ജീവിതയാത്രയിലെ കാഴ്ചകള്‍
ചലച്ചിത്ര സംവിധായകന്‍ പവിത്രന്‍ മരിച്ചു. എനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു അദ്ദേഹം. സുഹൃദ്സദസ്സുകളില്‍ പവിത്രേട്ടനെ ഞാന്‍ അനുകരിക്കാറുണ്ട്. അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകള്‍ക്കുശേഷം സുഹൃത്തുക്കള്‍ ഒന്നിച്ചിരിക്കുമ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്ന സി വി ശ്രീരാമേട്ടന്‍ എന്നോട് "പവിത്രനെ ഒന്നനുകരിക്കെടാ' എന്നാവശ്യപ്പെട്ടു. കെ ആര്‍ മോഹനും പി ടി കുഞ്ഞുമുഹമ്മദുമടക്കം തൃശൂരെ സാംസ്കാരികരംഗം മുഴുവന്‍ അവിടെയുണ്ട്. എല്ലാവരും നിശബ്ദരാണ്. ദുഃഖം ഖനീഭവിച്ച മനസ്സുമായി ഞാന്‍ പവിത്രേട്ടനെ അനുകരിച്ചു. അത് തീര്‍ന്നയുടന്‍ ശ്രീരാമേട്ടന്‍ "എടാ നീയുംകൂടി മരിച്ചാല്‍ പവിത്രനെ ആര് അനുകരിക്കും' എന്നൊരു ചോദ്യം. എല്ലാവരും ആ നര്‍മത്തില്‍ കുരുങ്ങി. കാറുമൂടിയ മനസ്സുകള്‍ പെയ്തുതുടങ്ങി.മറ്റൊരിക്കല്‍ ഞാന്‍ ശ്രീരാമേട്ടനൊപ്പം തൃശൂര്‍ സ്വരാജ് ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ അല്‍പ്പം അകലെ അതാ വൈലോപ്പിള്ളി. കവി കഥാകൃത്തിനെ മാടിവിളിച്ചു "ശ്രീരാമാ ഇവിടെ വരൂ'. ശ്രീരാമേട്ടന് സന്തോഷം. നടക്കുംവഴി "എന്റെയൊരു കഥാസമാഹാരം വായിക്കാന്‍ കൊടുത്തിട്ടുണ്ട്. പിന്നീടഞ്ചാറുതവണ കണ്ടപ്പോഴും വായിച്ചിട്ടില്ല. ഉടന്‍ വായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തവണ എന്തായാലും വായിച്ചിരിക്കും. അഭിപ്രായമറിയിക്കാനാവും വിളിച്ചതെ'ന്നൊക്കെ പറഞ്ഞു. പക്ഷേ, അത്തവണയും വൈലോപ്പിള്ളി പുസ്തകം വായിച്ചിരുന്നില്ല. "ഭദ്രമായിരുപ്പുണ്ട്ട്ടോ' എന്ന് വച്ചുകാച്ചുകയും ചെയ്തു. പിന്നീട് ഞാന്‍ വെറുതെ ചോദിച്ചു. അതെന്താ, ഒരുപാട് വായിക്കാറുള്ള കവി ഇത്രനാളായിട്ടും ഇതുമാത്രം വായിക്കാത്തതെന്ന്. ശ്രീരാമേട്ടന്റെ വലിയൊരു ചിരിയോടെയുള്ള മറുപടി."എടാ അമ്പതുവയസ്സു കഴിഞ്ഞാല്‍ ആരും കാര്യമായതൊന്നും വായിക്കില്ല. അതുവരെ വായിച്ചതൊക്കെക്കൊണ്ട് പിഴച്ചുപോവും. അത്രതന്നെ!'.