മരിയയുടെ ലോകത്തെ വിശേഷങ്ങൾ



സമൂഹം പറയുന്ന രീതിയിൽനിന്ന്‌ അൽപ്പമെങ്കിലും മാറിയാൽ ‘അബ്‌നോർമലാ’യി (അസാധാരണം) ബ്രാൻഡുചെയ്യപ്പെടും. ചിന്തകളെയും പ്രവൃത്തികളെയുമൊക്കെ ആ തരത്തിൽ വ്യാഖ്യാനിക്കും. അങ്ങനെയുള്ള സ്‌ത്രീയുടെ കഥയാണ്‌ സന്ധ്യാമേരിയുടെ ‘മരിയ വെറും മരിയ’ എന്ന നോവൽ. ഈ നോവലിന്റെ എഴുത്തുകാരിയും അത്‌ ഇംഗ്ലീഷിലേക്ക്‌ ‘മരിയ ജസ്‌റ്റ്‌ മരിയ’ എന്ന പേരിൽ മൊഴിമാറ്റിയ വിവർത്തക ജയശ്രീ കളത്തിലും പുരസ്‌കാരനിറവിലാണ്‌. വിവർത്തന നോവലിനുള്ള ക്രോസ്‌വേഡ്‌ ബുക്ക്‌ പുരസ്‌കാരമാണ്‌ ഇരുവർക്കും ലഭിച്ചിരിക്കുന്നത്‌. ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷകളിലും ഇന്ത്യൻ വംശജരുടെ മികച്ച കൃതികളെ അംഗീകരിക്കാനായി ഇന്ത്യയിൽ എല്ലാവർഷവും നൽകിവരുന്ന അവാർഡാണ് ക്രോ സ്‌വേഡ് ബുക്ക് അവാർഡ്‌. സാധാരണ നോവൽ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതാണ്‌ ‘മരിയ വെറും മരിയ’. ഒട്ടൊക്കെ ‘തലതിരിഞ്ഞ’ ആഖ്യാനം. അതിനെ പൂർണാർഥത്തിൽ ആവിഷ്‌കരിക്കാൻ വിവർത്തനത്തിനുമായി. എഴുത്തുകാരിയും വിവർത്തകയും സംസാരിക്കുന്നു. വിവർത്തനം പുതിയൊരു സാഹിത്യസൃഷ്ടി ഇതിനുമുമ്പ്‌ ക്രോസ്‌വേഡ്‌ ബുക്ക്‌ അവാർഡ്‌ നൽകിയത്‌ 2019ലാണ്. എൻ പ്രഭാകരന്റെ അഞ്ചു നോവെല്ലകളുടെ സമാഹാരമായ ‘ഡയറി ഓഫ് എ മലയാളി മാഡ്മാൻ’ എന്ന പുസ്തകത്തിന്‌.  ഇതേ പുരസ്‌കാരം ജയശ്രീ കളത്തിലിന്‌ ലഭിച്ചു. അവരുടെ ആദ്യത്തെ വിവർത്തനമായിരുന്നു. അത്‌ വലിയ അംഗീകാരവും പ്രോത്സാഹനവുമായെന്ന്‌ ജയശ്രീ പറയുന്നു.  പിന്നെ കോവിഡും മറ്റും കാരണം അവാർഡ് നിർത്തിവച്ചു. ഇക്കൊല്ലം വീണ്ടും തുടങ്ങിയപ്പോൾ അംഗീകാരം കിട്ടിയതിൽ വളരെ സന്തോഷം. ‘മരിയ വെറും മരിയ’ ഘടനാപരമായി മാത്രമല്ല സവിശേഷതയുള്ളത്‌. അതിന്റെ കഥ, എഴുത്തുരീതി, ഉപയോഗിച്ചിരിക്കുന്ന ഭാഷ തുടങ്ങി മലയാള സാഹിത്യത്തിൽ നമ്മളധികം കാണാത്ത വ്യത്യസ്തമായ പുസ്തകമാണ്. സന്ധ്യാമേരിയുടെ രചനാരീതി വളരെ പുതുമയുള്ളതാണ്. ഇതൊക്കെ തന്നെയാണ് വിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചതും. ഭാഷാപരമായി, പ്രാദേശിക പദങ്ങളുൾപ്പെടെ,  വിവർത്തനത്തിന് ബുദ്ധിമുട്ടുള്ള നോവലല്ല.  