അതിജീവിക്കും വെനസ്വേല
ജൂലൈ ഇരുപത്തെട്ടിനാണ് തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 1999ൽ ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്ത് എഴുതിയുണ്ടാക്കിയ ബൊളിവാരിയൻ വിപ്ലവ ഭരണഘടനയ്‌ക്കുശേഷം നടക്കുന്ന അഞ്ചാമത്തേതും നിക്കോളാസ് മഡൂറോ അധികാരത്തിൽ വന്നശേഷം നടക്കുന്ന മൂന്നാമത്തെയും തെരഞ്ഞെടുപ്പാണ് ഇത്. ഷാവേസിന്റെ 70–-ാം ജന്മദിനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മഡൂറോ 51 ലക്ഷം വോട്ട് ( 51.21 ശതമാനം) നേടി വിജയിച്ചു. എതിരാളി ഡെമോക്രാറ്റിക് യൂണിറ്ററി പാർടിയുടെ എഡ്മുണ്ടോ ഗോൺസാലസിന് 44 ലക്ഷം (44.2 ശതമാനം) വോട്ടാണ് ലഭിച്ചത്. 95 രാജ്യങ്ങളിൽ നിന്നായി 900 നിരീക്ഷകർ പങ്കെടുത്ത തെരഞ്ഞെടുപ്പാണ് ഇത്. എന്നിട്ടും, തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് മഡൂറോ ജയിച്ചതെന്ന ആഖ്യാനമാണ് ഗോൺസാലസും അദ്ദേഹത്തിനു പിന്നിൽ ചരടുവലിക്കുന്ന തീവ്രവലതുപക്ഷ നേതാവും കോർപറേറ്റ് ലോബിയുടെ വക്താവുമായ മറിയ കൊറിന മച്ചാഡോയും (സ്വത്തുസംബന്ധിച്ച യഥാർഥ കണക്ക് നൽകാത്തതിന്റെ പേരിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കപ്പെട്ടിരുന്നു) സൃഷ്ടിച്ചത്. 67 ശതമാനം വോട്ടുനേടി ഗോൺസാലസാണ് വിജയിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. തെറ്റായ ഈ അവകാശവാദത്തെ കണ്ണുമടച്ച് അമേരിക്ക അംഗീകരിച്ചു. വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈ നടപടിക്ക് ന്യായീകരണമായി ഉയർത്തിയത് കാർട്ടർ സെന്ററിന്റെയും ഡെമോക്രാറ്റിക് ഓപ്പോസിഷന്റെയും റിപ്പോർട്ടുകളാണ്. സിഐഎയുമായി ബന്ധമുള്ള യുഎസ് എയ്‌ഡിന്റെയും അമേരിക്കൻ സർക്കാരിന്റെയും ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ പേരിലുള്ള കാർട്ടർ സെന്റർ. അമേരിക്കൻ സർക്കാർ ഫണ്ട് തന്നെയാണ് ഡെമോക്രാറ്റിക് ഓപ്പോസിഷനും ലഭിക്കുന്നത്. സ്വതന്ത്ര ഏജൻസിയെന്ന് പറയാവുന്ന ഒന്നിന്റെയും പിന്തുണയുടെ അടിസ്ഥാനത്തിലല്ല ബ്ലിങ്കന്റെ ഉൽക്കണ്‌ഠയെന്ന് അർഥം. ലാറ്റിനമേരിക്കയിലെ പുരോഗമന സർക്കാരുകളെ അട്ടിമറിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്ന, മേഖലയിൽ അമേരിക്കൻ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കാനായി അവർ തന്നെ പണമിറക്കി വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർഗനൈസേഷൻ ഓഫ് അമേരിക്ക (ഒഎഎസ്) വെനസ്വേലക്കെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും അത് പാസാക്കിയെടുക്കാൻ അവർക്കായില്ല. 17 രാഷ്‌ട്രങ്ങൾ അനുകൂലിച്ചെങ്കിലും ബ്രസീൽ, മെക്സിക്കോ, ബൊളീവിയ, കൊളംബിയ, ഹോണ്ടുറാസ് തുടങ്ങിയ 11 രാജ്യങ്ങൾ പിന്തുണയ്‌ക്കാത്തതിനാൽ അത് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പുതന്നെ അമേരിക്കൻ മാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസും വാഷിങ്‌ടൺ പോസ്റ്റും സിഎൻഎന്നും മഡൂറോക്കും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനുമെതിരെ കുപ്രചാരണം ആരംഭിച്ചിരുന്നു. ഇൻഫോബായി, വോയ്സ് ഡി അമേരിക്ക എന്നീ മാധ്യമങ്ങളും ഇവരോടൊപ്പം ചേർന്നു. മഡൂറോ സ്വേച്ഛാധിപതിയും അഴിമതിക്കാരനുമാണ്; ഗോൺസാലസ് ജനാധിപത്യവാദിയും അഴിമതി വിരുദ്ധനുമാണെന്ന പ്രചാരണം ഈ മാധ്യമങ്ങൾ നടത്തി. മഡൂറോ ജയിച്ചാൽ കൃത്രിമം വഴിയാണെന്നും ഗോൺസാലസ് ജയിക്കുന്നപക്ഷം തെരഞ്ഞെടുപ്പുപ്രക്രിയ സുതാര്യവുമാണെന്ന ആഖ്യാനവും ഈ മാധ്യമങ്ങൾ വളരെ നേരത്തേതന്നെ സൃഷ്ടിച്ചു. ഇതിന്റെ തുടർച്ചയായാണ് എഡിസൺ റിസർച്ചിന്റെ എക്സിറ്റ് പോൾ. ഇതനുസരിച്ച് ഗോൺസാലസിന് 65 ശതമാനവും മഡൂറോക്ക് 31 ശതമാനവും വോട്ടു ലഭിക്കും. എന്നാൽ ഹിൻഡർലേസസ് എന്ന ഏജൻസി നടത്തിയ എക്സിറ്റ് പോൾ കാണാൻ ഇവർ കൂട്ടാക്കിയില്ല. ഇതനുസരിച്ച് മഡൂറോക്ക് 54.5 ശതമാനവും ഗോൺസാലസിന് 43 ശതമാനവും വോട്ട് ലഭിക്കുമെന്നുമായിരുന്നു പ്രവചനം. യഥാർഥ ഫലത്തോട് അടുത്തുനിൽക്കുന്ന പ്രവചനമായിരുന്നു ഇത്. ഏതായാലും പാശ്ചാത്യമാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധ നിർമാണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും കാറക്കാസിൽ മഡൂറോയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കലാപശ്രമം നടത്തുന്നത്. ഒരു മിനിറ്റിൽ മൂന്നുകോടി സൈബർ ആക്രമണങ്ങളാണ് വെനസ്വേലൻ സർക്കാരിനെതിരെ നടക്കുന്നതെന്നാണ് യുഎന്നിലെ വെനസ്വേലൻ ഡെപ്യൂട്ടി അംബാസഡർ ജൊവാക്വിൻ പെരസ് വെളിപ്പെടുത്തിയത്. അർജന്റീനയിലെ തീവ്രവലതുപക്ഷ പ്രസിഡന്റ് ഹാവിയർ മിലേയുടെ സുഹൃത്തും എക്സിന്റെ (മുൻ ട്വിറ്റർ) ഉടമയുമായ ഇലോൺ മസ്‌കും മഡൂറോക്കെതിരെ പരസ്യമായി തിരിയുകയുണ്ടായി. ഇതെല്ലാം വിരൽചൂണ്ടുന്നത് വെനസ്വേലയിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള വിപുലമായ ഗൂഢാലോചനയിലേക്കാണ്. വെനസ്വേലയിൽ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാതെ അട്ടിമറി നടത്താൻ ശ്രമിക്കുന്നതിനു പിന്നിൽ പല കാരണവും കണ്ടെത്താൻ കഴിയും. അതിൽ ഏറ്റവും പ്രധാനം ലോകത്തിൽ, ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ശേഖരമുള്ള രാജ്യമാണ് വെനസ്വേല എന്നതാണ്. ലോകത്തിലെ അസംസ്കൃത എണ്ണശേഖരത്തിന്റെ 17 ശതമാനം അഥവാ 30300 കോടി ബാരലാണ് വെനസ്വേലൻ ശേഖരം. ഇത് അമേരിക്കയ്‌ക്കും ലോക മുതലാളിത്തത്തിനും ചൂഷണം ചെയ്യണമെങ്കിൽ അവരെ പിന്തുണയ്‌ക്കുന്ന ഒരു സർക്കാർ അവിടെ ഉണ്ടാകണം. ഷാവേസ് അധികാരമേറിയശേഷം കഴിഞ്ഞ രണ്ടരശതാബ്ദമായി അമേരിക്കയും കോർപറേറ്റ് ഭീമന്മാരും അതിനുള്ള കഠിനശ്രമത്തിലാണ്. 2002ൽ ആയിരുന്നു ആദ്യശ്രമം. ഷാവേസിനെ മാറ്റി ബിസിനസുകാരനായ പെദ്രോ കർമോണയെ പ്രസിഡന്റായി അവരോധിച്ചു. എന്നാൽ, 47 മണിക്കൂർ മാത്രമേ ഈ അട്ടിമറിക്ക് ആയുസ്സുണ്ടായുള്ളൂ. 