ഇതുകേട്ട് ഞാന്‍ ആദ്യം പൊട്ടിച്ചിരിച്ചു. ചിരിയൊടുങ്ങിയപ്പോള്‍ ആലോചിച്ചു. "ശരിയാണോ?' ഉറപ്പിച്ചു. "ശരി, വളരെ ശരി'. ഇങ്ങനെ സദാ നര്‍മം പറയുന്ന മനുഷ്യനായിരുന്നു സി വി ശ്രീരാമന്‍. പക്ഷേ, എന്റെ പ്രിയ കഥാകൃത്തായ സി വി ശ്രീരാമന്റെ കഥകളില്‍ നര്‍മം കണ്ടെത്താനാകില്ല. സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറഞ്ഞു: "നര്‍മത്തിനപ്പുറമാണ് ശ്രീരാമന്റെ കഥകള്‍. ജീവിതത്തില്‍ അത്ര നര്‍മമൊന്നുമില്ലല്ലോ. ജീവിതമാണ് ശ്രീരാമന്റെ കഥകളിലുള്ളത്'.കിട്ടുന്നതെല്ലാം വായിക്കുന്ന ബാല്യത്തിലൂടെയാണ് ഞാന്‍ കടന്നുവന്നത്. പക്ഷേ, പ്രണയം കഥകളോടുതന്നെ. ആദ്യവായനാനുഭവവും പ്രണയകഥയാണ്. സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം. പിന്നെ എംടിയും ഒ വി വിജയനും കാരൂരുമൊക്കെ. അതിനൊക്കെശേഷമാണ് സി വി ശ്രീരാമനിലേക്കെത്തുന്നത്.ഒരുപാട് യാത്രചെയ്യുന്ന ആളായിരുന്നു ശ്രീരാമേട്ടന്‍. ആ യാത്രകളെ ഓര്‍മയുടെ ചിമിഴില്‍ സൂക്ഷിക്കുകയും വിവിധ ദേശങ്ങളില്‍ തന്നെ വന്നുതൊടുന്ന മനുഷ്യരുടെ കഥകള്‍ നമുക്കായി അതില്‍നിന്നെടുത്ത് തരികയുംചെയ്യുന്ന മാന്ത്രികവിദ്യ അദ്ദേഹത്തിന് വശമുണ്ടായിരുന്നു. സി വി ശ്രീരാമന്റെ ജീവിതംതന്നെ ഒരു വലിയ യാത്രയായിരുന്നല്ലോ. സിലോണില്‍ ജനിച്ച്, കേരളത്തില്‍ വളര്‍ന്ന് മംഗലാപുരത്തും മദിരാശിയിലുമൊക്കെ പഠിച്ച് കല്‍ക്കട്ടയില്‍ ജോലിചെയ്ത് ഒടുവില്‍ കേരളത്തില്‍ മടങ്ങിയെത്തി. അഭിഭാഷകനായി. പൊതുപ്രവര്‍ത്തകനായി. തികഞ്ഞ കമ്യൂണിസ്റ്റായിരുന്ന ശ്രീരാമേട്ടന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധിയായി. ഈ ജീവിതവഴികളിലെല്ലാം നൂറുകണക്കിനാളുകള്‍ അദ്ദേഹത്തിന്റെ മുന്നിലിരുന്ന് തങ്ങളുടെ കഥകള്‍ പറഞ്ഞിട്ടുണ്ടാകണം. ഇതിനെല്ലാമിടയില്‍ ചിദംബരംപോലുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലേക്കും പ്രകൃതിഭംഗിയാര്‍ന്ന മലമടക്കുകളിലേക്കും നിഷ്കളങ്കത നഷ്ടമാകാത്ത ഉള്‍ഗ്രാമങ്ങളിലേക്കും സഞ്ചരിച്ചു. അവിടെയെല്ലാം കണ്ട മനുഷ്യരുടെ ഭൗതികദുരിതങ്ങളും ആന്തരിക സംഘര്‍ഷങ്ങളും അറിഞ്ഞു. കണ്ണെത്തുന്നിടത്തുനിന്ന് ആ മനസ്സ് പിന്നെയും ബഹുദൂരം സഞ്ചരിച്ചു. കണ്ണിന് കാണാനാകാത്തത് മനസ്സ് പറഞ്ഞുകൊടുത്തു. അവിടെയാണ് യാത്രയ്ക്കിടയിലെ കേവലകാഴ്ചയ്ക്കപ്പുറം കഥ പിറവികൊള്ളുന്നത്.