പക്ഷേ, സന്ധ്യ കഥ പറയുന്ന രീതി, പുസ്തകത്തിലുടനീളം കാണുന്ന നർമബോധം –- പലപ്പോഴും ഉള്ളിൽ തട്ടി മുറിവേൽപ്പിക്കുന്ന തരത്തിലുള്ള നർമം –- ഇതൊക്കെ മറ്റൊരു ഭാഷയിലേക്ക്‌ കൊണ്ടുവരുന്നത് കരുതലോടെ ചെയ്യേണ്ടതാണ്. അതായിരുന്നു വെല്ലുവിളി. എപ്പോഴത്തെയുംപോലെ പുസ്തകം കൊണ്ടുപോകുന്ന പാതയിലൂടെ നടക്കുക എന്ന രീതിയാണ് ഇവിടെയും തുടർന്നത്. വിവർത്തനം  ചെയ്യുന്ന പുസ്തകത്തിന്റെ മാത്രമായ മലയാളമെഴുത്ത്, കഥ പറച്ചിൽ, താളാത്മകത, ധ്വനി, ഇതെല്ലാം കഴിയുന്നത്ര ഭംഗിയായി ഇംഗ്ലീഷിലേക്ക് എങ്ങനെ കൊണ്ടുവരാം എന്നതിലാണ്‌ എപ്പോഴും ഊന്നൽ. ജന്മിയുടെ മുന്നിലെന്നപോലെ മേൽവസ്ത്രം കൂപ്പുകൈയിൽ പിടിച്ച് എഴുത്തുകാരുടെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന അടിയാളരായാണ് പലരും പലപ്പോഴും വിവർത്തകരെ കണ്ടിരുന്നത്. മലയാളത്തിൽ മാത്രമല്ല, ഇന്ത്യൻ, ലോക, ഭാഷകളിലും ഈ അവസ്ഥ ഇപ്പോൾ മാറി. ഇന്നത്തെ വിവർത്തകർ പലരും വിവർത്തനത്തെ  സേവനം ആയല്ല, മറിച്ച്  കല, ക്രിയേറ്റീവ് ആർട്ട് ആയാണ് കാണുന്നത്. അതുകൊണ്ടുതന്നെ വിവർത്തനസാഹിത്യത്തിന്  സാധ്യതയും അംഗീകാരവും കൂടിയിട്ടുണ്ട്. ഒരു പുസ്തകത്തിന്റെ വിവർത്തനം മറ്റൊരു ഭാഷയിലെ പുതിയ സാഹിത്യസൃഷ്ടിയാണ്‌–-എഴുത്താളും വിവർത്തകയും ഒരുമിച്ച് നിർമിക്കുന്ന പുതിയ സാഹിത്യസൃഷ്ടി. മലയാളത്തിൽ ചെറിയ വായനാസമൂഹം മാത്രമേ ‘മരിയ വെറും മരിയ’ വായിച്ചിട്ടുള്ളൂവെന്നാണ്‌  അറിയാൻ കഴിഞ്ഞത്. അവാർഡ് കിട്ടുന്നതുകൊണ്ട് ഒരു പുസ്തകം ‘ഏറ്റവും നല്ല’പുസ്തകം ആകുന്നില്ല–- പക്ഷേ, കുറച്ചുകൂടി വായനക്കാരുടെ ഇടയിലേയ്‌ക്ക്‌ ചെല്ലാൻ വഴിയൊരുക്കും. മലപ്പുറം ജില്ലയിലെ കോട്ടക്കൽ സ്വദേശിയാണ്‌ ജയശ്രീ. ഇപ്പോൾ ലണ്ടനിൽ താമസം. എസ്‌ ഹരീഷിന്റെ ‘മീശ’യുടെ വിവർത്തനത്തിന്‌ 2020ൽ ജെസിബി പുരസ്‌കാരം ലഭിച്ചു. ജിസാ ജോസിന്റെ  ‘മുദ്രിത’യുടെ  ഇംഗ്ലീഷ്‌ വിവർത്തനം അടുത്തുതന്നെ ഇറങ്ങും.  