2019ൽ വെനസ്വേലക്കാർക്ക് ഒട്ടും പരിചിതനല്ലാത്ത ഗു അയിഡോയെ അമേരിക്ക പ്രസിഡന്റായി പ്രഖ്യാപിച്ചു. അമേരിക്കൻ സമ്മർദത്താൽ അമ്പതോളം രാജ്യം മഡൂറോക്ക് പകരം ഗു അയിഡോയെ പ്രസിഡന്റായി അംഗീകരിച്ചു. ഈ രണ്ടു ഘട്ടത്തിലും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാത്ത വ്യക്തികളെയാണ് അമേരിക്ക പ്രസിഡന്റ് പദവിയിൽ അവരോധിച്ചത്. അവരാണ് ഇപ്പോൾ രാജ്യത്തെ ഭരണഘടന അനുസരിച്ച് നടന്ന തെരഞ്ഞെടുപ്പിലെ വിധി അംഗീകരിക്കാൻ വിസമ്മതിക്കുന്നത്. അതിൽ പുതുമയൊന്നും ഇല്ലെന്നർഥം. റഷ്യയും ചൈനയും ക്യൂബയും നിക്കരാഗ്വയും ഇറാനും ഹോണ്ടുറാസും ബൊളീവിയയും പത്തംഗ അൽബ സഖ്യവും മഡൂറോയുടെ വിജയം അംഗീകരിക്കുകയും ബ്രസീൽ, കൊളംബിയ, മെക്സിക്കോ എന്നീ രാഷ്ട്രങ്ങൾ അട്ടിമറി നീക്കത്തിനെതിരെ രംഗത്തുവരികയുംചെയ്ത സ്ഥിതിക്ക് മഡൂറോയുടെ അധികാരത്തുടർച്ചയ്‌ക്ക് ഭീഷണി ഉയർത്താൻ പ്രതിപക്ഷ കലാപങ്ങൾക്ക് കഴിയില്ലെന്ന് ഉറപ്പാണ്. പുതിയ ലോക സാഹചര്യത്തിൽ അമേരിക്കയ്‌ക്കുപോലും വെനസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനാകില്ലെന്ന ആഖ്യാനവും വിജയ് പ്രസാദിനെ പോലുള്ളവർ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് അമേരിക്കയും പാശ്ചാത്യലോകവും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതോടെ യൂറോപ്പിൽ കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ്. അമേരിക്കൻ ദ്രവീകൃത വാതകം യൂറോപ്പിലേക്ക് പോകുന്നുണ്ടെങ്കിലും അവരുടെ ആവശ്യത്തിന് അത് മതിയാകില്ല. ഈ സാഹചര്യത്തിലാണ് രണ്ട് യൂറോപ്യൻ കമ്പനികളായ - ഇറ്റലിയിലെ എനി സ്പായെയും സ്പെയിനിലെ റസ്പോൾ സാ കെയും വെനസ്വേലൻ എണ്ണ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യാൻ അമേരിക്ക അനുവാദം നൽകിയത്. ഷാവേസ് അധികാരമേറിയതുമുതലുള്ള അമേരിക്കൻ ഉപരോധത്തിലാണ് ഇളവുനൽകാൻ ജോ ബൈഡൻ സർക്കാർ തയ്യാറായത്. വെനസ്വേലൻ സർക്കാർ ദീർഘകാലത്തേക്ക് അനിശ്ചിതത്വത്തിലാകുന്നത് ഈ എണ്ണ കയറ്റുമതിയെ ബാധിക്കും. യൂറോപ്പ് ശൈത്യകാലത്തിന്റെ പടിവാതിൽക്കലാണ്. ഈ സമയത്ത് വെനസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി ദീർഘിപ്പിക്കാൻ അമേരിക്കയ്‌ക്ക് കഴിയില്ല. ഈ ഭൗമ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സർക്കാരുമായി ബന്ധം മെച്ചപ്പെടുത്താൻ വെനസ്വേലൻ പ്രതിപക്ഷത്തോട് അമേരിക്ക ആവശ്യപ്പെട്ടതും അതിന്റെ ഫലമായി നോർവെയുടെ മാധ്യസ്ഥതയിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ പ്രതിപക്ഷവും മഡൂറോ സർക്കാരും തമ്മിൽ ബാർബഡോസ് കരാർ ഒപ്പിട്ടതും. പ്രതിപക്ഷവുമായി വിശദമായ ചർച്ചയ്‌ക്കുശേഷമാണ് തെരഞ്ഞെടുപ്പുതീയതിയും പ്രചാരണത്തിനുള്ള മാനദണ്ഡങ്ങളും നിരീക്ഷകരെ അനുവദിക്കാനും തീരുമാനിച്ചത്. അങ്ങനെ നടത്തിയ തെരഞ്ഞെടുപ്പാണ് അംഗീകരിക്കാൻ കഴിയില്ലെന്നുപറഞ്ഞ് പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുന്നത്. തീവ്രവലതുപക്ഷത്തിന് ജനാധിപത്യത്തോടുള്ള സമീപനം വ്യക്തമാക്കുന്നതാണ് ഈ നടപടി. അമേരിക്കയിൽ ട്രംപും ബ്രസീലിൽ ബോൾസനാരോയും തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അണികളെ തെരുവിലിറക്കി വിജയം പിടിച്ചുവാങ്ങാൻ നടത്തിയ ശ്രമത്തിന് സമാനമായ നീക്കമാണ് ഇപ്പോൾ വെനസ്വേലയിലും നടക്കുന്നത്. ‘ഞങ്ങൾ അതിജീവിക്കും’എന്ന മഡൂറോയുടെ വാക്കുകളിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം. Read on deshabhimani.com