ഒരു പത്രപ്രവർത്തകന്റെ സംഘർഷഭരിത ജീവിതം
വെങ്കിടേഷ് രാമകൃഷ്‌ണന്റെ പത്രപ്രവര്‍ത്തനം സംഘർഷഭരിതമായ നിരവധി അനുഭവങ്ങള്‍ നിറഞ്ഞതാണ്. യാത്രയും പത്രപ്രവര്‍ത്തനവും അനുഭവവും അപൂർവമായ ബന്ധങ്ങളുമൊക്കെക്കൂടി സജീവമായ ഒരു തലം അതിനുണ്ട്. സംഭ്രമകരവും അതിശയകരവും സാഹസികവുമാണത്. മനുഷ്യരെയും സംഭവങ്ങളെയും പ്രകൃതിയെയും അനുഭവങ്ങളെയും തേടിച്ചെല്ലാനും നേരിട്ടറിഞ്ഞത് വായനക്കാരുമായി പങ്കുവയ്ക്കാനും തയ്യാറാവുന്ന പത്രപ്രവര്‍ത്തകരുടെ ജനുസ്സിലാണ് വെങ്കിടേഷ് ഇപ്പോഴുമുള്ളത്. ‘ശ്രീനഗര്‍ സെക്രട്ടറിയേറ്റില്‍ ചില ഉദ്യോഗസ്ഥരെ കാണാനിറങ്ങിയതാണ്. സെക്രട്ടറിയേറ്റ് വളപ്പില്‍നിന്ന് നിരത്തില്‍ എത്തിയതേയുള്ളൂ, പൊടുന്നനെ രണ്ട് ചെറുപ്പക്കാര്‍ എന്റെ ഇരുവശത്തും എത്തി എന്നെ ബലമായി പിടിച്ചു. അരയില്‍ എന്തോ തിരുകി. നല്ല തണുത്ത സാധനം, പിസ്റ്റോള്‍. 'ചുപ് ചുപ് ഹമാരെ സാത് ആവോ, സാലെ’ (മിണ്ടാതെ കൂടെവന്നോ, സാലെ). പ്രതിരോധം ബുദ്ധിയല്ല എന്ന് അറിയാനുള്ള കശ്മീര്‍ വിജ്ഞാനമൊക്കെ ഉണ്ടായിരുന്നതിനാല്‍, മിണ്ടാതെ അവര്‍ കാണിച്ച മാരുതി വാനില്‍ കയറിയിരുന്നു. ‘ഡൗണ്‍ ടൗണ്‍' എന്ന് വിളിക്കുന്ന ശ്രീനഗറിലെ പഴയ നഗരത്തിലേക്കാണ് വണ്ടി പാഞ്ഞുപോയത്. തിരക്കു പിടിച്ച വഴികളിലൂടെ പുല്ലുപോലെ ഒരു കിഡ്‌നാപ്പിങ്. എങ്ങോട്ടാണ്, ആരാണ് എന്നൊന്നും അറിയാതെ നിന്ന എനിക്ക് താമസിയാതെ കാര്യം പിടികിട്ടി. അല്‍ ജിഹാദ് മുജാഹിദിന്‍! ഒരു പഴയ കെട്ടിടത്തിലേക്ക് എന്നെയുംകൊണ്ട് ഓടിക്കയറിയ ചെറുപ്പക്കാര്‍ ഒരു മുറിയിലേക്ക് എന്നെ തള്ളിയിട്ടു. അവിടെയും തോക്കുധാരികളായ ഒരു സംഘം ഉണ്ടായിരുന്നു. 'നായിന്റെ മോനെ. മിനിഞ്ഞാന്ന് രാത്രി വന്ന സ്ഥലം പോലീസുകാര്‍ക്ക് പറഞ്ഞുകൊടുത്തു അല്ലേ?’ പറഞ്ഞുതീരേണ്ട താമസം മുഖമടച്ച് അടിയും കിട്ടി. പിന്നെ വയറ്റിലും നെഞ്ചിലും മുഷ്ടി ചുരുട്ടിയുള്ള ഒരു പ്രയോഗം. കുഴഞ്ഞുവീണു. 'അങ്ങനെ ഒരു ചാരപ്പണി ഞാന്‍ എടുത്തിട്ടില്ല, നിങ്ങളുടെ സംവിധാനം ഉപയോഗിച്ച് അന്വേഷിക്കൂ... ഞാന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഏത് ശിക്ഷയും സ്വീകരിക്കാം,’ വേച്ചുവേച്ച് ഞാന്‍ പറഞ്ഞു. അവരതു സ്വീകരിച്ചു. അന്വേഷിച്ചു. ഒടുവില്‍ ഏഴു മണിയായപ്പോള്‍ അല്‍ ജിഹാദിന്റെ പോലീസ് ചാരന്മാര്‍ വിവരം നല്‍കി: ‘യേ സാല മലയാളി നിര്‍ദോഷ് ഹെ'. വന്നതുപോലെ മാരുതി വാനില്‍ അവര്‍ എന്നെ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ വരെ കൊണ്ടാക്കി. നിര്‍ദോഷിത്വം വെളിവായി മോചിതനാക്കപ്പെട്ട ആ ‘സാലാ' മലയാളി, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനാണ്. ഫ്രണ്ട്‌ലൈനിന്റെ മുന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 'അല്‍ ജിഹാദ് മുജാഹിദീന്‍ ഗ്രൂപ്പിന്റെ ആയുധപരിശീലനം കാണാനും രാഷ്ട്രീയ പ്രത്യയശാസ്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഞാനവരുടെ ക്യാമ്പില്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് പോയിരുന്നു. അവര്‍ കൊണ്ടുവന്ന വാഹനത്തിനു പിന്നില്‍ കറുത്ത തുണികൊണ്ട് കണ്ണുകെട്ടിയാണ് എന്നെ കൊണ്ടുപോയത്. രഹസ്യ കൂടിക്കാഴ്ച കഴിഞ്ഞ ദിവസം രാത്രി അല്‍ ജിഹാദ് കേന്ദ്രം സുരക്ഷാസൈനികര്‍ ആക്രമിച്ചിരുന്നു. സങ്കേതത്തില്‍ എത്തിയ അപരിചിതനായ ഡല്‍ഹിക്കാരന്‍ പത്രപ്രവര്‍ത്തകന്‍ പോലീസ് ചാരനാകാനിടയുണ്ടെന്ന് കരുതിയാണ് എന്നെ പിടിച്ചുകൊണ്ടുപോയത്’. വെങ്കിടേഷിന്റെ പത്രപ്രവര്‍ത്തനം ഇത്തരം നിരവധി അനുഭവങ്ങള്‍ നിറഞ്ഞതാണ്. യാത്രയും പത്രപ്രവര്‍ത്തനവും അനുഭവവും അപൂർവ്വമായ ബന്ധങ്ങളുമൊക്കെക്കൂടി സജീവമായ ഒരു തലം അതിനുണ്ട്. സംഭ്രമകരവും അതിശയകരവും സാഹസികവുമാണത്. മനുഷ്യരെയും സംഭവങ്ങളെയും പ്രകൃതിയെയും അനുഭവങ്ങളെയും തേടിച്ചെല്ലാനും നേരിട്ടറിഞ്ഞത് വായനക്കാരുമായി പങ്കുവയ്ക്കാനും തയ്യാറാവുന്ന പത്രപ്രവര്‍ത്തകരുടെ ജനുസ്സിലാണ് വെങ്കിടേഷ് ഇപ്പോഴുമുള്ളത്. 'പത്രപ്രവര്‍ത്തനം ജീവിതായോധനമാക്കണം എന്ന് തീരുമാനിച്ച കാലം മുതല്‍ എന്റെ റോള്‍മോഡലുകളില്‍ ഒരാളായിരുന്നു ഫിലിപ് നൈറ്റ്‌ലി. ലോകം കണ്ട ഏറ്റവും വലിയ ഇരട്ട ചാരന്മാരില്‍ ഒരാളായ ബ്രിട്ടീഷുകാരന്‍ കിം ഫില്‍ബിയുടെ റഷ്യയിലേക്കുള്ള കൂറുമാറ്റ പലായനവും, ലോറന്‍സ് ഒഫാബയുടെ രഹസ്യജീവിതത്തിന്റെ വിശദാംശങ്ങളുമൊക്കെ ആദ്യം സ്കൂപ്പ് ചെയ്യുകയും പിന്നെ ആ വിഷയങ്ങളെയും അതിന്റെ പശ്ചാത്തലങ്ങളെയും ആഴത്തില്‍ പഠിച്ച് പുസ്തകരചന നടത്തുകയും ചെയ്ത ഫിലിപ് നൈറ്റ്‌ലി എന്ന ഓസ്‌ട്രേലിയക്കാരന്‍ നമ്മുടെ കാലം കണ്ട ഏറ്റവും വലിയ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. യാത്ര ചെയ്യാതെ റിപ്പോര്‍ട്ടു ചെയ്യാനും പത്രപ്രവര്‍ത്തനം നടത്താനും സാധിക്കുന്ന പുതിയകാല പത്രപ്രവര്‍ത്തനത്തെ നൈറ്റ്‌ലി തന്റെ, ‘എ ഹാക്‌സ് പ്രോഗ്രസ്സ്' എന്ന പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്’. പത്രപ്രവര്‍ത്തനം വിജ്ഞാനയാത്രയും വിനോദയാത്രയും തീര്‍ത്ഥാടനവും ഒക്കെയാണ് എന്ന് വിശ്വസിക്കുന്ന വെങ്കിടേഷ് യാത്രകളോട് സ്വകീയമായ ആനന്ദം ഉള്ളവര്‍ക്കു തന്നെയാണ് പത്രപ്രവര്‍ത്തനപരമായ യാത്രകളും പുതിയ പരിപ്രേക്ഷ്യങ്ങള്‍ സമ്മാനിക്കുകയെന്ന് പറയുന്നു. പത്രപ്രവര്‍ത്തനം വിജ്ഞാനയാത്രയും വിനോദയാത്രയും തീര്‍ത്ഥാടനവും ഒക്കെയാണ് എന്ന് വിശ്വസിക്കുന്ന വെങ്കിടേഷ് യാത്രകളോട് സ്വകീയമായ ആനന്ദം ഉള്ളവര്‍ക്കുതന്നെയാണ് പത്രപ്രവര്‍ത്തനപരമായ യാത്രകളും പുതിയ പരിപ്രേക്ഷ്യങ്ങള്‍ സമ്മാനിക്കുകയെന്ന് പറയുന്നു. 'പത്രപ്രവര്‍ത്തനപരമായ യാത്രകള്‍ ഏതുതരം യാത്രയായും പരിണമിക്കാം. പക്ഷെ അവ അറിവിന്റെയും വിനോദത്തിന്റെയും സത്യത്തിന്റെയും ഉദ്വേഗത്തിന്റെയും വലിയ തലങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. അത്തരം രഹസ്യലക്ഷ്യങ്ങളില്‍ ജീവിതവും മരണവും കടന്നുവരും, പോകും’. ഗ്രനേഡുകളും വെടിയുണ്ടകളും പായുന്ന ഇടങ്ങളും, മരണവുമായുള്ള മുഖാമുഖവും ഒക്കെ ഈ പത്രപ്രവര്‍ത്തകന്റെ സന്തതസഹചാരികളാണ്. സഹജമായ നിസ്സംഗതയോടെയാണ് അത്തരം അനുഭവങ്ങളും വെങ്കിടേഷ് പങ്കുവയ്ക്കുന്നത്. 'ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് കഷ്ടിച്ച് അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്തു കാണണം. വളഞ്ഞും പുളഞ്ഞും ചെറുകുന്നുകള്‍ക്കിടയിലൂടെയുള്ള നിരത്ത്. വാനിന്റെ വശങ്ങളില്‍ ആരോ ചരല്‍ വാരിയെറിയുന്നതു പോലെ തോന്നി. 'നീച്ചേ ബൈഠോ തുരന്ത്’ (താഴെ കിടക്കൂ ഉടനെ) ഡ്രൈവര്‍ സര്‍ദൂല്‍ സിങ് ആക്രോശിച്ചു. ഞങ്ങളെല്ലാവരും അനുസരിച്ചു. തലയുയര്‍ത്താതെ ആ വാനിന്റെ തറയില്‍ കമഴ്ന്നു കിടന്നു. ആ ധീരനായ സര്‍ദാര്‍ വെടിയുണ്ടകളെ നേരിട്ട് വണ്ടിയോടിച്ചു. വളരെ കുറച്ചുനേരം മാത്രം നീണ്ടുനിന്ന ആക്രമണം മണിക്കൂറുകളുടെ ദൈര്‍ഘ്യമുള്ളതു പോലെ തോന്നി. മുക്കാല്‍ മണിക്കൂറിനുശേഷം ലാല്‍ ചൗഖിലെത്തുമ്പോഴും ഞാന്‍ വിറച്ചുകൊണ്ടേയിരുന്നു’. പിന്നീട് നിരവധി തവണ കശ്മീരില്‍ വെടിയില്‍ കുടുങ്ങിയിട്ടുണ്ട്. അപ്പോഴേക്കും മറ്റുള്ളവരുടെ നിർദേശമില്ലാതെ തന്നെ തറയില്‍ കമഴ്ന്നു കിടക്കാന്‍ പഠിച്ചിരുന്നുവെന്ന് വെങ്കിടേഷ് പറയുന്നു. ഇന്ത്യ ‐ പാകിസ്ഥാന്‍ അതിര്‍ത്തിയിലെ തരണ്‍തരണില്‍ തീവ്രവാദി നേതാവ് സത്നം സിങ് ചീമയെ ഇന്റർവ്യൂ ചെയ്യാന്‍ പോകുമ്പോഴുള്ള അനുഭവവും ഇതേപോലെയുള്ളതാണ്. 'തരണ്‍തരണ്‍ ഗ്രാമത്തിനടുത്ത് ഗ്രാമത്തില്‍ ചീമ ഒളിഞ്ഞിരിപ്പുണ്ടെന്ന് കേട്ടാണ് ചെന്നത്. ഫ്രണ്ട്‌ലൈന്‍ ലേഖകനെ കാണാന്‍ അയാള്‍ തയ്യാറാണെന്ന് അറിഞ്ഞ് കാണാന്‍ പോവുകയായിരുന്നു. ഗ്രാമത്തിലേക്കുള്ള വളവ് തിരിഞ്ഞ് കയറിയത് പൊടുന്നനെ ആരംഭിച്ച വെടിവെയ്‌പിലേക്കായിരുന്നു. ചീമ ഒളിഞ്ഞിരിക്കുന്ന വിവരം അറിഞ്ഞ ഒരു സംഘം സുരക്ഷാസൈനികര്‍ ഗ്രാമം വളഞ്ഞിരിക്കുന്നു. ഗ്രാമത്തിനകത്തുനിന്ന് തീവ്രവാദികള്‍ ചെറുത്തുനില്‍പ്പു വെടി തുടങ്ങുകയും ചെയ്തിരിക്കുന്നു. ഒരുപക്ഷത്തു നിന്നാലും കുഴപ്പമാണ്. നടുവില്‍ ക്രോസ് ഫയറില്‍പെട്ടാല്‍ അതിലും കുഴപ്പം. ഡ്രൈവര്‍ ഹര്‍ദേവിന്റെ അസാമാന്യമായ ഡ്രൈവിങ് സിദ്ധി കൊണ്ടുമാത്രമാണ് അന്ന് ഒന്നും പറ്റാതെ ഞങ്ങള്‍ തിരിച്ചെത്തിയത്’. മാല്‍പാ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വെങ്കിടേഷിനു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടത് മരണവുമായുള്ള മറ്റൊരു മുഖാമുഖമായിരുന്നു. 