ട്രംപിന്റെ വിജയം കോർപ്പറേറ്റുകളുടെയും - വി ബി പരമേശ്വരൻ എഴുതുന്നു

ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണം - കടപ്പാട്‌: AP


  കഴിഞ്ഞ തവണത്തേക്കാൾ കരുത്തനായാണ് ട്രംപ് അധികാരമേൽക്കുന്നത്‌. ജനുവരി 20ന് അമേരിക്കയുടെ നാൽപ്പത്തിയേഴാമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ട്രംപിന് സ്വന്തം വീക്ഷണമനുസരിച്ച് ആഭ്യന്തര- വൈദേശിക നയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. ആർക്കും പ്രവചിക്കാൻ കഴിയാത്ത സ്വഭാവത്തിന് ഉടമയായ ട്രംപ് ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയും സാമ്പത്തികശക്തിയുമായ രാഷ്‌ട്രത്തിന്റെ അധിപനായി മാറുമ്പോഴുള്ള അനിശ്ചിതത്വമാണ് ലോകം ഇനി അഭിമുഖീകരിക്കാൻ പോകുന്നത്.   നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം അമേരിക്കയിൽ വീണ്ടും തീവ്രവലതുപക്ഷക്കാരനായ റിപ്പബ്ലിക്കൻ പാർടി നേതാവ് ഡോണൾഡ് ട്രംപ് അധികാരമേറിയിരിക്കുന്നു. 132 വർഷത്തിന് ശേഷമാണ് ഒരു പ്രസിഡന്റ്‌  തുടർച്ചയായി അല്ലാതെ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവും പ്രായക്കൂടുതലുള്ള രണ്ടാമത്തെ പ്രസിഡന്റാണ് 78 കാരനായ ട്രംപ്. കഴിഞ്ഞതവണ അധികാരത്തിൽ വന്നതിൽനിന്നു വ്യത്യസ്‌തമായി ഇലക്ടറൽ കോളേജിൽ മാത്രമല്ല, ജനകീയ വോട്ടിലും ലീഡ് നേടിയാണ് ഇക്കുറി ട്രംപ് അധികാരമേറിയിട്ടുള്ളത്. 2016ൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി ഹില്ലാരി ക്ലിന്റണ് ട്രംപിനേക്കാൾ 20 ലക്ഷം വോട്ടുകൾ ലഭിച്ചെങ്കിലും ഇലക്ടറൽ കോളേജിൽ ട്രംപിനാണ് മുൻതൂക്കം നേടാനായത് എന്ന കാരണത്താലാണ് അദ്ദേഹം പ്രസിഡന്റായത്.  എന്നാൽ ഇക്കുറി  ജനകീയ വോട്ടിലും ട്രംപിനാണ് ലീഡ്. ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി കമല ഹാരിസിനേക്കാൻ 50 ലക്ഷം വോട്ട് ട്രംപിന് കൂടുതൽ ലഭിച്ചു. ഇലക്ടറൽ കോളേജിൽ ട്രംപിന് 312 സീറ്റ് ലഭിച്ചപ്പോൾ കമല ഹാരിസിന് 226 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. 20 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിക്ക് ജനകീയ വോട്ടിൽ മുൻതൂക്കം നേടാനാകുന്നത്. ഒഹയോ, വെസ്‌റ്റ്‌ വിർജീനിയ എന്നീ സ്‌റ്റേറ്റുകളിലെ മുൻതൂക്കവുമായി നൂറംഗ സെനറ്റിൽ 52 സീറ്റുമായി ഭൂരിപക്ഷം ഉറപ്പിച്ച റിപ്പബ്ലിക്കൻ പാർടിക്ക് അധോസഭയായ ജനപ്രതിനിധി സഭയിലും (ഹൗസ് ഓഫ് പ്രൈസെന്റേറ്റീവ്) ഭൂരിപക്ഷം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ റിപ്പബ്ലിക്കന്മാർക്ക് 216 സീറ്റുണ്ട്. ഡെമോക്രാറ്റുകൾക്ക് 209. കേവല ഭൂരിപക്ഷത്തിന് 218 വേണം. അതായത് കഴിഞ്ഞ തവണത്തേക്കാൾ കരുത്തനായാണ് ട്രംപ് അധികാരമേൽക്കുന്നതെന്നർഥം. ജനുവരി 20ന് നാൽപ്പത്തിയേഴാമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ട്രംപിന് സ്വന്തം വീക്ഷണമനുസരിച്ച് ആഭ്യന്തര വൈദേശിക നയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. ആർക്കും പ്രവചിക്കാൻ കഴിയാത്ത സ്വഭാവത്തിന്റെ ഉടമയായ ട്രംപ് ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയും സാമ്പത്തികശക്തിയുമായ രാഷ്‌ട്രത്തിന്റെ അധിപനായി മാറുമ്പോഴുള്ള അനിശ്ചിതത്വമാണ് ലോകം ഇനി അഭിമുഖീകരിക്കാൻ പോകുന്നത്. രണ്ട് തവണ ഇംപീച്ച്മെന്റിന് വിധേയനാകുകയും ലൈംഗിക പീഡനക്കേസിൽ പ്രതിയാവുകയും ചെയ്‌ത ട്രംപിന് വിജയിക്കാനായതിന് പിന്നിൽ ഫോക്കസ് ന്യൂസ് ഉൾപ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങൾ നിർമിച്ചെടുത്ത പൊതുബോധമാണ് പ്രധാന പങ്കുവഹിച്ചത്. ഇക്കുറി ഇരുകക്ഷികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ വേളയിൽ ഏറെ പിന്നിലായിരുന്ന ട്രംപ് ജനകീയ വോട്ടിലും ഇലക്ടറൽ കോളേജ് വോട്ടിലും കമല ഹാരിസിനേക്കാൾ മുന്നിലെത്തിയതിന് പ്രധാന കാരണം യുദ്ധഭൂമിയെന്നും (Battleground states) ചാഞ്ചാട്ട സംസ്ഥാനങ്ങളെന്നും (swing states) വിളിക്കപ്പെടുന്ന ഏഴ് സംസ്ഥാനങ്ങളിൽ  നേടിയ വിജയമാണ്. പരമ്പരാഗതമായി ഡെമോക്രാറ്റിക് പാർടിയും റിപ്പബ്ലിക്കൻ പാർടിയും വിജയിക്കുന്ന സംസ്ഥാനങ്ങൾ ഇക്കുറിയും നിലനിർത്താൻ ഇരു പാർടികൾക്കും കഴിഞ്ഞു. അതായത് 220 സീറ്റ് ഏകദേശം ഇതുവഴി മാത്രം ഇരു പാർടികൾക്കും ഉറപ്പിക്കാം. 538 അംഗ ഇലക്ടറൽ കോളേജിൽ ഭൂരിപക്ഷം ലഭിക്കാൻ 270 സീറ്റ് ലഭിക്കണം. അതായത് 50 സീറ്റുകൾ കൂടി നേടിയാൽ മാത്രമേ പ്രസിഡന്റ്‌  സ്ഥാനം ഉറപ്പിക്കാനാകൂ. ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ 93 സീറ്റുകളിൽ ആധിപത്യം നേടുന്നവർക്കായിരിക്കും പ്രസിഡന്റ്‌ സ്ഥാനം ഉറപ്പിക്കാനാകുക. ഇക്കുറി ഈ ഏഴ് സംസ്ഥാനങ്ങളിലും ട്രംപ് ലീഡ് നേടി. 2020ൽ ആറ് സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ ലീഡ് നേടിയപ്പോഴാണ് ജോ ബൈഡന് പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചത്. ഏഴ് സംസ്ഥാനങ്ങളിലും നേരിയ ലീഡ് മാത്രമാണ് ട്രംപിന് നേടാനായത്. വിസ്‌കോൻസിനിൽ ഒരു ശതമാനത്തിന്റെയും മിഷിഗണിൽ 1.6 ശതമാനത്തിന്റെയും ലീഡാണ് ട്രംപിന് ലഭിച്ചതെങ്കിൽ പെൻസിൽവേനിയയിലും ജോർജിയയിലും രണ്ട് ശതമാനം പോയിന്റിന്റെ ലീഡാണ് ലഭിച്ചത്. നോർത്ത് കരോലിനയിൽ മൂന്ന് ശതമാനത്തിന്റെയും നെവാഡ, അരിസോണ എന്നീ സംസ്ഥാനങ്ങളിൽ അഞ്ച്‌ ശതമാനത്തിന്റെയും ലീഡ് ലഭിച്ചു. ഈ സംസ്ഥാനങ്ങളിലെ വോട്ട് നേടാനാണ് ഇരു പാർടികളും ഏറെ പണം ഒഴുക്കാറുള്ളത്. 'ദ ഹിന്ദു’ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഈ ഏഴ് സംസ്ഥാനങ്ങളിൽ പരസ്യം നൽകുന്നതിന് മാത്രമായി ഇരുപാർടികളും കൂടി ചെലവഴിച്ചത് 575 ദശലക്ഷം ഡോളറാണ്. ഇതിൽ 300 ദശലക്ഷം ഡോളറും ഡെമോക്രാറ്റിക്‌ പാർടിയുടേതാണ്. എന്നിട്ടും അവർക്ക് ലീഡ് നേടാനായില്ല. 