സംവാദത്തിന്റെ കമ്യൂണിസ്റ്റ് മാതൃക
അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള ഇടതുപക്ഷത്തിന്റെ പരിവർത്തനത്തിനും ആ പ്രക്രിയയിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സംവാദത്തിനും പ്രയോഗത്തിനും സീതാറാം യെച്ചൂരിയുടെ സംഭാവന വളരെ വലുതാണ്. ആ ജീവിതം വളരെ നേരത്തേ അവസാനിച്ചിരിക്കുന്നു. അടിയന്തരാവസ്ഥയുടെ അനുഭവവും പാഠങ്ങളും ഉൾക്കൊണ്ട് സീത (അദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത് സീത എന്നായിരുന്നു) വിദ്യാർഥിയിൽനിന്ന് കക്ഷി രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഏകകക്ഷി ആധിപത്യത്തിന്റെ തകർച്ച കണ്ട സാഹചര്യത്തിൽ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തന്ത്രങ്ങളെയും അടവുകളെയും കുറിച്ചുള്ള ചർച്ചകളിലേക്ക് സീത പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ, അദ്ദേഹം നിരവധി നിർണായക സ്ഥാനങ്ങൾ വഹിച്ചു. ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎൻയു) ഏറ്റവും പ്രസിദ്ധമായിരുന്ന വർഷങ്ങളിൽ അതിന്റെ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്, എസ്‌എഫ്‌ഐ പ്രസിഡന്റ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, പൊളിറ്റ്ബ്യൂറോ അംഗം, ജനറൽ സെക്രട്ടറി, പാർടിയുടെ അന്താരാഷ്ട്ര വകുപ്പ് തലവൻ. പാർടിയുടെ മുഖവാരികയായ പീപ്പിൾസ് ഡെമോക്രസിയുടെയും സൈദ്ധാന്തിക മാസികയായ മാർക്‌സിസ്റ്റിന്റെയും എഡിറ്ററുമായിരുന്നു. 12 വർഷം രാജ്യസഭാംഗവും. സിപിഐ എമ്മിന്റെ പ്രധാന തീരുമാനങ്ങളെടുക്കുന്ന ഘടകങ്ങളിലേക്കും തുടർന്ന് അതിന്റ ജനറൽ സെക്രട്ടറിയിലേക്കുമുള്ള സീതയുടെ വഴി ഒരുപക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിരുചികളെയും പ്രവർത്തനരീതിയെയും സ്വാധീനിച്ചിരിക്കാം. തന്റെ പാർടിയോടും അതിന്റെ ആദർശങ്ങളോടും വിശ്വസ്തത പുലർത്തുമ്പോൾത്തന്നെ ഇന്ത്യൻ രാഷ്ട്രീയ ഇടത്തിലെ ജനാധിപത്യ ഘടകങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വഴക്കം ആവശ്യമാണെന്ന് സീത കണ്ടു. ഇന്ത്യൻ രാഷ്ട്രീയം സമീപകാല ദശകങ്ങളിൽ സ്വേച്ഛാധിപത്യത്തിലേക്ക് തിരിയുമ്പോൾ മാത്രമാണ് ആ ധാരണ ശക്തിപ്പെട്ടത്. ഭൂരിപക്ഷത്തിന്റെ അജൻഡയെ പിന്തുണയ്ക്കുന്ന ശക്തികൾ ഒരു പാർടിയിലൂടെ ആധിപത്യത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന സമയമായിരുന്നു ഇത്. പുതിയ സഖ്യകക്ഷികളെ ഉണ്ടാക്കുകയും ഇടതുപക്ഷത്തിന്റെ തത്വങ്ങളും മൂല്യങ്ങളും ഉൾക്കൊള്ളുന്ന പൊതുമിനിമം പരിപാടി അംഗീകരിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ സമഗ്രമായ ലക്ഷ്യമായി കാണപ്പെട്ടു. ലോകമെമ്പാടുമുള്ള ഇടതുപക്ഷത്തിന്റെ വിജയപരാജയങ്ങളിൽനിന്ന്, പാർടിയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ ചുമതലക്കാരൻ എന്ന നിലയിലുമുള്ള തന്റെ അനുഭവത്തിൽനിന്ന് പഠിച്ച കാര്യങ്ങളും വസ്‌തുതകളും ഇന്ത്യയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങൾ രൂപപ്പെടുത്തുന്നതിന് അദ്ദേഹം പ്രയോജനപ്പെടുത്തി. ആ ഉത്തരവാദിത്വങ്ങൾ തീർച്ചയായും ഭാരമുള്ളതായിരുന്നു. എന്നാൽ, അവ തോളിലേറ്റി, കമ്യൂണിസ്റ്റ് പാർടികളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത സംഘടനാ ശക്തരുടെ സാധാരണ കാരിക്കേച്ചറുകളിൽനിന്ന് വളരെ വ്യത്യസ്തമായ വ്യക്തിത്വത്തെ സീത വഹിച്ചു. അങ്ങേയറ്റം ഇഷ്‌ടപ്പെടുന്ന, യുവത്വത്തിന്റെ മനോഹാരിതയും നർമബോധവും