നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യം



രാജ്യത്തിന്റെതന്നെ മുഖച്ഛായ മാറ്റുന്നതിനും കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, പശ്ചാത്തല സൗകര്യ വികസനത്തിന്റെ വേഗം വർധിപ്പിക്കുന്നതിനും കഴിയുന്ന വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുകയാണ്. വികസന പന്ഥാവിൽ പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ നേരിട്ട് വലിയ മുന്നേറ്റം സൃഷ്ടിക്കുന്നതിന്റെ ചരിത്ര സാക്ഷ്യമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. ഒന്നും രണ്ടും പിണറായി വിജയൻ സര്‍ക്കാരുകളുടെ നിശ്ചയദാര്‍ഢ്യവും  നിരന്തര ഇടപെടലുകളുമാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയെ യാഥാര്‍ഥ്യത്തിലേയ്ക്ക് നയിച്ചത്.  മദർഷിപ്പായ സാൻ ഫെർണാണ്ടോ തീരത്തടുത്തപ്പോൾ എൽഡിഎഫിന്റെയും ഇടതുപക്ഷ സർക്കാരുകളുടെയും ഇച്ഛാശക്തിയുടെ സാക്ഷ്യംകൂടിയായി മാറും വിഴിഞ്ഞം തുറമുഖം. തുറമുഖത്തിനായുള്ള മൂന്നു പതിറ്റാണ്ടത്തെ നിരന്തരശ്രമങ്ങൾ നടത്തിയത് എൽഡിഎഫ്‌ സർക്കാരുകൾ മാത്രമായിരുന്നു. 1996ൽ ആദ്യനടപടികൾ ആരംഭിച്ചത് ഇ കെ നായനാർ സർക്കാരായിരുന്നു. തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചു. പിന്നാലെ അധികാരത്തിൽ വന്ന എ കെ ആന്റണി സർക്കാർ പഠനം പൂർത്തിയാക്കാതെ നേരിട്ട് ടെൻഡറിലേക്ക്‌ കടന്നു. കാര്യമായ പരിശോധന നടത്താതെയുള്ള ഈ നീക്കം തിരിച്ചടിയായി. കരാർ നേടിയ കൺസോർഷ്യത്തിന്  സുപ്രധാനമായ സുരക്ഷാ അനുമതി കേന്ദ്രം നിഷേധിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരായിരുന്നിട്ടുകൂടി കാര്യമായ നീക്കങ്ങളൊന്നും നടന്നില്ല. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചു. എന്നാൽ, സുരക്ഷാ അനുമതി നൽകുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി ഒപ്പുവച്ച കരാറിനാണ് അദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെ അനുമതി നിഷേധിച്ചത്‌. എന്നാൽ, എൽഡിഎഫ്‌ സർക്കാർ പിന്മാറിയില്ല. സർവകക്ഷി യോഗം ചേർന്ന്‌ ചർച്ച നടത്തി പുതിയ ടെൻഡർ  ശ്രമങ്ങൾ ആരംഭിച്ചു. നിക്ഷേപകരെ കണ്ടെത്തുന്നതിന് ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങൾ ഔദ്യോഗികമായിത്തന്നെ പ്രതിനിധികളായെത്തി. ആന്ധ്രപ്രദേശ് ആസ്ഥാനമായ ലാൻകോ കൊണ്ടപ്പള്ളി എന്ന കമ്പനി സർക്കാർ നിശ്ചയിച്ച തുകയിലും കുറഞ്ഞ തുകയിൽ സംസ്ഥാനത്തിന് നിരന്തരലാഭം ലഭിക്കുന്ന തരത്തിൽ നൽകിയ ക്വട്ടേഷനാണ് അംഗീകരിക്കപ്പെട്ടത്. എന്നാൽ, പിന്നീട് ടെൻഡറിൽ പങ്കെടുത്ത ചില കമ്പനികൾ കോടതിയെ സമീപിച്ചതോടെ ലാൻകോ പിൻമാറി.   