പിടിവള്ളി തേടുന്നവരുടെ ആധി
തെരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ ദേശീയതലത്തിൽ പുനഃസംഘടനാ ചർച്ച ചൂടുപിടിക്കുമ്പോൾ കേരള നേതൃനിരയിലെ ചിലരുടെയെങ്കിലും ചങ്കിടിപ്പ് ഏറുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ആധിപിടിച്ചവരുടെ മുൻപന്തിയിലുണ്ട്. പുതിയ നിയോഗവുമായി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേരളത്തിലേക്ക് വരുമോയെന്നതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിൽ മാത്രമല്ല, യുഡിഎഫ് രാഷ്‌ട്രീയത്തിൽ തന്റെ ഗ്രാഫ് ഉയർത്തിയെന്ന ആത്മവിശ്വാസത്തിലാണ് വി ഡി സതീശൻ. കെ സുധാകരനടക്കമുള്ളവരുടെ എതിർപ്പ് അവഗണിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചതിന്റെ ക്രെഡിറ്റ് സതീശൻ സ്വയം ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. പ്രചാരണത്തിനും ആസൂത്രണത്തിന് നേതൃത്വം നൽകിയതിലൂടെ യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനും തനിക്ക് കഴിഞ്ഞതായി വി ഡി സതീശൻ അവകാശപ്പെടുന്നു. പാർടിയിലും മുന്നണിയിലും അനിഷേധ്യനായി മാറിയ സ്ഥിതിക്ക് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അവസാന വാക്ക് താനായിരിക്കുമെന്നാണ് സതീശനും ഒപ്പമുള്ളവരും വിശ്വസിക്കുന്നത്. അതിലാണ് കെ സി വേണുഗോപാലിന്റെ സാന്നിധ്യം സംശയമുന ഉയർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പോ അതിനു ശേഷമോ വേണുഗോപാലിന്റെ മടങ്ങിവരവ് എന്നതാണ് യുഡിഎഫ് നേതൃത്വത്തിലെ മുറുമുറുപ്പ്. ഹരിയാനയ്‌ക്ക് പിന്നാലെ മഹാരാഷ്‌ട്രയിലെ വൻ പരാജയംകൂടിയായതോടെ വേണുഗോപാലിന്റെ സംഘടനാ ജനറൽ സെക്രട്ടറി പദവി ത്രിശങ്കുവിലാണ്. സംഘടനാ കാര്യത്തേക്കാൾ ജനകീയ വിജയങ്ങൾക്കൊപ്പം നിൽക്കുകയാണ് തെരഞ്ഞെടുപ്പ് ജയത്തിന് അടിസ്ഥാനമെന്ന് രാഹുൽ ഗാന്ധി നൽകിയ സൂചനയും പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണ്. നിർണായകമായ തെരഞ്ഞെടുപ്പുകളിലൊന്നും ആശിച്ച മുന്നേറ്റമുണ്ടാകാത്തതിന് സംഘടനാ ജനറൽ സെക്രട്ടറിയെമാത്രം കുറ്റപ്പെടുത്താൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും മുതിരില്ല. പക്ഷേ, മറ്റ് ദേശീയ നേതാക്കളുടെ മനസ്സിലിരിപ്പ് മറിച്ചാണെന്ന് രാഹുലിനും പ്രിയങ്കയ്‌ക്കും അറിയാം. എത്രനാൾ പിടിച്ചുനിൽക്കാനാകുമെന്ന കാര്യത്തിൽ കെ സി വേണുഗോപാൽ ആശങ്കാകുലനുമാണ്. ഈ സാഹചര്യത്തിലാണ് മുന്നിലുള്ള