കാളിദാസന്റെ മല്ലിയും തൃഷ എന്ന പെൺകുട്ടിയും

ഫോട്ടോ: ബിനുരാജ്‌


  ‘റാം c/o ആനന്ദി'യിൽ ഫിക്‌ഷന്റെ ചരിത്രമല്ല- സിനിമയുടെ ചരിത്രമാണുള്ളത്. ഇത്, വായനക്കാരോ നിരൂപകരോ ചാർത്തിക്കൊടുത്ത വിശേഷണമല്ല; നോവലിസ്റ്റിന്റെ തന്നെ പ്രഖ്യാപനമാണ്.   ‘ശേഷമുള്ള പേജുകളിൽ താൻ സാധാരണ ഒരു ഇന്ത്യൻ പെൺകുട്ടി ആയിരുന്നുവെങ്കിൽ തന്റെ പ്രണയം എങ്ങനെ ആകുമായിരുന്നുവെന്നും ഭാവിയിൽ എന്തൊക്കെ നടക്കുമായിരുന്നു എന്നുമെല്ലാം ഭാവനചെയ്‌ത്‌ ആനന്ദി എഴുതിവച്ചിരുന്നു. അതിൽ കല്യാണം കഴിഞ്ഞശേഷം അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഒരാൾ ആൺകുട്ടിയും മറ്റൊന്ന് പെൺകുട്ടിയും ആയിരിക്കുമെന്നും ആൺകുട്ടിക്ക് റാം എന്ത് പേര് വേണമെങ്കിലും വച്ചോട്ടെ പക്ഷേ, പെൺകുട്ടിക്ക് എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും താൻ തൃഷ എന്നുമാത്രമേ പേര് വയ്‌ക്കൂ എന്നൊക്കെ എഴുതിയിരുന്നു. തുടർന്നുള്ള പേജുകൾ ഓരോന്നായി വായിക്കവേ ഉള്ളുനീറിയൊരു കരച്ചിൽ അവന്റെ മനസ്സുതകർത്ത് പുറത്തേക്കു വന്നു.’  ‘റാം  c/o  ആനന്ദി' യിൽ ഫിക്‌ഷന്റെ ചരിത്രമല്ല സിനിമയുടെ ചരിത്രമാണുള്ളത്.  ഇത്, വായനക്കാരോ നിരൂപകരോ ചാർത്തിക്കൊടുത്ത വിശേഷണമല്ല; നോവലിസ്റ്റിന്റെ തന്നെ പ്രഖ്യാപനമാണ്.  ‘ഈ നോവലിനെ ഒരു സിനിമാറ്റിക് നോവൽ എന്നു വിളിക്കാൻ ഞാനാഗ്രഹിക്കുന്നു. ഒരു സിനിമ കാണാൻ ടിക്കറ്റെടുത്ത അതേ മനസ്സോടെ ഈ നോവലിനെ നിങ്ങൾക്കു കാണാം.'  നോവലിസ്റ്റിന്റെ ഈ വാക്യങ്ങൾ ആ നോവലിനെഴുതിയ ആത്മകഥാപരമായ വിശേഷണങ്ങളാണ്. ചെറിയൊരു തിരുത്തു മാത്രമേ നമുക്കതിൽ വരുത്താനുള്ളൂ.  അതിങ്ങനെയാണ്: ‘ഉദ്വേഗജനകമായ ഒരു ചലച്ചിത്രത്തെ നോവലിന്റെ ക്രാഫ്റ്റിലേക്ക്‌ ശ്രദ്ധയോടെ പകർത്തിവച്ചിരിക്കുന്ന ഈ നോവൽ ടിക്കറ്റെടുക്കാതെ കാണാവുന്ന ഒരു വായനാനുഭവമാണ്' എന്നു മാത്രം. തീവണ്ടിയിറങ്ങിയ കഥകൾ തീവണ്ടികളുടെ കുതിരശക്തികൾ ആധുനിക നോവലിൽ സൃഷ്ടിച്ച അതേ പെരുമാറ്റങ്ങൾ തന്നെയാണ് ഈ നോവലിലെയും തീവണ്ടികൾ നൽകുന്ന കഥകൾ. അതിൽ വലിയ മാറ്റമൊന്നുമില്ല. 2018 ജനുവരി 23 പുലർച്ചെ 5.45ന്, ചെന്നൈയിലെ ആവടി സ്റ്റേഷനിൽ ട്രെയിനിറങ്ങുന്ന ആലപ്പുഴക്കാരനായ ശ്രീറാമിൽനിന്ന് അതാരംഭിക്കുന്നു. പിന്നീടുള്ളത് റെയിൽവേ സ്റ്റേഷനുകളുടെ കഥപറച്ചിലുകളാണ്. ശ്രീറാം കയറുകയും ഇറങ്ങുകയും ചെയ്യുന്ന പതിവു സ്റ്റേഷനുകളായ ഗിണ്ടിയും നുങ്കമ്പാക്കവും. ഇതേ സ്റ്റേഷനുകൾ തന്നെ ആവർത്തിക്കുന്നു. ഈ ആവർത്തനങ്ങളിൽനിന്ന് പുതിയതരം സന്ധിപ്പുകളുണ്ടാവുന്നു. പലതരം മനുഷ്യരെ റാം സന്ധിക്കുന്നു. അവരിലൊരാളാണ് മല്ലി. റെയിൽവേ സ്റ്റേഷന്  തമിഴിൽ പറയുന്ന വാക്കും സന്ധിപ്പാണെന്നത്‌ ഇവിടെ പ്രസക്തമാണ്. സന്ധിപ്പുകളിലൂടെയാണ് ഈ നോവൽ നോവലായിത്തീരുന്നത്‌. വായനക്കാർ ഇരുന്നും കിടന്നും നടന്നും റെയിലിലോടിയും വിമാനത്തിൽ പറന്നും ഇതു വായിച്ചുകൊണ്ടിരിക്കുന്നു.  ‘റാം  c/o  ആനന്ദി'യിലെ നോവൽവിദ്യ അത്ഭുതകരമായ സൂത്രവാക്യമൊന്നുമല്ല.  ഇതിലുള്ളതൊക്കെയും മുൻപും നാം കണ്ടിട്ടുള്ളതാണ്.  ആവടിയിലോ എഗ്‌മൂറിലോ ട്രെയിനിറങ്ങുന്ന റാമിനെ നമ്പർ 20 മദ്രാസ് മെയിലിലൂടെ സങ്കൽപ്പിക്കാവുന്നതേയുള്ളൂ. പാട്ടിയും താത്തയും (ഭർത്താവ്) കൂടി അവരുടെ പ്രിയപ്പെട്ട പത്മിനിയിലൂടെ യാത്ര ചെയ്തിരുന്ന  മദ്രാസിനെ ചുരുങ്ങിയത് രണ്ടു സിനിമകളിലൂടെയെങ്കിലും മലയാളികൾ മനസ്സിൽ കൊത്തിവച്ചിട്ടുണ്ട്. ‘മറുനാട്ടിൽ ഒരു മലയാളി'യും ‘നാടോടിക്കാറ്റു'മാണ് ആ സിനിമകൾ. വെട്രിമാരന്റെ ‘വടചെന്നൈ'യിലെ സംഘർഷങ്ങളുടെ വേരുകൾ എങ്ങനെയെല്ലാമാണോ നഗരത്തിനു പുറത്തേയ്ക്കു സഞ്ചരിക്കുന്നത്, അതുപോലെ വെട്രിയും രേഷ്മയും നേരിടുന്ന സംഘർഷങ്ങളും വായനക്കാരെ നഗരത്തിനു പുറത്തേക്ക്‌ കൊണ്ടുപോയി ഉദ്വേഗഭരിതരാക്കുന്നു. ഈ സൂത്രവാക്യംകൊണ്ടു പുതിയൊരു നോവൽഭാഷ സൃഷ്ടിക്കപ്പെടുന്നില്ല. അങ്ങനെ ഭാവുകത്വത്തിൽ ഇടപെടുകയെന്ന ലക്ഷ്യവും നോവലിസ്റ്റിനില്ല. ഫിക്‌ഷൻ, കാലലീലയിൽ നടത്തുന്ന വിദഗ്‌ധമായ ചില കുതിപ്പുകളും ഇതിലില്ല. കാലലീല നോവലിന്റെ ജിനോമിക് ഘടനയിലെ വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ്.  ചിലപ്പോൾ ആഖ്യാനത്തിന്റെ ഇടുങ്ങിയ നടവഴിയിൽ കയറിനിന്ന് അതിനെയൊരു ഉറുമ്പിൻപാതപോലെ ചെറുതാക്കാനും, തടാകത്തിൽനിന്നു വെള്ളം കൊണ്ടുപോവുന്ന തുരങ്കംപോലെ വലുതാക്കാനും അതിനു കഴിയും. ഇവിടെ ആ ജോലി നിർവഹിക്കുന്നത് സിനിമാറ്റിക് ആയ ആഖ്യാനമാണ്.  ജനപ്രിയ സിനിമകളുടെ ആഖ്യാനവഴിയും കാണികളുടെ മനശ്ശാസ്ത്രവും നന്നായി മനസ്സിലാക്കിയ ഒരാളെപ്പോലെ നോവലിസ്റ്റ് അതു നിർവഹിക്കുന്നു. സിനിമയും നോവലുംകൂടി ഇടപഴകുന്ന ഈ ഉഭയമാധ്യമീകരണം (intermediality) ഭാഷയുടെ സൂചകങ്ങളെക്കാൾ ദൃശ്യങ്ങളുടെ സുഗമമായ ഒഴുക്കിലും അതിന്റെ വ്യക്തതയിലുമാണ് ശ്രദ്ധിക്കുന്നത്. നോവലിനെ സംബന്ധിച്ച് ഇതു പരസ്പരപൂരകമല്ലെങ്കിലും, ഇനി വരാനിരിക്കുന്ന ഒരു സിനിമയെ സംബന്ധിച്ച് അത്രയൊന്നും സങ്കീർണത സൃഷ്ടിക്കാനിടയില്ലാത്ത നല്ല സ്രോതസ്സ് (source) ആയിരിക്കും ഇത്.  