'കൈലാസ മാനസസരോവര്‍ തീര്‍ത്ഥയാത്രയ്ക്ക് കാല്‍നടയായി പോയ വിശ്രുത നര്‍ത്തകി പ്രൊതിമാ ബേഡി ഉള്‍പ്പെട്ട സംഘത്തെ മാല്‍പയില്‍ പേമാരിയിലും മലയിടിച്ചിലിലും കാണാതായി എന്ന വിവരം അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു. പ്രകൃതി സംഹാരനൃത്തം നടത്തുന്ന മലനിരകളിലേക്ക് റോഡുമാർഗം പോകുന്ന കാര്യം അചിന്തനീയമായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ വ്യോമസേന കേന്ദ്രത്തില്‍നിന്ന്, പക്ഷെ പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എയര്‍ ഡ്രോപ്പ് ചെയ്യുന്നുണ്ടായിരുന്നു. ബറേലിയില്‍ എത്തി, വ്യോമസേനാ അധികൃതരെ കണ്ട് അഭ്യര്‍ഥിച്ചും അനുനയിപ്പിച്ചും ഇന്ത്യന്‍ വ്യോമസേനയുടെ ചേതക് ഹെലിക്കോപ്‌റ്ററിൽ കയറിപ്പറ്റി. മലമുകളിലെ ഡാര്‍ച്ചുല സൈനിക ക്യാമ്പില്‍ ഇറങ്ങി റോഡുമാർഗം മാല്‍പയിലേക്ക് പോകാം എന്നായിരുന്നു പ്ലാന്‍. പറക്കല്‍ തുടങ്ങി ഇരുപതു മിനുട്ട് കഴിഞ്ഞപ്പോഴേയ്ക്കും കരിമേഘങ്ങള്‍ ചോപ്പറിനെ ആട്ടിയുലച്ചു. കൊടുംമഴ. കുറ്റാക്കുറ്റിരുട്ട്. ഹെലിക്കോപ്‌റ്റര്‍ വട്ടംകറങ്ങാനും താഴാനും തുടങ്ങി. ഏറെ വൈകാതെ പൈലറ്റിന്റെ നിയന്ത്രണത്തിന് പുറത്തേക്ക് പോയി. ഹെലിക്കോപ്‌റ്റര്‍ കറങ്ങിക്കറങ്ങി താഴോട്ട് പോകുന്നതിനിടയില്‍ പൈലറ്റിന്റെ സീറ്റില്‍നിന്ന് ആ വാചകം കേട്ടു: 'ഓ മൈ ഗോഡ്’. അതുകൂടി കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി. ഈ ജീവിതം ഇന്ന് തീരുകയാണ്. ഭയത്തിന്റെ ആൾരൂപമായ, വിറയ്ക്കുന്ന ഒരു ശരീരമാണ് എന്റേതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഭയം മാത്രമല്ല എന്തോ ഒരു ഉത്തേജനവും ആ നിമിഷങ്ങളില്‍ എന്നില്‍ നിറഞ്ഞു. ഒപ്പമുണ്ടായിരുന്ന സൈനികരിലൊരാളായ സര്‍ദാര്‍ ഉറച്ച ശബ്ദത്തില്‍ ഗുരുബാനി ആലപിക്കാന്‍ തുടങ്ങി. കരാളം എന്ന് വിശേഷിപ്പിക്കാവുന്ന കുറെ സമയം. ഞങ്ങള്‍ വെളിച്ചത്തിലേക്കും തുറന്ന ആകാശത്തിലേക്കും എത്തിപ്പെട്ടു. ഹെലിക്കോപ്‌റ്റര്‍ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലായി. ഭൂമിയില്‍ കാലുകുത്തിയ നിമിഷം. ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. പൈലറ്റ് പറഞ്ഞു: 'കടലിലെ ചുഴിക്കു സമാനമായ ആകാശച്ചുഴിയിലാണ് നമ്മള്‍ പെട്ടത്. ഇറ്റ് ക്യാന്‍ ബീ എ കില്ലര്‍’. ആകാശച്ചുഴിയില്‍നിന്ന് വെങ്കിടേഷ് നേരെ കയറിയത് ജീപ്പിലേക്കാണ്, എത്രയും വേഗം ദുരന്തസ്ഥലത്തെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍. മരണത്തില്‍ നിന്നായാലും ജീവിതത്തില്‍ നിന്നായാലും പത്രപ്രവര്‍ത്തകന്‍ കണ്ടെത്തേണ്ടത് സ്റ്റോറികളാണ്. വെടിവയ്പുകളും ബോംബ് സ്ഫോടനങ്ങളും വിമാനാപകടങ്ങളും ഒക്കെ നിരവധി തവണ പത്രപ്രവര്‍ത്തന യാത്രകളില്‍ നേരിടുമ്പോഴും ആവേശം അണയാതെ മുന്നോട്ടു പോകാന്‍ ഈ പത്രപ്രവര്‍ത്തകനു കഴിയുന്നത് ഉള്ളില്‍ ജ്വലിക്കുന്ന പത്രപ്രവര്‍ത്തക അഭിവാഞ്ഛ കൊണ്ടുതന്നെയാകണം. രാഷ്ട്രീയ പത്രപ്രവര്‍ത്തനമാണ് വെങ്കിടേഷിന്റെ വഴി. അപ്പോഴും ഉള്ളില്‍ ഉറങ്ങാതെയിരിക്കുന്ന കനിവൂറുന്ന ഒരു മനസ്സ് മനുഷ്യരിലേക്കും പ്രകൃതിയിലേക്കും ജീവിതത്തിന്റെ നേരുകളിലേക്കും നന്മകളിലേക്കും ഒക്കെ ചിന്തകളെയും വാക്കുകളെയും പ്രതിധ്വനിപ്പിക്കുന്നു. രാഷ്ട്രീയ പത്രപ്രവര്‍ത്തനമാണ് വെങ്കിടേഷിന്റെ വഴി. അപ്പോഴും ഉള്ളില്‍ ഉറങ്ങാതെയിരിക്കുന്ന കനിവൂറുന്ന ഒരു മനസ്സ് മനുഷ്യരിലേക്കും പ്രകൃതിയിലേക്കും ജീവിതത്തിന്റെ നേരുകളിലേക്കും നന്മകളിലേക്കും ഒക്കെ ചിന്തകളെയും വാക്കുകളെയും പ്രതിധ്വനിപ്പിക്കുന്നു. ‘സര്‍ഗുജ'യിലെ ആദിവാസിസമൂഹമായ ഗോണ്ടുകളുടെ ജീവിതാവസ്ഥ എഴുതുമ്പോള്‍ പത്രപ്രവര്‍ത്തകന്റെ പേനയില്‍ മനുഷ്യസ്നേഹിയുടെ ഹൃദയരക്തമാണ് നിറയുന്നത്. 'ഛത്തീസ്ഗഢിലെ സര്‍ഗുജ ജില്ലയിലെ വാദ്രഫ് നഗർ താലൂക്കിലെ ആദിവാസി കാടുകളില്‍ പട്ടിണിമരണങ്ങള്‍ നടക്കുന്നു എന്നു കേട്ടാണ് പോയത്. വികസനമില്ലായ്മ മുഖമുദ്രയാക്കിയ ആ പ്രദേശങ്ങളില്‍ ആദിവാസി കുടികളിലേക്ക് കാറുകളിലോ മറ്റ് വലിയ വാഹനങ്ങളിലോ എത്തിപ്പെടാന്‍ വഴിയുണ്ടായിരുന്നില്ല. പ്രദേശത്ത് എനിക്കുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ജീപ്പില്‍ കുറെ നേരവും അവിടെനിന്ന് മോട്ടോര്‍ സൈക്കിളില്‍ നാലഞ്ചു കിലോമീറ്ററും താണ്ടി ഒരു പകുതിദിവസത്തോളം എടുത്താണ് വാദ്രഫ് നഗറിലെ ഗ്രാമങ്ങളിലേക്കെത്തിയത്. വരള്‍ച്ചയുടെയും പട്ടിണിയുടെയും അതിഭീകര ദൃശ്യങ്ങളാണ് വഴിയിലെങ്ങും കണ്ടത്. പട്ടിണി മനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്ന ഏറ്റവും ഭീകരവും അവിശ്വസനീയവുമായ പ്രവൃത്തി ഞാന്‍ കണ്ടു. കുടിക്കാനുള്ള ശുദ്ധജലത്തിനും, കൃഷിയാവശ്യങ്ങള്‍ക്കായുള്ള ജലസേചന സൗകര്യത്തിനുപോലും ഒരു സ്ഥാനവുമില്ലാത്ത, ഒരു തുള്ളി വെള്ളം പോലും അപ്രാപ്യമായ ആ കൊടുംവരള്‍ച്ചയില്‍ ചുണ്ണാമ്പു തിന്നു ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു ഫ്രണ്ട്‌ലൈനില്‍ എനിക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നത്’. വെങ്കിടേഷിന്റെ പല അനുഭവങ്ങളും അവിശ്വസനീയമായ തിരക്കഥകള്‍ പോലെയാണ്. ലാഹോറിലേക്ക് ഡ്രൈവര്‍ ഹര്‍ദേവുമായി പോയ യാത്ര അത്തരമൊന്നാണ്. '1992 ഫെബ്രുവരിയില്‍ പഞ്ചാബില്‍ ബീന്ദ് സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഒരു അറിയിപ്പ് നല്‍കി. തെരഞ്ഞെടുക്കപ്പെട്ട വിഐപികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പാകിസ്ഥാനിലെ ലാഹോറിലേക്ക് പോകാന്‍ ഒരു ദിവസത്തേക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് നല്‍കുന്നു. ഹര്‍ദേവ് (ഡ്രൈവര്‍) നിര്‍ബ്ബന്ധം പിടിച്ചു. 'പാസ് സംഘടിപ്പിക്കണം. എത്രയോ നാളിനുശേഷം എന്റെ ജന്മനഗരം കാണാനുള്ള അവസരമാണ്’. 'ഞങ്ങള്‍ പോയി. സ്വതവേ സ്ഥിതപ്രജ്ഞനും സ്ഥൈര്യമുള്ളവനുമായ ഹര്‍ദേവ് യാത്രയിലുടനീളം മറ്റൊരാളായി മാറി പിറുപിറുത്തു കൊണ്ടേയിരുന്നു, 'ഏക് മുല്‍ക്... ഏക് ലഫ്സ്... ഫിര്‍ ദുശ്മനി (ഒരേ സമൂഹം, ഒരേ ഭാഷ, എന്നിട്ടും ശത്രുതയോ!). ലാഹോറിലെത്തിയ ഹര്‍ദേവ് ഉന്മത്തനായി. അയാളെ കണ്ട സുഹൃത്തുക്കളും അതുപോലെ തന്നെയായി മാറി. ഭക്ഷണംകൊണ്ടും സ്നേഹംകൊണ്ടും സന്തോഷം കൊണ്ടും മറക്കാനാവാത്ത ഒരനുഭവം അവര്‍ സൃഷ്ടിച്ചു. ‘മടങ്ങുമ്പോള്‍ ഹര്‍ദേവിന്റെ ചോദ്യം ഞാനും ചോദിച്ചുപോയി, ഏക് മുല്‍ക്... ഏക് ലഫ്സ്... ഫിര്‍ ദുശ്മനി.' കഴിഞ്ഞ മൂന്നു ദശാബ്ദക്കാലം ഉത്തരേന്ത്യയിലെ ജാതിരാഷ്ട്രീയത്തെ തൊട്ടടുത്തു നിന്നറിഞ്ഞ വെങ്കിടേഷിന് 1983ല്‍ ഡല്‍ഹിയിലെത്തി രണ്ടുദിവസത്തിനുള്ളില്‍ നേരിട്ട ചോദ്യം ഇന്നും ഓർമയുണ്ട്. 'ആപ്‌കാ ജാത് ക്യാ ഹെ?’ (താങ്കളുടെ ജാതി എന്താണ്?) എന്നായിരുന്നു അത്. കേരളത്തില്‍ പുരോഗമന രാഷ്ട്രീയ സാമൂഹിക അവസ്ഥകളില്‍ ജീവിച്ച ഒരു ഇരുപത്തിമൂന്നുകാരനെ ഞെട്ടിക്കുന്ന ചോദ്യം. പക്ഷേ ആ ചോദ്യത്തിലൂടെ ഉത്തരേന്ത്യയെ അറിയുകയായിരുന്നുവെന്ന് വെങ്കിടേഷ് പറയുന്നു. 'സങ്കോചമില്ലാതെ ജാതിചോദിക്കാന്‍ ഏറെ വൈകാതെ തന്നെ ഞാനും പരുവപ്പെട്ടു. എന്റെ ജാതി ചോദ്യം കേള്‍ക്കുമ്പോള്‍ പല കൂട്ടുകാരും ചീത്ത പറയാറുണ്ട്. കേരളത്തിലെ ഉല്‍പ്പതിഷ്ണു സമൂഹത്തിന്റെ മൂല്യബോധത്തിന്റെയും പെരുമാറ്റരീതികളുടെയും അടിസ്ഥാനത്തില്‍ ഉത്തരേന്ത്യന്‍ ജീവിതരീതികളെ വിലയിരുത്താന്‍ കഴിയില്ല എന്ന വാസ്തവം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, അത് പറയാറുമുണ്ട്. ആദ്യത്തെ ആ ജാതിഷോക്ക് ചോദ്യം കഴിഞ്ഞ് നാലുവര്‍ഷം കഴിയുംമുമ്പ് ഉത്തരേന്ത്യന്‍ നഗര‐ഗ്രാമങ്ങള്‍ നാടകീയവും അത്ഭുതകരം തന്നെയുമായ ഒരു പരിവര്‍ത്തനത്തിലൂടെ കടന്നുപോകുന്നതിന് സാക്ഷിയാകാന്‍ എനിക്ക് കഴിഞ്ഞു. വിശ്വനാഥ് പ്രതാപ് സിങ്ങിലൂടെയാണ് ആ വലിയ മാറ്റത്തിന് വഴിയൊരുങ്ങിയത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് അഴിച്ചുവിട്ട സാമൂഹിക കൊടുങ്കാറ്റില്‍ ഉത്തരേന്ത്യയിലെ താഴ്ന്ന ജാതിക്കാരുടെ കൂട്ടങ്ങള്‍ മേല്‍ജാതിക്കാര്‍ക്കെതിരെ തിരിയുന്ന കാഴ്ച ഗ്രാമങ്ങളിലെങ്ങും ഞാന്‍ കണ്ടു. ആദ്യരാത്രിയില്‍ ഭാര്യയെ മേല്‍ജാതിക്കാരന് കാഴ്ചവച്ചതിനു ശേഷം മാത്രം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്ന പശ്ചിമ ഉത്തര്‍പ്രദേശിലെ രാസ്‌ന പോലുള്ള ഗ്രാമങ്ങള്‍ ദളിത് രാഷ്ട്രീയ മേല്‍ക്കോയ്മയില്‍ സ്വതന്ത്രരാകുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. 