വാചകക്കസർത്ത്



മുമ്പത്തെ ആറു ബജറ്റിലും കാണിച്ച വാചകക്കസർത്ത് ഏഴാമത്തെ ബജറ്റിലും മാറ്റമില്ലാതെ ധനമന്ത്രി നിർമല സീതാരാമൻ നിലനിർത്തിയിട്ടുണ്ട്. കാർഷികമേഖലയ്‌ക്ക് 1.52 ലക്ഷം കോടി രൂപ, അഞ്ചു വർഷത്തിനുള്ളിൽ 4.1 കോടി യുവജനങ്ങൾക്ക് ജോലി, രണ്ടു വർഷംകൊണ്ട് ഒരു കോടി കർഷകരെ സ്വാഭാവിക കൃഷിയിലേക്ക് കൊണ്ടുവരും, ഒരു കോടി യുവജനങ്ങളെ തൊഴിൽ നൈപുണ്യമുള്ളവരാക്കും തുടങ്ങിയ മാധ്യമങ്ങൾക്ക്‌ തലക്കെട്ട്‌ നിരത്താനുള്ള പ്രഖ്യാപനങ്ങൾക്ക് ഇത്തവണയും പഞ്ഞമില്ല. രണ്ടായിരത്തി ഇരുപത്തിമൂന്നോടെ കർഷകരുടെ വരുമാനം ഇരട്ടിയായി ഉയർത്തുമെന്ന മുമ്പൊരു ബജറ്റ് പ്രഖ്യാപനത്തിന്റെ കാര്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. ഇത്തരം നിരവധി പ്രഖ്യാപനങ്ങൾ നിർമല സീതാരാമനും അന്തരിച്ച ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയും നടത്തി.  അവയുടെ തനിയാവർത്തനം എന്നതിൽ കവിഞ്ഞ ഒരു പ്രാധാന്യവും ഈ ബജറ്റിനില്ല. എന്നാൽ, കോർപറേറ്റ് പ്രീണനത്തിന്റെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. രാജ്യം ഇന്നോളം കണ്ടിട്ടില്ലാത്ത അതിരൂക്ഷമായ തൊഴിലില്ലായ്മ, ഏഷ്യൻ രാജ്യങ്ങളിലെതന്നെ ഏറ്റവും ഉയർന്നതോതിലുള്ള വിലക്കയറ്റവും പണപ്പെരുപ്പവും, കാർഷികമേഖലയും കർഷകരും നേരിടുന്ന ഗുരുതരമായ പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധികൾ. ഈ പ്രശ്നങ്ങൾക്കുള്ള എന്തെങ്കിലും പരിഹാരം ഈ ബജറ്റിൽ കാണാൻ കഴിഞ്ഞില്ല. കോർ പണപ്പെരുപ്പം 3.1 ശതമാനമായി കുറഞ്ഞുവെന്നത് അന്തസ്സോടെ വിളംബരംചെയ്യുന്ന ബജറ്റ് പക്ഷേ, ഭക്ഷ്യ പണപ്പെരുപ്പം 9.4 ശതമാനമായി കുതിച്ചുയർന്നതിനെക്കുറിച്ച് മൗനം അവലംബിക്കുകയാണ്. ഭക്ഷ്യവിതരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചും വില നിയന്ത്രിക്കുന്നതിനെക്കുറിച്ചും മോദി സർക്കാരുകൾ ഒരിക്കലും ചിന്തിച്ചിട്ടേയില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. അതുകൊണ്ട് വിലക്കയറ്റം നിർമല സീതാരാമനു മുന്നിൽ ഒരു പ്രശ്നമല്ല. കാർഷികമേഖലയ്‌ക്ക് കോടികൾ എന്ന പ്രഖ്യാപനമുണ്ടെങ്കിലും ഈ രംഗത്തെ യഥാർഥ പ്രശ്‌നങ്ങൾ എന്താണെന്നതിനെക്കുറിച്ച് ഒരു ധാരണയും ധനമന്ത്രി പുലർത്തുന്നില്ല. അതീവ ഗുരുതരമായ കടക്കെണിയും ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതും വരുമാനം ശുഷ്‌കമാകുന്നതുമാണ് കർഷകർ നേരിടുന്ന പ്രശ്നങ്ങളെന്ന് സാധാരണക്കാർക്കുപോലും അറിയാം. എന്നാൽ, അവരുടെ കടബാധ്യതകൾക്ക് എന്തെങ്കിലും ആശ്വാസം നൽകുന്ന ഒരു നടപടിയിലേക്കും ബജറ്റ് കടക്കുന്നില്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട കാർഷികമേഖലകളിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ടതിൽനിന്ന്‌ എന്തെങ്കിലും പാഠങ്ങൾ അവർ ഉൾക്കൊള്ളുമെന്നും കർഷകരെ ഈ ബജറ്റിലെങ്കിലും കരുതുമെന്നും പൊതുവിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തങ്ങൾ കർഷകവിരുദ്ധ മുന്നണിയാണെന്ന വസ്തുത അവർ ആവർത്തിച്ച് ഉറപ്പിക്കുകയാണ് ഈ ബജറ്റിലും. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കു പ്രകാരം ജൂണിൽ തൊഴിലില്ലായ്മ 9.2 ശതമാനമാണ്. മേയിൽ ഇത് ഏഴു ശതമാനമായിരുന്നു. എന്നാൽ, കഴിഞ്ഞ ആറു ബജറ്റിലും കോടിക്കണക്കിനു തൊഴിലുകളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. നടപ്പു സാമ്പത്തികവർഷത്തിൽ ജിഡിപി വളർച്ച 6.5–- 7 ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സർവേ പറയുന്നത്. 2023–- 24ലെ വളർച്ച 8.2 ശതമാനമാണത്രേ. ഈ വളർച്ചയൊന്നും ജനങ്ങളുടെ തൊഴിലിലും വരുമാനത്തിലും പ്രതിഫലിക്കാതെ വരുമ്പോഴാണ് കണക്കുകളിൽ ചില പൊരുത്തക്കേടുകൾ സംശയിക്കുന്നത്. കോടിക്കണക്കിനു തൊഴിലവസരങ്ങൾ ഈ ബജറ്റിലും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏതെല്ലാം മേഖലകളിൽ, ഏതുരീതിയിൽ എന്നതിനുമാത്രം ഉത്തരമില്ല. സർക്കാർമേഖലയിൽ എത്ര തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നതിനെക്കുറിച്ച് സൂചിപ്പിക്കാൻപോലും ബജറ്റ് മെനക്കെടുന്നില്ല. ഇതിനെല്ലാം പുറമെ, അപക്വവും സങ്കുചിതവുമായ ദേശീയ വീക്ഷണം ബജറ്റ് പുലർത്തുന്നു എന്നതാണ് ആപത്ത്. രണ്ടു സംസ്ഥാനത്തെ മാത്രമേ ബജറ്റ് കാണുന്നുള്ളൂ. തങ്ങളെ രാഷ്ട്രീയമായി സഹായിക്കുന്നവർക്കുമാത്രം പങ്കുവയ്ക്കാനുള്ളതാണ് രാജ്യത്തിന്റെ സമ്പത്തെന്ന് ഒളിമറയില്ലാതെ പറഞ്ഞുവയ്ക്കുന്നു. ഫെഡറൽഘടനയെ തകർക്കുന്ന വിപൽക്കരമായ ഈ രാഷ്ട്രീയം തങ്ങളുടെ ചേരിയിലല്ലാത്ത പ്രാദേശിക രാഷ്ട്രീയകക്ഷികൾക്കുള്ള ചൂണ്ടകൂടിയാണ്. അപകടകരമായ രാഷ്ട്രീയം ബജറ്റിൽ ഉൾക്കൊള്ളുന്നുവെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വിദേശ കമ്പനികൾക്കുള്ള കോർപറേറ്റ് നികുതി 40 ശതമാനത്തിൽനിന്ന്‌ 35 ശതമാനമാക്കി താഴ്‌ത്തി. വ്യക്തിഗത ആദായനികുതിയിൽ നേരിട്ടുള്ള ഒരാനുകൂല്യവും നൽകാത്ത ബജറ്റ് കോർപറേറ്റുകൾക്കുവേണ്ടി 37,000 കോടി രൂപ ഒഴിവാക്കി നൽകുന്നതിൽ ഒരു ഉളുപ്പും പുലർത്തുന്നില്ല. 48.21 ലക്ഷം കോടി ചെലവും 32.07 ലക്ഷം കോടി വായ്പ ഇതര വരുമാനവും പ്രതീക്ഷിക്കുന്ന ബജറ്റ് കണക്കാക്കുന്ന ധനകമ്മി 4.9 ശതമാനമാണ്. വർഷങ്ങളായി ലക്ഷ്യമിടുന്ന മൂന്നു ശതമാനത്തിൽനിന്ന്‌ എത്രയോ അകലെയാണ് ഈ ലക്ഷ്യവും. അതാകട്ടെ കണക്കിൽ മാത്രമേയുള്ളൂവെന്നത് മറ്റൊരു വസ്തുത. (മുതിർന്ന സാമ്പത്തികകാര്യ മാധ്യമ പ്രവർത്തകനാണ് ലേഖകൻ) Read on deshabhimani.com

Related News