പുൽക്കൂട്‌ ഒരു 
കലാസൃഷ്ടി - വിനോയ് തോമസ് എഴുതുന്നു



  ക്രിസ്മസ് ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം വിവിധങ്ങളായ പുൽക്കൂടുകളുടെ കാഴ്ചയാണ്. പല വർഷങ്ങളിലും വീട്ടിൽ വിവിധ തരം പുൽക്കൂടുകൾ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുപോയ ഒരാളായതുകൊണ്ടായിരിക്കും ഇപ്പോൾ മറ്റുള്ളവർ ഉണ്ടാക്കിയ പുൽക്കൂടുകൾ കണ്ട് നിർവൃതികൊള്ളുന്നു. വേദപാഠക്ലാസുകളിൽ പുൽക്കൂടിന്റെ ചരിത്രവും ഒരു കലാരൂപം എന്ന നിലയിലുള്ള അതിന്റെ പ്രാധാന്യവുമൊക്കെ പഠിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. സുഹൃത്തായ ചിത്രകാരൻ പ്രേംകുമാർ കണ്ണോമുമായി ചിത്രകലയേക്കുറിച്ചും ശിൽപ്പകലയേക്കുറിച്ചുമൊക്കെ സംസാരിക്കുന്നതിനിടയിൽ പലപ്പോഴും പുൽക്കൂടുനിർമാണം കടന്നുവരാറുണ്ട്. ക്രിബ്, നേറ്റിവിറ്റിസീൻ എന്നൊക്കെ അറിയപ്പെടുന്ന പുൽക്കൂടിന് കലാരൂപങ്ങളുടെ ചരിത്രത്തിൽ പ്രധാനമായ സ്ഥാനമുണ്ടത്രേ. ഇറ്റലിയിൽ ഗ്രെസിയോയിലെ ഗുഹയിൽ 1223ൽ അസീസിയിലെ ഫ്രാൻസിസ് സൃഷ്ടിച്ചതാണ് ആദ്യത്തെ പുൽക്കൂട്. ഇറ്റലിയിലെ ലിഗൂറിയയിലെ മനരോലയിൽ 300ൽ അധികം വൈദ്യുത പ്രകാശപ്രതിമകൾകൊണ്ട്‌ നിർമിച്ചിരിക്കുന്ന നേറ്റിവിറ്റിസീനാണ് ലോകത്തിലെ ഏറ്റവും വലിയ പുൽക്കൂടായി കണക്കാക്കുന്നത്‌. സാൻഡ്രോ ബോട്ടിസെല്ലിയുടെ അഡോറേഷൻ ഓഫ് ദ മാഗി (1475),  മിസ്റ്റിക്കൽ നേറ്റിവിറ്റി (1501), റെംബ്രാൻഡിനേപ്പോലുള്ള അതിപ്രശസ്‌തരടക്കം നിരവധി ചിത്രകലാ പ്രതിഭകൾവരച്ചിട്ടുള്ള ‘ദ അഡോറേഷൻ ഓഫ് ദ ഷെപ്പേർഡ്സ്’, എൽ ഗ്രീക്കോയുടെ ‘ദ നേറ്റിവിറ്റി’ എന്നിങ്ങനെ ലോകകലയുടെ നീക്കിയിരിപ്പുകളായ പല ചിത്രങ്ങളും പുൽക്കൂടിന്റെ പ്രചോദനത്തിൽനിന്ന്‌ ഉണ്ടായിട്ടുള്ളതാണ്‌.  ഈ പറഞ്ഞ ചിത്രങ്ങളോ ശിൽപ്പങ്ങളോ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. കണ്ടിതിൽവച്ച് ഏറ്റവും മനോഹരമായ ഒരു പുൽക്കൂടിനേപ്പറ്റിയാണ് ഇവിടെ പറയുന്നത്‌. ഒരു ക്രിസ്‌മസിന് നാട്ടിലെ വായനശാലയുടെ നേതൃത്വത്തിലുണ്ടാക്കിയ പുൽക്കൂടായിരുന്നു അത്. ശ്രീനിയേട്ടൻ എന്ന ശിൽപ്പിയുടെ മേൽനോട്ടത്തിൽ ക്രിസ്‌മസിന് ഒരാഴ്ച മുമ്പേ നിർമാണം ആരംഭിച്ചു. വായനശാലയുടെ മുറ്റം അടച്ചുകെട്ടിയാണ് പുൽക്കൂട് പണിതത്. ക്രിസ്‌മസിന്റെ തലേന്ന്‌ രാത്രി ഏഴോടെ പുൽക്കൂട് കാഴ്ചക്കാർക്കായി തുറന്നുകൊടുത്തു. മറച്ചുകെട്ടിയ തുണിയുടെ ഒരു ഭാഗം ചെറുതായി മാറ്റി നാടകം കാണാൻ ആളെ കയറ്റുന്നതുപോലെ ഓരോരുത്തരെയായി അകത്തേക്ക്‌ വിടുകയാണ് ചെയ്‌തത്‌. തുറന്നസ്ഥലത്തുണ്ടാക്കുന്ന പുൽക്കൂടുകൾ മാത്രം കണ്ടുശീലിച്ച ഞങ്ങളുടെ നാട്ടുകാർക്ക് ഈ പരീക്ഷണം പുതിയൊരു അനുഭവമായിരുന്നു. പുൽക്കൂട് കണ്ടിറങ്ങിയവർ അനുഭവം പറഞ്ഞതോടെ ആളുകൾ ക്ഷമയോടെ വരിനിന്ന് പുൽക്കൂട് കാണാൻ തുടങ്ങി.  ശ്രീനിയേട്ടൻ പുൽക്കൂട് പണിയുന്ന സമയത്ത് ഞാൻ സഹായി ആയിരുന്നതിനാൽ അകത്ത് എന്തൊക്കെയാണുള്ളതെന്ന്   നന്നായി അറിയാമായിരുന്നു. എങ്കിലും വരിനിന്ന് കാണുമ്പോൾ എന്താണ് പ്രത്യേകതയെന്നറിയാൻ ചെറുകവാടത്തിലൂടെ അകത്തേക്ക്‌ കയറി. ഒരു കലാസൃഷ്ടിയുടെ കാഴ്ചയിൽ കാണി നിൽക്കുന്ന സ്ഥലത്തിന് ഇത്രമാത്രം പ്രാധാന്യമുണ്ടെന്ന് ആദ്യമായി മനസ്സിലാക്കുകയായിരുന്നു. പുറത്തെ ലോകത്തുനിന്ന്‌ കവാടത്തിലെ കർട്ടൻ മാറ്റുമ്പോൾ ഇരുണ്ട ഒരു ചെറുഗുഹയിലേക്കാണ് നമ്മൾ കടക്കുന്നത്. ഗുഹയുടെ മുന്നിലുള്ള നേർത്ത തിരശ്ശീല മാറ്റുന്നതോടെ മറ്റൊരു സ്ഥലരാശിയിൽ പെട്ടുപോകും. ആ വായനശാലയുടെ മുറ്റത്ത് അറക്കപ്പൊടിയും കടലാസും തെർമോകോളും കൊണ്ട്  സൃഷ്ടിച്ച ജെറുസലേം നഗരം കണ്ട് അതിനു മുമ്പ്‌ മറ്റൊരു കലാസൃഷ്ടിക്കും എന്നിലുണ്ടാക്കാൻ കഴിയാത്തത്ര അത്ഭുതത്തോടെ ഞാൻ മതിമറന്നുനിന്നു. അതുപോലൊരു അനുഭവം പിന്നീടുണ്ടായത് ഗൾഫിൽ പോയപ്പോഴാണ്‌. ഡെസേർട്ട് സഫാരി കഴിഞ്ഞ് രാത്രി വാഹനത്തിൽ തിരികെ വരുമ്പോൾ മണൽക്കുന്നിനെ ചുറ്റി വളയുന്ന സമയത്ത് പെട്ടെന്ന് മുസ്ലിംപള്ളി മുന്നിൽപ്പെട്ടു. നിലാവിലെന്ന പോലെ പ്രകാശിച്ചു നിൽക്കുന്ന ആ ദേവാലയം അസാധാരണമായ ഒരു കലാരൂപമായിരുന്നു. ഏത് ശ്രീനിയേട്ടനായിരിക്കും അത് നിർമിച്ചിട്ടുണ്ടാകുക. സുന്ദരമായ കലാസൃഷ്ടി നോക്കി എത്രയോ നേരം നിന്നുപോയി. ഞാനാദ്യം കണ്ട, ശ്രീനിയേട്ടന്റെ പുൽക്കൂടിന് മറ്റൊരിടത്തും കാണാത്ത ഒരു പ്രത്യേകതയുണ്ടായിരുന്നു. യേശു പിറന്നുവീണ കാലിത്തൊഴുത്തിനു മുകളിലായി മാലാഖമാരുടെ കൈയിലുണ്ടായിരുന്ന ഫലകത്തിൽ തത്ത്വമസി എന്നായിരുന്നു എഴുതിയിരുന്നത്. അതെന്താണ് അങ്ങനെ എഴുതിയതെന്ന് ശ്രീനിയേട്ടനോട് ചോദിച്ചു. ഉത്തരം വലിയൊരു വിവരണമായിരുന്നു. ഒരു കലാശിൽപ്പത്തിന്റെ ദർശനം അദ്ദേഹത്തിന്‌ ഏറ്റവും നന്നായിട്ട് കിട്ടിയത് രണ്ടുസ്ഥലങ്ങളിൽ വച്ചാണത്രെ. ഒന്നാമത്തെ സ്ഥലം