1993നു ശേഷം ദളിതരും പിന്നാക്കജാതിക്കാരും സ്വന്തം സ്വത്വം ഉറപ്പിക്കുകയും ധൈര്യത്തോടെ ജാതിപറയാന്‍ തുടങ്ങുകയും ചെയ്തു. ജാതി ചോദിക്കാനുള്ള ഉത്തരേന്ത്യന്‍ പാഠം ഇന്ന് ഞാന്‍ സമർഥമായിത്തന്നെ പഠിച്ചുകഴിഞ്ഞു’. ഹൈസ്കൂള്‍ കാലത്ത്, സോവിയറ്റ് യൂണിയനില്‍ പാട്രിസ് ലുമുംബ സർവ്വകലാശാലയില്‍ പഠിച്ച് എന്‍ജിനീയറാകണം എന്നായിരുന്നു വെങ്കിടേഷിന് ആഗ്രഹം. 'എല്ലാ ദിവസവും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബമായതിനാല്‍, ഈ ആഗ്രഹത്തിനും ഒരു രാഷ്ട്രീയ പശ്ചാത്തലമായിരുന്നു. ചിലിയില്‍ സാൽവദോര്‍ അലൻഡെ കൊല്ലപ്പെട്ട 1973നു ശേഷമാണ് ഹൈസ്കൂളില്‍ ചേരുന്നത്. ആ സമയം മുതല്‍, എന്റെ ബാല്യകാല വിദ്യാഭ്യാസത്തിലെ വലിയ സ്വാധീനമായിരുന്ന ഏട്ടന്‍ വിശ്വനാഥന്‍, ചിലിയില്‍ പ്രൊഫഷണലുകള്‍ പിന്തുണയ്ക്കുന്ന ഒരു ഭരണം ഇല്ലാത്തതിനാലാണ് അലൻഡെയുടെ ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടത് എന്ന് വിശ്വസിച്ചിരുന്നു. ഇന്ത്യയില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അത്തരമൊരു ബലഹീനത ഉണ്ടാവാന്‍ പാടില്ലെന്നും, അതിനാല്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷവിശ്വാസികള്‍ പ്രൊഫഷണലായ വിദ്യാഭ്യാസവും കഴിവുകളും നേടിയെടുക്കണം എന്നും പറഞ്ഞിരുന്നു. അത്തരം ചിന്തകളാലും, ഗണിതത്തില്‍ മോശമല്ലാത്ത മാര്‍ക്ക് കിട്ടുന്നതുകൊണ്ടുമാണ് സോവിയറ്റ് യൂണിയനില്‍ പോയി എന്‍ജിനീയറിങ് പഠിക്കാന്‍ ആഗ്രഹം ഉണ്ടാവുന്നത്. പക്ഷെ, 1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം അതെല്ലാം മാറ്റിമറിച്ചു. 1975‐76 കാലത്ത്, പതിന്നാലാം വയസ്സില്‍, അടിയന്തരാവസ്ഥയില്‍ ഒളിവിലിരിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കുലറുകളും വിവരങ്ങളും എത്തിക്കുന്നതു മുതല്‍, പ്രത്യക്ഷമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു വരെ, സജീവമായി ഭാഗഭാക്കായി. ഇടതുപക്ഷ രാഷ്ട്രീയം കുടുംബാന്തരീക്ഷത്തിലുണ്ടായിരുന്നതിനാല്‍ ആരും അതിനെ എതിര്‍ത്തില്ല. 1975‐76 കാലത്ത്, പതിന്നാലാം വയസ്സില്‍, അടിയന്തരാവസ്ഥയില്‍ ഒളിവിലിരിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കുലറുകളും വിവരങ്ങളും എത്തിക്കുന്നതു മുതല്‍, പ്രത്യക്ഷമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കുവരെ, സജീവമായി ഭാഗഭാക്കായി. ഇടതുപക്ഷ രാഷ്ട്രീയം കുടുംബാന്തരീക്ഷത്തിലുണ്ടായിരുന്നതിനാല്‍ ആരും അതിനെ എതിര്‍ത്തില്ല. പ്രീഡിഗ്രിക്ക് ചേരുമ്പോഴും മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികമായെടുത്ത് പാട്രിസ് ലുമുംബ യൂണിവേഴ്സിറ്റി ലക്ഷ്യം തുടരുക തന്നെ ചെയ്തു. പക്ഷെ, പഠനത്തിനു മുകളില്‍ രാഷ്ട്രീയം എന്ന സിദ്ധാന്തം പ്രയോഗത്തില്‍ വരുത്തിയതുകൊണ്ട്, എന്‍ജിനീയറിങ്ങിനു പോകാനുള്ള മാര്‍ക്കൊന്നും പ്രീഡിഗ്രിയില്‍ കിട്ടിയില്ല. അങ്ങനെ എന്‍ജിനീയറിങ് സ്വപ്നം അകന്നുപോയി. 'രണ്ടാംവര്‍ഷ പ്രീഡിഗ്രിയില്‍ പത്രപ്രവര്‍ത്തനമാണ് സ്വന്തം വഴി എന്ന് തോന്നിയിരുന്നു. അതിന് പ്രധാനകാരണം, ആ വര്‍ഷം കോളേജ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടതും, അതിന്റെ ഭാഗമായി പരിചയപ്പെട്ട രണ്ട് വ്യക്തിത്വങ്ങളിലൂടെ ഈ മേഖലയില്‍ വലിയ സാന്നിധ്യമായിരുന്ന പലരെയും പരിചയപ്പെട്ടതുമായിരുന്നു. അങ്ങനെ പരിചയപ്പെട്ട വ്യക്തികളില്‍, ഏറ്റവും പ്രധാനപ്പെട്ടയാള്‍ എന്‍ റാം തന്നെയായിരുന്നു. സ്റ്റുഡന്റ് എഡിറ്റര്‍ എന്ന നിലയില്‍, എനിക്ക് മാർഗനിർദേശം നല്‍കാനായി തെരഞ്ഞെടുക്കപ്പെട്ട കോളേജിലെ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള എഡിറ്റര്‍ പ്രൊഫസര്‍ എം മുഹമ്മദായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ഉമ്മര്‍കോയ പഴയകാല കമ്യൂണിസ്റ്റും, രണ്ടാം ലോക യുദ്ധകാലത്തെ സമാധാനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും ഒക്കെയായിരുന്നു; അതിഭയങ്കരനായ ഒരു വായനക്കാരനും. വീട്ടില്‍നിന്നു പുറത്തുകൊണ്ടുപോകാന്‍ പറ്റാത്ത അദ്ദേഹത്തിന്റെ പുസ്തകശേഖരത്തില്‍ നിന്നാണ് ആദ്യമായി ഗ്യോര്‍ഗി ലൂക്കാച്ചിനെയും ക്രിസ്റ്റഫര്‍ കോഡ്‌വെല്ലിനെയും ഒക്കെ പ്രീഡിഗ്രിക്കാരന്‍ സ്റ്റുഡന്റ് എഡിറ്റര്‍ കണ്ടെത്തുന്നത്. അദ്ദേഹത്തെ ഒച്ചപ്പാടില്ലാതെ കണ്ണൂരില്‍ വന്നു കണ്ടുപോകുന്ന സുഹൃത്തുക്കളില്‍, കവി ഹരീന്ദ്രനാഥ് ചതോപാധ്യായയും എന്‍ റാമും നര്‍ത്തകി ചന്ദ്രലേഖയും വിശ്രുത ഫോട്ടോഗ്രാഫര്‍ ദശരഥ് പട്ടേലുമുണ്ടായിരുന്നു. ഇവരുടെ സൗഹൃദത്തിന്റെ ഒരു റിങ് സൈഡ് വ്യൂ അക്കാലത്ത് കിട്ടിയതാവണം, പത്രപ്രവര്‍ത്തനമാണ് ജീവിതത്തിന്റെ ഒരു വഴി എന്ന് തോന്നാന്‍ കാരണമായത്. അതിനു മുമ്പ്, കഥയെന്നും, കവിതയെന്നും സ്വയം നിർവചിച്ച ഒരുപാട് കുത്തിക്കുറിക്കലുകള്‍ നടത്തിയിരുന്നുവെങ്കിലും, നമുക്ക് പറ്റിയ പണി ക്രിയാത്മക രചനയല്ലെന്നും കേവലമായ വസ്തുതാകഥനമാണെന്നും, ഈ പരിചയപ്പെടുത്തലുകളും, അവ സമ്മാനിച്ച അനുഭവങ്ങളും ബോധ്യപ്പെടുത്തി. അതേ സമയത്തുതന്നെയാണ് അരുണ്‍ ഷൂരി തന്റെ പ്രഖ്യാതമായ ഭാഗല്‍പൂര്‍ വർഗീയ നായാട്ടും, മഹാരാഷ്ട്ര സിമന്റ് കുംഭകോണ അന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തുകൊണ്ടുവരുന്നത്. എന്‍ റാമിന്റെയും ദശരഥ് പട്ടേലിന്റെയും വ്യക്തിത്വം, അരുണ്‍ ഷൂരിയുടെ റിപ്പോര്‍ട്ടുകള്‍, പത്രപ്രവര്‍ത്തകനായിരിക്കുമ്പോഴും സാഹിത്യകാരനായിരുന്ന ഖുശ്വന്ത് സിങ്ങിന്റെ രചനാരീതി, കേരളത്തില്‍ത്തന്നെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മുതല്‍ കെ ആര്‍ ചുമ്മാര്‍ വരെയുള്ള വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്ര പത്രപ്രവര്‍ത്തന പന്ഥാവുകള്‍ പിന്തുടര്‍ന്ന ആളുകളുടെ പ്രകാശനരീതികള്‍, ഇതെല്ലാം സ്വാധീനിക്കുകയും, ഓർമയില്‍ തങ്ങിനില്‍ക്കുകയും ചെയ്തു’. 'രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് പത്രപ്രവര്‍ത്തനവും എന്ന ചിന്തയാണ് പത്രപ്രവര്‍ത്തനത്തിലെ ആദ്യകാലത്ത് പ്രബലമായി നിലനിന്ന സ്വാധീനം. രാഷ്ട്രീയം ഇടതുപക്ഷമായിരുന്നു. ചിന്തയും അങ്ങനെ തന്നെ. മറ്റു ചില വഴികള്‍ മുന്നിലുണ്ടായിട്ടും, ദേശാഭിമാനിയില്‍ എത്തുന്നതങ്ങനെയാണ്. പുറമെ പരസ്യം ചെയ്ത് ദേശാഭിമാനി റിക്രൂട്ട് ചെയ്ത ആദ്യത്തെ ബാച്ചിലെ ഒരാളായിരുന്നു 1983ല്‍ ഞാന്‍. അന്ന് പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ സി എം അബ്ദുറഹ്മാനാണ്. പത്രപ്രവര്‍ത്തനത്തിലേക്ക് ഹരിശ്രീ കുറിച്ച് റിക്രൂട്ട് ചെയ്ത ഇന്റർവ്യൂ ബോര്‍ഡില്‍ പി ഗോവിന്ദപ്പിള്ളയും തായാട്ട് ശങ്കരനും സി പി നാരായണനും എം എന്‍ കുറുപ്പും ഇക്കണോമിക് ടൈംസ് ജനാര്‍ദ്ദനനും ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകാലത്ത് ഏറ്റവും വലിയ സ്വാധീനം നിസ്സംശയം സി എം അബ്ദുറഹ്മാന്‍ തന്നെയായിരുന്നു. ഒരേസമയം പത്രപ്രവര്‍ത്തനത്തെയും ആശയങ്ങളുടെ വലിയ ലോകത്തെയും സമഗ്രമായി മനസ്സിലാക്കിയിരുന്ന പഴയകാല പത്രപ്രവര്‍ത്തകരുടെ നല്ല സ്പെസിമെന്‍. അദ്ദേഹത്തിന് ശിഷ്യപ്പെടാന്‍ സാധിച്ചത് ഭാഗ്യമെന്ന് കരുതുന്നു. ജേണലിസത്തിന്റെ അടിസ്ഥാന ഘടകങ്ങളായ നല്ല റിപ്പോര്‍ട്ടിങ്ങും നല്ല എഡിറ്റിങ്ങും സി എം അബ്ദുറഹ്മാന് ആഴത്തില്‍ അറിയാമായിരുന്നു. പത്രങ്ങള്‍ ജനങ്ങള്‍ക്കു മുന്പില്‍ അവതരിപ്പിക്കുന്നതിലെ പ്രധാനപ്പെട്ട പണിയായ പേജ് ഡിസൈനിങ്ങിലും അത്ഭുതകരമായ പ്രാവീണ്യമുണ്ടായിരുന്നു. അക്കാലത്ത് മത്സരത്തിനയച്ചിരുന്നെങ്കിൽ എത്രയോ സി എം അബ്ദുറഹ്മാന്‍ പേജുകള്‍ അന്താരാഷ്ട്രതലത്തില്‍തന്നെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയേനെ. അബ്ദുറഹ്മാന്‍ എഴുതുന്ന ലേഖനങ്ങളും പഠനത്തിന്റെ വ്യാപ്തിയിലും അവതരണത്തിന്റെ സൂക്ഷ്മതയിലും അന്താരാഷ്ട്ര നിലവാരമുള്ളതായിരുന്നു. ‘സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താനിക് വേര്‍സസ്' നിരോധിച്ച ദിവസം അബ്ദുറഹ്മാന്‍ എഴുതിയ ‘ദേശാഭിമാനി'യിലെ മുഖപ്രസംഗം ഇത്തരത്തിലൊന്നാണെന്ന് വെങ്കിടേഷ് ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കയിലെ വർണവെറിക്കെതിരായ സമരം, പലസ്തീന്‍ പോരാട്ടം, ദേശീയ പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളില്‍ സമാനമായ ലേഖനങ്ങള്‍ മിക്കവാറും സമയങ്ങളില്‍ പേരു വെക്കാതെ അബ്ദുറഹ്മാന്‍ എഴുതിക്കൊണ്ടേയിരുന്നു’. 'ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിലേക്കുള്ള എന്റെ മാറ്റം അടിസ്ഥാനപരമായി ചെറുപ്പത്തില്‍ അച്ഛന്‍ എ രാമകൃഷ്ണന്‍ പഠിപ്പിച്ച ഇംഗ്ലീഷിന്റെ ബലത്തിലുള്ളതായിരുന്നു. യുപി സ്കൂള്‍ കാലം മുതല്‍ ഏതാണ്ട് ഡിഗ്രിയുടെ ആദ്യവര്‍ഷങ്ങള്‍ വരെ ആഴ്ചയില്‍ മൂന്ന് വൈകുന്നേരങ്ങളിലെങ്കിലും അച്ഛന്‍ നയിക്കുന്ന സാംസ്കാരിക സദസ്സ് വീട്ടിലുണ്ടാവും. ഷേക്സ്പിയറും ബര്‍ണാഡ് ഷായും മുതല്‍ ലോറന്‍സ് ഡ്യുറലും ഹെന്‍റി മില്ലറും വരെയും, ടൈം മാസികയുടെയും ന്യൂയോര്‍ക്കറിന്റെയും പുതിയതും പഴയതുമായ ലക്കങ്ങളും പഠിപ്പിക്കപ്പെടുകയും, ചര്‍ച്ചയ്ക്ക് വിധേയമാവുകയും ചെയ്യുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം തന്നെയായിരുന്നു, ആ സദസ്സുകളിലെ മുഖ്യ ഇനം. മലയാള സാഹിത്യം, സംഗീതം, വിശേഷിച്ച് കർണാടക സംഗീതം, സിനിമകള്‍, പ്രണയം, സെക്സ് എന്നിങ്ങനെ ഭൂമിക്കു താഴെയുള്ള മറ്റു വിഷയങ്ങളും, ചെറിയ ചെറുപ്പക്കാരും, വലിയ ചെറുപ്പക്കാരനും കൂടി മണിക്കൂറുകളോളം ചര്‍ച്ച ചെയ്യും. മിക്കവാറും സദസ്സുകളില്‍ എന്റെ സഹപാഠികളോ, സമപ്രായക്കാരോ ആയ അഞ്ചെട്ടുപേര്‍ ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍, ഇതിന്റെയെല്ലാം ആകെത്തുകയായിരുന്നു, വലിയ തെറ്റില്ലാതെ ഇംഗ്ലീഷ് എഴുതാനും പറയാനുമുള്ള സിദ്ധി. അത് കൈമുതലാക്കിയാണ്, ‘ദേശാഭിമാനി'യില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ,‘ബ്ലിറ്റ്സ്',‘കറന്റ് ’മാസികകളില്‍ ചെറിയ ലേഖനങ്ങള്‍ എഴുതിയിരുന്നത്. 1985ല്‍ ദേശാഭിമാനിയുടെ ഡല്‍ഹി ലേഖകനായി പറഞ്ഞയക്കപ്പെടുന്നതിനു മുന്പ്, കോഴിക്കോടും കാസര്‍കോടുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന സമയത്തും, ഇങ്ങനെ ഇംഗ്ലീഷില്‍ ചെറുകുറിപ്പുകള്‍ എഴുതുമായിരുന്നു. 85ല്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍, ഈ ഇംഗ്ലീഷ് എക്സ്പോഷര്‍ കൂടുതല്‍ വിസ്തൃതമായി’. 'ഡല്‍ഹി ജീവിതത്തിനിടയില്‍, 1987ല്‍, എന്‍ റാമുമായി കോളേജ് കാലത്തുണ്ടായിരുന്ന ബന്ധം പുനഃസ്ഥാപിച്ചു. പക്ഷെ, അത് കൂടുതല്‍ ദൃഢമായത്, 1990കളുടെ തുടക്കത്തില്‍ എന്‍ റാം ഫ്രണ്ട്‌ലൈനിന്റെ എഡിറ്ററായി ചാര്‍ജ്ജെടുത്തപ്പോഴാണ്. അതോടെ ഫ്രണ്ട്‌ലൈനിലും ഇടയ്ക്കിടെ എഴുതിത്തുടങ്ങി. ഇത് 1991ലെ തെരഞ്ഞെടുപ്പോടെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ന്നു. തെരഞ്ഞെടുപ്പ് കാലത്ത് പഞ്ചാബ് മുതല്‍ ബംഗാള്‍ വരെ ട്രെയിനില്‍ കയറി തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ ‘ദേശാഭിമാനി' ലേഖകര്‍ പോകാറുണ്ടായിരുന്നു. ഒന്നുരണ്ടു മാസമെടുക്കുന്ന ഒരു യാത്രയാണത്. 1991ലെ തെരഞ്ഞെടുപ്പുകാലത്ത് ഈ യാത്രയ്ക്കിടയില്‍ ‘ഫ്രണ്ട്‌ലൈനി'നുവേണ്ടി ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാലത്താണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ് ആ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സ്റ്റോറിയായിരുന്ന, വിശ്വഹിന്ദു പരിഷത്ത് കര്‍സേവ രക്തസാക്ഷി ലിസ്റ്റ് തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നത്’. '1990ല്‍ അയോധ്യയില്‍ നടന്ന രാംമന്ദിര്‍ കര്‍സേവക്കെതിരെ മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ പോലീസ്‐അർധ സൈനിക നടപടിയില്‍, നൂറില്‍പ്പരം ആളുകള്‍ രക്തസാക്ഷികളായി എന്നായിരുന്നു, വിശ്വഹിന്ദു പരിഷത്തിന്റെയും, രാഷ്ട്രീയ സ്വയംസേവക് സംഘ് നയിക്കുന്ന മറ്റ് സംഘപരിവാര്‍ സംഘടനകളുടേയും പ്രഖ്യാപനം. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റാവട്ടെ മരിച്ചവരുടെ എണ്ണം ഇത്രയൊന്നുമില്ലെന്നും, ഏതാണ്ട് ഇരുപതിനടുത്തേ ഉണ്ടാകൂ എന്നും വാദിച്ചു. അപ്പോഴാണ് വിഎച്ച്പി, രക്തസാക്ഷികളുടെ ആദ്യ ലിസ്റ്റ് എന്നു പറഞ്ഞ്, 75 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ശീതള്‍ സിങ് എന്ന ഹിന്ദി പത്രപ്രവര്‍ത്തകനും ഞാനും ചേര്‍ന്ന് ആ കര്‍സേവകരുടെ ലിസ്റ്റ് പരിശോധിച്ചു. അതില്‍ 26 പേര്‍ യുപിയില്‍ നിന്നായിരുന്നു. ലിസ്റ്റ് ക്രോസ് ചെക്ക് ചെയ്തപ്പോള്‍ ഈ 26ല്‍ നാലുപേരെ ജീവനോടെ കണ്ടെത്തി. മറ്റു കാരണങ്ങളാല്‍ മരിച്ചവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലിസ്റ്റിലുണ്ടായിരുന്നവരില്‍ ചിലര്‍ ഈ ഭൂമുഖത്തേ ഉണ്ടായിരുന്നിട്ടില്ല എന്നും കണ്ടെത്താന്‍ കഴിഞ്ഞു. ആ സ്റ്റോറി ഹിറ്റായി. ബോംബെ ഫ്ളോറ ഫൗണ്ടന്‍ സ്റ്റേഷന്റെ മുന്നിലൊക്കെ 30 അടിയുള്ള കട്ട് ഔട്ടായി ആ സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. അതു കഴിഞ്ഞപ്പോഴാണ് ഫ്രണ്ട്‌ലൈനിലേക്ക് ഓഫര്‍ വരുന്നത്. 1991 ഒക്ടോബറില്‍ ചേര്‍ന്നു. 1991 മുതല്‍ അയോധ്യ കവര്‍ ചെയ്യാന്‍ തുടങ്ങി. 1992ല്‍ ബാബ്റി മസ്‌ജിദിന്റെ ഉന്മൂലനം ഞാന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ഡിസംബര്‍ 5ന് പുറത്തിറങ്ങിയ ഫ്രണ്ട്‌ലൈനില്‍ ബാബ്റി മസ്‌ജിദ് തകര്‍ക്കാനുള്ള സൂയിസൈഡ് സ്ക്വാഡ് റെഡിയാണെന്ന് എഴുതിയിരുന്നു. അത് പബ്ലിഷ് ചെയ്യണോ എന്ന് റാം വലിയ സംശയത്തിലായിരുന്നു. അവസാനം വലിയ മാറ്റങ്ങളൊന്നുമില്ലാതെ പ്രസിദ്ധീകരിച്ചു. ‘വീരസവര്‍ക്കര്‍ ‘കാലാപാനി'യില്‍നിന്ന് മാപ്പപേക്ഷിച്ചാണ് പുറത്തുവന്നത് എന്ന സ്റ്റോറിയും സമാനമായ രീതിയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ തലത്തില്‍ സംഘപരിവാറിന് തലവേദന ഉണ്ടാക്കുകയും, രാഷ്ട്രീയ രംഗത്ത് ചില ഇളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഉത്തരേന്ത്യയിലെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഏറ്റവും വലിയ പ്രൊഫഷണല്‍ സ്വാധീനങ്ങളില്‍ ഒന്നായി വെങ്കിടേഷ് കണക്കാക്കുന്ന കൃഷ്ണന്‍ ദുബെ എന്ന കൃഷ്ണചന്ദ്ര ദുബെയുമായി ചേര്‍ന്നാണ് സവര്‍ക്കറിന്റെ മാപ്പപേക്ഷ കഥ ഫ്രണ്ട് ലൈന്‍ മാസികയിലൂടെ പുറത്തുകൊണ്ടുവരുന്നത്. 1996ല്‍ ആയിരുന്നു അത്. 1991 മുതല്‍ തന്നെ ഡല്‍ഹിയില്‍ വച്ച് പരിചയപ്പെട്ട ദുബെജീ അക്ഷരാർഥത്തില്‍ അതിമാനുഷികമായ വര്‍ക്ക് കള്‍ച്ചര്‍ ഉണ്ടായിരുന്ന ആളായിരുന്നു എന്ന് വെങ്കിടേഷ് ഓര്‍മിക്കുന്നു. ഒരുകാലത്ത് എ കെ ജിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ദുബെജീ പരിചയപ്പെട്ട കാലം മുതല്‍ പിന്തുടര്‍ന്നിരുന്ന ഒരു പാഷന്‍ ഹിന്ദിയില്‍ സ്വന്തമായി ഒരു മിനി സൈക്ലോപീഡിയ എഴുതുക എന്നതായിരുന്നു. അതിനായി വര്‍ഷങ്ങളോളം തുടര്‍ച്ചയായി നാഷണല്‍ ആര്‍കൈവ്സിലും മറ്റും അദ്ദേഹം ഗവേഷണം നടത്തിയിരുന്നു. ജീവിതായോധനത്തിനായുള്ള മറ്റു ജോലികള്‍ക്കിടയില്‍ പിന്തുടര്‍ന്ന ഈ പാഷനിടയിലാണ് നാഷണല്‍ ആര്‍കൈവ്സില്‍ നിന്ന് സവർക്കറിന്റെ തുടർ മാപ്പ് അപേക്ഷകള്‍ ദുബെജീ കണ്ടെത്തുന്നത്. സവര്‍ക്കര്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ പലരും ഇതിനെപ്പറ്റി പരാമര്‍ശിച്ചിരുന്നുവെങ്കിലും ഹിന്ദുത്വ രാഷ്ട്രീയം പുതിയ തലങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരുന്ന 1990കളില്‍ ഈ കാര്യം വീണ്ടും പുറത്തുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന് ദുബെജീക്ക് ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണ് പത്രപ്രവര്‍ത്തനത്തിന്റെ തലത്തില്‍ ഈ കണ്ടെത്തലിനെ സമകാലിക സംഭവങ്ങളുമായും രാഷ്ട്രീയവുമായും ബന്ധപ്പെടുത്തി അടയാളപ്പെടുത്തേണ്ട കാര്യങ്ങള്‍ വെങ്കിടേഷ് അന്വേഷിക്കുന്നത്. ആ ശ്രമങ്ങള്‍ കൂടി വിജയിച്ചതോടെ ഇരുവരും ചേര്‍ന്ന് സവര്‍ക്കറിന്റെ മാപ്പപേക്ഷയുടെ കഥ ഫ്രണ്ട്‌ലൈനില്‍ പുറത്തുകൊണ്ടുവന്നു. ഇന്ത്യയില്‍ അങ്ങോളമായി നൂറോളം സ്ഥലങ്ങളില്‍ ഇരുവര്‍ക്കും എതിരെ കേസ് കൊടുക്കും എന്നായിരുന്നു സംഘപരിവാറിന്റെ നേതൃത്വത്തില്‍ നിന്നുള്ള ആദ്യ പ്രതികരണം. പക്ഷേ വാര്‍ത്തയ്ക്ക് ആധാരമായ തെളിവുകള്‍ ധാരാളമായിത്തന്നെ ഇരുവരുടെയും കയ്യിലുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞ സംഘപരിവാര്‍ നേതൃത്വം പിൻവാങ്ങുകയായിരുന്നു. 