എന്നാൽ, അതിന്റെ വിജയപരാജയങ്ങളെ നോവലല്ല, സിനിമയുടെ കലയാവും നിർണയിക്കുക. നമുക്കു പാർക്കാനുള്ള മുന്തിരിത്തോട്ടങ്ങൾ വിഭവങ്ങളുടെ സമൃദ്ധികൊണ്ട് ഈ നോവൽ ആരെയും പ്രലോഭിപ്പിക്കുകയില്ല. കൈയിലുള്ളത്  സൂക്ഷിച്ചുപയോഗിക്കുന്ന, താഴ്‌ന്ന മധ്യവർഗ (lower middle class) ത്തിന്റെ സ്വഭാവശീലങ്ങളാണ് തുടക്കം മുതൽ അവസാനം വരെയും ഈ നോവലിലുള്ളത്. പണമല്ല ജീവിതത്തിന്റെ ഏറ്റവും വലിയ അസംസ്‌കൃതവസ്തു എന്ന്‌ ബോധ്യപ്പെടുത്തിക്കൊണ്ട് ഉപഭോഗജീവിതത്തെ ഇതു ചോദ്യം ചെയ്യുന്നുമുണ്ട്. റാമിന്റെയും സംഘത്തിന്റെയും ‘അമ്മ ഉണവക'ത്തിലെ ഭക്ഷണനേരങ്ങൾ, ആനന്ദിയുടെ പിശുക്കും നാനാരൂപത്തിലെ ജോലിത്തിരക്കുകളും, പാട്ടിയുടെ മധുരപലഹാരക്കച്ചവടം, അല്ലിഗ്രാമത്തിലെ തിരുവിഴയെ ചുറ്റിപ്പറ്റിയുള്ള കുടുംബസന്ദർഭങ്ങൾ ഒക്കെ ഇതിന്റെ തെളിവുകളാണ്. ആനന്ദിയുടെ വിലകുറഞ്ഞ പഴയ ലൂണ സ്‌കൂട്ടർ കൂടിയാവുമ്പോൾ ആ പട്ടിക പൂർത്തിയായി. ഈ സാമ്പത്തികശാസ്ത്രത്തിന്റെ ലോജിക്, വായനയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഉപയോഗിച്ചതുതന്നെ വീണ്ടും ഉപയോഗിക്കുക, ഉപയോഗിച്ചതുപോലെ ഉപയോഗിക്കുക എന്നത് ആവർത്തിക്കുന്നതുകൊണ്ട് ഇനിയെന്താണ്  സംഭവിക്കുകയെന്ന്  ആർക്കും പ്രവചിക്കാനാവുന്നില്ല. ഗണിതത്തിലെ സാംഖ്യകിക സിദ്ധാന്തമുപയോഗിച്ചു മനസ്സിലാക്കാവുന്ന കാര്യമാണിത്. ആവർത്തിക്കുന്ന പരീക്ഷണഘട്ടങ്ങളിൽനിന്ന് പ്രയോജനകരമായ അനുമാനങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് സാംഖ്യകിക സിദ്ധാന്തം പറയുന്നത്.  ആവർത്തിച്ചാവർത്തിച്ചു ചെയ്യുന്ന കാര്യങ്ങളെ അവയുടെ ആവൃത്തി (frequency) മുൻനിർത്തി പരിശോധിച്ചാൽ ഇനിയെന്താണു സംഭവിക്കുക എന്നനുമാനിക്കാൻ കഴിയുന്ന ഗണിതയുക്തി (സാംഖ്യകിക യുക്തി) ഈ നോവലിൽ തന്ത്രപരമായി ഭഞ്ജിച്ചിരിക്കുന്നു. എങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടിയാലും ആനന്ദിയുടെ ചരിത്രമെന്തെന്ന്, അവൾ പറയുന്നതുവരെ, വായനക്കാർക്ക് ഒരു പിടിയും കിട്ടുകയില്ല. അവൾ പാട്ടിയുടെ വാട്ടർടാങ്ക് വൃത്തിയാക്കി പ്രതിഫലം വാങ്ങുന്നതും കാറ്ററിങ് സർവീസ് നടത്തി പണം സ്വരൂപിക്കുന്നതും പിശുക്കിന്റെ മുന്തിരിത്തോട്ടം സ്വന്തമാക്കാനല്ലെന്ന സൂചന മാത്രമേ എത്ര ആലോചിച്ചാലും നോവലിസ്റ്റ് തരികയുള്ളൂ. അതിനുപിന്നിൽ സംഘർഷഭരിതമായ ഒരു രാഷ്ട്രീയകാരണമുണ്ടെന്നറിയുമ്പോഴാണ് ‘റാം c/o ആനന്ദി'യുടെ വായനയുടെ തിരശ്ശീലയ്‌ക്ക്‌ തീപിടിക്കുന്നത്. നോവലിന്റെ കാലഘട്ടങ്ങൾ ഈ നോവൽ, നോവൽസാഹിത്യത്തിലെ ഏതു സാമൂഹികശാസ്ത്ര കാലഘട്ടത്തെയാണ്‌ പ്രതിനിധീകരിക്കുന്നതെന്ന ചോദ്യം വരാം. ദാർശനികമായ ആധുനികതയെയല്ല എന്നു വ്യക്തമാണ്; കാരണം, ഇതിലെ ഒരു കഥാപാത്രവും ദാർശനികമല്ല. ദർശനം നോവലിനെ നയിക്കുന്ന വലിയൊരു നരവംശശാസ്ത്ര സത്യമാണ്. ദർശനങ്ങളെ ഫോക്കസ് ചെയ്യുന്നതിലൂടെയാണ് നോവൽ അതിന്റെ ആധുനികത (modernity) യെ സംരക്ഷിക്കുന്നത്. ദർശനം നോവലിനെ നയിക്കുന്ന വലിയൊരു നരവംശശാസ്ത്ര സത്യമാണ്. ദർശനങ്ങളെ ഫോക്കസ് ചെയ്യുന്നതിലൂടെയാണ് നോവൽ അതിന്റെ ആധുനികത (modernity) യെ സംരക്ഷിക്കുന്നത്. അങ്ങനെയുള്ള ഒരു പരിചരണവും ഈ നോവലിന്റെ നേർരേഖയിലുള്ള കഥാതന്തുവിനു വേണ്ടിവരുന്നില്ല. എന്നാൽ, നോവലിന്‌ പുറത്തേക്കു സഞ്ചരിക്കുമ്പോൾ മല്ലിയുടെ അനുഭവങ്ങളുടെ വിശദീകരണത്തിന് ചില ദർശനങ്ങൾ നമുക്കു വേണ്ടിവരുന്നു. അതാകട്ടെ, പുറംലോകത്തിന്റെ ഉണ്മകളെ ഉരുക്കിയെടുക്കുന്ന പുതിയൊരു വർണരാജിയുടെ ദർശനമാണ്. ജൻഡർ സ്‌പെക്ട്രം എന്നു വിളിക്കുന്ന ഒന്ന്. നോവലിനെ രസകരമായി വായിച്ചു മാറ്റിവയ്ക്കുന്നവർക്കുള്ളതല്ല ഈ ദർശനം. അങ്ങനെയുള്ളവർ ഈ ഫിക്‌ഷനെ നേരംപോക്കാനായി ഉപയോഗിച്ചുതീർത്തവർ (consumers)  മാത്രമാണ്. അത്തരം മാനസികാവസ്ഥകളെ വിശദീകരിക്കാൻ തികച്ചും പ്രകടനപരമായ ചില സാമൂഹികനിമന്ത്രണങ്ങൾ (social imperatives) മതിയാവും. ‘അതെയതെ, നല്ല അടിപൊളി നോവലായിരുന്നു', ‘ഒറ്റയിരുപ്പിന് രസകരമായി ഞാനിതു തീർത്തു', ‘ആനന്ദിയുടെ കാര്യം എന്തായിക്കാണുമോ എന്തോ' എന്നൊക്കെയുള്ള ചില പുറംപൂച്ചു വർത്തമാനങ്ങൾ മതിയാവും അത്തരക്കാർക്ക്‌ തങ്ങളുടെ വായനയെ വിളിച്ചുപറയാൻ. ഈ നോവൽ നിർമിച്ചെടുത്ത വിപണിയെ തൃപ്തിപ്പെടുത്തുന്ന അഭിപ്രായങ്ങൾ മാത്രമാണവ. ഇത്തരം അഭിപ്രായങ്ങൾക്ക് കാലഘട്ടത്തിന്റെ വാസ്തുശില്പത്തെ സ്പർശിക്കുന്നതിനുള്ള കെല്പുണ്ടാവുകയില്ല. ഇത്തരക്കാർ ഭാവനയെ ആസ്വദിക്കുന്നവരല്ല; ഭാവനാരൂപങ്ങൾ മനസ്സിലുയർത്തിവിടുന്ന വികാരങ്ങളിൽ അഭിരമിക്കുന്നവർ മാത്രമാണ്. ഉപഭോഗത്തിന്റെ ഈ കാലാവസ്ഥയിൽ അഭിരമിച്ച്, അതിലൂടെ മാത്രം ക്രിസ്റ്റലീകരിക്കപ്പെട്ട വായനക്കാർക്ക് നോവൽ ചരിത്രത്തിന്റെ വലിയ മേഘപടലങ്ങൾ സൃഷ്ടിക്കുന്ന ഇടിമുഴക്കങ്ങളെ കേൾക്കാനാവുകയില്ല. ഇത്തരം ഒഴുകുന്ന വായനക്കാരെ ഉത്തരാധുനികതാവിമർശനം, ഒഴിഞ്ഞ സൂചകർ  (vacant signifier) എന്നാണ്‌ വിശേഷിപ്പിച്ചിരിക്കാൻ സാധ്യത. അതൊരു കുഴഞ്ഞുമറിഞ്ഞ സമൂഹമാണ്. റാം നാട്ടിൽനിന്നു വിട്ട് പുറത്തൊരു ജീവിതനാടകം സൃഷ്ടിച്ചെടുക്കുന്നതുപോലെ, ഒഴുകുന്ന വായനക്കാർ സുരക്ഷിതമായ ഒരിടത്തിരുന്ന് മല്ലിയോടും സുഹൃത്തുക്കളോടും സഹതപിക്കുന്നു. നാട്ടിൽ, എല്ലാ സദാചാരവിലക്കുകളും പാലിച്ചും പ്രാപിച്ചും കഴിയുന്നവർ, തങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയറിയാത്ത ഒരിടത്തു ചെല്ലുമ്പോൾ പൊടുന്നനെ സദാചാരലംഘകരും വിപ്ലവകാരികളുമായിത്തീരുന്ന ഒരുതരം ആവേശംപോലെയാണത്. അതെന്തുതന്നെയോ ആവട്ടെ, ഈ നോവലിൽനിന്നു പുനഃസൃഷ്ടിച്ചെടുക്കാവുന്ന ഏറ്റവും വലിയ ദർശനം മല്ലിയുടെ മാനസികാവസ്ഥയുടെ ദർശനമാണ്. ഭ്രമണപഥം നഷ്ടപ്പെട്ടുപോയ ശരീരത്തിന്റെ മാനസികാവസ്ഥയാണത്. അച്ചുതണ്ടിലെ ശരീരങ്ങൾ ഉഭയലൈംഗികതയുടെ പ്രബലമായ അച്ചുതണ്ടിൽ കറങ്ങുന്ന ശരീരങ്ങളെക്കുറിച്ച് കഥയെഴുതുന്ന റൊമാൻസുകളിൽ നിന്ന്‌ ഭിന്നമാണ് മല്ലിയുടെ ജീവിതകഥ.  