പ്രകൃതിയെ കാക്കാം, താപനം കുറയ്ക്കാം...



  പുരാതന കാലംമുതൽതന്നെ മനുഷ്യന്റെ നിത്യജീവിതവുമായി മുളകൾക്ക്‌ ബന്ധമുണ്ട്‌. പ്രകൃതി സൗഹാർദപരമായ നിരവധി ഉൽപ്പന്നങ്ങൾക്കുപുറമെ ദാരിദ്ര്യം അകറ്റാനും പ്രകൃതി സംരക്ഷണത്തിനും നമ്മുടെ സംസ്‌കാരം സംരക്ഷിക്കുന്നതിലും മുള പ്രധാന പങ്കുവഹിക്കുന്നു. മുളയുടെ ഈ ഗുണമേന്മകൾ എല്ലാവരിലും എത്തിക്കുന്നതിനാണ് ലോക മുളദിനം ആചരിക്കുന്നത്. ലോകത്താകമാനം തൊണ്ണൂറിലധികം ജനുസിലായി 1200 സ്‌പീഷീസും ഇന്ത്യയിൽ 148 സ്‌പീഷീസും ആറ്‌ ഉപ സ്‌പീഷീസും മുളകളിലുണ്ട്. ലോകത്ത്‌ നാലുകോടി ഹെക്‌ടർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിവിധ മുളയിനങ്ങൾ വർധിച്ചുവരുന്ന ആഗോളതാപനത്തെ കുറയ്‌ക്കുകയും മണ്ണൊലിപ്പ് നിയന്ത്രിക്കുകയും ഭൂഗർഭ ജലം സംഭരിക്കുകയും ഓക്‌സിജൻ പുറന്തള്ളി അന്തരീക്ഷത്തിലെ കാർബൺ സംഭരിക്കുകയും ചെയ്ത് കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിൽ വലിയ പങ്കുവഹിക്കുന്നു. മുളയുടെ വ്യാവസായിക സാധ്യതകളും നിരവധിയാണ്. മറ്റു മരങ്ങളെ അപേക്ഷിച്ച്‌ വളരെ വേഗത്തിൽ വളരുകയും നാലു വർഷംമുതൽ അമ്പതിലധികം വർഷം വെട്ടിയെടുക്കാൻ കഴിയുകയും ചെയ്യുന്നതിനാൽ നിരവധിപേർ മുളയധിഷ്‌ഠിത കൃഷിയിലേക്കും അനുബന്ധ വ്യവസായങ്ങളിലേക്കും കടന്നുവരുന്നു. കൃഷി ചെയ്യാൻ ചെലവ് വളരെ കുറവായതിനാലും മിക്കവാറും എല്ലാ പ്രദേശങ്ങളിലും വളരാനുള്ള കഴിവുള്ളതിനാലും മുളയുടെ കൃഷിക്ക് സ്വീകാര്യത വർധിക്കുന്നു. അച്ചാർ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, പേപ്പർ, പൾപ്പ്, ചാർക്കോൾ, തുണിത്തരങ്ങൾ, അഗർബത്തി, ബയോ എഥനോൾ, ഇലക്‌ട്രിസിറ്റി, സംഗീതോപകരണങ്ങൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ, അലങ്കാര ഇനങ്ങൾ, ഫ്ളോറിങ് പാനലുകൾ, ബാംബൂ ലംബാർ തുടങ്ങിയ പതിനായിരത്തിലധികം വസ്തുക്കൾ മുളകൊണ്ട് നിർമിക്കാൻ കഴിയും. മുള കൊണ്ടുള്ള വീടുകളും ഇപ്പോൾ ധാരാളമായി കണ്ടുവരുന്നുണ്ട്. തടിക്കു ബദലായ വസ്തുവായി മുള മാറിക്കഴിഞ്ഞു. മുളയുടെ ഫ്ലോറിങ് പാനലുകൾക്ക് യൂറോപ്, ജപ്പാൻ, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിൽ ധാരാളം ആവശ്യക്കാരുണ്ട്. 2004ലെ കണക്കനുസരിച്ച് ചൈനയിൽ വർഷത്തിൽ 1.75 കോടി ചതുരശ്ര മീറ്റർ ഫ്ളോറിങ് ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. ഇത് ഇപ്പോൾ പതിന്മടങ്ങ് വർധിച്ചിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഇന്ത്യയിലും ഇതിന്റെ സാധ്യത വളരെയേറെയാണ്. പേപ്പർ പൾപ് വ്യവസായമാണ് സാധ്യതയുള്ള മറ്റൊരു