'ദ ഹിന്ദു’ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഈ ഏഴ് സംസ്ഥാനങ്ങളിൽ പരസ്യം നൽകുന്നതിന് മാത്രമായി ഇരുപാർടികളും കൂടി ചെലവഴിച്ചത് 575 ദശലക്ഷം ഡോളറാണ്. ഇതിൽ 300 ദശലക്ഷം ഡോളറും ഡെമോക്രാറ്റിക്‌ പാർടിയുടേതാണ്. എന്നിട്ടും അവർക്ക് ലീഡ് നേടാനായില്ല. റിപ്പബ്ലിക്കൻ പാർടിയെ അപേക്ഷിച്ച് ട്രേഡ് യൂണിയനുകളുമായും പുരോഗമനശക്തികളുമായും ബന്ധമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ഡെമോക്രാറ്റുകൾക്ക് സ്വാഭാവികമായും മുന്നേറ്റം നേടേണ്ട സംസ്ഥാനങ്ങളാണ് ഈ ചാഞ്ചാട്ട സംസ്ഥാനങ്ങൾ. മുൻ വ്യവസായ മേഖലയും റസ്റ്റ്ബെൽറ്റ് എന്നറിയപ്പെടുന്നതുമായ സംസ്ഥാനങ്ങളാണ് പെൻസിൽവേനിയയും വിസ്‌കോൻസിനും മിഷിഗണും ഉൾപ്പെടുന്ന മേഖല. അരിസോണ, നെവാഡ, മിഷിഗൺ എന്നിവ ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള സംസ്ഥാനങ്ങളാണ്. ജോർജിയയും നോർത്ത് കരോലിനയും കമല ഹാരിസിന്റെ വോട്ട് ബാങ്കായി കരുതപ്പെടുന്ന ആഫ്രിക്കൻ അമേരിക്കക്കാർ ഏറെയുള്ള സംസ്ഥാനങ്ങളാണ്. എന്നിട്ടും ബറാക് ഒബാമയ്‌ക്കും ബൈഡനും കിട്ടിയ സ്വീകാര്യത ഈ സംസ്ഥാനങ്ങളിൽ കമല ഹാരിസിന് ലഭിച്ചില്ല. ഇതിന് പ്രധാനകാരണം റിപ്പബ്ലിക്കന്മാരുടെ കോർപറേറ്റ് അനുകൂല വിഭജന വംശീയ വർഗീയ അജൻഡയ്‌ക്ക് ബദൽ മുന്നോട്ടുവയ്‌ക്കുന്നതിൽ ഡെമോക്രാറ്റുകൾ പരാജയപ്പെട്ടതാണ്. തീവ്രവലതുപക്ഷ ഫാസിസ്റ്റ് ശക്തികളെ തടയാൻ മധ്യവലതുപക്ഷത്തിന് കഴിയില്ലെന്ന പ്രഭാത് പട്നായിക്കിനെ പോലുള്ളവരുടെ നിരീക്ഷണം ശരിയാണെന്ന് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ അഭിപ്രായ സർവെകളിലും പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി എടുത്തുകാട്ടപ്പെട്ടത് സാമ്പത്തിക വിഷയങ്ങളായിരുന്നു. പ്രത്യേകിച്ചും വിലക്കയറ്റം. അവശ്യ വസ്‌തുക്കൾക്ക് ഉൾപ്പെടെ വൻ വിലവർധനയാണ് ദൃശ്യമായത്. ഉക്രെയ്നിലും ഗാസയിലും തുടരുന്ന യുദ്ധമാണ് ഇതിന് പ്രധാന കാരണമെങ്കിലും അതിൽനിന്ന് പിന്മാറുന്നതിന് പകരം വൻതോതിൽ യുദ്ധസഹായം നൽകി അതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ബൈഡൻ സർക്കാർ സ്വീകരിച്ചത്. ഒരു മധ്യവരുമാനക്കാരന് പോലും ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് അമേരിക്കയിലേത്. സ്വന്തമായി വീട് വയ്‌ക്കുക എന്നത് ഒരു സാധാരണ അമേരിക്കക്കാരന് സ്വപ്‌നം പോലും കാണാൻ കഴിയില്ല. വാടകയാണെങ്കിൽ വളരെ ഉയർന്നതും. വാടക നൽകിയില്ലെങ്കിൽ ഉടമ ബലമായി ഒഴിപ്പിക്കുകയും ചെയ്യും. വിദ്യാഭ്യാസം, ആരോഗ്യ സേവനം എന്നിവയുടെ ചെലവും കുത്തനെ ഉയർന്നു. സമ്പന്ന രാജ്യത്ത് ദാരിദ്ര്യം വർധിച്ചു. പ്രത്യേകിച്ചും കുട്ടികളിലെ ദാരിദ്ര്യം. ഒരു കോടി കുട്ടികൾ ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണ് ജീവിക്കുന്നത്. ഈ സമയത്തും ഉയർന്ന ജിഡിപി നിരക്കും കുറഞ്ഞ തൊഴിലില്ലായ്‌മാ നിരക്കും കാട്ടി സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതാണെന്ന അവകാശവാദം ഉന്നയിക്കുകയായിരുന്നു ഡെമോക്രാറ്റിക്‌ പാർടി. ട്രംപിന്റെ കാലത്ത് നിലനിന്ന നാമമാത്രമായ ക്ഷേമനടപടികൾ പോലും ബൈഡൻ സർക്കാർ അധികാരമേറിയതോടെ ഇല്ലാതായി എന്ന് ഡെമോക്രാറ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ച 'ന്യൂയോർക്ക് ടൈംസ്’ പോലും റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ കാലത്ത് നിലനിന്ന നാമമാത്രമായ ക്ഷേമനടപടികൾ പോലും ബൈഡൻ സർക്കാർ അധികാരമേറിയതോടെ ഇല്ലാതായി എന്ന് ഡെമോക്രാറ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ച ന്യൂയോർക്ക് ടൈംസ് പോലും റിപ്പോർട്ട് ചെയ്തു. അതായത്, സാധാരണ ജനങ്ങളിൽ അപ്രിയമായ ബൈഡൻ സർക്കാരിന്റെ ഭാഗമായിരുന്നു വൈസ് പ്രസിഡന്റ്‌ കമല ഹാരിസും. ഈ അപ്രിയതയെ മറികടിക്കാൻ പോന്ന ഒരു ബദൽ നയവും കമല ഹാരിസിന് മുന്നോട്ടുവയ്‌ക്കാൻ കഴിഞ്ഞതുമില്ല. ട്രംപാകട്ടെ അവരുടെ ഫാസിസ്‌റ്റ്‌ ചുവയോടെയാണെങ്കിൽ പോലും ഈ വിഷയത്തെ രണ്ട് തലത്തിൽ അഡ്രസ് ചെയ്‌തു. ഒന്നാമതായി ഈ സാമ്പത്തിക പ്രശ്നങ്ങൾക്കെല്ലാം കാരണം കുടിയേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 20 ലക്ഷം വരുന്ന അനധികൃത കുടിയേറ്റക്കാരെ തെക്കൻ അതിർത്തി (മെക്‌സിക്കൻ) കടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കാരായ വലതുപക്ഷത്തെ ആകർഷിക്കുന്നതായിരുന്നു ഈ വിശദീകരണം.  വെള്ളക്കാരിൽ 57 ശതമാനവും പുരുഷന്മാരിൽ 55 ശതമാനവും ട്രംപിനാണ് വോട്ട് ചെയ്‌തത്. അതോടൊപ്പം തന്നെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിൽനിന്നു രക്ഷിക്കാൻ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 50‐60 ശതമാനവും ഇന്ത്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനവും ചുങ്കം ചുമത്തുമെന്നും ട്രംപ് പറഞ്ഞു. ഇതെല്ലാംതന്നെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന മിഥ്യാധാരണ താൽക്കാലികമായെങ്കിലു ജനങ്ങളിൽ സൃഷ്ടിക്കാൻ റിപ്പബ്ലിക്കന്മാരെ സഹായിച്ചു. എന്നാൽ ഈ നടപടികളുടെ പൊള്ളത്തരം തുറന്നുകാട്ടാനോ ബദൽ മുന്നോട്ടുവയ്‌ക്കാനോ ഡെമോക്രാറ്റുകൾ തയ്യാറായില്ലെന്നു മാത്രമല്ല, ഏറിയോ കുറഞ്ഞോ റിപ്പബ്ലിക്കൻ പാർടിയുടെ നയത്തോട് സമരസപ്പെട്ടു പോകാനാണ് ഡെമോക്രാറ്റുകളും തയ്യാറായത്.  