ഒരു കാതിൽനിന്ന് ഊരിയ ഹെഡ്‌സെറ്റും മറുകാതിൽ ഏതോ തമി‌ഴ് പാട്ടുമായാണ് റാം ആദ്യമായി മല്ലിയെ കണ്ടുമുട്ടുന്നത്. ഉഭയലൈംഗികതയുടെ പ്രബലമായ അച്ചുതണ്ടിൽ കറങ്ങുന്ന ശരീരങ്ങളെക്കുറിച്ച് കഥയെഴുതുന്ന റൊമാൻസുകളിൽ നിന്ന്‌ ഭിന്നമാണ് മല്ലിയുടെ ജീവിതകഥ.  ഒരു കാതിൽനിന്നും ഊരിയ ഹെഡ്‌സെറ്റും മറുകാതിൽ ഏതോ തമി‌ഴ് പാട്ടുമായാണ് റാം ആദ്യമായി മല്ലിയെ കണ്ടുമുട്ടുന്നത്. മുല്ലപ്പൂ തലയിൽ ചൂടി ചുണ്ടിൽ ചുവന്ന നിറത്തിൽ കടുംചായവും തേച്ച് അവർ നിൽക്കുന്നു. ‘നാൻ ഒരു അറുവാണി. കാസ് താ കണ്ണാ.' അവർ പറഞ്ഞു. തീവണ്ടിയിൽ പണം യാചിക്കാൻ നിൽക്കുന്ന ഇത്തരം രൂപങ്ങളെപ്പറ്റി റാമിന്‌ ക്ലാസ്സെടുത്തുകൊടുക്കുന്നതും ഒരു മലയാളിയാണ്. അറുവാണി എന്നാൽ ഹിജഡകൾ എന്നാണർഥം. അവർ അങ്ങനെയൊക്കെ പറയും. എന്നുവച്ച് നമ്മൾ കാശൊന്നും കൊടുക്കാൻ നിൽക്കരുത്.  എല്ലാം ഫ്രോഡുകളാണ്. ഈ വിലയിരുത്തലിന് ഒരു ചരിത്രബോധമുണ്ട്. പിന്നീട് റാമും മല്ലിയും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധം ഈ ചരിത്രബോധത്തിന്‌ വിരുദ്ധമായതും ജൈവികവുമാണ്. ജൈവപച്ചക്കറികളും പഴങ്ങളും കൃഷിചെയ്തു വിൽക്കുന്ന ഒരു ആലപ്പുഴക്കാരൻ കർഷകന്റെ മകനായ റാം, പിതാവിൽനിന്നു പഠിച്ചെടുത്ത ജൈവരാഷ്ട്രീയമാവാം ഈ നിലപാടിന്റെയും  പിന്നിലുള്ളത് ('താനും കുടുംബവും അനുഭവിക്കുന്ന മനശ്ശാന്തിയും കലർപ്പില്ലാത്ത അന്നവും സമൂഹത്തിൽ ജീവിക്കുന്ന ഭൂരിഭാഗം ആളുകളുടെയും സ്വപ്‌നമാണെന്നു തിരിച്ചറിഞ്ഞ നാൾ മുതൽ അച്ഛൻ അവന്റെ റോൾമോഡലായി മാറി. ആ അച്ഛനെ കണ്ടു വളർന്നതിനാൽ അവനിലും ചില പ്രത്യേക ലക്ഷ്യങ്ങളുണ്ടായി’). ഈ നോവലിന്റെ വിനിമയപ്രക്രിയയുടെ ഏറ്റവും ബലമേറിയ വശം ട്രാൻസ്‌ജെന്ററിസത്തിന്റെ ഈ വശമാണ്. ഇത് രണ്ടു വ്യക്തികൾ തമ്മിലുള്ള കേവലമായ സ്‌നേഹത്തിന്റെ വിനിമയം മാത്രമല്ല, ജന്ററിന്റെ മനഃശാസ്ത്രരാഷ്ട്രീയത്തെ മനസ്സിലാക്കുന്നതിനുള്ള സാമൂഹികാനുഭവങ്ങളുടെ വിനിമയംകൂടിയാണ്. ഒരുപക്ഷേ, ഈ അനുഭവങ്ങൾ മാത്രമായിരുന്നു നോവലിലുണ്ടായിരുന്നതെങ്കിൽ ഇത്രത്തോളം വായന അതിനുണ്ടാകുമായിരുന്നോ എന്നതു സംശയമാണ്. പ്രകടവും പ്രബലവുമായ ആൺപെൺ ജെന്ററുകളുടെ ഒരു ദ്വന്ദ്വാത്മക ലോകവും അതിനോട് ഒരു നിലയിലും പൊരുത്തപ്പെടാത്ത ട്രാൻസ്‌ജെന്റർ സൈക്കും തമ്മിലുള്ള സംഘർഷത്തിന്റെ ആഴത്തെയാണ് മല്ലിയിലൂടെ നാം വായിക്കുന്നത്. അറുവാണി എന്ന് സ്വയം പരിചയപ്പെടുത്തി ജീവിക്കേണ്ടിവരികയും കത്തിപ്പാറ പാലത്തിനു ചുവടെ, വൃത്തിഹീനമായ ഓടമാലിന്യങ്ങൾക്കരികെ, സാരികൾകൊണ്ടു കെട്ടിമറച്ച ഇടങ്ങളിൽ താമസിക്കേണ്ടിവരികയും ചെയ്യുന്നത് ഈ സംഘർഷത്തിന്റെ ഒരവസ്ഥയാണ്. ഇതിനെ ആവിഷ്‌കരിക്കാനും പല നിലകളിൽ അഭിസംബോധന ചെയ്യാനും കഴിഞ്ഞുവെന്നത് ‘റാം c/o  ആനന്ദി'യുടെ വിജയമാണ്. ട്രാൻസ്‌ജെൻഡർ സൈക്കിന്റെ വിനിമയത്തിന്‌ പാകമാകാൻ നമ്മുടെ ആഖ്യാനസാഹിത്യം ഏതൊക്കെ നിലകളിൽ സംവിധാനം ചെയ്യപ്പെടേണ്ടതുണ്ടെന്നാണ് മല്ലിയുടെ സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഫ്യൂഡൽ മാനസികാവസ്ഥയിൽനിന്ന് വിമോചന ആധുനികതയുടെ സാഹചര്യത്തിലേക്കു പരിവർത്തിക്കപ്പെട്ട കാലത്ത് സ്ത്രീയുടെ മാനസികാവസ്ഥകൾ എങ്ങനെയൊക്കെ പുതുതായി ചർച്ച ചെയ്യപ്പെട്ടുവോ അതുപോലൊരു സംവാദമാണ് ഇവിടെയുമാവശ്യം. മല്ലിയുടെ ജീവിതം വ്യക്തിപരമായ സ്വത്വപ്രതിസന്ധി മാത്രമല്ല.  ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയുടെ മുഴുവൻ പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെടുന്ന ഒന്നാണ്. ആൺ പെൺ ജൻഡറുകളുടെ ലോകക്രമത്തെ നിയന്ത്രിക്കുന്ന പുരുഷ ജൻഡറാണ് മല്ലി നേരിടുന്ന ഭയാനകമായ കോട്ട (മല്ലിയെപ്പോലെ ഓരോ ട്രാൻസ്‌ജെൻഡറും നേരിടുന്ന സ്വത്വപ്രശ്‌നം). ഇതിന്റെ ഏറ്റവും ഭീകരമായ വെർഷനാണ് എസ് ഐ ഫാറൂഖിൽ നിന്നും കതിർവേലിൽനിന്നും മല്ലി നേരിടുന്നത്. മാനസികമായി അതിലും വേദനിപ്പിക്കുന്നതായിരുന്നു അപ്പയിൽനിന്നും അനുജൻ കവിദാസിൽനിന്നും  ഗ്രാമത്തിലെ പരിചയക്കാരിൽനിന്നും മല്ലി എന്ന ‘കാളിദാസി'ന്‌ നേരിടേണ്ടിവന്ന പരിഹാസങ്ങളും മർദ്ദനവും. ഇതിന്റെയൊക്കെ സാമൂഹികശാസ്ത്ര ഫ്രെയിംവർക്ക് പഴയ ആണാധിപത്യ ഫ്രെയിംവർക് തന്നെയാണെങ്കിലും, മല്ലി നേരിടുന്ന അക്രമങ്ങളുടെ സ്വഭാവത്തിൽ അതിന്റെ ലൈംഗികമനഃശാസ്ത്രം മറ്റൊന്നാണ്. അതിന്റെ ഒരു ചിത്രം ഇപ്രകാരമാണ്. ചെന്നൈ അക്കാദമിയിലെ ഡാൻസ് ക്ലാസ്സിൽ പ്രവേശനം കിട്ടി പുതിയ പ്രതീക്ഷകളുടെ ചിലങ്കയണിഞ്ഞ മല്ലിയുടെ അവസ്ഥയാണത്. 'ഗോഡൗണിൽനിന്നും മല്ലിയുടെ അലർച്ച ഉയർന്നു കേട്ടു. അവളുടെ ഇടതു തുടയിൽ എസ്ഐ ഫാറൂഖ് സിഗരറ്റുകൊണ്ടു കുത്തിയ പാടിൽ തൊടാൻ കഴിയാതെ മല്ലി ഏങ്ങലടിച്ചു. അവളുടെ കവിളിൽ രണ്ടിടത്തും ഫാറൂഖിന്റെ കൈപ്പത്തിയുടെ അടയാളങ്ങൾ ചുവന്നു കാണപ്പെട്ടു. ഫാറൂഖ് അവളിൽനിന്നു മാറിയതും കതിർവേൽ പാന്റ്‌സിന്റെ സിപ്പ് അഴിച്ചുകൊണ്ട്  വന്നെത്തി. ‘ഉം തിരിഞ്ഞു നിക്കെടി.' അയാൾ നഗ്നയായി നിലത്തു മുഖംപൊത്തിയിരിക്കുന്ന മല്ലിയോട് ആജ്ഞാപിക്കുന്ന സ്വരത്തിൽ പറഞ്ഞു. ആ സമയത്ത് അവളുടെ ഉടലിൽ ആ ചിലങ്കകൾ മാത്രമായിരുന്നു ആകെയുണ്ടായിരുന്നത്. ‘എനിക്കിനി പറ്റില്ല സാർ. എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാനും നിങ്ങളെപ്പോലെ ഒരു മനുഷ്യജീവിയാണ്!’  അവൾ മുകളിലേയ്ക്ക് കൈകൾ കൂപ്പിപ്പിടിച്ചു.  