ഉറുഗ്വേയിലും ഇടതുപക്ഷക്കാറ്റ്‌

image credit Orsi Yamandu facebook


  ലാറ്റിനമേരിക്കയിലെ സമ്പന്ന രാഷ്ട്രമായ ഉറുഗ്വേയിൽ പത്തു വർഷത്തെ ഇടവേളയ്‌ക്കുശേഷം ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്. ചിലിയിലേതുപോലെ വിശാല ഇടതുപക്ഷ സഖ്യമായ ഫ്രെണ്ടെ ആംപ്ലിയോ  അഥവാ വിശാല മുന്നണിയുടെ സ്ഥാനാർഥിയായ അമ്പത്തേഴുകാരൻ യമാണ്ടു ഓർസിയാണ് പുതിയ പ്രസിഡന്റ്‌. തലസ്ഥാന നഗരമായ മോണ്ടി വിഡിയോയുടെ മുൻമേയറും മുൻമന്ത്രിയുമായ കരോലിനി കോസ്സെ എന്ന എൻജിനിയറാണ് വൈസ് പ്രസിഡന്റ്‌. നവംബർ 24ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ നൂറുശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 49.84 ശതമാനം വോട്ട് നേടിയാണ് മുൻചരിത്ര പ്രൊഫസറും വിശാല മുന്നണിയിലെ അംഗമായ ജനകീയ പങ്കാളിത്ത പ്രസ്ഥാനം (എംപിപി) നേതാവുമായ യമാണ്ടു ഓർസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 27 ലക്ഷം വോട്ടർമാരിൽ 89 ശതമാനവും വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 11, 96,789 വോട്ട് നേടിയാണ് ഓർസി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂസ്വാമിമാരുടെ പാർടിയായ നാഷണൽ പാർടിയുടെ സ്ഥാനാർഥി ആൽവാരോ ഡെൽഗാഡോക്ക് 45.86 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഒക്ടോബർ ഏഴിന് നടന്ന ആദ്യറൗണ്ടിൽ ഈ സ്ഥാനാർഥികൾക്ക് യഥാക്രമം 43.9 ശതമാനവും 26.8 ശതമാനവും വോട്ടാണ് ലഭിച്ചിരുന്നത്. മറ്റൊരു വലതുപക്ഷപാർടിയും നഗരസമ്പന്നരെ പ്രതിനിധാനംചെയ്യുന്ന പാർടിയുമായ കൊളറാഡോ പാർടിയുടെ സ്ഥാനാർഥിയായ ആന്ദ്രേസ് ഒഹേഡ എന്ന യുവ അഭിഭാഷകന് 17 ശതമാനം വോട്ട് ലഭിച്ചു. രണ്ടാം റൗണ്ടിൽ കൊളറാഡോ പാർടി ഉൾപ്പെടെ ആദ്യറൗണ്ടിൽ മത്സരിച്ച അരഡസനിലധികം വലതുപക്ഷ പാർടികൾ രണ്ടാം റൗണ്ടിൽ ആൽവാരോ ഡെൽഗാഡോയെ പിന്തുണച്ചു. ആദ്യറൗണ്ടിൽ ഈ പാർടികൾക്ക് ലഭിച്ച വോട്ടിന്റെ കണക്കനുസരിച്ച് ഡെൽഗാഡോക്ക് 48 ശതമാനം വോട്ട് ലഭിക്കേണ്ടതായിരുന്നു. വലതുപക്ഷ ശക്തികളെല്ലാം കൈകോർത്തിട്ടും ഇടതുപക്ഷ മുന്നേറ്റം തടയാനായില്ല. ബ്രസീലിനും ചിലിക്കും കൊളംബിയക്കും പുറകെ ഫുട്ബോളിന്റെ നാടായ ഉറുഗ്വേയിലും ഇടതുപക്ഷം വെന്നിക്കൊടി പാറിച്ചു. ബൊളീവിയ, വെനസ്വേല, നിക്കരാഗ്വ, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലും നിലവിൽ ഭരണം നടത്തുന്നത് ഇടതുപക്ഷമാണ്. ബ്രസീലിനും അർജന്റീനയ്‌ക്കും ഇടയിൽ അറ്റ്‌ലാന്റിക് സമുദ്രത്തോടടുത്തുള്ള രാജ്യമാണ് ഉറുഗ്വേ. ആളോഹരി വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, ക്ഷേമരാഷ്ട്രങ്ങളിലൊന്നായി അറിയപ്പെടുന്ന ലാറ്റിനമേരിക്കൻ രാജ്യമാണിത്. അതുകൊണ്ടുതന്നെ "അമേരിക്കയിലെ സ്വിറ്റ്സർലൻഡ്' എന്നും വിളിക്കപ്പെടാറുണ്ട്. വലിപ്പത്തിൽ ചെറിയ രാജ്യംകൂടിയാണിത്. 34 ലക്ഷം മാത്രമാണ് ജനസംഖ്യ. ഇതിൽ 20 ലക്ഷവും വസിക്കുന്നത് തലസ്ഥാനമായ മോണ്ടിവിഡിയോവിലാണ്. നാഷണൽ പാർടി നേതാവും നിലവിൽ പ്രസിഡന്റുമായ  ലൂയിസ്  ലകാജേ പൊ സർക്കാർ നടപ്പാക്കി വരുന്ന നവ ഉദാരവാദ നയത്തിനെതിരെയുള്ള രോഷമാണ് ഓർസിക്ക് അനുകൂലമായത്. ഈ നയത്തിന്റെ ഭാഗമായി വളർന്ന സാമ്പത്തിക അസമത്വവും വിലക്കയറ്റത്തിന്റെ ഫലമായി ജീവിതച്ചെലവിലുണ്ടായ വൻവർധനയും പെരുകുന്ന കുറ്റകൃത്യങ്ങളും സാധാരണ ജനജീവിതം ദുസ്സഹമാക്കി. സമത്വത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും അനുകൂലമായ ജനവിധിയാണ് ഉണ്ടായതെന്ന യമാണ്ടു ഓർസിയുടെ പ്രസ്താവന ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. "പണക്കാരെക്കുറിച്ച് അധികം ചിന്തിക്കാത്ത’ സർക്കാരായതിനാലാണ് ഇടതുപക്ഷ മുന്നണിക്ക് വോട്ട് ചെയ്തതെന്ന നിർമാണത്തൊഴിലാളി റുബേൻ പർഡ എന്ന വനിതയുടെ പരാമർശത്തിൽ (റോയിട്ടർ റിപ്പോർട്ട് ചെയ്തത്)നിന്ന്‌ ഓർസിയുടെ വിജയരഹസ്യം മനസ്സിലാക്കാം. കാർഷികമേഖലയ്‌ക്ക് കൂടുതൽ സഹായം നൽകുമെന്നും റിട്ടയർമെന്റ്‌ പ്രായം കുറയ്‌ക്കുന്നതുൾപ്പെടെ നിരവധി ക്ഷേമനടപടികളും ഓർസി വാഗ്‌ദാനം ചെയ്തിട്ടുണ്ട്. കനേലോണസ് പ്രവിശ്യയുടെ ഗവർണറായി രണ്ടു വട്ടം തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഓർസി. മേഖലയിലെ ഇടതുപക്ഷ സർക്കാരുകളെ വിമർശിക്കുന്നതിൽ മുൻനിരക്കാരനായ നിലവിലെ പ്രസിഡന്റ്‌ ലൂയിസ് ലകാജേ പൊവിന്റെ  സർക്കാർ സമ്പന്നരുടെ താൽപ്പര്യങ്ങൾക്കാണ് എന്നും പ്രാധാന്യം നൽകിയിരുന്നത്. അമേരിക്കയിലെ ഭരണമാറ്റവും ഇടതുപക്ഷ വിരുദ്ധനായ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഉറുഗ്വേയിൽ ഇടതുപക്ഷ മുന്നണി നേടിയ വിജയത്തിന് ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ടാണ് ഉറുഗ്വേയിലെ ഇടതുപക്ഷ വിജയം