ഇടതുപക്ഷ പുരോഗമന പക്ഷത്തേക്കായിരുന്നില്ല, മറിച്ച് വലതുപക്ഷത്തേക്കാണ് കുടിയേറ്റ വിഷയത്തിലുംവിദേശനയത്തിലും മറ്റും കമല ഹാരിസ് ചാഞ്ഞത്. ലാറ്റിനോകൾ തെക്കൻ അതിർത്തിയിലൂടെ വർധിച്ച തോതിൽ കടന്നുവരാൻ കാരണം അമേരിക്ക ആ മേഖലയിൽ നടത്തുന്ന നിരന്തര ഇടപെടലുകളും അട്ടിമറികളും അതിന്റെ ഫലമായുണ്ടാകുന്ന രാഷ്‌ട്രീയ അസ്ഥിരതയുമാണെന്ന കാര്യം പരാമർശിക്കാൻപോലും ഡെമോക്രാറ്റിക് പാർടിയോ കമല ഹാരിസോ തയ്യാറായില്ല. ട്രംപ് കുടിയേറ്റ വിഷയം പ്രധാനമായും ഉയർത്തുന്നത് കോർപറേറ്റുകളുടെ നേട്ടത്തിന് വേണ്ടിയാണെന്ന കാര്യവും ഡെമോക്രാറ്റുകൾ മറച്ചുവച്ചു. ഒരുവശത്ത് കുടിയേറ്റത്തിനെതിരെ സംസാരിച്ച് കുടിയേറ്റ തൊഴിലാളികളുടെ കൂലി പരമാവധി കുറച്ച്‌ നിർത്തുക, അതോടൊപ്പം തൊഴിലാളികളെ പല തട്ടുകളിലാക്കി അവരുടെ വിലപേശാനുള്ള ശേഷി കുറയ്‌ക്കുക എന്ന അജൻഡയാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇതുവഴി നവഫാസിസത്തിന് അനുകൂലമായ ഒരു പൊതുബോധ നിർമാണവും ട്രംപ് സൃഷ്ടിച്ചെടുത്തു. കോർപറേറ്റുകളോട് സന്ധി ചെയ്യുന്ന നയം സ്വീകരിച്ചതിനാൽ ഈ സത്യം വിളിച്ചുപറയാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞതുമില്ല. ജോർജ് ബുഷ് പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റും പ്രതിരോധ സെക്രട്ടറിയുമായിരുന്ന ഡിക്ക് ചെനിയുടെ മകൾ ലിസ് ചെനിയുമായി കമല ഹാരിസ് പ്രചാരണം നടത്തിയത് വലതുപക്ഷ ചായ്‌വിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെട്ടത്. ഇറാക്കിന്റെ കൈവശം വൻ നശീകരണായുധങ്ങൾ ഉണ്ടെന്ന നുണ പ്രചരിപ്പിച്ച് ആ രാജ്യത്തെ ആക്രമിച്ചത് ഡിക്ക് ചെനി എന്ന യുദ്ധക്കഴുകന്റെ കാലത്തായിരുന്നു. ഡിക്ക് ചെനിയുടെ സഹോദരി അദ്ദേഹത്തിന്റെ മകൾ ലിസ് ചെനിയെ വിശേഷിപ്പിക്കുന്നത് 'എല്ലാ അർഥത്തിലും അച്ഛന്റെ   കാർബൺ കോപ്പി’യായാണ്. അത്തരമൊരു വ്യക്തിയെ ലിബറൽ ഡാർലിങ്ങായി അവതരിപ്പിച്ച് കൂടെ കൂട്ടുകയായിരുന്നു കമല ഹാരിസ്. ലിസ് ചെനിയുമായുള്ള ഈ കൂട്ടുകെട്ട് ഡെമോക്രാറ്റുകൾക്ക് ലഭിക്കേണ്ടിയിരുന്ന ലിബറലുകളുടെ വോട്ട് നഷ്ടപ്പെടുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകൾ ട്രേഡ് യൂണിയനുകളുമായും പുരോഗമനപക്ഷവുമായും എന്നും അടുത്ത ബന്ധം കാത്തുസൂക്ഷിക്കാറുണ്ടായിരുന്നു. ആഗസ്‌തിൽ ഷിക്കാഗോയിൽ നടന്ന സെമോക്രാറ്റിക് കൺവൻഷനിൽ ഒരു ഇടതുപക്ഷ പുരോഗമന പക്ഷത്താണ് താൻ നിലകൊള്ളുന്നതെന്ന ശക്തമായ സന്ദേശമാണ് കമല ഹാരിസ് നൽകിയത്. ബേണി സാൻഡേഴ്‌സ് ഉൾപ്പെടെ പാർടിയിലെ സോഷ്യൽ ഡെമോക്രാറ്റുകളും യുനൈറ്റഡ് ഓട്ടോ വർക്കേഴ്‌സ്  നേതാവ് ഷാ ഫെയ്‌നും മറ്റും അതിൽ പങ്കെടുക്കുകയും കോർപറേറ്റുകൾക്കും കോടീശ്വരൻമാർക്കുമെതിരെ സാധാരണക്കാരുടെ പക്ഷത്താണ് കമല ഹാരിസ് എന്ന സന്ദേശം നൽകുകയും ചെയ്‌തു. വിലക്കയറ്റം പിടിച്ചുനിർത്തുമെന്നും പണക്കാർക്ക് കൂടുതൽ നികുതി ചുമത്തി മധ്യവരുമാനക്കാരുടെ തികുതി കുറയ്‌ക്കുമെന്നും കാപിറ്റൽ ഗെയ്ൻ ടാക്‌സ്‌ പിരിച്ചെടുക്കുമെന്നും ട്രേഡ് യൂനിയനുകളെ ശക്തിപ്പെടുത്തുമെന്നും സാമൂഹ്യ സേവന മേഖല മെച്ചമാക്കുമെന്നും അവർ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യ നീതി എന്ന അജൻഡയെക്കുറിച്ച് കമല ഹാരിസിന് മിണ്ടാട്ടമില്ലാതായി. മാത്രമല്ല, മെച്ചപ്പെട്ട സാമ്പത്തിക അജൻഡ തയ്യാറാക്കാനായി ജനങ്ങൾ വെറുക്കുന്ന വാൾസ്ട്രീറ്റ് ലോബിയുമായി അവർ ചർച്ചയാരംഭിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിനായി വൻകിട കോർപറേറ്റുകളെയും ഫാർമ കമ്പനികളെയും അവർ സമീപിച്ചു. ശതകോടീശ്വരനായ മാർക്ക് കുബാനുമായി കമല ഹാരിസ് സംയുക്ത പ്രചാരണം നടത്തി. കമല ഹാരിസ് ആദ്യഘട്ടങ്ങളിൽ മുന്നോട്ടുവച്ച സാമൂഹ്യ നീതി അജൻഡയൊന്നും ഗൗരവമായി എടുക്കേണ്ടതില്ലെന്ന സന്ദേശമാണ് മാർക്ക് കുബാൻ തന്റെ പ്രസംഗങ്ങളിൽ നൽകിയത്. കോർപറേറ്റ് നിയന്ത്രണ സംവിധാനങ്ങളിൽ ഒന്നായ ഫെഡറൽ ട്രേഡ് കമീഷൻ ചെയർ ആയ ലിൻ ഖാനെ ആ സ്ഥാനത്തുനിന്നു മാറ്റണമെന്ന വൻകിട ബിസിനസുകാരുടെ ആവശ്യം കമല ഹാരിസ് അനുഭാവപൂർവം പരിഗണിക്കുമെന്നും മാർക്ക് കുബാൻ തന്റെ പ്രസംഗങ്ങളിൽ പറയുകയുണ്ടായി. ഇതെല്ലാംതന്നെ വൻകിട കോർപറേറ്റ് അനുകൂല പ്രതിഛായയാണ് കമല ഹാരിസിന് നൽകിയത്. കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ സിംഹഭാഗവും കള്ളപ്പണമാണെന്ന ആരോപണവും ഉയർന്നു. മാത്രമല്ല, ബേണി സാൻഡേഴ്‌സ് പോലുള്ള സോഷ്യൽ ഡെമോക്രാറ്റുകളെ പ്രചാരണത്തിലുടനീളം കമല ഹാരിസ് നിശ്ശബ്ദരാക്കി. 80 ശതമാനം ജനങ്ങളും പ്രധാന പ്രശ്നമായി കാണുന്ന വിലക്കയറ്റം, മിനിമം കൂലി വർധന, എല്ലാവർക്കും വീട് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അവർ മൗനം പാലിച്ചു. വിലക്കയറ്റം പോലെ തന്നെ അമേരിക്കക്കാരെ ദരിദ്രരാക്കുന്നത് ഉയർന്ന മെഡിക്കൽ ചെലവാണ്. പണിയെടുത്ത് ജീവിക്കുന്നവരിൽ പകുതിയും ആരോഗ്യച്ചെലവ് നിർവഹിക്കാൻ കഴിയാതെ ഉഴലുന്നവരാണ്. ഇവരിൽ മൂന്നിലൊന്നും വർധിച്ച മെഡിക്കൽ ചെലവിനെത്തുടർന്ന് കടക്കാരായി തീർന്നവരാണ്. എന്നിട്ടും ആരോഗ്യ സേവനം തെരഞ്ഞെടുപ്പിൽ പ്രധാന അജൻഡയായില്ലെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുകയുണ്ടായി. മെഡികെയർ പദ്ധതി സാർവത്രികമാക്കുക എന്ന സെനറ്റർ ബേണി സാൻഡേഴ്‌സിന്റെ ആവശ്യത്തെ ആദ്യഘട്ടത്തിൽ പിന്തുണയ്‌ക്കുകയും ബില്ല് കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കുകയും ചെയ്‌തത് കമല ഹാരിസിന്റെ ചാഞ്ചാട്ട സ്വഭാവത്തെയാണ് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ ഒരിക്കൽപോലും മെഡികെയർ പദ്ധതിയെക്കുറിച്ച് പരാമർശിക്കാൻപോലും തയ്യാറാകാത്തത് കമല ഹാരിസ് ഏതു പക്ഷത്താണ് നിലയുറപ്പിക്കുന്നത് എന്ന് മനസ്സിലാക്കാൻ സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങളെ സഹായിച്ചു. തൊഴിലാളികളുടെ കൂലിക്കൂടുതലിനെക്കുറിച്ച് സംസാരിക്കാനും കമല ഹാരിസ് തയ്യാറായില്ല. മണിക്കൂറിന് 