അന്തസ്സ്, സ്വാതന്ത്ര്യം, നീതി ...



  1948 ഡിസംബർ 10-ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ നടത്തിയ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അടയാളപ്പെടുത്തലായി ലോകമെമ്പാടും ഇന്ന് നമ്മൾ മനുഷ്യാവകാശദിനം ആഘോഷിക്കുന്നു. ഈ ദിനത്തിൽ കാലാതീതമായതും വികസിക്കുന്നതുമായ മനുഷ്യാവകാശ സങ്കൽപ്പത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. മനുഷ്യരുടെ അന്തസ്സിനോടും മനുഷ്യാവകാശങ്ങളെ മാനിക്കാനുള്ള കടമകൾക്കും കടപ്പാടുകൾക്കും അടിവരയിടുന്ന ധാർമിക അടിത്തറയോടും പങ്കുവയ്ക്കുന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുള്ള അവസരമാണിത്. മനുഷ്യനാഗരികതയുടെ നീണ്ട പാതയിലെ താരതമ്യേന സമീപകാല പ്രതിഭാസമാണ്‌ മനുഷ്യാവകാശങ്ങളുടെ ആധുനിക നിയമചട്ടക്കൂടെന്ന്‌ സ്വയം ഓർമിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാലും, മനുഷ്യാവകാശ സങ്കൽപ്പത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യാവകാശങ്ങൾ എന്ന ആശയം സഹസ്രാബ്ദങ്ങൾക്ക്‌ മുമ്പേ പരിണമിച്ച്‌ ദാർശനികവും സാമൂഹ്യവും രാഷ്ട്രീയവുമായ ശക്തികളുടെ സങ്കീർണമായ ഇടപെടലിൽനിന്ന് ഉയർന്നുവന്നതാണ്. മനുഷ്യാവകാശങ്ങൾക്കായുള്ള അന്വേഷണം പ്രതിനിധീകരിക്കുന്നത് അന്തസ്സിനു വേണ്ടിയുള്ള മൗലികമായ ആഗ്രഹവും അന്തർലീനമായ മൂല്യത്തിന്റെയും വ്യക്തിഗത സ്വയംഭരണത്തിന്റെയും അംഗീകാരവുമാണ്‌. നാം പുരാതന നിയമസംഹിതകളിലേക്കോ ആത്മീയ പാരമ്പര്യങ്ങളിലേക്കോ ആധുനിക നിയമങ്ങളിലേക്കോ നോക്കിയാലും നീതി, സമത്വം, അനുകമ്പ എന്നിവയ്‌ക്ക് വേണ്ടിയുള്ള മനുഷ്യരാശിയുടെ അന്വേഷണത്തിലൂടെ നെയ്‌തെടുക്കുന്ന അദൃശ്യനൂലാണ് മനുഷ്യാവകാശങ്ങൾ. നമ്മെ വെല്ലുവിളിക്കുന്ന ചോദ്യങ്ങളുമായി പൂർവികർ ഇഴുകിച്ചേർന്നു. അന്തസ്സോടെ ജീവിക്കുക എന്നതിന്റെ അർഥമെന്താണ്. ഏറ്റവും ദുർബലരായ ആളുകളോട്‌ എങ്ങനെ നീതി പുലർത്തും. സാർവത്രിക ധാർമികസത്യങ്ങളുമായി നിയമത്തിന് എങ്ങനെയാണ് പൊരുത്തപ്പെടാൻ കഴിയുക. -ഓരോ വ്യക്തിക്കും അന്തർലീനമായ അന്തസ്സുണ്ട് എന്ന ലളിതമായ ആമുഖത്തോടെയാണ് മനുഷ്യാവകാശങ്ങൾ എന്ന ആശയം ആരംഭിക്കുന്നത്. എന്നാലും, ഈ ദാർശനിക ആദർശം നടപ്പിലാക്കാവുന്ന അവകാശങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നത് സങ്കീർണമായ യാത്രയാണ്. കേവലം നിയമസംഹിതകൾക്കപ്പുറം മനുഷ്യാവകാശങ്ങൾ സവിശേഷമായ സ്ഥാനമാണ് വഹിക്കുന്നത്. വ്യക്തികളെ അവരുടെ ക്ഷേമത്തിനും മറ്റുള്ളവരുടെ ക്ഷേമത്തിനും വേണ്ടി വാദിക്കാൻ അത്‌ പ്രാപ്തരാക്കുന്നതോടൊപ്പം സമൂഹ്യബോധവും ഉത്തരവാദിത്വവും വളർത്തുന്നു. ആഗോളവൽക്കരണകാലത്ത്‌ സാമൂഹ്യ പ്രശ്നങ്ങളുടെ പരസ്പരബന്ധം ദേശീയ അതിരുകൾക്കപ്പുറമുള്ള മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം അടിവരയിടുന്നു. ഇന്ത്യൻ ഭരണഘടന ഈ ദാർശനിക ആത്മാവിനെ സവിശേഷമായ രീതിയിൽ ഉൾക്കൊള്ളുന്നു. സാർവത്രിക പ്രഖ്യാപനങ്ങളാൽ പ്രചോദിപ്പിക്കപ്പെട്ടതും കൊളോണിയൽ വിമോചനത്തിന്റെ കാലഘട്ടത്തിൽ രൂപപ്പെടുത്തിയതുമായ മനുഷ്യാവകാശത്തെ  ഒരു പുതിയ സമത്വാധിഷ്‌ഠിത സമൂഹത്തിനായുള്ള പ്രതീക്ഷയെ പ്രതിധ്വനിപ്പിക്കുന്നു. ഭരണഘടന നമ്മുടെ നിയമപരമായ വീക്ഷണത്തിന്റെ പരമോന്നത വഴികാട്ടിയായി പ്രവർത്തിക്കുന്നു. ഭരണഘടനയുടെ ഭാഗം മൂന്ന്‌, പ്രത്യേകിച്ച് ആർട്ടിക്കിൾ 12 മുതൽ 32 വരെ മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്നു. അമിതാധികാര പ്രയോഗത്തിനും വിവേചനത്തിനും അടിച്ചമർത്തലിനും എതിരെ വ്യക്തമായ സംരക്ഷണം നൽകുന്നതാണിത്‌. അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന സാരവത്തായ പ്രത്യേകാവകാശത്തിന്‌ പദവി പരിഗണിക്കാതെ ഓരോ പൗരനും അർഹതയുണ്ടെന്ന്‌ ഉറപ്പാക്കുന്നു. ഈ അവകാശങ്ങളുടെ നീതി നിർവഹണം നമ്മുടെ ഭരണഘടനാശിൽപ്പികൾക്ക്‌ നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്. ഈ അവകാശങ്ങൾ കേവലം വാഗ്ദാനം ചെയ്‌താൽ മാത്രംപോര, മറിച്ച്‌ അവ വിട്ടുകൊടുക്കുകയും വേണം.   ആർട്ടിക്കിൾ 14–-16 വരെ വിശദമാക്കുന്നത്‌ നിയമത്തിന് മുന്നിൽ സമത്വത്തിന്റെ തത്വങ്ങളാണ്‌. മതം, വംശം, ജാതി, ലിംഗം, അല്ലെങ്കിൽ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നത് നീതിയുക്തമായ ഒരു സമൂഹത്തിന്റെ ആണിക്കല്ലുകളായി വർത്തിക്കുന്നു. നീതിയുടെ അന്വേഷണം വ്യക്തിപരമോ സാമൂഹ്യമോ സാമ്പത്തികമോ ആയ വ്യത്യാസങ്ങൾക്കതീതമായി ഓരോ പൗരനിലും തുല്യമായി എത്തിച്ചേരണമെന്ന് അവർ നമ്മെ ഓർമിപ്പിക്കുന്നു. വ്യക്തിത്വ വികസനത്തിന്‌ അത്യന്താപേക്ഷിതമായ സംസാര സ്വാതന്ത്ര്യം, കൂട്ടായ്മ, സഞ്ചാരസ്വാതന്ത്ര്യം എന്നിവയെപ്പറ്റി ഊന്നിപ്പറയുന്ന ആർട്ടിക്കിൾ 19 മാനുഷിക അന്തസ്സിന് അന്തർലീനമായ സ്വാതന്ത്ര്യങ്ങൾ ഉറപ്പുനൽകുന്നു. കൂടാതെ ആർട്ടിക്കിൾ 20, 21, 22 എന്നിവ നിയമപ്രകാരമല്ലാതെ വ്യക്തികളെയും അവരുടെ ജീവിതത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഭരണകൂട നടപടികളിൽനിന്ന് സംരക്ഷിക്കുന്നു. എന്നിരുന്നാലും, ഇന്ത്യൻ നിയമ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണ ന്യായമായ അവകാശങ്ങളിൽ മാത്രം പരിമിതപ്പെടുത്താനാകില്ല. ഭരണഘടനയുടെ നാലാം ഭാഗം, ഭരണകൂട നയത്തിന്റെ നിർദേശക തത്വങ്ങളാകട്ടെ നടപ്പാക്കാൻ കഴിയാത്തതാണെങ്കിലും, ഒരു സമൂഹമെന്ന നിലയിൽ നാം നേടാൻ ആഗ്രഹിക്കുന്ന ധാർമിക മാർഗനിർദേശം നൽകുന്നു. ഉദാഹരണത്തിന് ആർട്ടിക്കിൾ 38, 39 എന്നിവ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം സുരക്ഷിതമാക്കാനും അസമത്വങ്ങൾ കുറയ്ക്കാനും എല്ലാവർക്കും മതിയായ ഉപജീവനമാർഗം