എസ് ഹരീഷിന്റെ ‘ആഗസ്‌ത്‌–- 17’ ഉം മൊഴിമാറ്റുന്നുണ്ട്‌. ലളിതഭാഷയിൽ പറഞ്ഞ സങ്കീർണതകൾ ‘മരിയ വെറും മരിയ’യുമായി ഒരു രീതിയിലും കണക്ട് ചെയ്യാതെ  സ്വതന്ത്രകൃതിയായിത്തന്നെ പൂർണമായും ആസ്വദിച്ചുവായിക്കാവുന്ന പുസ്തകമാണ് ‘മരിയ ജസ്റ്റ് മരിയ’. അതേസമയംതന്നെ അത് ഒറിജിനലുമായി എല്ലാരീതിയിലും ചേർന്നുനിൽക്കുന്നുമുണ്ട്. വിവർത്തനത്തിന്റെ പ്രതിഭയാണത്‌–-സന്ധ്യാമേരി പറയുന്നു. ഏറ്റവും ലളിതമായ ഭാഷയിലാണ്‌ നോവൽ എഴുതിയിരിക്കുന്നത്‌.  ഭാഷകൊണ്ടുള്ള കളികൾ കുറേയുണ്ട്‌. അവയുടെ വിവർത്തനം ജയശ്രീ ഭംഗിയായി ചെയ്തിട്ടുണ്ട്.  വാക്കുകളുടെ തെരഞ്ഞെടുപ്പിൽ ജയശ്രീ കാണിക്കുന്ന സൂക്ഷ്മതയും കണിശതയും പ്രത്യേകം എടുത്തുപറയണം. ഭാഷയിൽ പരീക്ഷണം നടത്താൻ നോവലിന്റെ എഴുത്തുരീതിയിൽ ശ്രമിച്ചിട്ടില്ല. ആ നോവലിന്റെ രീതി അതായതുകൊണ്ടാണ്. നമുടെ പരമ്പരാഗത കാഴ്ചപ്പാടിൽ ഒട്ടും ‘നോർമലല്ലാ’ത്ത കുറേ ആളുകളും മൃഗങ്ങളും ദൈവങ്ങളുമൊക്കെ ഒട്ടും ‘നോർമല’ല്ലാതെ ജീവിക്കുന്ന ഇടമാണ്‌ നോവലിലേത്‌. അവിടെ ഭാഷയും അത്ര സാധാരണമായിരിക്കില്ല. അവരുടെ വർത്തമാനരീതി തന്നെ വേറേയായിരിക്കും. ദൈവങ്ങളുടെ റോളിനെ മരിയ ചോദ്യം ചെയ്യുന്നുണ്ട്. വളരെ സങ്കീർണമായ കാര്യങ്ങളാണ് മരിയയുടെ ഉള്ളടക്കം. നർമം കലർത്തി അവയെല്ലാം അവതരിപ്പിക്കാനാണ്‌ ശ്രമിച്ചത്‌.  എന്റെ എഴുത്തുരീതി അങ്ങനെയാണ്. കഥകളിലും നർമമുണ്ട്‌. അത്‌ സ്വഭാവത്തിന്റെ കൂടി ഭാഗമാണ്‌. മാജിക്കൽ റിയലിസവും നർമവും കൂടിച്ചേരുന്ന എഴുത്ത് വളരെ അധികം ആസ്വദിച്ച് ചെയ്തതാണ്. നോവലിലെ കഥാപാത്രങ്ങളൊക്കെ വളരെ ക്രിയേറ്റീവായിട്ടുള്ള രീതിയിൽ ഉള്ളവരായതുകൊണ്ട് അവർക്ക് ആ രീതിയാണ് ചേരുന്നത്. അതുകൊണ്ടാണല്ലോ അവർ ‘അസാധാരണം’ എന്ന്‌ മുദ്രകുത്തപ്പെടുന്നത്. ചെറിയ കുറിപ്പുകളായാണ്‌ മരിയയുടെ കഥ എഴുതിത്തുടങ്ങിയത്. പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല കുത്തിക്കുറിക്കൽ. കുറേ കഴിഞ്ഞപ്പോൾ അത്‌ നോവലിന്റെ രൂപത്തിലേക്ക് എത്തുന്നതായി മനസ്സിലായി. അപ്പോൾമുതൽ  മരിയയുടെ ലോകം നോവലായിത്തന്നെ എഴുതാൻ തുടങ്ങി. Read on deshabhimani.com

Related News