യാഥാര്‍ഥ്യങ്ങളുടെ ലോകത്താണ് ശ്രീരാമന്‍കഥകള്‍ നില്‍ക്കുന്നത്. പക്ഷേ, കണ്ടും കേട്ടുമറിയുന്ന യാഥാര്‍ഥ്യത്തെ ഭാവനകൊണ്ട് അദ്ദേഹം കലാസത്യമാക്കിത്തീര്‍ക്കുന്നു. യാഥാര്‍ഥ്യങ്ങളെ പകര്‍ത്തിവയ്ക്കലല്ല അത്. നഷ്ടപ്പെട്ടുപോകുന്നവന്റെ വേദനകളാണ് പല കഥകളിലും നാം കാണുക. പക്ഷേ, ഒന്ന് ഒന്നില്‍നിന്ന് തികച്ചും വ്യത്യസ്തം. അഭയാര്‍ഥികളായിത്തീരുന്ന വ്യക്തികള്‍ ആ കഥാസഞ്ചാരിയെ വ്രണിതഹൃദയനാക്കി. "വാസ്തുഹാര'പോലുള്ള കഥകള്‍ കാഴ്ചകളുടെ മുറിവില്‍നിന്ന് ഉയിരെടുത്തു. കാലുറപ്പിച്ചുനിര്‍ത്താനുള്ള മണ്ണും മനസ്സുറപ്പിച്ച് നിര്‍ത്തേണ്ടുന്ന ബന്ധങ്ങളും നഷ്ടമായവരെയാണ് വാസ്തുഹാരയില്‍ ശ്രീരാമേട്ടന്‍ കൊണ്ടുവരുന്നത്. "ഒട്ടുചെടി' എന്ന മറ്റൊരു കഥയിലും "വ്യാഖ്യാനിക്കാനാകാത്ത മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളാണ്' വെളിപ്പെടുന്നത്.ആഴത്തിലുള്ള ചരിത്രബോധവും ഉന്നതമായ മാനവികതയും സിവി ശ്രീരാമനെന്ന ചെറുകഥാകൃത്തിനെ മഹാനാക്കിത്തീര്‍ക്കുന്നു. ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവരെ അദ്ദേഹം മുന്‍നിരയിലേക്ക് കൊണ്ടുവരുന്നു. അതിജീവനത്തിനായി പൊരുതുന്ന സ്ത്രീകള്‍ ശ്രീരാമേട്ടന്റെ പല കഥകളിലുമുണ്ട്. വാസ്തുഹാരയിലെ "ആരതി'തന്നെ ഉദാഹരണം. എന്റോസി വല്യമ്മയിലെ വല്യമ്മ, ഞങ്ങളെ തൊട്ടാല്‍ എന്ന കഥയിലെ കുറുമ്പി, അശ്വതിയിലെ "അശ്വതി' തുടങ്ങി പിന്നെയുമുണ്ട് അനവധിപേര്‍. ഒരു വാച്ചിന്റെ കഥപറയുന്ന ഉര്‍ലോസ് എന്റെ മറ്റൊരു പ്രിയകഥയാണ്. വാച്ച് സൂക്ഷിച്ചുവയ്ക്കുന്ന സ്ത്രീയാണ് ഇതിലെ മുഖ്യകഥാപാത്രം.സി വി ശ്രീരാമന്‍ മലയാളത്തിന്റെ ഇത്തരിവെട്ടത്തിലൊതുങ്ങിപ്പോകേണ്ട എഴുത്തുകാരനല്ല. ഇംഗ്ലീഷിലോ മറ്റോ ആണ് അദ്ദേഹം എഴുതിയിരുന്നെങ്കില്‍ ആഗോളപ്രശസ്തനായിത്തീരുമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. Read on deshabhimani.com