സാഹിത്യം ബന്ധനമുക്തിക്ക്
(എസ് കെ പൊറ്റെക്കാട്ട് ഡി. ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിന്റെ തുടർച്ച) ഒരു സർവകലാശാല വർത്തമാനകാലത്തോടുള്ള കടപ്പാട് നിറവേറ്റുവാനാണ് ഭൂതകാലബന്ധത്തിനെ പുതിയ യുവതലമുറയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ആ കർത്തവ്യം ഇന്ന് വേണ്ടവിധത്തിൽ നടക്കുന്നുണ്ടോ? പുതിയ തലമുറ അതിന്നുവേണ്ടി ക്ലേശിക്കുന്നുണ്ടോ? ഇന്ന് അവരിൽ പലരേയും ആകർഷിക്കുന്നത് സെക്‌സിന്റേയും ചോരയുടെയും ബീഭത്സസദ്യയായിത്തീർന്നിരിക്കുന്ന ആധുനിക സാഹിത്യമല്ലേ? മനുഷ്യനെ പണംകൊണ്ട് തൂക്കി വിലകൽപ്പിക്കുന്ന ഒരു പ്രവണത ഇവിടെ വളർന്നുകൊണ്ടിരിക്കുന്നു. സത്യം, ധർമം, സേവനം, ത്യാഗം തുടങ്ങിയ തത്വങ്ങൾക്ക് മായംചേർത്ത പുതിയ വ്യാഖ്യാനങ്ങൾ ഇറങ്ങിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ആചാര്യന്മാർപോലും അത്യാചാരവിദഗ്‌ധരായി മാറിയ കഥകൾ നമുക്കുണ്ടല്ലോ. ഇന്ന് നമ്മുടെ സമുദായത്തിന് ഉദ്ധരണമല്ല, ആദ്യം വേണ്ടത് ഒരു ശുദ്ധീകരണമാണ്. അത് സർവകലാശാലകളിലും ആവശ്യമാണെന്ന് പറയേണ്ടിയിരിക്കുന്നു. സന്ദർഭം വരുമ്പോൾ ഒരു കാര്യം, അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, നിർവഹിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിന് ആദ്യമായി വേണ്ടത് അച്ചടക്കമാണ്. ആഫ്രിക്കയിലെ അപരിഷ്‌കൃത വർഗങ്ങളിൽപ്പോലും കണ്ടുവരുന്ന ഒരു ശീലമാണ് അച്ചടക്കം. ടാൻസാനിയായിലെ മാസായി വർഗക്കാരിൽ നവയുവാക്കൾ ഒരു സംഘടനയായി മാറി സമുദായത്തെയും സമുദായത്തിന്റെ സ്വത്തായ കാലിക്കൂട്ടത്തെയും സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു. മുതിർന്നവരുടെ ആജ്ഞയ്‌ക്കനുസരിച്ച് അച്ചടക്കത്തോടെ അവർ കർത്തവ്യം നിർവഹിക്കുന്നു. അതുപോലെ രാഷ്‌ട്രത്തിന്റെ അഭിവൃദ്ധിക്കും സ്‌നേഹവും സഹകരണബോധവും സമാധാനവുംകൊണ്ട് ഭദ്രമായ ഒരു പുതിയ സമുദായം സംവിധാനം ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു തയ്യാറെടുപ്പായിരിക്കണം സർവകലാശാലാ വിദ്യാഭ്യാസം. ഇന്ത്യയിലെ വിവിധ ദേശക്കാർ തമ്മിൽ ഭാഷാപരവും സാംസ്‌കാരികമായും അറിയാനും അടുക്കാനുമുള്ള ഉപാധികളുടെ കുറവാണ് നമ്മുടെ രാഷ്‌ട്രത്തിൽ ഇന്ന് കണ്ടുവരുന്ന പല അസ്വസ്ഥതകൾക്കും അത്യാചാരങ്ങൾക്കും ഒരു കാരണം. അമേരിക്കയിലെയും ജർമനിയിലെയും നോർവെയിലെയും സാഹിത്യകാരന്മാരെയും ആ ഭാഷയിലെ സാഹിത്യകൃതികളെയും കുറിച്ച് നമുക്ക് അറിയാം. എന്നാൽ, നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ കവികളെയും നോവലെഴുത്തുകാരെയും ആ ഭാഷകളിലെ വിശിഷ്ടകൃതികളെയും കുറിച്ച് നമുക്കറിഞ്ഞുകൂടാ. ആ ഭാഷകളിലെ ഗ്രന്ഥങ്ങൾ തർജമകളിലൂടെ നമുക്ക് ലഭിക്കാനിടവരാത്തതാണ് കാരണം. റഷ്യയിലും ചെക്കോസ്ലോവാക്യയിലും