വാള്‍ട്ടര്‍ ബെന്യാമിന്‍: യൂറോപ്യന്‍ ആധുനികതയുടെ സാക്ഷിയും രക്തസാക്ഷിയും



ഇടതുപക്ഷ ചിന്തകനും സാംസ്‌കാരിക വിമര്‍ശകനുമായിരുന്ന വാള്‍ട്ടര്‍ ബെന്യാമിന്റെ എണ്‍പത്തിനാലാം ചരമവാര്‍ഷികമാണ് സെപ്തംബര്‍ ഇരുപത്തിയാറ്. ചിന്തയുടെയും കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന പ്രതിഭാധനനായ ആ ദാര്‍ശനികനെ ഓര്‍മ്മിക്കുന്നു. ആയിരത്തി തൊള്ളായിരത്തി നാല്പത്  സെപ്തംബര്‍ ഇരുപത്തിയാറ്. ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയില്‍ നിന്ന് ഫ്രാന്‍സിലേക്കും പിന്നീടവിടെ നിന്ന് അമേരിക്കയിലേയ്ക്കും പലായനം ചെയ്യുന്നതിനിടെ, ലോകത്തെ ഇന്നോളമുള്ള ദാര്‍ശനിക ചിന്തകരില്‍ കാലാതീതവും ദൂരവ്യാപകവുമായ സ്വാധീനം ചെലുത്തിയ ജര്‍മ്മന്‍-ജൂത തത്വചിന്തകനും ഇടതുപക്ഷ സാംസ്‌കാരിക വിമര്‍ശകനുമായിരുന്ന വാള്‍ട്ടര്‍ ബെന്യാമിന്‍ ഇതേ ദിവസം ഫ്രഞ്ച് - സ്പാനിഷ് അതിര്‍ത്തിയില്‍ വച്ച് തന്റെ ജീവനൊടുക്കി. അതിര്‍ത്തിയിലെത്തിയ അഭയാര്‍ത്ഥികളെ ഫ്രാന്‍സിലേയ്ക്കു തന്നെ തിരിച്ചുവിടുമെന്ന വാര്‍ത്തയുണ്ടായിരുന്നു. ആ രാജ്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരുന്ന ഫാസിസത്തിന്റെ പ്രാകൃതത്വത്തിലേക്ക് മടങ്ങാന്‍ ബെന്യാമിന് കഴിയുമായിരുന്നില്ല. അതിലും ഭേദം ആത്മഹത്യയാണെന്ന് അദ്ദേഹം നിനച്ചിരിക്കാം. എന്തായാലും വാള്‍ട്ടര്‍ ബെന്യാമിന്‍ എന്ന ചിന്തയുടെ പ്രതിഭാസം ആ ദിവസം, അദ്ദേഹത്തിന്റെ നാല്പത്തി എട്ടാം വയസ്സില്‍, ജീവിതത്തിന്റെയും മരണത്തിന്റെയും അതിര്‍ത്തിയില്‍, ആത്മനാശത്തിലേക്ക് വഴുതി വീണു. മോര്‍ഫീന്‍ ഓവര്‍ഡോസ് ആണ്  ദുരന്തത്തിന് കാരണമായത്.  അതിന് ഒരു ദിവസം മുന്‍പോ പിന്‍പോ ആയിരുന്നെങ്കില്‍ ബെന്യാമിന്‍ അതിര്‍ത്തി കടന്നുപോയേക്കുമായിരുന്നുവെന്ന് ഹന്ന ആരന്റ് 'ഇല്യൂമിനേഷന്‍സ്' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. കൂടെയുണ്ടായിരുന്ന അഭയാര്‍ത്ഥികള്‍ പിറ്റേന്ന് അവിടം കടന്നു പോകുക തന്നെ ചെയ്തു. കാറ്റലോണിയയിലെ പോര്‍ട്ട് ബോ എന്ന മനോഹരമായ തീരദേശ പട്ടണത്തിലാണ് ബെന്യാമിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ബെന്യാമിന്റെ ദുരന്തത്തിനു ശേഷം രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഹന്ന ആരന്റ് അതുവഴി  പോകുകയും അദ്ദേഹത്തിന്റെ അവശേഷിക്കുന്ന കയ്യെഴുത്തുപ്രതികള്‍ ശേഖരിച്ച് തിയോഡര്‍ അഡോര്‍ണോയ്ക്ക് കൈമാറുകയും