മലബാര്‍ മാന്വല്‍ @ 130



വില്യം ലോഗന്റെ വിഖ്യാതരചന 'മലബാര്‍ മാന്വല്‍'130ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അന്വേഷണപഠനങ്ങളുടെ വിശാലവാതായനം തുറന്ന് ഈ വിദേശധിഷണാശാലിയുടെ പുസ്തകം ചരിത്രകുതുകികളെ വിസ്മയിപ്പിക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ മലബാറിന്റെ മാത്രം അടിസ്ഥാനരേഖയല്ല, ഈ അക്ഷരക്കൂട്ടം, മറിച്ച് കേരളത്തിന്റെ ഭൂതകാലത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. ഭൂമിശാസ്ത്രവിവരണം, മതജാതിബന്ധങ്ങള്‍, ആചാരങ്ങള്‍, ഭാഷ, സാഹിത്യം, സംഘടനകള്‍, വിദ്യാഭ്യാസം എന്നിങ്ങനെ വിപുലമായ അറിവുകളാണ് ലോഗന്‍ സന്നിവേശിപ്പിക്കുന്നത്. സ്കാട്ലാന്‍ഡിലെ ബര്‍വിക്ഷയറിലെ ഫെര്‍നികാസില്‍ എന്ന താഴ്വരയില്‍ രണ്ടുനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കാര്‍ഷികകുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 1847 മെയ് 17ന്. ഡേവിഡ് ലോഗന്റെയും എലിസബത്ത് ഫേസ്റ്റിയുടെയും മകന്‍. മുസല്‍ബര്‍ഗ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ഏറ്റവും ബുദ്ധിമതിയായ വിദ്യാര്‍ഥിക്കുള്ള ഡ്യൂമക്സ് മെഡല്‍ 1856ല്‍ നേടി. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ചേര്‍ന്ന് മദ്രാസ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുത്തു. സമൂഹത്തിലെ ഉന്നത ശ്രേണിയില്‍പ്പെട്ട കുടുംബങ്ങളിലുള്ളവര്‍ സ്വാധീനം വഴി സ്വായത്തമാക്കിയിരുന്ന സിവില്‍ സര്‍വീസില്‍ സ്വന്തം കഴിവിന്റെ മുതല്‍ക്കൂട്ടില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1862 ആഗസ്ത് 16ന് മദ്രാസ് സിവില്‍ സര്‍വീസില്‍ നിയമിതനായി. തമിഴും തെലുങ്കും മലയാളവും അടക്കമുള്ള പ്രാദേശികഭാഷകള്‍ കൂടി സ്വായത്തമാക്കിയതോടെ വടക്കന്‍ ആര്‍ക്കാട്ട് ജില്ലയില്‍ അസിസ്റ്റന്‍ഡ് കലക്ടര്‍- മജിസ്ട്രേറ്റായി നിയമിതനായി. 1867ല്‍ സബ്കലക്ടര്‍- ജോയിന്റ് മജിസ്ട്രേറ്റായി സ്ഥാനക്കയറ്റം. 1873ല്‍ തലശേരിയില്‍ വടക്കേ മലബാറിന്റെ ആക്ടിങ് ജില്ലാ സെഷന്‍സ് ജഡ്ജിയായി ചുമതലയേറ്റു. അടുത്തവര്‍ഷം തെക്കേ മലബാറിന്റെ ആക്ടിങ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി കോഴിക്കോട്ട് നിയമനം നേടി. 1875 മുതല്‍ ലോഗന്‍ മലബാര്‍ കലക്ടറും മജിസ്ട്രേറ്റുമായി. മലബാറിലെ മാപ്പിളത്താലൂക്കുകളില്‍ കാണ-ജന്മ മര്യാദയെപ്പറ്റി പഠനം നടത്താന്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ചത് അനുസരിച്ച് 1881ല്‍ പ്രത്യേക ഡ്യൂട്ടിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് 1882ല്‍ മലബാര്‍ ടെനന്‍സി കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മദ്രാസ് സര്‍വകലാശാലയുടെ ഫെല്ലോ ആയി നിയമിക്കപ്പെടുകയും 1882ല്‍ മദ്രാസ് റവന്യൂ ബോര്‍ഡിന്റെ ആക്ടിങ് മൂന്നാം അംഗമായി മാറുകയും തിരുവിതാംകൂര്‍- കൊച്ചിയുടെ ആക്ടിങ് റസിഡന്റായി നിയമിതനാകുകയും ചെയ്തു. 