ലാറ്റിനമേരിക്കയിലെയും കരീബിയനിലെയും ഇടതുപക്ഷ ശക്തികൾക്ക് കരുത്തുപകരുന്നതാണെന്ന് ബ്രസീൽ പ്രസിഡന്റും വർക്കേഴ്സ് പാർടി നേതാവുമായ ലുല ഡ സിൽവ പ്രതികരിച്ചത്. പുരോഗമന പക്ഷത്തോടും ജനാധിപത്യത്തോടുമുള്ള ലാറ്റിനമേരിക്കൻ ആഭിമുഖ്യം ഒരിക്കൽക്കൂടി പ്രകടമാക്കപ്പെട്ടിരിക്കുകയാണെന്നാണ് ഹോണ്ടുറാസ് പ്രസിഡന്റ്‌ സിയാമോറ കാസ്ട്രോ അഭിപ്രായപ്പെട്ടത്. ക്യൂബൻ പ്രസിഡന്റ്‌ മിഗ്വേൽ ദിയാസ്‌ കനേലും വെനിസ്വേലൻ പ്രസിഡന്റ്‌ നിക്കോളസ് മഡൂറോയും ചിലിയിലെ പ്രസിഡന്റ്‌ ഗബ്രിയേൽ ബോറിക്കും കൊളംബിയൻ പ്രസിഡന്റ്‌ ഗുസ്താവോ പെട്രോയും സമാന പ്രതികരണങ്ങളുമായി രംഗത്തുവരികയും ചെയ്തു. ചിലിയിൽ ഇടതുപക്ഷ പ്രസിഡന്റായ സാൽവദോർ അലൻഡയെ അട്ടിമറിച്ച് ജനറൽ പിനോഷെ സ്വേച്ഛാധിപത്യവാഴ്ചയ്‌ക്ക് തുടക്കമിട്ട ഘട്ടത്തിൽത്തന്നെയാണ് ഉറുഗ്വേയിലും പട്ടാള സ്വേച്ഛാധിപത്യം നിലവിൽ വന്നത്. ഇതിന്റെ തുടർച്ചയെന്നോണം സൈനികർ മനുഷ്യാവകാശം ലംഘിച്ചാലും അവർ ശിക്ഷയിൽനിന്ന്‌ ഒഴിവാക്കപ്പെടുമെന്ന നിയമം പാസാക്കി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നയിച്ചാണ് ഉറുഗ്വേയിലെ ഇടതുപക്ഷം കരുത്താർജിച്ചത്, ചിതറിനിന്ന ഇടതുപക്ഷത്തിന് ഒരിക്കലും അഞ്ച് ശതമാനത്തിലധികം വോട്ട് നേടാൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് പാർടിയും സോഷ്യലിസ്റ്റ് പാർടിയും പൗരാവകാശ സംഘടനകളും ജനകീയപ്രസ്ഥാനങ്ങളും ചേർന്ന്  1971ൽ വിശാല മുന്നണിക്ക് രൂപം നൽകിയത്. 2004ലെ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായ  തബാരെ വാസ്‌കസ്‌  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടനയനുസരിച്ച് ഒരാൾക്ക് തുടർച്ചയായി പ്രസിഡന്റായി മത്സരിക്കാൻ കഴിയാത്തതിനാലാണ്‌ 2009ൽ  ടുപാമാരേസ് ഇടതുപക്ഷ ഗറില്ലാ പ്രസ്ഥാനത്തിന്റെ നേതാവും വിശാല മുന്നണിയുടെ ജനകീയ മുഖവുമായ ഹൊസെ പെപ്പെ മുഹീക്ക പ്രസിഡന്റ്‌ സ്ഥാനാർഥിയായത്. അദ്ദേഹം വിജയിക്കുകയും ചെയ്തു. പുരോഗമനപരമായ പല നടപടികളും കൈക്കൊണ്ട സർക്കാരായിരുന്നു ഇത്. 2014ൽ വീണ്ടും വാസ്‌കസ്‌ പ്രസിഡന്റായി. വിശാലമുന്നണിക്ക് 2019ൽ അധികാരം നഷ്ടമായി. എന്നാൽ, അഞ്ചു വർഷത്തെ ഇടവേളയ്‌ക്കുശേഷം ഫ്രെണ്ടെ ആംപ്ലിയോ ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ്. Read on deshabhimani.com

Related News