മറ്റുമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികളും പണ്ഡിതന്മാരും ഹിന്ദിയും ബംഗാളിയും തമിഴും മലയാളവും പഠിച്ച് ആ ഭാഷകളിലെ ഉത്തമഗ്രന്ഥങ്ങൾ തങ്ങളുടെ ഭാഷകളിലേക്ക് തർജമ ചെയ്യുന്നു. ഒരുദാഹരണം: എന്റെ വിഷകന്യക എന്ന നോവൽതന്നെ. ഡാക്ടർ കാമിൽ സ്വെലെബിൽ എന്ന ചെക്ക് പണ്ഡിതൻ മലയാളം പഠിച്ച് മലയാളത്തിൽനിന്ന് നേരിട്ട് പരിഭാഷപ്പെടുത്തിയിട്ടാണ് Jadovata Kraska എന്ന പേരിൽ പ്രാഗിൽ അത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പ്രഗൽഭരായ പരിഭാഷകരെ കണ്ടുകിട്ടാൻ പ്രയാസമാണ്. അത്തരം പരിഭാഷകരെ പരിശീലിപ്പിച്ചുകൊണ്ടുവരണം. സർവകലാശാലകൾക്ക് ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും. കാലിക്കറ്റ്, കേരളാ യൂണിവേഴ്‌സിറ്റികളിൽ കന്നഡ, തെലുങ്ക്, ഒറിയ മുതലായ ഭാഷകൾ പഠിക്കാൻ മുതിരുന്ന സാഹിത്യവാസനയുള്ള വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകണം. ആ ഭാഷകളിൽനിന്നുള്ള ഉത്തമഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ അവരുടെ സേവനം തന്നെ ഉപയോഗപ്പെടുത്തണം. ഇത്തരം ഗ്രന്ഥങ്ങൾ യൂണിവേഴ്‌സിറ്റിക്കുതന്നെ പ്രസിദ്ധീകരിക്കാവുന്നതുമാണ്. ഞാൻ പ്രസംഗം നീട്ടുന്നില്ല. ചരിത്രപ്രസിദ്ധമായ ഈ കോഴിക്കോട് നഗരത്തിന്റെ സർവകലാശാല എനിക്കു നൽകിയ മഹത്തായ ഈ ബിരുദം സവിനയം സ്വീകരിക്കുന്നതോടൊപ്പം നിങ്ങൾ എന്നിലർപ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും നീതി ചെയ്യുമാറ് എന്റെ സാഹിത്യസേവനം കൂടുതൽ ശക്തിയോടെ നിർവഹിക്കാൻ എനിക്കു സാധിക്കുമാറാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുകയും ചെയ്യുന്നു. മനുഷ്യന് പലതരത്തിലുള്ള ബന്ധനങ്ങളുണ്ട്. മനുഷ്യന്റെ എല്ലാ അസ്വാതന്ത്ര്യങ്ങൾക്കുമെതിരെ തൂലികപ്പടവാൾ പ്രയോഗിക്കുക എന്നതാണ് എന്റെ സാഹിത്യധർമം. ‘‘വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ,'' എന്നു പാടിയ കുമാരനാശാനെയാണ് ഞാൻ ഓർക്കുന്നത്. ഓസ്‌ട്രോവ്‌സ്‌കിയുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കാം: ‘‘മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട സ്വത്താണ് ജീവിതം.'' എന്റെ മുഴുവൻ ജീവിതവും എന്റെ സർവശക്തിയും ഈ ലോകത്തിലെ ഒന്നാമത്തെ പ്രമേയത്തിന് മനുഷ്യന്റെ ബന്ധനമുക്തിക്ക് ഞാൻ വിനിയോഗിച്ചിട്ടുണ്ട് എന്ന് ജീവിതാന്ത്യത്തിൽ എനിക്കു സംത്യപ്തിയോടെ പറയാൻ കഴിഞ്ഞെങ്കിൽ! ജയ് ഹിന്ദ്! (കടപ്പാട്: ജഹാംഗീറിന്റെ ശവകുടീരം, എസ് കെ പൊറ്റെക്കാട്ടിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ, ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്, രണ്ടാംപതിപ്പ്, 2022). ദേശാഭിമാനി വാരികയിൽ നിന്ന് Read on deshabhimani.com