'ഫ്രണ്ട്‌ലൈനില്‍ നിന്ന് 2000ത്തില്‍ ഇന്ത്യാവിഷനില്‍ ചേര്‍ന്നു. കേരളത്തില്‍നിന്ന് ദേശീയ നിലവാരമുള്ള ഒരു ചാനല്‍ എന്ന് വിഭാവനം ചെയ്തുകൊണ്ടാണ്, ഇന്ത്യാവിഷന് ആ പേര് നല്‍കിയത്. തന്റെ കൈകൊണ്ട് എഴുതിയുണ്ടാക്കിയ ഡ്രാഫ്‌റ്റ് കോണ്‍സപ്റ്റ് റിപ്പോര്‍ട്ടും, ഫങ്ഷനല്‍ ടെംപ്ലേറ്റുമൊക്കെ ഈ വിശാല ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉന്നമിട്ടുള്ളതായിരുന്നു. ചാനല്‍ എയറില്‍ പോകുന്നതിനു മുന്പ്, ഒന്നര വര്‍ഷത്തോളം ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കി. എന്നാല്‍, ഇന്ത്യാവിഷന്റെ പ്രവര്‍ത്തനരീതി സുഖമല്ലെന്ന് തോന്നിയപ്പോള്‍ അവിടം വിട്ടു. വീണ്ടും ഇംഗ്ലീഷ് പത്രപ്രവര്‍ത്തനം. കുറേ നാള്‍ ‘ദി ടെലിഗ്രാഫി'ല്‍ ജോലി ചെയ്തു. ബിബിസിയുടെ സൗത്ത് ഇന്ത്യാ കോണ്‍ട്രിബ്യൂട്ടറായും പണിയെടുത്തിട്ടുണ്ട്. ബിബിസിയിലെ പ്രവര്‍ത്തനകാലത്ത് ലണ്ടനിലെ ബുഷ് ഹൗസില്‍ പരിശീലനത്തിന് പോകാന്‍ അവസരം ലഭിച്ചു. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പോടെ വീണ്ടും ഫ്രണ്ട്‌ലൈനിലെത്തി’. ഡല്‍ഹി നഗരം മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള വീക്ഷണത്തെ, പ്രവര്‍ത്തനശൈലിയെ മാറ്റിമറിച്ചുവെന്ന് വെങ്കിടേഷ് വിശ്വസിക്കുന്നു. '1985ല്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പകരക്കാരനായി ഡല്‍ഹിയിലെത്തുന്നതിനു മുമ്പ്, എനിക്കുണ്ടായിരുന്ന ഒരേയൊരു വന്‍നഗര അനുഭവം ബോംബെ ആയിരുന്നു. ഒരുപാട് ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നതിനാലും, വര്‍ഷത്തിലൊന്നോ രണ്ടോ തവണ പുസ്തകങ്ങള്‍ വാങ്ങാന്‍ മാത്രം അച്ഛന്‍ അവിടെ എത്തുമായിരുന്നു എന്നതിനാലും, അതില്‍ സഹയാത്രികനായി പ്രമോട്ട് ചെയ്യപ്പെട്ടതിനാലും ഒക്കെ കോളേജ് കാലത്ത് ഇടയ്ക്കിടെ ബോംബെയിലെത്തുമായിരുന്നു. പക്ഷെ, ഡല്‍ഹി എന്ന രാഷ്ട്രീയ തലസ്ഥാനം ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍, പുതിയ എക്സ്പോഷര്‍ നല്‍കി. നാളിതുവരെ കണ്ട രാഷ്ട്രീയവും, ജീവിതവും സാമൂഹിക പരിപ്രേക്ഷ്യവും ഒക്കെ അപൂർണമാണ് എന്ന് ഡല്‍ഹിയില്‍ എത്തിയ നാള്‍ മുതല്‍ പഠിച്ചുതുടങ്ങി; അതിശയോക്തിയില്ലാതെ, അക്ഷരാർഥത്തില്‍. ഡല്‍ഹിയിലെത്തി രണ്ടാംനാള്‍ ജാതി ചോദിച്ച പ്രമുഖ ഇടതുപക്ഷ സാഹിത്യകാരന്‍ മുതല്‍, പില്‍ക്കാലത്ത് എല്ലാ പാർടികളിലുമുള്ള നേതാക്കന്മാര്‍ പല തരത്തില്‍, പല സൈസുകളിലും, പല കോലത്തിലും കൂട്ടുചേര്‍ന്ന് മുന്നോട്ടു നീക്കിയിരുന്ന കച്ചവടങ്ങൾവരെയും, അതുവരെ കിട്ടിയിട്ടില്ലാത്ത അനുഭവങ്ങളുടെ ഒരു മഹാപ്രപഞ്ചം തുറന്നുകിട്ടി. അതിപ്പോഴും തുടരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എക്സ്പോഷറിന്റെ അവസാന വാക്കാണ് ഡല്‍ഹി എന്നു ഞാന്‍ കരുതുന്നു. ഇന്ത്യയിലെ എല്ലാ ഭാഗത്തും പ്രാദേശിക പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ നിര്‍ബന്ധമായും ഇവിടെ വന്ന് ജോലിയെടുക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡല്‍ഹിയുടെ എക്സ്പോഷര്‍ സ്വന്തം സാഹിത്യത്തിലൂടെ സ്വാംശീകരിച്ച വി കെ എന്നിന്റെ ‘ആരോഹണ' വും, ‘അധികാര'വും, ‘പയ്യന്‍കഥകളും', ഡല്‍ഹിയുടെ പാഠങ്ങളെ കൂടുതല്‍ മൂര്‍ത്തവത്കരിച്ചു. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യയെ സംബന്ധിച്ച ഫിനമിനോളജി സൂത്രങ്ങളുടെ താക്കോലാണ് ഡല്‍ഹി’. 'ഡല്‍ഹിയിലെ ആദ്യത്തെ മൂന്നു വര്‍ഷം, ദിനേന എന്നോണം ഒരു വലിയ മനുഷ്യനുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് രാഷ്ട്രീയ പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും, ഒരു മനുഷ്യന്‍ എന്ന നിലയില്‍ പോലും, പില്‍ക്കാല ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സ്വാധീനവും പ്രഭാവവുമുണ്ടാക്കി. ഇ എം എസ് ആയിരുന്നു ആ മനുഷ്യന്‍. 'ഡല്‍ഹിയിലെ ആദ്യത്തെ മൂന്നു വര്‍ഷം, ദിനേന എന്നോണം ഒരു വലിയ മനുഷ്യനുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് രാഷ്ട്രീയ പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും, ഒരു മനുഷ്യന്‍ എന്ന നിലയില്‍ പോലും, പില്‍ക്കാല ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സ്വാധീനവും പ്രഭാവവുമുണ്ടാക്കി. ഇ എം എസ് ആയിരുന്നു ആ മനുഷ്യന്‍. അക്കാലത്ത് ദേശാഭിമാനിയിലെ എല്ലാ സ്റ്റാഫിന്റെയും പത്രപ്രവര്‍ത്തകരും, ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍മാരുടെയുമൊക്കെ ഉത്തരവാദിത്വങ്ങളിലൊന്ന്, ഇ എം എസ്സിന്റെ ലേഖനങ്ങള്‍ കേട്ടെഴുതുക എന്നുള്ളതായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ രാഷ്ട്രീയ കൂര്‍മ്മതയും വിശകലനസിദ്ധികളും അടുത്തുനിന്നു കാണാനും, അതുമായി പ്രതിവര്‍ത്തിക്കാനും സാധിച്ചു. ആ എഴുത്തുവേളകളിലാണ് മുന്പ് പലരും പറഞ്ഞുകേട്ടിട്ടുള്ള ഇ എം എസ്സിന്റെ അത്ഭുതകരമായ ഓർമശക്തി സ്വന്തം അനുഭവത്തിന്റെയും ഭാഗമാവുന്നത്. പല ലേഖനങ്ങളിലും, മാര്‍ക്സും ലെനിനും മുതല്‍ വിവേകാനന്ദനും ശങ്കരാചാര്യരും വരെ ഉദ്ധരിക്കപ്പെടാറുണ്ട്. ഉദ്ധരണികള്‍ക്കുശേഷം, ബ്രാക്കറ്റ് എന്നുപറഞ്ഞ്, പുസ്തകത്തിന്റെയും ലേഖനത്തിന്റെയും പേരും, പേജ് നമ്പറും വരിയുമെല്ലാം ഒരു റഫറന്‍സുമില്ലാതെ ഓർമയില്‍ നിന്ന് കേട്ടെഴുത്തുകാരനിലേക്കെത്തും. ലേഖനം മുഴുമിപ്പിച്ചതിനു ശേഷം, മുറിയിലോ, സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിലെ ലൈബ്രറിയിലോ ഉള്ള പുസ്തകം എടുത്ത് ഒത്തുനോക്കാന്‍ പറയും. ലേഖനത്തിന്റെ പേരും പേജ് നമ്പറും വരിയും ഒക്കെ കിറുകൃത്യമായിരിക്കും’. 'ഒരു രാഷ്ട്രീയ നേതാവ് എന്തെല്ലാം രീതിയിലാണ് തന്റെ സാമൂഹിക രാഷ്ട്രീയ സൂചകങ്ങള്‍ പിടിച്ചെടുക്കുന്നത് എന്ന് ഇ എം എസ്സിന്റെ പൊളിറ്റിക്കല്‍ മോണിറ്ററിങ്ങില്‍നിന്ന് ഗാഢമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ്, അഖിലേന്ത്യാ മുസ്ലീം ലീഗുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോള്‍, അത് രാഷ്ട്രീയമായി പ്രതികൂലാവസ്ഥ ഉണ്ടാക്കുമെന്ന് കരുതിയ ഒരുപാടാളുകള്‍ പാർടിയിലുണ്ടായിരുന്നു. പക്ഷെ പോളിങ്ങിന് മൂന്നുദിവസം മുന്പ് മലപ്പുറത്തുവച്ച്, സുഹൃത്ത് ജി വിക്രമന്‍ നായരോട് ഇ എം എസ്, ആ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കാന്‍ പോവുകയാണെന്ന് ഉറപ്പിച്ചുപറഞ്ഞു. ഒരു നൂറുപേരുമായുള്ള ഇടപഴകലുകളില്‍നിന്ന് എനിക്കത് വായിച്ചെടുക്കാനാവും എന്നാണ് അന്ന് ഇ എം എസ് പറഞ്ഞത്. ആ നൂറ് കാര്യങ്ങളും, ആളുകളും സിപിഐ എമ്മിനകത്തോ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരിവൃത്തിക്കുള്ളിലോ, മാത്രമുള്ളവര്‍ ആയിരുന്നില്ല എന്നും അന്നദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. അങ്ങനെ ഉള്ള വിശാലമായ ഇടപഴകലുകളും, വീക്ഷണ സമാഹരണവും ഇന്ന് രാഷ്ട്രീയത്തിലുണ്ടോ’? ‘ഒരു വ്യക്തി എന്ന നിലയിലും ഇ എം എ സ് ഉണ്ടാക്കിയ സ്വാധീനം ആഴത്തിലുള്ളതും, അതിശയിപ്പിക്കുന്നതുമായിരുന്നു. രാവിലെ ഏഴു മണി മുതല്‍ ഒന്പതര വരെയാണ് സാധാരണയായി കേട്ടെഴുത്ത്. എട്ട് എട്ടേകാലാവുമ്പോള്‍, ഒരു ചായ കേന്ദ്രകമ്മിറ്റി ഓഫീസിലെ മെസ്സില്‍നിന്ന് രണ്ടുപേര്‍ക്കും കൊണ്ടുവരും. എഴുത്തു കഴിഞ്ഞ് പോകുമ്പോള്‍ അവരവരുടെ കപ്പുകള്‍ സ്വയം കഴുകി വെക്കണം എന്നുള്ളതാണ് സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലെ വഴക്കം. ഒരു ദിവസം എന്തോ തിരക്കില്‍ കപ്പു കഴുകി വെക്കാന്‍ ഞാന്‍ മറന്നുപോയി. അക്കാലത്ത് താമസിച്ചിരുന്ന വിത്തല്‍ഭായ് പട്ടേല്‍ ഹൗസ്, കേന്ദ്രകമ്മിറ്റി ഓഫീസില്‍നിന്ന് നടന്നുപോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. പാതിവഴി എത്തിയപ്പോഴാണ് ഓർമ വന്നത്, കപ്പ് കഴുകി വച്ചിട്ടില്ല എന്ന്. തിരിച്ചോടി എഴുത്തുമുറിയില്‍ ചെന്നപ്പോള്‍ കപ്പ് കാണാനില്ല. ഓടി അടുക്കളയില്‍ ചെന്നു. അപ്പോഴേക്കും ഇ എം എസ് കപ്പ് കഴുകി കമഴ്ത്തി വെച്ചിരുന്നു. ‘ഇ എം, ഞാന്‍ മറന്നുപോയി,' ക്ഷമാപണസ്വരത്തില്‍ ഞാന്‍ പറഞ്ഞപ്പോള്‍ കൈ ചെറുതായി