1883ല്‍ മലബാര്‍ കുടിയായ്മ നിയമം സംബന്ധിച്ച റിപ്പോള്‍ട്ട് തയ്യാറാക്കാന്‍ നിയമിതനായി. പിന്നീട് 1888 വരെ മലബാര്‍ കലക്ടര്‍- മജിസ്ട്രേറ്റ് പദവിയില്‍ തുടരുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഇന്ത്യാ ഗസറ്റിയറിന്റെ നേതൃത്വത്തില്‍ ജില്ലകളുടെ സംസ്കാരവും ഭരണവും പ്രതിപാദിക്കുന്ന സമഗ്രപദ്ധതി ആവിഷ്കരിക്കപ്പെട്ടത്. മലബാറിനെ സംബന്ധിക്കുന്ന മാന്വല്‍ എഴുതിത്തയ്യാറാക്കാനുള്ള ചുമതല അങ്ങനെയാണ് ലോഗനിലെത്തിയത്. മാന്വലിന്റെ ഒന്നാംവാള്യം 1887ലാണ് പ്രസിദ്ധീകരിച്ചത്. കാര്‍ഷികകുടുംബത്തില്‍നിന്നും വന്ന ലോഗന്റെ നിരീക്ഷണപാടവം മദ്രാസ് ഗവണ്‍മെന്റിന് അദ്ദേഹത്തില്‍ അവമതിപ്പുണ്ടാക്കി. സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ആര്‍ജവം ആ പ്രതിഭാശാലിയുടെ രാജിയിലാണ് കലാശിച്ചത്. 1864ല്‍ മലബാറിലുണ്ടായ ഒരു മാപ്പിളലഹള കാര്‍ഷികപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംഭവിച്ചതാണെന്ന് ലോഗന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് തിരുത്തിയെഴുതാന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. ലഹളയുടെ കാര്‍ഷികപശ്ചാത്തലമാണ് ലോഗന്‍ ചൂണ്ടിക്കാട്ടിയത്. 1888 സെപ്തംബറില്‍ ലോഗനെ കടപ്പ ജില്ലയുടെ സെഷന്‍സ് ജഡ്ജിയായി നിയമിച്ചു. രണ്ടുമാസത്തിന് ശേഷം നവംബര്‍ 23ന് ലോഗന്‍ ജോലിയില്‍നിന്ന് പിരിഞ്ഞ് സ്വദേശത്തേക്ക് മടങ്ങി. ഗുണ്ടര്‍ട്ട് അടക്കമുള്ള ധിഷണാശാലികളുടെ തട്ടകമായ തലശേരി ലോഗന്റെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. 1872 സെപ്തംബറില്‍ ലോഗന്‍ ആനി സെല്‍ബി ബൂറലിനെ വിവാഹം കഴിച്ചു. 1873 ഒക്ടോബറില്‍ വില്യം മാല്‍ക്കോന്‍ എന്ന മകന്‍ തലശേരിയിലാണ് ജനിച്ചത്. രാജിക്ക് ശേഷം നായാട്ടും ഗോള്‍ഫ് കളിയുമൊക്കെയായാണ് ലോഗന്‍ കാലം കഴിച്ചത്. നാല് വീടുകളുണ്ടായിരുന്നു അദ്ദേഹത്തിന്. എഡിന്‍ബര്‍ഗിലെ കോളിന്‍ടണിലെ വീട്ടില്‍ 1914ല്‍ ലോഗന്‍ അരങ്ങൊഴിഞ്ഞു. ഭരണാധികാരി എന്നനിലയില്‍ തുറമുഖവികസനം, തോട്ടക്കൃഷി, റെയില്‍വേവികസനം, വിദ്യാഭ്യാസപ്രവര്‍ത്തനം സാമൂഹ്യപരോഗതി എന്നിവയ്ക്കായി ലോഗന്‍ അക്ഷീണം പ്രവര്‍ത്തിച്ചു. റബര്‍, കൊക്കോ, കാപ്പി, വാനില എന്നീ നാണ്യവിളകളുടെ കൃഷിക്കും ലോഗന്‍ നിര്‍ണായകസംഭാവന നല്‍കിയെന്നതും നമ്മളും വിസ്മരിച്ചു. തലശേരിയില്‍ നാം ഇന്ന് കാണുന്ന ലോഗന്‍സ് റോഡാണ് അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരകങ്ങളിലൊന്ന്. എന്നാല്‍, മലബാര്‍ മാന്വലും കുടിയായ്മാകമീഷന്‍ റിപ്പോര്‍ട്ടും മലബാറിന്റെ സാമൂഹ്യ- സാമ്പത്തികജീവിതത്തിന്റെ നേര്‍ചിത്രം പകരുന്ന നിത്യസ്മാരകങ്ങളാണ്. Read on deshabhimani.com

Related News