തൊഴിൽ നൈപുണ്യം പ്രധാനം



ജൂലൈ 15, അന്താരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ലോക യുവജന നൈപുണ്യ ദിനമായി ആചരിക്കുകയാണ്. പ്രധാനമായും മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തി സാമൂഹിക, സാമ്പത്തിക വളർച്ച നേടുന്നതിൽ മാതൃക സൃഷ്ടിച്ച സംസ്ഥാനമെന്നനിലയിൽ, ഈ ദിനത്തിന് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുണ്ട്. 40 ലക്ഷത്തോളം  മലയാളി സഹോദരങ്ങൾ ഏതാണ്ട് 182 രാജ്യത്തായി തൊഴിൽ വൈദഗ്‌ധ്യം ഉപയോഗപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിനിടയിൽ കഠിനാധ്വാനവും കർമകുശലതയും ആത്മസമർപ്പണവും മികച്ച തൊഴിൽ വൈദഗ്ധ്യവും  ഒത്തുചേർന്നിട്ടുള്ള ജനവിഭാഗമെന്ന ഖ്യാതി നാം നേടിയിട്ടുണ്ട്.   ഓസ്ട്രേലിയ, ജർമനി, ഫിൻലാൻഡ് തുടങ്ങി ലോകത്തെ ഒട്ടനവധി രാജ്യങ്ങളിലെ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും കേരളത്തിൽനിന്ന് കൂടുതൽ ഉദ്യോഗാർഥികളെ ലഭ്യമാക്കുന്നതിനായി നിരന്തരം സംസ്ഥാന സർക്കാരിനെ ബന്ധപ്പെടുന്നുണ്ട്. സംസ്ഥാന തൊഴിൽ മന്ത്രിയെന്നനിലയിൽ കഴിഞ്ഞ മൂന്നുവർഷക്കാലം ഇത്തരം നിരവധി ഉന്നതതല രാജ്യാന്തര സംഘങ്ങളുമായി ചർച്ച നടത്തി നടപടികൾ സ്വീകരിക്കാനായി.   മാനവവിഭവശേഷി വികസനത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തേണ്ടത്, സംസ്ഥാനത്തിന്റെ സാമൂഹ്യ–- സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിന് നിർണായകമാണ്. നിർമിതബുദ്ധി ഉൾപ്പെടെ നവയുഗ വിവരസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അനുദിനം മാറുന്ന തൊഴിൽ മേഖലകൾക്ക് അനുസരിച്ച് മാനവവിഭവശേഷി പരുവപ്പെടുത്തി എടുക്കുകയെന്നത് വളരെ ശ്രമകരമായ ഒന്നാണ്.    സംസ്ഥാനത്തെ തൊഴിൽരംഗവും അനുദിനം സങ്കീർണമായിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് ദേശീയ ശരാശരിയേക്കാൾ മികച്ച എൻറോൾമെന്റുള്ള സംസ്ഥാനത്ത്, അഭ്യസ്തവിദ്യർക്കിടയിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നനിലയിലാണ്. പരമ്പരാഗത തൊഴിൽ മേഖലകളിൽ പലതും ലാഭകരമല്ലാതാകുകയും കുറെയൊക്കെ കാലഹരണപ്പെടുകയും ചെയ്തതുമൂലം അസംഘടിത തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിടുന്നു. ലോക യുവജന നൈപുണ്യ വികസനസന്ദേശം എല്ലാവരിലേക്കും പകർന്നു നൽകുന്നതിനും തൊഴിൽ വൈദഗ്ധ്യവും ആത്മസമർപ്പണവും കർമകുശലതയുമുള്ള പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനും നമ്മൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് ലോക യുവജന നൈപുണ്യദിനം  ഓർമപ്പെടുത്തുന്നത്.  Read on deshabhimani.com

Related News