തുടർന്ന്‌, ലാൻഡ് ലോർഡ് മോഡലിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ചു. ഹൈദരാബാദിലെ ലാൻകോ കൊണ്ടപ്പള്ളി പവർ പ്രൈവറ്റ് ലിമിറ്റഡ് ലീഡ് മെമ്പറായുള്ള വിദേശ കമ്പനികൾ അംഗങ്ങളായ കൺസോർഷ്യത്തിനായിരുന്നു നിർവഹണചുമതല. സംസ്ഥാന സർക്കാരിന് 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനി തുറമുഖം നിർമിക്കുകയും 30 വർഷം പ്രവർത്തിപ്പിക്കുകയും ചെയ്യും. പിന്നീട് പൂർണമായും സംസ്ഥാന സർക്കാരിന് വിട്ടുനൽകുന്ന തരത്തിലുള്ള പദ്ധതിയായിരുന്നു അത്‌.  എന്നാൽ, ദുരൂഹ സാഹചര്യത്തിൽ കൺസോർഷ്യം പിന്മാറി. പക്ഷേ സർക്കാർ പിന്മാറിയില്ല. ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനെ കൺസൾട്ടന്റായി നിയോഗിച്ചു. അവർ നിയോഗിച്ച ബ്രിട്ടീഷ് കമ്പനി ഡ്യൂറി നടത്തിയ പഠനത്തിൽ വിശദനിർദേശങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. ലാൻഡ് ലോർഡ് മോഡലിൽ 450 കോടി രൂപ സംസ്ഥാന സർക്കാരും നൽകുകയും 2500 കോടി രൂപ എസ്ബിടി ലീഡ് പാർട്ട്ണറായ കൺസോർഷ്യം വഴി സമാഹരിച്ചും നടപ്പാക്കാനായിരുന്നു തീരുമാനം. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം അന്നത്തെ തുറമുഖമന്ത്രി എം വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നിർവഹിച്ചു.    അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പദ്ധതിക്ക് അനുമതി നൽകില്ലെന്ന നിലപാട് സ്വീകരിച്ചു. രണ്ടാമത്തെ അപേക്ഷയും തള്ളി. കേരളത്തിൽനിന്ന്‌ നിരവധിപേർ കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോഴായിരുന്നു ഇത്. പിന്നീട് അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച മാതൃകയിൽ നിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ നടപടികളുണ്ടായില്ല. ഒരു വലിയവികസന പദ്ധതിയിൽ സർക്കാർ സ്വീകരിക്കുന്ന മൗനത്തിനെതിരെ ഇടതുപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വന്നു. 2012 ഒക്ടോബറിൽ ജനകീയ കൺവൻഷൻ വിളിച്ചു. പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതികരണമാണ് കൺവൻഷനിൽ പ്രതിഫലിച്ചത്. 2013 ഏപ്രിലിൽ വീണ്ടും ജനകീയ കൺവൻഷൻ ചേർന്നു. 212 ദിവസം തുടർച്ചയായി സിപിഐ എം നേതൃത്വത്തിൽ സമര പരിപാടികൾ സംഘടിപ്പിച്ചു. നിയമസഭയ്‌ക്കുള്ളിൽ സിപിഐ എം നിയമസഭാ കക്ഷി ഉപ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ  ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. പിന്നാലെ അടിയന്തര പ്രമേയവും അവതരിപ്പിച്ചു. എന്നാൽ, കരാർ വ്യവസ്ഥകളിലുള്ള വിമർശങ്ങളുടെ പേരിൽ പദ്ധതി തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. തുടർന്ന് ഏകപക്ഷീയമായി കരാർ ഒപ്പിട്ടു. അദാനി പോർട്ട്സിനു നൽകിയ കരാറിൽ സർക്കാരിനായിരുന്നു അധികബാധ്യത. ഈ വ്യവസ്ഥകളിലെ എതിർപ്പുകൾ വ്യക്തമാക്കിയെങ്കിലും പദ്ധതി തടസ്സപ്പെടുന്ന സമരത്തിൽനിന്ന് ഇടതുപക്ഷം പിന്മാറി. പിന്നീട് അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ കരാറിൽ കൂടുതൽ വ്യക്തത വരുത്തി  മുന്നോട്ട് പോകുകയായിരുന്നു.    