ഉറപ്പാക്കാനും ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. സൗജന്യ നിയമസഹായം നൽകാനുള്ള ഭരണഘടനയുടെ ആർട്ടിക്കിൾ 39 എയുടെ നിർദേശം, നീതി പ്രാപ്യമായിരിക്കണമെന്ന് നമ്മെ ഓർമിപ്പിക്കുന്നു. പ്രത്യേകിച്ച് നിയമത്തിന്റെ സങ്കീർണതകൾ മുറിച്ചുകടക്കാൻ മാർഗമില്ലാത്തവർക്ക്. അവകാശങ്ങൾ ചുരുക്കം ചിലരുടെ പ്രത്യേകാവകാശമല്ല, മറിച്ച് എല്ലാവരും പിന്തുടരേണ്ടതായ ഈ അവകാശങ്ങൾ ഒരു സമൂഹത്തിന്‌ അടിത്തറ പാകേണ്ട നിർദേശങ്ങളാണ്‌. ജുഡീഷ്യറി ഈ തത്വങ്ങളെ മൗലികാവകാശങ്ങളുമായി യോജിപ്പിച്ച് വ്യാഖ്യാനിക്കേണ്ടതുണ്ട്, നമ്മുടെ നിയമതത്വ സംഹിതയ്‌ക്ക്‌ വിശാലവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ കാഴ്ചപ്പാട് നൽകുന്നു. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ നാം നേരിടുന്ന വെല്ലുവിളികൾ ഇന്ന് സങ്കീർണവും ബഹുമുഖവുമാണ്‌. കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യയുടെ അധീശത്വം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ. മനുഷ്യാവകാശങ്ങൾ എന്ന ആശയത്തിന് സമൂഹം പുതിയ മാനങ്ങൾ കൊണ്ടുവരുന്നു. നമ്മുടെ ജുഡീഷ്യറി വളരെക്കാലമായി മനുഷ്യാവകാശങ്ങളുടെ സജീവസംരക്ഷകനാണ്. ഭരണഘടനയെ വ്യാഖ്യാനിക്കുമ്പോൾ, നിയമത്തിന്റെ അക്ഷരവും ആത്മാവും നമ്മെ നയിക്കുന്നു. സ്വകാര്യത, തൊഴിൽ അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലെ സുപ്രധാന വിധിന്യായങ്ങൾ, മനുഷ്യാവകാശ സംരക്ഷണം ഒരു ചലനാത്മക ശ്രമമാണെന്നും അത് കാലത്തിനനുസരിച്ച് പരിണമിക്കേണ്ടതാണെന്നും നമ്മെ ഓർമിപ്പിക്കുന്നു. എന്നിരുന്നാലും, നിയമത്തിന്റെ വ്യാഖ്യാനം, കടമകൾക്കൊപ്പം അവകാശങ്ങളും സന്തുലിതമാക്കാനുള്ള ഉത്തരവാദിത്വവും ഉൾക്കൊള്ളുന്നു. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ നാം നേരിടുന്ന വെല്ലുവിളികൾ ഇന്ന് സങ്കീർണവും ബഹുമുഖവുമാണ്‌. കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യയുടെ അധീശത്വം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ. മനുഷ്യാവകാശങ്ങൾ എന്ന ആശയത്തിന് സമൂഹം പുതിയ മാനങ്ങൾ കൊണ്ടുവരുന്നു. ഉയർന്നുവരുന്ന ഈ ഭീഷണികൾക്കെതിരെ നിയമജ്ഞർ ജാഗ്രത പുലർത്തുകയും സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി അവകാശങ്ങളുടെ വ്യാഖ്യാനങ്ങളും പ്രയോഗങ്ങളും പൊരുത്തപ്പെടുത്തുകയും വേണം. സമകാലിക സമൂഹത്തിൽ, മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടം ലിംഗസമത്വവും വംശീയ നീതിയുംമുതൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളായ അഭയാർഥികൾ, എൽജിബിടിക്യു+ വ്യക്തികൾ എന്നിവരുടെ അവകാശങ്ങൾ വരെയുള്ള നിരവധി പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്നു. ഡിജിറ്റൽ യുഗം മനുഷ്യാവകാശ മേഖലയിൽ പുതിയ വെല്ലുവിളികളും അവസരങ്ങളും അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, സ്വകാര്യതയ്ക്കും ഡാറ്റ സംരക്ഷണത്തിനുമുള്ള അവകാശം പരമപ്രധാനമായിരിക്കുന്നു. പുട്ടസ്വാമി വിധിയിൽ അംഗീകരിക്കപ്പെട്ടതുപോലെ, ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിൽ സ്വകാര്യത അന്തർലീനമാണ്. എന്നിട്ടും, സാങ്കേതിക പുരോഗതി ഈ അവകാശത്തിന്റെ പരിധികൾ പരീക്ഷിക്കുന്നത് തുടരുന്നു. വ്യക്തിഗത സ്വയംഭരണവും സ്വകാര്യതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയ്‌ക്കൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതയുള്ള നേട്ടങ്ങളും സന്തുലിതമാക്കിക്കൊണ്ട് നീതിപീഠം ഈ പുതിയ പ്രശ്‌നങ്ങൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണം. മാത്രമല്ല, സാങ്കേതികവിദ്യയുടെ വളർച്ചയോടെ, സ്വകാര്യത, നിരീക്ഷണം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ പ്രസക്തമാകുകയാണ്. സജീവമായ സമൂഹമാധ്യമങ്ങളും നിർമിത ബുദ്ധിയും ഉൾപ്പെടുന്ന വികസിച്ചുകൊണ്ടിരിക്കുന്ന ഒരുമേഖലയിൽ അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യക്തികളും സംഘടനകളും ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യണം. അതുപോലെ, കാലാവസ്ഥാ നീതിയും പാരിസ്ഥിതിക അവകാശങ്ങളും മനുഷ്യാവകാശ വ്യവഹാരത്തിൽ അടിയന്തര ആശങ്കകളായി മാറുകയാണ്. പാരിസ്ഥിതിക തകർച്ച ദുർബലരായ സമുദായങ്ങളെ ഏറെ ബാധിക്കുന്നു. വികസനം സുസ്ഥിരവും തുല്യവുമാണെന്ന് ഉറപ്പാക്കുന്നതിൽ ജുഡീഷ്യറിക്ക് സുപ്രധാന പങ്കുണ്ട്. ഈ അവസരത്തിൽ, മനുഷ്യാവകാശ സംരക്ഷണം ജുഡീഷ്യറിയുടെയോ ഭരണകൂടത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്ന് തിരിച്ചറിയണം. അതൊരു കൂട്ടായ ശ്രമമാണ്. ബഹുമാനത്തിന്റെയും സഹാനുഭൂതിയുടെയും നീതിയുടെയും സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഓരോ പൗരനും പങ്കുണ്ട്. അവകാശങ്ങൾ പരസ്പരം ബന്ധപ്പെട്ട ബാധ്യതകളോടൊപ്പം സമൂഹത്തോടുള്ള മൊത്തത്തിലുള്ള ബാധ്യതകളുമായാണ് മൗലിക കർത്തവ്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്. കടമകളില്ലാത്ത അവകാശങ്ങൾ പൊള്ളയായിപ്പോകും. അവകാശങ്ങളില്ലാത്ത കടമകൾ അടിച്ചമർത്തലായി മാറും. മനുഷ്യാവകാശങ്ങളുടെ യഥാർഥ ചൈതന്യം രണ്ടിന്റെയും യോജിപ്പിലാണ്. മുന്നോട്ട് നോക്കുമ്പോൾ, മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന തത്വങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാം. മനുഷ്യാവകാശങ്ങളെ അവയുടെ നിയമപരമായ രൂപത്തിൽ മനസ്സിലാക്കാൻ മാത്രമല്ല, അവയുടെ ദാർശനിക സത്ത ഉൾക്കൊള്ളാനും  ശ്രമിക്കാം. ജ. അലക്‌സാണ്ടർ തോമസ്‌ കേരള മനുഷ്യാവകാശകമീഷൻ ചെയർപേഴ്‌സൺ Read on deshabhimani.com

Related News