സംരംഭം. മരത്തിൽനിന്ന്‌ ലഭിക്കുന്ന പേപ്പറിനേക്കാൾ തിളക്കമുള്ളതും ഉയർന്ന ഗുണനിലവാരമുള്ളതുമാണ്‌ മുളയുടേത്. മറ്റൊന്ന്‌ ചാർക്കോളാണ്‌. മരത്തിന്റേതിനേക്കാൾ ആറിരട്ടി ആഗിരണശേഷി ഉള്ളതാണ് മുളയുടെ ചാർക്കോൾ. ഉയർന്ന ബയോ മാസ് ഉള്ളതും ചാർക്കോൾ വ്യവസായത്തിന് പറ്റിയതുമായ നിരവധി മുളയിനങ്ങൾ ഇന്ത്യയിലുണ്ട്. മുളയുടെ ഇളംകൂമ്പ്‌ ഭക്ഷ്യയോഗ്യമാണ്. അച്ചാറുകൾ, വിവിധയിനം സൂപ്പുകൾ, മുളയരി കൊണ്ടുള്ള ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ വിവിധ ഭക്ഷ്യപദാർഥങ്ങൾ ഉണ്ടാക്കാൻ കഴിയും. ചൈനയിൽ പ്രതിവർഷം 2.5 കോടി മുതൽ -3.5 കോടി ടൺ മുളങ്കൂമ്പുകൊണ്ടുള്ള അച്ചാർ ഉൽപ്പാദിപ്പിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. മുളയിൽനിന്ന്‌ ഉണങ്ങി കൊഴിഞ്ഞുവീഴുന്ന ഇല ഉപയോഗിച്ച്‌ ജൈവ വളം ഉണ്ടാക്കാനാകും. ഉയർന്ന സെല്ലുലോസ്, കുറവായ ലിഗ്‌നിൻ ഉള്ളതിനാൽ മുള ബയോ എഥനോൾ നിർമാണത്തിനും അസംസ്കൃത വസ്തുവാണ്‌. ഇത്തരത്തിൽ ബയോ എഥനോൾ നിർമിക്കുന്ന ഫാക്ടറി അസമിലും മഹാരാഷ്ട്രയിലും പ്രവർത്തിക്കുന്നുണ്ട്. ഉയർന്നുവരുന്ന മറ്റൊരു വ്യവസായം മുള ഉപയോഗിച്ചുള്ള ഗ്യാസിഫിക്കേഷൻ പ്രക്രിയയിലൂടെ ഉൽപ്പാദിപ്പിക്കുന്ന ബയോ മാസ്‌ ഊർജമാണ്‌. വിദൂര ഗ്രാമങ്ങളിൽ വൈദ്യുതി ആവശ്യങ്ങൾക്കുപുറമെ സാമ്പത്തിക നേട്ടവും ഇതിലൂടെ ഉണ്ടാക്കാം. മുള നാരിൽനിന്ന്‌ നിർമിക്കുന്ന നൂലുകൊണ്ട് നിരവധി തുണിത്തരങ്ങൾ ഉണ്ടാക്കാനാകും. 1971ൽ സ്ഥാപിതമായ കേരള സംസ്ഥാന ബാംബൂ കോർപറേഷൻ മുള, ചൂരൽ എന്നിവയുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർക്കുന്നുണ്ട്‌. മുളയധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ നിർമിക്കുന്നവർക്ക് കോർപറേഷൻ ഈറ്റ, മുള എന്നിവ നൽകി അവർ നെയ്‌തെടുത്ത പനമ്പ്‌, കരകൗശല വസ്‌തുക്കളും വാങ്ങുന്നു. പനമ്പ് ഉപയോഗിച്ച് പ്ലൈ ബോർഡുകൾ ഉണ്ടാക്കി വിപണനം ചെയ്യുന്നുണ്ട്‌. കൂടാതെ, ഫ്ളോറിങ് ടൈൽ, ജനൽ കർട്ടൻ, ഭൂവസ്ത്രം ഉറപ്പിക്കുന്നതിനുള്ള നെയിലുകൾ എന്നിവയും കോർപറേഷൻ ഉൽപ്പാദിപ്പിച്ച് വിപണനം നടത്തുന്നു. മുളങ്കുടിലുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണത്തിലും കോർപറേഷൻ ഏർപ്പെടുന്നുണ്ട്. പുതിയ ബാംബൂ ക്രഷ്ട് ബോർഡ്, പാനൽ ബോർഡ് എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയും തുടങ്ങി കഴിഞ്ഞു. ഇങ്ങനെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗം തൊഴിലാളികൾക്ക് ബാംബൂ കോർപറേഷൻ കൈത്താങ്ങാകുന്നു. (സംസ്ഥാന ബാംബൂ കോർപറേഷൻ 
ചെയർമാനാണ്‌ ലേഖകൻ) Read on deshabhimani.com

Related News