്ന വകുപ്പിന്റെ നിർവചനത്തിൽ നിന്ന് ‘‘നീതി നിർവഹണം’’(Justice)എന്ന വാക്ക് നീക്കം ചെയ്തത്, ആൾക്കൂട്ട ആക്രമണങ്ങളെ ക്രിമിനൽ കുറ്റമാക്കുന്നതായി അവകാശപ്പെടുന്ന വകുപ്പിൽ നിന്ന് മതം ഒഴിവാക്കിയത്, വഞ്ചനാപരമായ മാർഗങ്ങൾ സംബന്ധിച്ച വിശദീകരണ വകുപ്പിൽ സ്വത്വം മറച്ചുവയ്ക്കൽ ഉൾപ്പെടുത്തിയത്, പരാതി രജിസ്റ്റർ ചെയ്യണമോ വേണ്ടയോ എന്ന് നിർണയിക്കാൻ പൊലീസിന് വിവേചനാധികാരം നൽകിയത്, രാജ്യദ്രോഹത്തെ ദേശദ്രോഹമായി മാറ്റി കൂടുതൽ വലിയ ശിക്ഷ നൽകൽ, ഏകാന്ത തടവിനുള്ള വ്യവസ്ഥ, കയ്യാമം വയ്ക്കൽ, അറസ്റ്റു ചെയ്യപ്പെട്ട കുറ്റാരോപിതന്റെ സ്വത്വം ഭൗതികമായും ഡിജിറ്റലായും പ്രദർശിപ്പിക്കൽ, നിരാഹാര സമരങ്ങളെയും അവകാശങ്ങൾക്കായുള്ള മറ്റു പ്രതിഷേധ രൂപങ്ങളെയും കുറ്റകൃത്യമാക്കൽ, ഹിന്ദിയിൽ നിയമങ്ങളുടെ പേരുനൽകൽ എന്നിവയെല്ലാം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി സർക്കാരുകളുടെ ട്രാക്ക് റെക്കോഡിന്റെ പശ്ചാത്തലത്തിലാണ് കാണേണ്ടത്, ഒപ്പം ഹിന്ദു–ഹിന്ദി –ഹിന്ദുസ്താൻ എന്ന ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര ആഖ്യാനത്തിന്റെ പശ്ചാത്തലവും കണക്കിലെടുക്കണം. ബിജെപി ഭരണത്തിൽ കീഴിൽ ഇന്ത്യൻ സമൂഹത്തിന്റെയും ജനങ്ങളുടെയും അനുഭവങ്ങൾ ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നത്, ലൗവ് ജിഹാദ്, പശു സംരക്ഷണം (ഗോ രക്ഷ) പോലെയുള്ള ആഖ്യാനപ്രകാരമുളള വിദ്വേഷ കുറ്റകൃത്യങ്ങൾ, ദുരഭിമാന കൊലപാതകങ്ങൾ, ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം, ആനന്ദ് തെൽദുംബ്ദെയെ പോലെയുള്ള പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെ യുഎപിഎ പ്രകാരം ജാമ്യം കൂടാതെ തടവിലാക്കൽ എന്നിവയൊന്നും തന്നെ കാണാതിരിക്കാനാവില്ല, പ്രത്യേകിച്ചും പൊതുകുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങളിലേക്ക് സമാനമായ വ്യവസ്ഥകൾ കൂട്ടിച്ചേർക്കപ്പെടുമ്പോൾ. ഉപരിഘടനയെ തകർക്കാൻ; 
നവലിബറൽ 
സാമ്പത്തികാടിത്തറയുമായി 
ഒത്തുചേരൽ പൊതുതെരഞ്ഞെടുപ്പു കാലത്ത് ‘‘ചാർ സൗ പാർ’’ (നാനറിലേറെ സീറ്റ്)  നു വേണ്ടിയുള്ള അഭ്യർഥന സംബന്ധിച്ച ആഖ്യാനം ഭരണഘടനയിൽ മാറ്റം വരുത്തൽ ഉൾപ്പെടെയുള്ള മൗലികമായ മാറ്റം കൊണ്ടുവരുന്നതിനാണ്; അങ്ങനെയാണ് പല ബിജെപി നേതാക്കളും അവകാശപ്പെട്ടത്; ഇത് ബിജെപിയുടെയും ആർഎസ്എസിന്റെയും ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതാണ്. സമഗ്രമായ ചർച്ചകൾ കൂടാതെ തിരക്കിട്ട് ക്രിമിനൽ നിയമങ്ങളിൽ ഇത്രയേറെ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഈ ലക്ഷ്യമാണ് പ്രകടമാകുന്നത്. അവയ്ക്കെല്ലാം പുറമെ, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഗവൺമെന്റുകളുടെ നയങ്ങളും നടപടികളും നവലിബറൽ നയങ്ങൾ തീവ്രമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്; ഈ നയങ്ങൾക്കും