സുരക്ഷിതമാർഗത്തെക്കുറിച്ച് അദ്ദേഹവും ഒപ്പമുള്ളവരും ചിന്തിക്കുന്നതും. ദേശീയ പുനഃസംഘടനയ്‌ക്ക് മുമ്പ് കെട്ടുമുറുക്കണോ അതല്ല പുനഃസംഘടന കഴിയുംവരെ കാക്കണോ എന്നേ നോക്കാനുള്ളൂ. ഏതായാലും അദ്ദേഹത്തിന്റെ തീരുമാനത്തിനാണ് മുൻതൂക്കം. അതിന് തടയിടാനുള്ള രാഷ്‌ട്രീയസൂത്രം വി ഡി സതീശന്റെ പക്കലില്ല. ചെന്നിത്തലയുടെ മാജിക് പാളി മഹാരാഷ്‌ട്രയിലെ ബിജെപി വിജയം കോൺഗ്രസിന്റെ തകർച്ചയ്‌ക്കൊപ്പം രമേശ് ചെന്നിത്തലയുടെ വഴിയിലും ഇരുൾ വീഴ്‌ത്തി. അടിപതറി നിൽക്കുമ്പോൾ ഒരു പിടിവള്ളി കിട്ടുമെന്നായിരുന്നു അദ്ദേഹം മോഹിച്ചത്. തൂത്തുവാരി അധികാരത്തിൽ വന്നില്ലെങ്കിലും സീറ്റ് നില മെച്ചപ്പെടുത്തി ബിജെപിക്ക് ഒപ്പം എത്താമെന്നാണ് കരുതിയത്. തന്റെ പരിചയ സമ്പന്നതയും ദേശീയ നേതൃത്വത്തിന്റെയും ശരത്‌പവാർ അടക്കമുള്ളവരുടെ പിന്തുണയും ബിജെപി സഖ്യത്തെ മറികടക്കാൻ തുണയേകുമെന്ന് പ്രതീക്ഷിച്ചു. കാര്യങ്ങൾ പിഴച്ചതോടെ കേരളത്തിൽ പുറത്തെടുക്കാൻ കരുതി വച്ച മാജിക്കാണ് പാളിയത്. കൊങ്കൺ പാതയിലൂടെ കേരളത്തിലേക്ക് ഒരു തിരിച്ചുവരവിന് കരുക്കൾ നീക്കിയ ചെന്നിത്തല മോഹഭംഗത്തിലാണ്. 2021ൽ പ്രതിപക്ഷ നേതൃസ്ഥാനം തട്ടിയെടുത്തതിൽ വി ഡി സതീശനോടും അതിന് കൂട്ടുനിന്ന കെ സി വേണുഗോപാലിനോടുമുള്ള നീരസത്തിന് ഒട്ടും തീവ്രത കുറഞ്ഞിട്ടില്ല. മൂലയ്‌ക്കിരുത്തിയതിന് ചുവട് പിഴയ്‌ക്കാതെ അനുസരണയുള്ള പ്രവർത്തകനായി പകരം വീട്ടാമെന്നതും വൃഥാവിലായി. യുഡിഎഫ് നേതൃസ്ഥാനത്ത് കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും പിന്തള്ളി വരാമെന്നത് ഏറെ ദുഷ്‌കരവുമാണ്. സതീശനെ വീഴ്‌ത്തിയാലും വേണുഗോപാൽ കടമ്പ കടക്കാനുള്ള പ്രഹരശേഷി തനിക്കില്ലെന്ന് ചെന്നിത്തലയ്‌ക്ക് ബോധ്യമാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ സ്വപ്‌നങ്ങൾക്ക് അവധി പറഞ്ഞ് തൽസ്ഥിതിയിൽ മുന്നോട്ടുപോകുകയാണ് അഭികാമ്യം. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പോര് ആരുടെ വാട്ടർലൂ ആകുമെന്ന് കണ്ടറിയണം. യുദ്ധം വിജയിക്കാനുള്ള ‘സർജിക്കൽ സ്‌ട്രൈക്ക്’ ആര് പുറത്തെടുക്കുമെന്നതും കൗതുകം ഉണർത്തുന്നതാണ് ഈ അന്തർനാടകങ്ങളിൽ അലട്ടൽ തട്ടാത്ത ഒരാളേയുള്ളൂ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തനിക്ക് എന്താകുറവെന്ന് ഇടയ്‌ക്കിടെ ഊറ്റം കൊള്ളാറുണ്ടെങ്കിലും നിലവിലുള്ള കസേരയ്‌ക്ക് ഇളക്കം തട്ടരുതെന്നേയുള്ളൂ. കെ സുധാകരനെ ഉറപ്പിച്ച് ഇരുത്തുന്നതിനോട് കെ സി വേണുഗോപാലിന് പൂർണ സമ്മതം. തനിക്ക് ഇടങ്കോലിടാനൊന്നും സുധാകരൻ മുതിരില്ലെന്ന് വേണുഗോപാലിനറിയാം. സാമുദായിക പരിഗണനകൂടി കണക്കിലെടുത്താലും സുധാകരൻ വെല്ലുവിളിയുമല്ല. പക്ഷേ, പുനഃസംഘടനയിൽ കാര്യങ്ങൾ മറിച്ചായാൽ ഗ്രഹണത്തിലെ നീർക്കോലിയായി മാറാൻ സുധാകരനും മടിക്കില്ല. വാട്ടർലൂ ആരുടേതെല്ലാം എല്ലാ അന്തിമ പരാജയങ്ങളെയും ചരിത്രം വിശേഷിപ്പിക്കുന്ന വാക്കാണ് വാട്ടർലൂ. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണാപ്പാർട്ടിന്റെ അവസാന യുദ്ധം എന്ന നിലയിൽ ചരിത്രത്തിൽ ഇടംനേടിയ വാട്ടർ ലൂ യുദ്ധമാണ് ഈ വിശേഷണത്തിന് ആധാരം. 1815 ജൂൺ 18ന് നടത്തിയ ഈ യുദ്ധം നെപ്പോളിയന്റെ പരാജയത്തിനും അതുവഴി അദ്ദേഹത്തിന്റെ സ്ഥാന നഷ്‌ടത്തിനും വഴിയൊരുക്കിയതാണ് ചരിത്രം. ഇത് മുഖവിലയ്‌ക്ക് എടുത്താൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പോര് ആരുടെ വാട്ടർലൂ ആകുമെന്ന് കണ്ടറിയണം. യുദ്ധം വിജയിക്കാനുള്ള ‘സർജിക്കൽ സ്‌ട്രൈക്ക്’ ആര് പുറത്തെടുക്കുമെന്നതും കൗതുകം ഉണർത്തുന്നതാണ്. പടവെട്ടാനുള്ള ആരോഗ്യസ്ഥിതിയിലല്ലെങ്കിലും അന്തിമയുദ്ധത്തിന് ചെന്നിത്തലയും സുധാകരനും സഖ്യശ്രേണിയും രംഗത്തിറങ്ങും. പുനഃസംഘടനയും കീറാമുട്ടി പുനഃസംഘടന അടിയന്തര അജൻഡയാണെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിലപാട്. കേരളത്തിൽ മാസങ്ങൾക്കു മുമ്പ് തുടങ്ങിയ പുനഃസംഘടന ഇപ്പോഴും ഊരാക്കുടുക്കിലാണ്. 2022 മേയിൽ ചേർന്ന ഉദയ്‌പുർ ചിന്തൻ ശിബിരത്തിലെ നിർദേശങ്ങളാണ് പുനഃസംഘടനയ്‌ക്ക് അവലംബമാക്കിയത്. എന്നാൽ, രണ്ടര വർഷം കഴിഞ്ഞിട്ടും ഇവ കടലാസിലാണ്. കെ സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തി മറ്റു ഭാരവാഹികളെ മാറ്റാനാണ് നീക്കം. സുധാകരനുമാത്രം ഇളവ് നൽകേണ്ടെന്നും അഭിപ്രായമുണ്ട്. കെപിസിസി സമ്പൂണ അഴിച്ചുപണിക്കൊപ്പം ഡിസിസി പ്രസിഡന്റുമാരെയും മാറ്റാനും ആലോചനയുണ്ട്. പുനഃസംഘടനയ്‌ക്ക് ഒരു മണിക്കൂർപോലും വേണ്ടെന്ന് സുധാകരൻ പറയുമ്പോൾ ഇതൊന്നും അത്ര സുഗമമല്ലെന്നതിന്റെ സൂചനയാണ് നൽകുന്നത്. കെ സുധാകരനെ മാറ്റണമെന്ന് ആഗ്രഹമുള്ളവർ ഏറെയുണ്ടെങ്കിലും ആരും ഇക്കാര്യം ഇതുവരെ പരസ്യമായി ഉന്നയിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റുമാരെയും കെപിസിസി ഭാരവാഹികളെയും കൈവച്ചാൽ പുനഃസംഘടന കൂട്ടപ്പൊരിച്ചിലിൽ കലാശിക്കും. Read on deshabhimani.com