ചെയ്തത് പിന്നീട് തീസെസ് ഓണ്‍ ദ ഫിലോസഫി ഓഫ് ഹിസ്റ്ററി എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലെ ഒരു വാക്യം പോര്‍ട്ട് ബോയിലെ ബെന്യാമിന്റെ കല്ലറയില്‍ കൊത്തി വച്ചിരിക്കുന്നത് എന്നും പ്രസക്തം: 'ഒരേ സമയം പ്രാകൃതത്വത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയല്ലാത്ത ഒരു സാംസ്‌കാരിക രേഖയുമില്ല.' ചരിത്രത്തില്‍ അന്തര്‍ലീനമായ ഫാസിസത്തിന്റെ സാംസ്‌കാരിക വേരുകള്‍ എത്ര രൂഢമൂലമാകാമെന്ന് അത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വളരെ ചുരുങ്ങിയ ജീവിതകാലം. സാമ്പത്തിക പരാധീനതകളുടെയും, പലായനങ്ങളുടെയും, പ്രവാസങ്ങളുടെയും ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും എഴുത്തിന്റെയും അവസാന ഘട്ടം കണ്ടത് യൂറോപ്പിലുടനീളം വ്യാപിച്ച യുദ്ധവും  ഫാസിസത്തിന്റെ വിജയവും നാസികളുടെ ജൂത വേട്ടയുമാണ്. ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയവയായിരുന്നു വാള്‍ട്ടര്‍ ബെന്യാമിന്റെ കൃതികള്‍. മരണാനന്തരമാണ് അദ്ദേഹത്തിന്റെ പല കൃതികളും വെളിച്ചം കണ്ടതും വ്യാപകമായി വായിക്കപ്പെട്ടതും. കൃതികളിലെ വിഷയവൈവിധ്യവും ഒരു ബുദ്ധിജീവി എന്ന നിലയിലുള്ള ബഹുമുഖ താത്പര്യങ്ങളും, ബെന്യാമിന്റെ സൃഷ്ടികള്‍ക്ക് അക്കാദമിക ദുര്‍ഗ്രാഹ്യതയേയും ഘനത്തേക്കാളുമേറെ വ്യക്തതയും ഒഴുക്കും നല്‍കി. മരിച്ച് ഏണ്‍പത്തിനാലു വര്‍ഷങ്ങളാകുമ്പോഴും ബെന്യാമിന്റെ കൃതികള്‍ സാധാരണ വായനക്കാരോടും പണ്ഡിതരോടും ഒരേ സമയം സംവദിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടാവാം.  ഗോയ്‌ഥെ, ബോദ്‌ലെയര്‍, കാഫ്‌ക തുടങ്ങി നിരവധി എഴുത്തുകാരെ അദ്ദേഹത്തിന്റെ തൂലിക  വായനക്കാരുടെ മുമ്പില്‍ പുന:സൃഷ്ടിച്ചു. ഭാവനയും ഓര്‍മ്മയും സറിയലിസവും ചാലിച്ച ചിന്താ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍. ബെന്യാമിന്റെ കൃതികളുടെ ഒരു പൊതുവര്‍ഗീകരണം പ്രയാസമാണ്. എങ്കിലും ഫിക്‌ഷന്‍, റിപ്പോര്‍ട്ടാഷ്, സാംസ്‌കാരിക വിശകലനം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവയുടെ അതിര്‍ത്തികളില്‍ അദ്ദേഹത്തിന്റെ മിക്ക രചനകളെയും നമുക്ക് വായിച്ചെടുക്കാം. വിഖ്യാതമായ ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂളിലെ പ്രധാനപ്പെട്ട അംഗങ്ങളില്‍ ഒരാളായിരുന്ന വാള്‍ട്ടര്‍ ബെന്യാമിന്‍ കലയെയും, രാഷ്ട്രീയത്തെയും, മനുഷ്യാസ്തിത്വത്തിന്റെ മറ്റു മേഖലകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള സൗന്ദര്യശാസ്ത്രമാണ് പിന്തുടര്‍ന്നത്. "മനോഹരമെന്ന്  വിളിക്കപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിരോധാഭാസമായിട്ടുള്ളത് അത് അങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്ന വസ്തുതയാണ്," ബെന്യാമിന്‍ എഴുതി. സമകാലികനായിരുന്ന കാഫ്‌കയുമായുള്ള അദ്ദേഹത്തിന്റെ മാനസികമായ അടുപ്പവും താദാത്മ്യവും ഏകദേശം പൂര്‍ണ്ണമായിരുന്നെന്നു വേണം കരുതാന്‍. ഫ്രാന്‍സ് കാഫ്‌ക എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ''ഓഫീസിലെ ഒരു മൂല വെള്ള പൂശുന്ന കാഫ്‌കയുടെ കഥാപാത്രത്തിന് തന്റെ ഏറ്റവും നിസ്സാരമായ ഒരു ചലനത്തില്‍ പോലും യുഗങ്ങളെത്തന്നെ ചലിപ്പിക്കേണ്ടതുണ്ട്.'' കാഫ്‌കയെപ്പോലെ ചിന്തിക്കാന്‍ കാഫ്‌കയെ വായിക്കണമെന്നില്ലായിരുന്നു ബെന്യാമിന് എന്ന് ഹന്ന ആരന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ചെറുതും നിസാരവുമായ കാര്യങ്ങളോട് ബെന്യാമിന്‍ താത്പര്യം കാണിച്ചിരുന്നു.  സറിയലിസത്തിന്റെ സ്വാധീനത്തില്‍, ഏറ്റവും നിസ്സാരമായ പ്രതിനിധാനങ്ങളില്‍ ചരിത്രത്തിന്റെ ഛായാചിത്രം പകര്‍ത്താനുള്ള ശ്രമമായിരുന്നു അത്. ബര്‍തോള്‍ട് ബ്രഹ്റ്റ്, ഗര്‍ഷോം ഷോലെം തുടങ്ങിയവരുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചു. ബെന്യാമിന്റെ രചനകളുടെ ബൗദ്ധിക ശ്രേണി ബ്രെഹ്റ്റിന്റെ മാര്‍ക്സിസം, അഡോര്‍ണോയുടെ ക്രിട്ടിക്കല്‍ തിയറി, ഷോലെമിന്റെ മിസ്റ്റിസിസം എന്നീ ബൗദ്ധിക പാരമ്പര്യങ്ങള്‍ക്കിടയില്‍ ചലനാത്മകമായി ഒഴുകി അവയുടെ വിമര്‍ശനം സംയോജിത രീതിയിലൂടെ ഉരുത്തിരിയുന്നു എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദ് വര്‍ക്ക് ഓഫ് ആര്‍ട്ട് ഇന്‍ ദ് ഏജ് ഓഫ് മെക്കാനിക്കല്‍ റീപ്രൊഡക്ഷന്‍ ബെന്യാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപന്യാസങ്ങളിലൊന്നാണ്. ദ് ടാസ്‌ക് ഓഫ് ദ് ട്രാന്‍സ്‌ലേറ്റര്‍ ഇന്നും  പുതുമയോടെ വായിക്കപ്പെടുന്നു, അത്ഭുതപ്പെടുത്തുന്നു. യൂറോപ്യന്‍ ആധുനികതയുടെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയും രക്തസാക്ഷിയുമായിരുന്നു ബെന്യാമിന്‍. നേരത്തേ പൊലിഞ്ഞു പോയ ആ ജീവിതം പക്ഷേ,  ചിന്തയുടെ, കലയുടെ, സാഹിത്യത്തിന്റെ ലോകത്ത്  ഇനിയും മരിക്കാത്ത ദാര്‍ശനിക പ്രഭ ചൊരിഞ്ഞു നില്ക്കുന്നു. Read on deshabhimani.com

Related News