15 ഡോളർ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജോ ബൈഡൻ പ്രസിഡന്റായത്. നാല് കോടിയോളം വരുന്ന അമേരിക്കയിലെ തൊഴിലാളികളിൽ (ഇതിന്റെ മൂന്നിലൊന്നും ആഫ്രിക്കൻ അമേരിക്കരും ലാറ്റിനോകളുമാണ്) നാലിലൊന്നിനും ലഭിക്കുന്ന ഈ കൂലിയിൽ കാലോചിതമായ വർധന വേണമെന്ന ട്രേഡ് യൂണിയൻ ആവശ്യത്തെക്കുറിച്ച് ഒരു പ്രസംഗത്തിലും കമല ഹാരിസ് പരാമർശിച്ചില്ല. വോട്ടെടുപ്പിന് തലേദിവസം നവംബർ നാലിന് നെവാഡയിൽ സംസാരിക്കവെ 15 ഡോളർ കൂലിയെന്നത് കാലഹരണപ്പെട്ടുവെന്ന് പരാമർശിച്ചെങ്കിലും അത് എത്രയായി വർധിപ്പിക്കുമെന്ന് പറയാൻ അവർ തയ്യാറായില്ല. ശമ്പളത്തോടുകൂടിയുള്ള സിക്ക് ലീവ് എന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യത്തോടും അവർ മുഖം തിരിഞ്ഞുനിന്നു. കമല ഹാരിസ് പ്രതിനിധാനം ചെയ്യുന്ന ഇന്ത്യൻ അമേരിക്കൻ ആഫ്രിക്കൻ വോട്ടർമാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ ട്രംപിന്റെ നയം തന്നെയാണ് ഏറിയോ കുറഞ്ഞോ അവരും മുന്നോട്ടുവച്ചത്. ട്രംപിൽ നിന്നു വ്യത്യസ്‌തമായി സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന സന്ദേശം നൽകിയിരുന്നുവെങ്കിൽ ആഫ്രിക്കൻ വംശജരും ലാറ്റിനോകളും അറബുകളും ഒരു പരിധിവരെ കമല ഹാരിസിനെ പിന്തുണച്ചേനെ. ആഫ്രിക്കൻ അമേരിക്കരുടെ 85 ശതമാനം പിന്തുണ കമല ഹാരിസ് നേടിയെങ്കിലും ഹിസ്‌പാനിക്ക് ലാറ്റിനോ വോട്ടിൽ 2020നെ അപേക്ഷിച്ച് 13 ശതമാനത്തിന്റെയും ഏഷ്യൻ അമേരിക്കക്കാരുടെ വോട്ടിൽ ഏഴ് ശതമാനത്തിന്റെയും കുറവ് ഇക്കുറിയുണ്ടായി. കമല ഹാരിസ് പരാജയപ്പെട്ടപ്പോൾ ബേണി സാൻഡേഴ്‌സ് നടത്തിയ പ്രതികരണം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. 'ഡെമോക്രാറ്റിക്‌ പാർടി തൊഴിലാളിവർഗത്തെ ഉപേക്ഷിച്ചപ്പോൾ തൊഴിലാളിവർഗം ഡെമോക്രാറ്റിക്‌ പാർടിയെയും ഉപേക്ഷിച്ചു.’ ട്രംപ് അമേരിക്കൻ ഹിറ്റ്‌ലറാണെന്ന് പറഞ്ഞ് ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിൽ കമല ഹാരിസ് ഊന്നിയെന്നത് സത്യമാണ്. പക്ഷേ ജനങ്ങൾ ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ മെച്ചപ്പെട്ട ജീവിതവുമായും സാമ്പത്തിക സമത്വവുമായി ബന്ധിപ്പിച്ച് വീക്ഷിക്കാനാണ് താൽപ്പര്യപ്പെട്ടത്. അതിനെ പിന്തുണയ്‌ക്കുന്ന നയപരമായ ഒരു നീക്കവും കമല ഹാരിസിന്റെയോ ഡെമോക്രാറ്റുകളുടെയോ ഭാഗത്തുനിന്നുണ്ടായില്ല. അവർ ഏറ്റവും പ്രധാന വിഷയമായി ഉയർത്തിയത് ഗർഭഛിദ്രത്തിന് സ്‌ത്രീകൾക്കുള്ള അവകാശ സംരക്ഷണമാണ്. ഈ വിഷയം പ്രധാനമാണെങ്കിലും 1970കളിൽ ഈ വിഷയത്തിനുള്ള രൂക്ഷത ഇപ്പോഴത്തെ അമേരിക്കയിലില്ല. 1981ൽ ഗർഭഛിദ്രം 29.3 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 11.6 ശതമാനമാണ്. എങ്കിലും 53 ശതമാനം സ്ത്രീകളുടെ വോട്ട്‌ നേടുന്നതിൽ കമല ഹാരിസ് വിജയിച്ചു. 