മറ്റുള്ളവരെക്കുറിച്ചുള്ള തീക്ഷ്ണ ബോധവും ഉള്ള സീതയ്ക്ക്, പാർടിക്കകത്തും പുറത്തും തന്റെ ചുമതല മാറ്റിവയ്ക്കാതെതന്നെ സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ വിജയിക്കാൻ കഴിഞ്ഞു. ജെഎൻയുവിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിന്റെ ആദ്യ എംഎ ബാച്ചിലെ (1973-–-75) ചെറിയ ക്ലാസിലെ വിദ്യാർഥികളിൽ അദ്ദേഹം ഏറ്റവും മിടുക്കൻ മാത്രമല്ല, എല്ലാവരേയും ചിരിപ്പിച്ച ആളുമായിരുന്നു. ആ ഗുണങ്ങളെ ശ്രദ്ധേയമായ ബുദ്ധിവൈഭവവുമായി സംയോജിപ്പിച്ചു, ഇത് അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതത്തിന്റെ ഫലങ്ങളിൽ പ്രതിഫലിച്ചു. പരുപരുത്തതും കുഴഞ്ഞുമറിഞ്ഞതുമായ രാഷ്ട്രീയത്തിനുവേണ്ടി അദ്ദേഹം അക്കാദമിക് തലം വിട്ടെങ്കിലും ലോക സംഭവവികാസങ്ങളും ഇന്ത്യൻ ചരിത്രവും കമ്യൂണിസ്റ്റ് പാരമ്പര്യങ്ങളുംമുതൽ ബോളിവുഡ്‌വരെയും പഠനത്തിന് വിധേയമാക്കി. കുട്ടിക്കാലത്ത് സംഗീതവും സംസ്കൃത ശ്ലോകങ്ങളും പഠിച്ചതുപോലെ വ്യത്യസ്തമായ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ മൂർച്ചയുള്ള ഓർമശക്തി പ്രകടമാക്കിയിരുന്നു. കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശൈലി രൂപപ്പെടുത്താൻ ഈ ഗുണങ്ങൾ സഹായിച്ചു. പാർടി പ്രവർത്തകരുമായി വ്യക്തിപരമായി ബന്ധപ്പെടാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വേറിട്ടതായിരുന്നു. കുടുംബത്തിലെ ഓരോ അംഗത്തെയും കുറിച്ച് അന്വേഷിക്കുകയും ആശങ്ക പ്രകടിപ്പിക്കുന്നതോടൊപ്പം സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോൾ സഹാനുഭൂതി കാണിക്കാൻ അവരോടൊപ്പം ഉണ്ടായിരിക്കുക എന്നതും പ്രത്യേകതയായിരുന്നു. സീതയെ രാജ്യസഭയിലേക്ക് അയക്കാൻ പാർടി തീരുമാനിച്ചപ്പോൾ സഭാ ചട്ടങ്ങളിൽ വൈദഗ്‌ധ്യം നേടിയും തന്റെ വാക്ചാതുര്യം പ്രകടിപ്പിച്ചും മാതൃകാപരമായ പാർലമെന്റേറിയനാണെന്ന് തെളിയിച്ചു. ഏറ്റെടുത്ത പല കാര്യങ്ങളും വിജയിപ്പിക്കാൻ കഴിഞ്ഞുവെന്നും വ്യക്തമായി. ഇത്രയും കഴിവുകളുള്ള വ്യക്തി എന്തിനാണ് പ്രതിപക്ഷത്ത് ഇടതുപക്ഷത്തോട് ചേർന്നിരിക്കുന്നതെന്നറിയാതെ ട്രഷറി ബെഞ്ചുകൾ പലപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നു. അദ്ദേഹത്തിന്റെ മാർഗദർശികളിലൊരാളായ സിപിഐ എം മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിൽനിന്നും സ്വായത്തമാക്കിയ വൈദഗ്ധ്യത്തിലുടെ സീത പ്രതിപക്ഷ സഖ്യങ്ങൾ രൂപപ്പെടുത്തുന്നതിൽ ഒരു ശക്തിയായി മാറിയതിൽ അതിശയിക്കാനില്ല. ഓരോ കക്ഷികളും ചെയ്യാവുന്നതും ചെയ്യേണ്ടതുമായ വിട്ടുവീഴ്ചകൾ മനസ്സിലാക്കാൻ കഴിവുള്ളവനായ അദ്ദേഹം നിഷ്‌പക്ഷവും സ്വതന്ത്രവുമായ പങ്കാളിയായി വർത്തിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഇത്തരം കൂട്ടുകെട്ടുകൾ കൂടുതൽ നിർണായകമാണെന്ന് ഇപ്പോൾ തെളിയുകയാണ്. അതിനാൽ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമല്ല, വിശാലമായ രാഷ്ട്രീയ ലോകത്തും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമുണ്ടാക്കും. പൊതുജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തുകയും വിശ്വാസം കൈവരിക്കുകയും ചെയ്‌ത അദ്ദേഹത്തിന്റെ വേർപാട് ഞങ്ങൾക്കും സുഹൃത്തുകൾക്കും വലിയ നഷ്ടമാണെങ്കിലും സ്വകാര്യമായി സീത എന്നും അതേപടി ഓർമയിൽ ശേഷിക്കും. (സാമ്പത്തിക ശാസ്‌ത്രജ്ഞനും ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി മുൻ അധ്യാപകനുമാണ് ലേഖകൻ) Read on deshabhimani.com