നടപടികൾക്കുമെതിരായ ജനങ്ങളുടെ ഏതു രൂപത്തിലുള്ള ചെറുത്തുനിൽപ്പിനെയും സമരങ്ങളെയും അടിച്ചമർത്തുകയെന്ന ലക്ഷ്യവും ഈ പുതിയ നിയമങ്ങൾ തിടുക്കത്തിൽ കൊണ്ടുവന്നതിനു പിന്നിലുണ്ട്. ഇത് നേടിയെടുക്കുന്നതിന്, ഫാസിസ്റ്റ് പ്രവണതയോടുകൂടിയ ആർഎസ്എസിന്റെയും പരിവാർ സംഘടനകളുടെയും വിഘടന പദ്ധതികളെയാണ് ബിജെപി പ്രയോഗിക്കുന്നത്– വിദ്വേഷ വിഷം പ്രചരിപ്പിച്ച് ജനങ്ങളുടെ ഐക്യം തകർക്കുകയാണവർ. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പുനഃസംഘാടനം തീവ്രമാക്കുന്നതിന് ഭൂരിപക്ഷവാദപരമായ സ്വേച്ഛാധിപത്യത്തിന്റെ സർവ ഉപാധികളും അവർ പ്രയോഗിക്കുകയാണ്; നവലിബറൽ സാമ്പത്തിക അടിത്തറയോടുകൂടിയ ഉപരിഘടനയ്ക്കായുള്ള കടന്നാക്രമണത്തിനാണ് ഇത് ഇടയാക്കിയിരിക്കുന്നത്. വിധി ന്യായങ്ങൾ 
പുറപ്പെടുവിക്കുന്നുണ്ട്; 
പക്ഷേ, നീതി അകലെയാണ് രാഷ്ട്രത്തിന്റെ ക്രിമിനൽ നിയമസംഹിത ഉൾപ്പെട്ടു വരുന്ന പ്രാമാണികവും നടപടിക്രമം സംബന്ധിച്ചതുമായ ക്രിമിനൽ നിയമങ്ങളിൽ ഇത്രയേറെ ശ്രദ്ധേയമായ മാറ്റങ്ങൾ അവതരിപ്പിച്ച ബിജെപിയുടെ ലക്ഷ്യം നീതിനിർവഹണമല്ല, മറിച്ച് കേവലം വിധി പ്രസ്താവങ്ങൾ നടത്തൽ മാത്രമാണ്. അയോധ്യ തർക്കം സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിന്യായത്തോടുള്ള സിപിഐ എമ്മിന്റെ പ്രതികരണത്തിൽ ഇത് കൃത്യമായും വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഭരണഘടനയിലെ ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കപ്പെടണം. ഭരണഘടന ലക്ഷ്യമാക്കുന്നത് രാജ്യത്തെ എല്ലാ പൗരർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കലാണ്. ചിന്തിക്കാനും ആശയപ്രകാശത്തിനും വിശ്വാസത്തിനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം; പദവിയും അവസരവും തുല്യനിലയിൽ ലഭ്യമാക്കൽ; വ്യക്തിയുടെ ആത്മാഭിമാനം ഉറപ്പാക്കുന്നതിനൊപ്പം സാഹോദര്യവും സൗഹാർദവും പ്രോത്സാഹിപ്പിക്കൽ എന്നിവയാണ്. ഭരണഘടനയുടെ ലക്ഷ്യങ്ങളുടെ വെളിച്ചത്തിൽ ഈ മൂന്ന് ക്രിമിനൽ നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോൾ വെളിപ്പെടുന്നത് നവലിബറൽ വാഴ്ചപ്രകാരം ജനങ്ങളുടെ അവകാശങ്ങൾക്കു മേൽ ആക്രമണം അഴിച്ചുവിടുന്ന ലക്ഷ്യത്തോടെയുള്ളവയാണവ എന്നാണ്. ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിനനുയോജ്യമായ വിധത്തിൽ പൊലീസ് നിയന്ത്രണത്തിലൂടെ ഫാസിസത്തിലേക്ക് നീങ്ങാനുള്ള പ്രവണതയ്ക്കാണ് ലക്ഷ്യമിടുന്നത്. ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിന് അനുയോജ്യമായ വിധത്തിൽ ഇപ്പോഴത്തെ ഭരണവർഗത്തിന്റെ അധീശത്വം ഉറപ്പിക്കുന്നതിനുവേണ്ടി ക്രിമിനൽ നിയമസംഹിതയെത്തന്നെ പൊളിച്ചടുക്കുകയാണ്. ഈ ഭരണവർഗം വിശേഷിപ്പിക്കപ്പെടുന്നത് അധികാരത്തിലുള്ള വർഗീയ കോർപറേറ്റ് അവിശുദ്ധ സഖ്യം എന്നാണ്. (തുടരും) ചിന്ത വാരികയിൽ നിന്ന്   Read on deshabhimani.com

Related News