ശബരിമല. കുത്തനെയുള്ള പതിനെട്ടാംപടി കയറി മുകളിലെത്തുമ്പോൾ നമ്മെ അതിശയിപ്പിച്ചുകൊണ്ട് പെട്ടെന്ന് കൺമുന്നിൽപ്പെടുന്ന കാഴ്ചയാണ് തത്ത്വമസി എന്നെഴുതിയ ശ്രീകോവിലും അയ്യപ്പദർശനവും. പതിനെട്ടാംപടി അത്രയ്ക്ക് കുത്തനെ അല്ലായിരുന്നെങ്കിൽ ഒരിക്കലും അതുപോലൊരത്ഭുതം നമ്മിലുണ്ടാക്കാൻ ആ ദർശനത്തിന് സാധിക്കില്ലായിരുന്നത്രേ. മറ്റൊന്ന്‌ ആഗ്രയിലെ അത്ഭുതവാസ്തുശിൽപ്പമായ താജ്മഹലിന്റെ കാഴ്ചയാണ്‌. ഇടുങ്ങിയ കവാടം കടന്നുചെല്ലുമ്പോൾ ശബരിമലയിലെന്ന പോലെ മറ്റൊരു വിസ്‌മയം. ശ്രീനിയേട്ടന്റെ പുൽക്കൂടിന്റെ കവാടം അത്രമാത്രം ഇടുങ്ങിപ്പോയതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായി. ഏതൊരു കലാശിൽപ്പത്തിന്റെയും പെട്ടെന്നുള്ള കാഴ്ചയാണ് നമ്മെ വിസ്‌മയിപ്പിക്കുക. കലാസൃഷ്ടി ആസ്വദിക്കുന്ന കാണി അതിനായി എവിടെ നിൽക്കണമെന്നതിനേക്കുറിച്ച് ഓരോ കലാകാരനും കൃത്യമായ നിശ്ചയമുണ്ടായിരിക്കണം. ഈ ക്രിസ്‌മസ് കാലത്ത് അത്തരം കാര്യങ്ങളേക്കുറിച്ച് നമ്മളൊക്കെ ആലോചിക്കുമല്ലോ. ആഘോഷങ്ങളെല്ലാംതന്നെ മനോഹരമായി ഒരുക്കുന്ന കലാസൃഷ്ടികളാണ്. അത്‌ നന്നായി ആസ്വദിക്കണമെങ്കിൽ നിൽക്കേണ്ട സ്ഥലത്തുതന്നെ പോയി നിൽക്കേണ്ടി വരും. അതിന് തയ്യാറാകാതെ ഏത് ആഘോഷത്തേയും വിലയിരുത്തുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് ഭയാനകമാണ്. താജ്‌മഹൽ പണിയിപ്പിച്ചത്‌ ആരെന്ന്‌ നോക്കി ആ വാസ്‌തു ശിൽപ്പ സൗന്ദര്യം കാണേണ്ടതില്ലെന്ന്‌ തീരുമാനിച്ചാൽ ഉണ്ടാകുന്ന നഷ്‌ടം എത്ര വലുതായിരിക്കും. അടുത്തകാലത്ത് ചില പൊതുവിടങ്ങളിൽ നടക്കുന്ന പല സംഗതികളും നേരിട്ടുകണ്ട ഒരാളെന്ന നിലയിൽ  സമൂഹം എത്തിനിൽക്കുന്ന അവസ്ഥയെ ഓർത്ത്‌ നല്ല പേടിയുണ്ട്. സമൂഹത്തെ വർഗീയമായി വിഭജിക്കാൻ വലിയ ശ്രമമാണ്‌ നടക്കുന്നത്‌. ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾ മറ്റൊരു വിഭാഗത്തിന് വിലക്കപ്പെട്ടതാണെന്നും നിഷിദ്ധമാണെന്നും പഠിപ്പിക്കുന്നവർ വിദ്വേഷം വളർത്തുകയാണ്‌ ചെയ്യുന്നത്‌. നിങ്ങളുടെ മതം മറ്റുള്ളവർക്കുകൂടി പ്രിയപ്പെട്ടതാകുകയാണ് ലക്ഷ്യമെങ്കിൽ ചെയ്യേണ്ടത് എല്ലാ ആഘോഷങ്ങളിലെയും കലാസൃഷ്ടികളെ കൃത്യമായ ഇടത്തു പോയിനിന്ന് കണ്ട് ആസ്വദിക്കുക എന്നതാണ്. (നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് 
ലേഖകൻ) Read on deshabhimani.com

Related News