ഉയര്‍ത്തി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘ഏയ്, സാരമില്ല’. '1988ല്‍, അച്ഛന് സുഖമില്ലാതായതിനാല്‍, ഞാന്‍ കേരളത്തിലേക്ക് തിരിച്ചുവന്നു. ആ തിരിച്ചുവരവിന്റെ കാര്യം പറഞ്ഞപ്പോള്‍, പോകുന്നതിന്റെ തലേദിവസം രാത്രിഭക്ഷണം അദ്ദേഹത്തോടൊപ്പമാവാം എന്നു പറഞ്ഞു. ഞാനും ഇ എം എസ്സും മാത്രം ഉണ്ടായിരുന്ന ആ ലളിതമായ ഡിന്നര്‍ ചോറും സാമ്പാറും രസവും മെഴുക്കുപുരട്ടിയും പപ്പടവും ഒക്കെയുള്ളതായിരുന്നു. ഇ എം എസ് അന്ന് താമസിച്ചിരുന്ന 20 ജന്‍പഥില്‍ ചെന്നുകയറുമ്പോള്‍, അദ്ദേഹം വാക്ക്മാനില്‍ ഇയര്‍ഫോണ്‍ വെച്ച് എന്തോ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഡിന്നര്‍ കഴിഞ്ഞപ്പോഴാണ്, എന്താ വാക്ക്മാനില്‍ കേട്ടുകൊണ്ടിരുന്നത് എന്ന് ചോദിച്ചത്. ആ ചോദ്യത്തിനുള്ള മറുപടി, ഇ എം എസ്സിന്റെ അറിയപ്പെടാത്ത ഒരു വശം കൂടി തന്നു. ബഡേ ഗുലാം അലിഖാന്‍. ആ വൈകുന്നേരത്തിനുശേഷം പിന്നീട് ഇ എം എസ്സിനെ കാണുമ്പോഴൊക്കെ ആദ്യത്തെ ചോദ്യം, ‘അച്ഛന് എങ്ങനെയുണ്ട്' എന്നാകുമായിരുന്നു. ആ ചോദ്യവും മറ്റ് വലിയ നേതാക്കന്മാരില്‍നിന്ന് വ്യത്യസ്തമായ ഒരനുഭവമായി എന്നും കൂടെയുണ്ട്’. ഡല്‍ഹി ജീവിതത്തിനിടയില്‍ മറ്റൊരു വലിയ സ്വാധീനവും, പത്രപ്രവര്‍ത്തന പ്രചോദനവും, കൃഷ്ണന്‍ ദുബെ എന്ന് സ്വയം വിളിക്കാന്‍ ഇഷ്ടപ്പെട്ട കൃഷ്ണ ചന്ദ്ര ദുബെയും, ഗോപാലന്‍ വിക്രമന്‍ നായര്‍ എന്ന ജി വി ദായുമായിരുന്നു. ജി വി ജീവിതത്തിലേക്ക് എത്തുന്നത്, 1986 അവസാനവും 87 ആദ്യവുമായി, പശ്ചിമബംഗാളില്‍ ഏറെക്കാലം തമ്പടിച്ച് ചലച്ചിത്രോത്സവവും, തെരഞ്ഞെടുപ്പും കവര്‍ ചെയ്തപ്പോഴാണ്. കൃഷ്ണന്‍ ദുബെ, 90കളുടെ തുടക്കത്തിലും. ബംഗാളിയില്‍ ശൈലീകാരനായ ജി വി എന്ന അരൂര്‍ക്കാരന്‍ മലയാളി, അനിയനായി സ്വയം പ്രഖ്യാപിച്ച് ഏറ്റെടുക്കുകയായിരുന്നു. അത് ഗാഢസൗഹൃദമായി വളരാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. 1950കളുടെ അവസാനവും, അറുപതുകളുടെ തുടക്കത്തിലും എ കെ ജിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കൃഷ്ണന്‍ ദുബെ, കമ്യൂണിസ്റ്റ് പാർടി പിളര്‍ന്നപ്പോള്‍ പത്രപ്രവര്‍ത്തനം ജീവിതായോധനമാക്കിയ ആളാണ്. ‘പേട്രിയട്ടും', ‘ടൈംസ് ഓഫ് ഇന്ത്യ'യും മുതല്‍, ഹിന്ദിയിലെ ‘ദൈനിക് ജാഗരണി'ലും, ‘നവഭാരത് ടൈംസി'ലും ‘സമയ് സൂത്രധാറി'ലുംവരെ അദ്ദേഹം പത്രപ്രവര്‍ത്തനം പയറ്റി; ഏതാണ്ട് അക്ഷരാർഥത്തില്‍ത്തന്നെ. ‘1990ലെ അയോധ്യയിലെ ഹിന്ദുത്വ കര്‍സേവയ്ക്കുശേഷം, വിശ്വഹിന്ദുപരിഷത്തും, ബിജെപിയും, സംഘപരിവാറിലെ മറ്റു ഘടകങ്ങളും, നൂറുകണക്കിനാളുകള്‍ സുരക്ഷാ സൈനികരുടെയും, പോലീസിന്റെയും വെടിയേറ്റു മരിച്ചു എന്ന് പ്രചരിപ്പിച്ചപ്പോള്‍, അത് ഏറ്റെടുക്കാന്‍ നിന്ന പത്രമുടമസ്ഥരെ വെല്ലുവിളിച്ച്, ഈ കള്ളക്കഥ താന്‍ ന്യൂസ് എഡിറ്ററായിരിക്കുമ്പോള്‍ അച്ചടിക്കുകയില്ല എന്നുറപ്പിച്ച് രാജിവച്ച വ്യക്തിയായിരുന്നു ദുബെജീ. ഈ പയറ്റിനുശേഷമാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഹിന്ദിയിലെ ആദ്യത്തെ സൈക്ലോപീഡിയ (മിനി എന്‍സൈക്ലോപീഡിയ ഗണത്തില്‍ പെടുന്ന റഫറന്‍സ് ഗ്രന്ഥം) ഒറ്റയ്ക്ക് രചിച്ച ദുബെജീക്ക് ചരിത്രസംഭവങ്ങളെയും, വ്യക്തികളെയുംകുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്നു. ആ അറിവും, ഞങ്ങള്‍ രണ്ടുപേരുടെയും പത്രപ്രവര്‍ത്തനപരമായ ഔത്സുക്യവും ഒന്നിച്ചുചേര്‍ന്നപ്പോഴാണ് വീര്‍ സവര്‍ക്കര്‍ എന്ന് വിളിക്കുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തിട്ടാണ് ആന്‍ഡമാന്‍ ജയിലില്‍നിന്ന് വിമോചിതനായത് എന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ചരിത്രത്തിലും രാഷ്ട്രീയത്തിലുമെന്ന പോലെ, ഭക്ഷണകാര്യങ്ങളിലും ഏറെ ആഴത്തിലുള്ള അറിവും പ്രയോഗവും ദുബെജീക്കുണ്ടായിരുന്നു. സ്വന്തമായി ഉണ്ടാക്കുന്ന അത്ഭുതകരമായ മട്ടന്‍ കുറുമയും ഷാഹി ടുക്‌ഡയും തെഹ്രിയും അങ്ങനെയുള്ള അനവധി ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം, ഒരു ‘മാങ്ങാപണ്ഡിതനു'മായിരുന്നു അദ്ദേഹം. സീസണുകളില്‍ മാങ്ങ കഴിക്കാനും ശേഖരിക്കാനുമുള്ള മാങ്ങാ തീര്‍ത്ഥാടനയാത്രകള്‍ ഞങ്ങള്‍ പതിവാക്കിയിരുന്നു. ദുബെജീയും ജി വിയും ഇന്നില്ല’. ഉത്തരേന്ത്യന്‍ ഗ്രാമീണജീവിതം അടുത്തുനിന്നു കാണാന്‍ പറ്റിയ ചുരുക്കം ചില ദക്ഷിണേന്ത്യന്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് വെങ്കിടേഷ്. 'ആദ്യരാത്രി ഉന്നതജാതിക്കാരന്റെ കൂടെ കഴിയാന്‍ വിധിക്കപ്പെട്ട ദളിത് വധൂവരന്മാരിലെ വധുവിനെയും, സ്വന്തം സമൂഹത്തിന്റെ ക്രൂരമായ പ്രതികരണങ്ങള്‍ വകവെയ്ക്കാതെ ഒരു മുസ്ലീം ഫോട്ടോഗ്രാഫറുടെ സ്വത്ത് സംരക്ഷിക്കുന്ന ബ്രാഹ്മണയുവാക്കളേയും, ഒന്നാം ക്ലാസ്സില്‍ മകനെ ചേര്‍ത്തതുകൊണ്ട് ഉന്നതജാതിക്കാരാല്‍ ചുട്ടുകരിക്കപ്പെട്ട ദളിത് കുടുംബത്തേയും, കശ്മീരില്‍ തീവ്രവാദിസങ്കേതത്തില്‍ കളഞ്ഞുപോയ എന്റെ ടെലിഫോണ്‍ പുസ്തകം കട്ടെടുക്കുകയും, ഒളിപ്പിച്ചുവയ്ക്കുകയും, പിന്നീട് ഫോണ്‍ വിളിച്ച് ആ നോട്ടുപുസ്തകം ഞാനൊളിപ്പിച്ചതിനാല്‍ നിങ്ങള്‍ സൈനിക അന്വേഷണത്തില്‍ നിന്നു രക്ഷപ്പെട്ടു എന്ന് പറയുകയും ചെയ്ത സൈനികനടക്കം നൂറുനൂറ് അനുഭവങ്ങള്‍. നല്ലതോ ചീത്തയോ എന്ന് വിവക്ഷിക്കാനാവാത്ത അനുഭവ ശൃംഖലകള്‍ പത്രപ്രവര്‍ത്തനം എനിക്ക് നല്‍കിട്ടുണ്ട്’. '1986 മുതല്‍ ഇന്നും തുടര്‍ന്നുപോരുന്ന അയോധ്യാ സംഭവങ്ങളുടെ കവറേജ് ഇത്തരത്തിലുള്ള അനുഭവങ്ങളില്‍പ്പെട്ടതാണ്. 1986ല്‍ ബാബ്റി മസ്‌ജിദിന്റെ വാതിലുകള്‍ ഹിന്ദു ആരാധനയ്ക്കായി തുറന്നുകൊടുത്തതു മുതല്‍, 1992ലെ കര്‍സേവകളും ബാബ്റി മസ്‌ജിദ് ധ്വംസനവും, പിന്നീട് അവിടെ കെട്ടിപ്പൊക്കിയ ടാര്‍പോളിന്‍ അമ്പലത്തിനു നേരെയുണ്ടായ ആക്രമണവുമൊക്കെ നിരന്തരമായി കവര്‍ ചെയ്തപ്പോള്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ ദൗര്‍ബല്യങ്ങളും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള സ്വത്വരാഷ്ട്രീയത്തിന്റെ വിവിധ തലങ്ങളും ആഴത്തില്‍ അനുഭവത്തിലേക്ക് വരികയായിരുന്നു. അയോധ്യ സമ്മാനിച്ച പരിചയങ്ങളും സൗഹൃദങ്ങളും, രാഷ്ട്രീയപത്രപ്രവര്‍ത്തനത്തിന്റെ ഉരകല്ലുകളായി എന്നും കൂടെയുണ്ട്’. തെക്കേ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് വാര്‍ത്താ ഉപഭോഗത്തില്‍ മുന്‍നില്‍ക്കുന്ന കേരളീയര്‍ക്ക്, ഉത്തരേന്ത്യയിലെ മിക്കവാറും സാമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങള്‍ അതിന്റേതായ അർഥത്തില്‍ ഉള്‍ക്കൊള്ളാനാവുമോ എന്ന് വെങ്കിടേഷ് സംശയിക്കുന്നു.വ്യക്തികളെ സംബന്ധിച്ച് പൊതുവിലും രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ച് പ്രത്യേകമായും ഈ സംശയം ശരിയാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. തെക്കേ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് വാര്‍ത്താ ഉപഭോഗത്തില്‍ മുന്‍നില്‍ക്കുന്ന കേരളീയര്‍ക്ക്, ഉത്തരേന്ത്യയിലെ മിക്കവാറും സാമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങള്‍ അതിന്റേതായ അർഥത്തില്‍ ഉള്‍ക്കൊള്ളാനാവുമോ എന്ന് വെങ്കിടേഷ് സംശയിക്കുന്നു.'വ്യക്തികളെ സംബന്ധിച്ച് പൊതുവിലും രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ച് പ്രത്യേകമായും ഈ സംശയം ശരിയാണ് എന്ന് ഞാന്‍ കരുതുന്നു. ആ അർഥത്തില്‍ ഫൂലന്‍ ദേവി ഒരു പ്രതീകം മാത്രമാണ് എനിക്ക്. ഒരു വലിയ പ്രതീകം’. 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വ്യത്യസ്ത മാനങ്ങള്‍, അതിന്റെ ദൗര്‍ബല്യവും ശക്തിയും, എല്ലാം ഒരുപോലെ പ്രതിഫലിപ്പിച്ച ഒരു മധ്യാഹ്നമായിരുന്നു അത്. 