18 മുതൽ 29 വയസ്സുവരെയുള്ള യുവതികളുടെ 54 ശതമാനം വോട്ട് കമല ഹാരിസ് നേടി. എന്നാൽ 30‐44 വയസുള്ള സ്ത്രീകളുടെ 49 ശതമാനമേ നേടാനായുള്ളൂ. ഈ വയസിനിടിയിലുള്ള 48 ശതമാനത്തിന്റെ വോട്ട് ട്രംപിനാണ് ലഭിച്ചത്. 1981ൽ ഗർഭഛിദ്രം 29.3 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 11.6 ശതമാനമാണ്. എങ്കിലും 53 ശതമാനം സ്ത്രീകളുടെ വോട്ട്‌ നേടുന്നതിൽ കമല ഹാരിസ് വിജയിച്ചു. 18 മുതൽ 29 വയസ്സുവരെയുള്ള യുവതികളുടെ 54 ശതമാനം വോട്ട് കമല ഹാരിസ് നേടി. എന്നാൽ 30‐44 വയസുള്ള സ്ത്രീകളുടെ 49 ശതമാനമേ നേടാനായുള്ളൂ. ഈ വയസിനിടിയിലുള്ള 48 ശതമാനത്തിന്റെ വോട്ട് ട്രംപിനാണ് ലഭിച്ചത്. കമല ഹാരിസ് കറുത്തവളെന്നും ബുദ്ധിയില്ലാത്തവളെന്നും ചവറെന്നും ആരോപിച്ച് വെള്ളക്കാരുടെയും ലാറ്റിനോകളുടെയും ഭൂരിപക്ഷം പുരുഷന്മാരുടെയും വോട്ട് നേടാനാണ് ട്രംപ് ശ്രമിച്ചത്. അതിൽ അദ്ദേഹം ഒരു പരിധിവരെയും വിജയിച്ചു. അറബുകളുടെ പിന്തുണപോലും പ്രതീക്ഷിച്ച രീതിയിൽ കമല ഹാരിസിന് ലഭിച്ചില്ല. അതിന് പ്രധാനകാരണം ഗാസയിലെ വംശഹത്യയ്‌ക്ക് ഡെമോക്രാറ്റുകളും വൈസ് പ്രസിഡന്റ്‌  എന്ന നിലയിൽ കമല ഹാരിസും നൽകിയ നിർലോഭമായ പിന്തുണയാണ്. ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ് ഗാസയിലെ കൂട്ടക്കുരുതിയെ ന്യായീകരിക്കുകയായിരുന്നു കമല ഹാരിസ്. ഇസ്രയേലിന് കോടിക്കണക്കിന് ഡോളറും ആയുധങ്ങളും യഥേഷ്ടം നൽകുന്നതിനെയും അവർ പിന്തുണച്ചു. ബ്രൗൺ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഒക്‌ടോബറിൽ അവസാനിക്കുന്ന ഒരു വർഷം മാത്രം 17.9 ബില്യൺ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക ഇസ്രയേലിന് നൽകിയത്. ഡെമോക്രാറ്റിക്‌ പാർടി കൺവൻഷനിലും പ്രചാരണത്തിലും പലസ്‌തീനെ പിന്തുണയ്‌ക്കുന്നവർക്ക് ഇടം നൽകാത്തതും അറബ് വോട്ടർമാരെ കമല ഹാരിസിൽ നിന്ന് അകറ്റി. ഡെമോക്രാറ്റിക്‌ പാർടി പ്രചാരണത്തിൽ ലിസ് ചെനിയുടെ സാന്നിധ്യവും അറബുകളെ പ്രകോപിപ്പിച്ചു. സ്വാഭാവികമായും അറബ് വോട്ടർമാർ മുമ്പെന്നപോലെ ഡെമോക്രാറ്റുകളെ പിന്തുണച്ചില്ലെന്നതിന് നല്ല ഉദാഹരണമാണ് മിഷിഗണിലെയും നെവാഡയിലെയും അരിസോണയിലെയും റിപ്പബ്ലിക്കന്മാരുടെ വിജയം. ന്യൂനപക്ഷ വോട്ടർമാർ ഏറെയുള്ള സംസ്ഥാനങ്ങളാണ് ഇവയൊക്കെ. ട്രംപിന്റെ വിജയം അമേരിക്കൻ സമൂഹത്തിലെ തീവ്ര വലതുപക്ഷവൽക്കരണം കൂടുതൽ ശക്തമാക്കും. അമേരിക്കൻ ആഭ്യന്തര രാഷ്‌ട്രീയം മാത്രമല്ല ലോക രാഷ്‌ട്രീയവും പ്രധാന വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. ഇടതുപക്ഷ പുരോഗമന ഉള്ളടക്കമുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ അഭാവമാണ് അമേരിക്കയെ ഈ പ്രതിസന്ധിയിലേക്ക് നയിക്കുന്നത് .   ദേശാഭിമാനി വാരികയിൽ നിന്ന്   Read on deshabhimani.com

Related News