ഓഖിയും കടൽക്ഷോഭവും പ്രകൃതി ദുരന്തങ്ങളും കോവിഡും തുറമുഖനിർമാണത്തെ  ബാധിച്ചു. എന്നാൽ, ഓരോ ഘട്ടത്തിലും സർക്കാർ നിശ്ചയദാർഢ്യത്തോടെ നടത്തിയ ഇടപെടലുകൾ പദ്ധതിയുടെ വേഗം വർധിപ്പിച്ചു. 2960 മീറ്റർ പുലിമുട്ട്  പൂർത്തിയാക്കി. വിഴിഞ്ഞംമുതൽ ബാലരാമപുരംവരെ 10.7 കിലോമീറ്റർ റെയിൽവേ ലൈനിനുള്ള കേന്ദ്ര അംഗീകാരവും നേടി. ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന റോഡിന് ഭൂമി ഏറ്റെടുത്തു. രണ്ടായിരത്തിലധികം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന ലോജിസ്റ്റിക്ക് പാർക്ക് പദ്ധതി പ്രദേശത്ത് ആരംഭിക്കുന്നതിനുള്ള സന്നദ്ധത നിർമാണ കമ്പനി പ്രകടിപ്പിച്ചിട്ടുണ്ട്. 6000 കോടി രൂപ ചെലവിൽ റിങ് റോഡും തുറമുഖം കണക്കിലെടുത്തുള്ള തിരുവനന്തപുരം നഗരവികസന പദ്ധതിയും അതിവേഗത്തിലാണ്.    സാഗർമാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന്‌ ആരംഭിച്ച്‌ എംസി റോഡിന്റെ കിഴക്കൻ മേഖലയിലൂടെ ദേശീയ പാതയിൽ എത്തിച്ചേരുന്ന നാലുവരി പാതയ്ക്ക് കേന്ദ്ര  അനുമതി നേടി. വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക് സ്ഥാപനങ്ങൾ, ടൗൺ ഷിപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. തദ്ദേശവാസികളുടെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി 7.30 കോടി രൂപ ചെലവിൽ പദ്ധതി ആരംഭിച്ചു. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിക്ക് തുല്യമായ രീതിയിൽ ഉയർത്തുന്നു. ഭവനരഹിതരായ 1026 പേർക്ക് ലൈഫ് ഭവനപദ്ധതിയും തയ്യാറാക്കി.   മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് പുലിമുട്ട് ചുറ്റിപ്പോകേണ്ട സാഹചര്യത്തിൽ ബോട്ടുകൾക്ക്  മണ്ണെണ്ണ വിതരണവും നടക്കുന്നു. നിലവിലുള്ള മത്സ്യബന്ധന തുറമുഖം വിപുലീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കുന്നു. തദ്ദേശീയർക്കും മത്സ്യത്തൊഴിലാളികൾക്കും അധികവരുമാനത്തിന് സീഫുഡ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾത്തന്നെ തെക്കനേഷ്യയിലെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളുടെ പട്ടികയിൽ ഏറ്റവും പ്രധാന പരിഗണനാ സ്ഥാനത്തേക്ക്‌ വിഴിഞ്ഞവും എത്തും. പ്രത്യക്ഷമായും പരോക്ഷമായുമുള്ള തൊഴിൽസാധ്യതകളും സാമ്പത്തികനേട്ടവും ഏറ്റവും മികച്ചതും ബൃഹത്തായതുമായിരിക്കും. കേരളത്തിനും രാജ്യത്തിനും പുതിയ ഒരു വൻകിട വരുമാന സ്രോതസ്സ് കൂടിയാണ് തുറക്കപ്പെടുന്നത്. 1996 മുതലുള്ള എൽഡിഎഫ്‌ സർക്കാരുകൾ ദീർഘവീക്ഷണത്തോടെ സ്വീകരിച്ച കരുതലിന്റെ പൂർത്തീകരണംകൂടിയാണ് ഭാവിതലമുറയുടെ  ജീവിതം സുരക്ഷിതമാക്കാൻ ഉതകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. Read on deshabhimani.com

Related News