1998ല്‍ മിര്‍സാപൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം. ആ ദിവസം ഞാന്‍ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ആയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ചില മണ്ഡലങ്ങളും പോളിങ് ബൂത്തുകളും കേന്ദ്രീകരിച്ചുകൊണ്ട് ആ സ്ഥലങ്ങള്‍ ദിവസത്തിനിടയില്‍ പലതവണ സന്ദര്‍ശിച്ചുകൊണ്ടുള്ള ഒരു സർവ്വേ. പഴയ ചമ്പല്‍ റാണിയും, പില്‍ക്കാലത്ത് സമാജ് വാദി പാർടി നേതാവ് മുലായം സിങ് യാദവിന്റെ അനുയായിയും ആയി മാറിയ ഫൂലന്‍ ദേവി മത്സരിക്കുന്ന മിര്‍സാപൂര്‍ മണ്ഡലം അക്ഷരാർഥത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒന്നായിരുന്നു. കറക്കത്തിനിടയില്‍ ഔറിയാന്‍ എന്ന കസബയുടെ അടുത്തെത്തിയപ്പോള്‍, റോഡില്‍ ഒരു ജനക്കൂട്ടം. ദളിതരാണ്. കൂടുതലും ഫൂലന്‍ ദേവിയുടെ സ്വന്തം ജാതിയായ മല്‍ഹ സമുദായത്തില്‍ പെട്ടവര്‍. അവര്‍ക്കു പറയാനുണ്ടായിരുന്നത് ഏഴെട്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നുകൊണ്ടിരുന്ന ബൂത്തുപിടുത്തത്തെക്കുറിച്ചാണ്. ഗ്രാമത്തില്‍ ഉന്നതജാതിക്കാരായ ഠാക്കൂറുകള്‍ ദളിതരെ വോട്ടു ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നും, പത്രപ്രവര്‍ത്തകര്‍ ഇടപെട്ടു നീതി ഉറപ്പുവരുത്തണമെന്നും ആയിരുന്നു അവരുടെ ആവശ്യം. എട്ടു കിലോമീറ്റര്‍ കാറോടിച്ചു പോയി ഗ്രാമത്തിലെത്തി. ഏതാണ്ട് അയ്യായിരം വോട്ടര്‍മാരുള്ള ഗ്രാമത്തിലെ ദളിത് വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം കയറിപ്പോകുന്ന വഴിയില്‍ത്തന്നെ തമ്പടിച്ചു നില്‍പ്പാണ്. ചിലര്‍ക്കൊക്കെ പരിക്ക് പറ്റിയിട്ടുമുണ്ട്. പോളിങ് ബൂത്തില്‍ കയറാന്‍ ശ്രമിച്ചതിന്റെ തിക്തഫലം. ഞാന്‍ പോളിങ് ബൂത്തിലെത്തി. മധ്യ ഉത്തര്‍പ്രദേശിലെ ബാരാബംഗിയില്‍ നിന്നുള്ള ഒരു തിവാരി ബ്രാഹ്മണന്‍ ആയിരുന്നു പോളിങ് ഓഫീസര്‍. അദ്ദേഹത്തോട് ദളിതരുടെ പ്രശ്നത്തെക്കുറിച്ചു പറഞ്ഞപ്പോള്‍, ഇവിടെ ഒരു കുഴപ്പവുമില്ലെന്നായിരുന്നു മറുപടി. ഫൂലന്‍ ദേവിയുടേതടക്കം എല്ലാ പാർടി സ്ഥാനാർഥികളുടെയും പോളിങ് ഏജന്റുമാര്‍ ബൂത്തില്‍ ഉണ്ടെന്നും, അവരോടു ചോദിച്ചാല്‍ത്തന്നെ കാര്യം മനസ്സിലാകുമെന്നും അയാള്‍ പറഞ്ഞു. ശരിയാണ്, സമാജ്‌വാദി പാർടിയുടേതടക്കം എല്ലാ പാർടിയുടേയും പോളിങ് ഏജന്റുമാര്‍ ബൂത്തിലുണ്ട്. എല്ലാം ഠാക്കൂര്‍ സമുദായക്കാര്‍. ഇവിടെ ഒരു കുഴപ്പവുമില്ല എന്ന തിവാരിയുടെ വാദം അവരും ആവര്‍ത്തിച്ചു. ഞാന്‍ പുറത്തിറങ്ങി, പരാതി പറഞ്ഞിരുന്ന ദളിതര്‍ക്കു മുന്നില്‍, എന്റെ അന്വേഷണത്തെക്കുറിച്ചും, അത് എന്നില്‍ ഉണ്ടാക്കിയ നിസ്സഹായാവസ്ഥയെക്കുറിച്ചും സൂചിപ്പിച്ചു. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ, രണ്ട് സുമോ ജീപ്പുകള്‍ ഗ്രാമത്തിലേക്ക് കയറിവരുന്നത് കണ്ടു. അതിലൊന്നില്‍ ഫൂലന്‍ ദേവി ആയിരുന്നു. ബൂത്തു പിടുത്തത്തിന്റെ വിവരം ഔറിയാനില്‍ നിന്ന് അറിഞ്ഞു വന്നതാണ്. പോളിങ് ബൂത്തിലേക്ക് ഫൂലന്‍ ദേവി നടന്നുകയറി. പിന്നാലെ ഞാനും. അത്ഭുതകരമായ ഒരു പൊളിറ്റിക്കല്‍ പെര്‍ഫോമന്‍സ് ആണ് പിന്നെ കണ്ടത്. കൂപ്പിയ കൈകളോടെ തിവാരിക്കു മുന്നില്‍ എത്തിയ ഫൂലന്‍ ദേവി പറഞ്ഞു, ‘പണ്ഡിറ്റ്ജി, എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ പറ്റുംവിധം നീതിപൂർവ്വകമായ തെരഞ്ഞെടുപ്പ് നടത്തണമേ എന്നു ഞാന്‍ അഭ്യർഥിക്കുന്നു'. പിന്നീട് ആ കൂപ്പിയ കൈകള്‍ വശങ്ങളിലേക്കു മാറി, അരയുടെ രണ്ട് വശങ്ങളിലും അവ തങ്ങിനിന്നു. വലതുകാല്‍ മുന്നോട്ടു വെച്ചു ഫൂലന്‍ ദേവി പിന്നെയും പറഞ്ഞു, ‘യേ ബഹുത് വിനമ്രതാ സേ മേ ബോല്‍ത്തീ ഹൂം. ആപ് തോ ജാന്‍ത്തെ ഹോംഗേ മേം ദൂസരീ തരഹ് ഭീ ബാത് കര്‍ സക്തീ ഹൂം (ഞാന്‍ വളരെ വിനയത്തോടെയാണ് ഇത് നിങ്ങളോട് പറയുന്നത്. നിങ്ങള്‍ക്കു പക്ഷെ അറിയാമായിരിക്കും എനിക്ക് വേറെ വിധത്തിലും സംസാരിക്കാന്‍ പറ്റുമെന്ന്)'. ജനാധിപത്യത്തില്‍ അനുവദനീയമെന്നു ഞാന്‍ കരുതുന്ന കീഴാളന്റെ ശക്തിപ്രയോഗമാണ്, മൂന്നോ നാലോ മിനിട്ട് നീണ്ടുനിന്ന ആ രാഷ്ട്രീയപ്രയോഗത്തിലൂടെ, ആ ദളിത് സ്ത്രീ അവതരിപ്പിച്ചത്. തീര്‍ച്ചയായും തിവാരിയെ ഫൂലന്‍ ഓർമിപ്പിച്ചത്, തന്റെ പഴയ ചമ്പല്‍ ചരിത്രം തന്നെയാണ്. ‘മറ്റു തരത്തിലുള്ള' സംസാരത്തിലൂടെ 1981ലെ ഒരു രാത്രിയില്‍ ഫൂലന്റെ വെടിയേറ്റുവീണത് കാണ്‍പൂരിലെ ബഹ്മായി ഗ്രാമത്തിലെ 22 ഠാക്കൂര്‍മാരാണ്’. 'ഈ ഓർമപ്പെടുത്തലിനു ശേഷം, തിവാരിയുടെ മുഖം പ്രകടമായും വിവർണമാവുന്നത് ഞാന്‍ നോക്കിനിന്നു. പിന്നെ കണ്ടത്, ആ ബാരാബങ്കിക്കാരന്‍ ബ്രാഹ്മണന്‍, കാലിനു സ്പ്രിങ് വച്ചതുപോലെ ഗ്രാമത്തിലേക്കോടുന്നതാണ്. ദളിതന്‍മാരായ ദളിതന്‍മാരെയൊക്കെ അപേക്ഷിച്ചും, അഭ്യർഥിച്ചും, അനുനയിപ്പിച്ചും അയാള്‍ പോളിങ് ബൂത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പതിറ്റാണ്ടുകളില്‍ ആദ്യമായി ആ ഗ്രാമത്തിലെ ദളിതര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു’. 'നമ്മുടെ ജനാധിപത്യത്തിന്റെ പൊതുദിശ ഊര്‍ജ്ജസ്വലവും, ക്രിയാത്മകവും തന്നെയാണ് എന്നെനിക്ക് ശുഭാപ്തി പകര്‍ന്ന നിമിഷങ്ങളായിരുന്നു അവ. എങ്കിലും കുറച്ചു സമയത്തിനകം ആ ശുഭാപ്തിവിശ്വാസത്തില്‍ ചെറിയൊരു നിഴല്‍ വീണു. ഗ്രാമത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കണമെന്ന് അക്കൂട്ടത്തിലാരോ നിർദേശിച്ചു. പക്ഷെ, രണ്ട് സുമോ ജീപ്പുകളിലായി ഫൂലനോടൊപ്പം വന്ന എട്ടു പത്തു പേരിലാര്‍ക്കും ഒരു പരാതി എഴുതാന്‍ അറിയില്ലായിരുന്നു. ഒടുവില്‍ വലിയ ചമ്മലോടെ ഫൂലന്‍ എന്നെ സമീപിച്ചു. എനിക്കറിയാവുന്ന വക്രമായ ഹിന്ദിയില്‍ ആ ബൂത്തിലെ സംഭവവികാസങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് എഴുതി. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള കീഴാളസമൂഹത്തിന്റെ ജനാധിപത്യവാഞ്ഛ ഒരു വശത്തും, അത് പൂർണതയിലേക്കെത്തിക്കുന്നതില്‍ ഈ സമൂഹങ്ങള്‍ക്കുള്ള പരാധീനതകള്‍ മറുവശത്തും, ഒരു മധ്യാഹ്നത്തില്‍ തുറന്നുകാട്ടപ്പെടുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തിനിടയില്‍, ഏറ്റവും മനോസ്പര്‍ശിയായ കണ്ണുതുറപ്പന്‍ അനുഭവമായി നിലനില്‍ക്കുന്നു ആ മധ്യാഹ്നം’. 'ലാലുപ്രസാദ് യാദവ് തെക്കേ ഇന്ത്യയില്‍ പലയിടത്തും ഒരു കോമാളിയായാണ് വിവക്ഷിക്കപ്പെടുക.പക്ഷെ, 1993ല്‍ ജഹനാബാദില്‍ ഒരു വർഗീയ കലാപം പൊലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് സുരക്ഷാ സൈനികനീക്കങ്ങള്‍ സ്വയം കൈകാര്യം ചെയ്ത് നിയന്ത്രിച്ച ലാലു പ്രസാദ് യാദവിനെ ഞാന്‍ കണ്ടിട്ടുള്ളതാണ്. 'ലാലുപ്രസാദ് യാദവ് തെക്കേ ഇന്ത്യയില്‍ പലയിടത്തും ഒരു കോമാളിയായാണ് വിവക്ഷിക്കപ്പെടുക.പക്ഷെ, 1993ല്‍ ജഹനാബാദില്‍ ഒരു വർഗീയ കലാപം പൊലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് സുരക്ഷാ സൈനികനീക്കങ്ങള്‍ സ്വയം കൈകാര്യം ചെയ്ത് നിയന്ത്രിച്ച ലാലു പ്രസാദ് യാദവിനെ ഞാന്‍ കണ്ടിട്ടുള്ളതാണ്. ഇന്ത്യയില്‍ എത്ര മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ പൊലീസ് കണ്‍ട്രോള്‍ റൂം ഏറ്റെടുക്കാന്‍ പറ്റും എന്ന ചോദ്യം ഇപ്പോഴും എന്നില്‍ ബാക്കിനില്‍ക്കുന്നു. പത്താം ക്ലാസ്സ് പാസ്സാവുന്ന ഒരു പെണ്‍കുട്ടിക്ക് ഒരു സൈക്കിള്‍ സര്‍ക്കാര്‍ കൊടുത്താല്‍ അത് അവളുടെ സ്വാതന്ത്ര്യത്തിന് ഒരു പുതിയ രൂപം നല്‍കുമെന്നും, ആ സ്വാതന്ത്ര്യം ഉന്നതവിദ്യാഭ്യാസത്തിലേക്ക് അവളെ നയിക്കുമെന്നും വിശ്വാസമുണ്ടായിരുന്ന മുലായം സിങ് യാദവിനെപ്പോലെയുള്ള നേതാക്കന്മാരുടെ സാമൂഹിക രാഷ്ട്രീയവീക്ഷണം ദക്ഷിണേന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളീയര്‍, തിരിച്ചറിയുന്നുണ്ടോ?’. 'അഴിമതിയിലാണ്ടുനില്‍ക്കുമ്പോഴും, ദളിതരുടെ നിത്യജീവിതത്തെ ഒരു ദളിത് മുഖ്യമന്ത്രിയാണ് എന്നതുകൊണ്ടുമാത്രം മാറ്റിമറിക്കാനായ മായാവതിയുടെയും അവരുടെ രാഷ്ട്രീയഗുരുവായ കാന്‍ഷിറാമിന്റെയും ഇന്ത്യയ്ക്കുള്ള സംഭാവനകള്‍ ദക്ഷിണേന്ത്യയോ കേരളമോ, അതിന്റെ യഥാർഥ അർഥത്തില്‍ മനസ്സിലാക്കുന്നുണ്ടോ? അതുകൊണ്ട് ഇവരില്‍ മിക്കവരുമായുള്ള മുഖാമുഖങ്ങള്‍ വ്യത്യസ്തമായ അനുഭവം തന്നെയാണ് എനിക്ക് പ്രദാനം ചെയ്തത്. അതിനപ്പുറം അത്ഭുതകരമായ സിദ്ധികളും ഗുണങ്ങളുമുള്ള ഒട്ടനവധി മനുഷ്യരെ കണ്ടുമുട്ടിയിട്ടുണ്ട്'. ‘രാഷ്ട്രീയ വിശകലനത്തിന്റെ അവസാനവാക്ക് എന്നുതന്നെ പറയാവുന്ന ചിന്തകനായ ഹരിരാജ് സിങ് ത്യാഗി, അയോധ്യയില്‍ ഏറെക്കാലം മതനിരപേക്ഷതയുടെ മൂര്‍ത്ത പ്രതീകമായിരുന്ന അക്ഷയ് ബ്രഹ്മചാരി, കളിക്കളത്തില്‍നിന്ന് ചമ്പലിലെ കൊലക്കളങ്ങളിലേക്ക് നിഷ്‌ക്രമിക്കേണ്ടിവന്ന പാന്‍സിങ് തോമറിന്റെ മക്കള്‍... അങ്ങനെ പോകുന്നു ഈ മുഖാമുഖങ്ങള്‍’. സമീപകാല ഇന്ത്യയിലെ രാഷ്ട്രീയ അതികായന്മാരെയൊക്കെ നേരിട്ടുകണ്ട് പരിചയിച്ചറിഞ്ഞ വെങ്കിടേഷ്, ജ്യോതി ബസു 1996ല്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം വേണ്ടെന്ന് വച്ചതിനുശേഷം നേരില്‍ കണ്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പൊതുരാഷ്ട്രീയ ഇടപെടലുകളുടെ തന്നെ പരാജയത്തിന്റെ സമ്മതമായി കണക്കാക്കാമെന്ന് പറയുന്നു. 'ഒരർഥത്തില്‍ ഞാന്‍ പ്രധാനമന്ത്രിയാവാത്തത് നന്നായി. ജാതിവിവേചനം നിറഞ്ഞ ഈ സ്ഥലം ഭരിക്കാന്‍ വിഷമമായേനെ. പ്രത്യേകിച്ചും ഒരു കൂര്‍മ്മിയും കായസ്ഥനും തമ്മിലുള്ള വ്യത്യാസം എനിക്കിപ്പോഴും മനസ്സിലാകാത്ത സാഹചര്യത്തില്‍’ എന്നാണ് ജ്യോതി ബസു അന്ന് പറഞ്ഞത്. ഇത്രയും ദശാബ്ദങ്ങള്‍ സാമൂഹ്യ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ട് ഇന്ത്യൻ സമൂഹത്തെ ഗാഢമായി തിരിച്ചറിയാന്‍ സിപിഐ എമ്മിന് കഴിഞ്ഞില്ല എന്ന സമ്മതമായി അത് എനിക്ക് തോന്നി.' ഒരർഥത്തില്‍ ജ്യോതി ബസു പങ്കുവെച്ച കൂര്‍മ്മിയും കായസ്ഥനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയായ്ക തന്നെയല്ലേ ഇടതുപക്ഷത്തിന്റെ ഇന്ത്യ മുഴുവനുമുള്ള വളര്‍ച്ച തടയുന്നതെന്നും വെങ്കിടേഷ് സംശയിക്കുന്നു. സമകാലിക രാഷ്ട്രീയത്തില്‍ വ്യവസ്ഥാപിതമല്ലാത്ത പുതിയ പന്ഥാവ് തുറന്ന ശ്രദ്ധാകേന്ദ്രങ്ങള്‍ അരവിന്ദ് കെജ്രിവാളും യോഗേന്ദ്ര യാദവുമാണ് എന്ന കാര്യത്തിൽ വെങ്കിടേഷിനു സംശയമില്ല. 1991 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയം കടന്നുവന്ന വ്യത്യസ്തങ്ങളായ സ്വത്വരാഷ്ട്രീയപാതകളേയും ഉദാരവത്കരണ ആഗോളവത്കരണ സാമ്പത്തിക സിദ്ധാന്തങ്ങളേയും, സ്വന്തം പ്രവര്‍ത്തനംകൊണ്ട് മറികടക്കാന്‍ ശ്രമിക്കുകയും, അത് ജനങ്ങളില്‍ എത്തിക്കാന്‍ വ്യവസ്ഥാപിത രാഷ്ട്രീയത്തിനപ്പുറത്തുള്ള വഴികള്‍ ഉണ്ടെന്ന് കാണിക്കുകയും ചെയ്ത രണ്ട് യുവനേതാക്കന്‍മാരാണിവര്‍. സമകാലിക രാഷ്ട്രീയത്തില്‍ വ്യവസ്ഥാപിതമല്ലാത്ത പുതിയ പന്ഥാവ് തുറന്ന ശ്രദ്ധാകേന്ദ്രങ്ങള്‍ അരവിന്ദ് കെജ്രിവാളും യോഗേന്ദ്ര യാദവുമാണ് എന്ന കാര്യത്തിൽ വെങ്കിടേഷിനു സംശയമില്ല. 1991 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയം കടന്നുവന്ന വ്യത്യസ്തങ്ങളായ സ്വത്വരാഷ്ട്രീയപാതകളേയും ഉദാരവത്കരണ ആഗോളവത്കരണ സാമ്പത്തിക സിദ്ധാന്തങ്ങളേയും, സ്വന്തം പ്രവര്‍ത്തനം കൊണ്ട് മറികടക്കാന്‍ ശ്രമിക്കുകയും, അത് ജനങ്ങളില്‍ എത്തിക്കാന്‍ വ്യവസ്ഥാപിത രാഷ്ട്രീയത്തിനപ്പുറത്തുള്ള വഴികളുണ്ടെന്ന് കാണിക്കുകയും ചെയ്ത യുവനേതാക്കന്‍മാരാണിവര്‍. 'ഇരുവരുടെയും ശൈലികള്‍ വ്യത്യസ്തമാണ്; അവര്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതിയും. പക്ഷെ ഇവര്‍ രണ്ടുപേരും കുറെയേറെ കാലം ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രങ്ങളായി നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നു’. ഡല്‍ഹി മുഖ്യമന്ത്രിയായി തുടരെത്തുടരെ തെരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാള്‍ അഴിമതിയാരോപണത്തിന് വിധേയനായി ഇപ്പോള്‍ തിഹാര്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. ഒരുകാലത്ത് ആം ആദ്മി പാർടിയില്‍ സജീവമായിരുന്ന യോഗേന്ദ്ര യാദവാകട്ടെ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചുവെങ്കിലും സ്വരാജ് അഭിയാന്‍ എന്ന സംഘടനയിലൂടെ കര്‍ഷകസമരങ്ങളില്‍ നേതൃനിരയില്‍ തന്നെയുണ്ട്. പ്രതിപക്ഷ പാർടികളുടെ ഏകോപനത്തിനായും യാദവ് പ്രവര്‍ത്തിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാർടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പ്രചാരണവേളയില്‍ത്തന്നെ തറപ്പിച്ചു പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അത് പൂര്‍ണമായി ശരിവെക്കുകയും ചെയ്തതോടെ സവിശേഷമായ ഒരു താരപദവി സമകാലിക ഇന്ത്യയില്‍ യാദവിന് ഉണ്ടുതാനും. ഒരാള്‍ ജയിലിലും മറ്റൊരാള്‍ സജീവ രാഷ്ട്രീയത്തിന്റെ പാര്‍ശ്വങ്ങളിലും ആണെങ്കിലും കെജ്‌രിവാളും യോഗേന്ദ്ര യാദവും ഇന്ത്യന്‍ രാഷ്ട്രീയ നഭസ്സില്‍ ഏറെക്കാലം തിളങ്ങിനില്‍ക്കുമെന്ന് വെങ്കിടേഷ് കരുതുന്നു. പക്ഷെ ആത്യന്തികമായി രാഷ്ട്രീയ പത്രപ്രവര്‍ത്തനവും യാത്രകളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു എന്ന് വെങ്കിടേഷ് വിശ്വസിക്കുന്നു. 'മനുഷ്യരിലേക്കും അവരുടെ ശരാശരി ജീവിതങ്ങളിലേക്കും എത്തിപ്പെടാന്‍ രാഷ്ട്രീയ പത്രപ്രവര്‍ത്തകനും സാധിക്കണം. എങ്കിലേ വലിയ വലിയ നേതാക്കന്മാര്‍ എവിടെ നില്‍ക്കുന്നു എന്ന് മനസ്സിലാവൂ. ബംഗാളിയിലെ എക്കാലത്തെയും മികച്ച യാത്രാവിവരണ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുന്നവ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ദുട്ടു യൂറോപ്പി'ന്റെയും (രണ്ടു യൂറോപ്പുകള്‍)‘പശ്ചിം ദിഗന്തേ, പ്രദോഷ് കാലേ'യുടെയും (പശ്ചിമ ചക്രവാളത്തില്‍ പ്രദോഷ സമയത്ത്) രചയിതാവായ ജി വി ദായുമായുള്ള സഹയാത്രകള്‍ ഇങ്ങനെ ഒരുപാട് നേര്‍കാഴ്ചകള്‍ കാണിച്ചുതന്നവയാണ് '. ലോകത്തെ മിക്കവാറും ഭൂഖണ്ഡങ്ങളിലൂടെ ജീവിതദര്‍ശിയായി കടന്നുപോയ വിനോദസഞ്ചാരിയല്ലാത്ത മഹായാത്രികനായിരുന്നു ജി വി. അദ്ദേഹത്തിന്റെ അവസാന കാലത്ത് കൊല്‍ക്കത്തയില്‍ നിന്ന് മദിരാശിയിലേക്ക് സ്ഥലം മാറിയെത്തിയിരുന്നു; ആനന്ദ ബസാര്‍ പത്രികയുടെ വിശേഷാല്‍ പരുന്തായി. അക്കാലത്ത് മിക്ക ദിവസവും ജി വിയുമായി ഫോണില്‍ സംസാരമുണ്ടാവും. ഒരു മുന്നറിയിപ്പുമില്ലാതെ മൂപ്പര്‍ സംയുക്ത യാത്രാപരിപാടികള്‍ പ്രഖ്യാപിക്കും. ‘എടാ, അടുത്ത ആഴ്ച ലോകം അട്ടിമറിയുന്ന കേസൊന്നും ഇല്ലെങ്കില്‍ ഫ്രീയാക്കി വയ്ക്കണം. കാല് തരിക്കുന്നു. ആദ്യം കാണുന്ന ബസിലോ ട്രെയിനിലോ കയറാം. എങ്ങോട്ടെങ്കിലും ഒന്നുപോകാം'. ഇന്ത്യയിലെ പല കോണുകളിലുമുള്ള പ്രമുഖ ഗ്രാമ, നഗരങ്ങള്‍ ഞാന്‍ കണ്ടത് ജി വിയോടൊപ്പമായിരുന്നു. എയര്‍ കണ്ടീഷന്‍ കാറുകള്‍, സെക്കന്റ് എസി തീവണ്ടിയാത്ര ഒന്നും ജി വിക്ക് ഇഷ്ടമായിരുന്നില്ല. ‘എടാ ഇതിലൊക്കെ പോയാല്‍ മനുഷ്യനെ കാണില്ല. സാദാ ബസില്‍ അല്ലെങ്കില്‍ തീവണ്ടി ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഞെരുങ്ങിയിരുന്ന് വിയര്‍പ്പ് നാറ്റം സഹിച്ചൊക്കെ പോകണം, എന്നാലേ മനുഷ്യനെ കാണൂ, ലോകം തിരിയൂ'. പത്രപ്രവര്‍ത്തനത്തിലെ വെങ്കിടേഷ് വഴിയും രീതിയും ഇതു തന്നെയാണ്. നേരിട്ടു കാണുക, റിപ്പോര്‍ട്ടുചെയ്യുക... ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ പത്രപ്രവര്‍ത്തനം നടത്തുന്നു എന്നത് വെങ്കിടേഷിന്റെ മറ്റൊരു പ്രത്യേകത. വെങ്കിടേഷിന്റെ നാല്പതു വര്‍ഷത്തെ മാധ്യമ യാത്രയുടെ അനുഭവങ്ങള്‍ പുസ്തകരൂപത്തില്‍ ‘വഴിവിട്ട യാത്രകള്‍' എന്ന പേരില്‍ പുറത്തുവന്നു കഴിഞ്ഞു. രാഷ്ട്രീയ പത്രപ്രവര്‍ത്തനവും യാത്രയും കൂടിച്ചേരുന്ന മനോഹരമായ ഒരു വായനാനുഭവമാണിത്. വാര്‍ത്തകളുടെ ഉറവിടങ്ങള്‍ തേടി, അവയിലെ മനുഷ്യരെ തേടി, വെങ്കിടേഷ് നിരന്തരം യാത്രയിലാണ്. ആ കാഴ്ചകളില്‍ ഇന്ത്യയുടെ ഗ്രാമങ്ങളും നഗരങ്ങളും വിദേശരാജ്യങ്ങളും ഒക്കെയുണ്ട്. ബീഹാറിലെ വഴിയോരക്കടയിലെ പാതാള്‍ ബഗേഡി എന്ന എലിയിറച്ചിക്കറിയും പഞ്ചാബിലെ ആനന്ദപൂര്‍ സാഹിബ്ബിലെ ഹോള മൊഹള്ളയും ഛത്തീസ്ഗഢിലെ കുറുബട്ടയിലെ കര്‍ഷക ആത്മഹത്യയും രലെഗാന്‍ സിദ്ധിയിലെ അന്നാ ഹസാരെ എന്ന പട്ടാളഗാന്ധിയുമൊക്കെ രാഷ്ട്രീയ വാര്‍ത്തകള്‍ക്കൊപ്പം എഴുത്തിനു വിഷയങ്ങളാകുന്നു. കോഴിക്കോട് ദേശാഭിമാനിയില്‍ ട്രെയിനി സബ് എഡിറ്ററായി തുടങ്ങി, ഡല്‍ഹിയില്‍ അന്വേഷണാത്മക റിപ്പോര്‍ട്ടറായും ഉത്തരേന്ത്യന്‍ രാഷ്ട്രീയ സ്പെഷ്യലിസ്റ്റായും ഒക്കെ മാറിയ വെങ്കിടേഷ് ഏറ്റവും കൂടുതല്‍ കാലം ജോലി ചെയ്തത് ദി ഹിന്ദുഗ്രൂപ്പുമായി ബന്ധപ്പെട്ടാണ്. രണ്ടു കാലഘട്ടങ്ങളിലായി ഏതാണ്ട് 27 വര്‍ഷം വെങ്കിടേഷ് ദി ഹിന്ദു ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. ഏതാണ്ട് ഒന്നരവര്‍ഷം മുമ്പ് ഫ്രണ്ട്‌ലൈന്‍ മാസികയുടെ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ആയിരിക്കെ ദി ഹിന്ദു ഗ്രൂപ്പില്‍ നിന്ന് വിരമിച്ച വെങ്കിടേഷ് ഇപ്പോള്‍ ബഹുഭാഷാ പോര്‍ട്ടലായ ദി ഐഡമിന്റെ മാനേജിങ് എഡിറ്റര്‍ ആണ്. മീഡിയ എന്ന വാക്കിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളെ തിരിച്ചിട്ടതാണ് The AIDEM. പല തലങ്ങളിലും വെങ്കിടേഷിന്റെ പത്രപ്രവര്‍ത്തനരീതികളെ പ്രതിഫലിപ്പിക്കുന്നു ഈ തിരിച്ചിടലും. ദേശാഭിമാനി വാരികയിൽ നിന്ന് Read on deshabhimani.com