കതിർവേൽ കൊതുകിനെ കൈകൾക്കുള്ളിൽ വച്ച് ആഞ്ഞടിക്കുന്നതുപോലെ അവളുടെ കൂപ്പിപ്പിടിച്ച കൈകൾ അകത്താക്കി ബലിഷ്ഠമായ അയാളുടെ ഇരു കൈപ്പത്തികളുംകൊണ്ട് ആഞ്ഞടിച്ചു. തന്റെ കൈവിരലുകളിലെ അസ്ഥികൾ ഒടുഞ്ഞൂനുറുങ്ങിയതുപോലെ മല്ലിക്കനുഭവപ്പെട്ടു. മല്ലിയുടെ ഈ അവസ്ഥയെ ലൈംഗികതയുടെ ആൺ പെൺ ദ്വന്ദ്വംകൊണ്ടു വിശദീകരിച്ചാൽ തീരില്ല. അവിടെപ്പോലും ഇത്തരം ലൈംഗികവൈകൃതങ്ങൾ (perversions) കഠിനമായ സാമൂഹികദുരന്തമാണ്. അതിലും വ്യത്യസ്തമായ മറ്റൊരുതരം വൈകൃതമാണിത്. ട്രാൻസ്ജെൻഡറുകളുടെ ലൈംഗികമനസ്സിനെ ഒരു തരത്തിലും മനസ്സിലാക്കാൻ കഴിയാത്ത രോഗാതുരമായ ആൺ മനശ്ശാസ്ത്രമാണിത്. ഈ അവസ്ഥയുടെ കാരണത്തെ മല്ലിയും കൂട്ടരും നിർവചിക്കുന്നത്, പൊലീസുകാരുടെ ഭാര്യമാരെക്കാൾ തങ്ങൾക്കു സൗന്ദര്യമുള്ളതുകൊണ്ടാണ് അവരിങ്ങനെ പെരുമാറുന്നതെന്നാണ്. ഈ വിശകലനത്തിലുള്ളത് പിന്നെയും സങ്കീർണമായ വേറൊരു പ്രശ്‌നമാണ്. ട്രാൻസ്‌ജെൻഡർ സൈക്കിനുള്ളിലെ സ്‌ത്രൈണമനസ്സ് നേരിടുന്ന അരക്ഷിതാവസ്ഥയുടെ വേദനയാണത്. പുരുഷാധികാരമനഃസ്ഥിതിയുള്ള ഒരു സമൂഹത്തിന് ഇതൊന്നും മനസ്സിലാവുകയില്ല. സമൂഹം ചലനാത്മകമല്ലാത്തതുകൊണ്ട്‌ (static) സംഭവിക്കുന്ന ‘ജൻഡർ ട്രബിൾ' ആണിത്.  ജൂഡിത്  ബട്‌ലറുടെ ആ സങ്കല്പത്തെ അങ്ങനെയും വായിച്ചെടുക്കാം. എത്രതന്നെ വികസിച്ചതായാലും ഒരു മഹാനഗരം അതിന്റെ ജൻഡർസമീപനത്തിൽ എത്രകണ്ടു പിന്തിരിപ്പനാണെന്നാണിത്‌ കാണിക്കുന്നത്. വികസനത്തിന്റെ പരിഗണനയിൽ ജൻഡറും അനിവാര്യമായ സാമൂഹികഘടകമാണ്. പക്ഷേ, അതിന്റെ മൂല്യത്തെ മറ്റു വികസനസൂചികകളെപ്പോലെ പ്രാദേശികമായി കണക്കാക്കിയാൽപ്പോര. ജൻഡറിനെ സാർവദേശീയമായി വേണം വിലയിരുത്താൻ. മല്ലിയുടെ കാര്യത്തിൽ സ്‌നേഹത്തിന്റെ തുറന്ന രാഷ്ട്രീയം കൊണ്ടാണ് റാം അതിലിടപെട്ടത്.  റാം ജീവിച്ച സാമൂഹികചുറ്റുപാടുകളാണ് (ആലപ്പുഴയുടെ പുരോഗമനസാമൂഹിക ചുറ്റുപാടുകളാണ്) റാമിനെ അതിനു സഹായിച്ചിരിക്കുക. ആനന്ദിയോടുള്ള പ്രണയത്തിന്റെ കാര്യത്തിലും ഇത്‌ ബാധകമാണ് (കരിമീനിന്റെ പ്രകൃതി ശാസ്ത്രം അവിടെയുണ്ടെങ്കിലും). പ്രണയത്തെ വംശീയമായി നിർവചിക്കുന്ന അധികാര വർഗീയതയുടെ കാലത്ത് റാമിന്റെ ഈ നിലപാടുകൾക്ക് വലിയ പ്രസക്തിയുണ്ട്. ‘ഉണർന്നു പെറുമെല്ലാമൊരിനം' എന്ന്  ശ്രീനാരായണഗുരു പറഞ്ഞ വാക്യത്തിന്റെ സ്ഥാപനയായ കളവംകോടം സ്ഥിതി ചെയ്യുന്ന ആലപ്പുഴക്കാരനാണ് ശ്രീറാം. ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന സ്വത്വപ്രതിസന്ധികളെയും അവരിൽ ഓരോരുത്തരും നേരിടുന്ന വ്യക്തിപരമായ സ്വത്വ പ്രതിസന്ധികളെയും നോവലിൽ നേരിട്ട് ഇടപെടുന്ന രീതിയിൽത്തന്നെ പറഞ്ഞുപോകാൻ നോവലിസ്റ്റ്  ശ്രമിക്കുന്നുണ്ട്. മല്ലി അവളുടെ കമ്യൂണിറ്റിയുടെ പ്രതിനിധാനം ആയിത്തീരുന്നു എന്നൊരു പരിമിതി ആ ട്രീറ്റ്മെന്റിനുണ്ടെങ്കിലും ഈ നോവലിന് അതാണ് വേണ്ടത് എന്ന് നോവലിസ്റ്റിന് അറിയാം. ട്രാൻസ് ജൻഡറുകളുടെ  വ്യക്തിപരമായ സ്വത്വപ്രതിസന്ധിക്ക് പല തലങ്ങളിലെ രാഷ്ട്രീയമുണ്ട്. അവയിൽപ്പലതും ആധുനിക വിമോചനാശയങ്ങൾ കൊണ്ടുമാത്രം എളുപ്പത്തിൽ പരിഹരിക്കാവുന്നവയല്ല.   ഇതിനെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ സഹായകമായ കൃതിയാണ് മനോബി ബന്ദ്യോപായയുടെ ആത്മകഥനമായ ‘A Gift of Godess Lakshmi.’ വ്യക്തിപരമായ ലിംഗസ്വത്വത്തെ ശാരീരികമായി മാത്രം പരിഗണിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സാമൂഹികവ്യവസ്ഥയാണ് ട്രാൻസ്‌ജൻഡറുകളുടെ കാണപ്പെട്ട ശത്രു. കണ്ഠത്തിലെ ആപ്പിളും നെഞ്ചിലെ മുഴകളുമെന്ന ആൺപെൺ രൂപക ചിത്രം പൊങ്ങുതടിപോലെ ഒരു നിയമാവലിയാണ്. സ്ത്രീത്വം (femininity), പുരുഷത്വം (masculinity) തുടങ്ങിയവ ശാരീരികമായ നിർമിതികളായാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നതെന്ന ധാരണയെ മനസ്സിലാക്കിത്തരുന്ന ഒരു സന്ദർഭം മനോബി സൂചിപ്പിക്കുന്നുണ്ട്. മഞ്ജു ശ്രീ ചാക്കി സർക്കാരിന്റെ നൃത്തവിദ്യാലയത്തിലെ രസകരമായ ഒരു അനുഭവമാണത്. ‘Dancing remained my passion for a very long time. Later in life, after finishing college, I joined Manjushri Chaki Sarkar's dance troupe; she was one of the most famous dance teachers of those times. It was then that I realized that dancing comes naturally to a transgender person. There were so many like me who were in that troupe, and they were such wonderful dancers! They were all men, physically, but had feminine souls. Some of them have become very famous dancers today, while some moved on to troupes run by Tanushree and Mamata Shankar. I will not mention their names because I do not wish to give away their identities. Unlike me, they have chosen to remain trapped in their male bodies and to the world they are male dancers.’ ലളിതമായ ഈ വിവരണം സങ്കീർണമായ ഒരു സാമൂഹികപ്രശ്നത്തിന്റെ അടയാളങ്ങളെ ഇട്ടുതരുന്നുണ്ട്. ആൺ ശരീരവും പെൺ മനസ്സുമായി ജീവിക്കുന്ന ഈ പ്രതിസന്ധി മൂർത്തമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ്. കഠിനവും ദുരൂഹവും ഏകാധിപത്യപരവുമായ ഒരു ഭരണകൂടരൂപത്തിനകത്ത് മനുഷ്യർ സ്വാതന്ത്ര്യവും സ്നേഹവും അനുഭവിക്കാനാവാതെ എത്രകണ്ട് വേദനിക്കുമോ അതുപോലെയോ അതിലുമേറെയോ ഒരു വേദന ഈ വിഷയത്തിലുമുണ്ട്. മനോബി ആ പ്രതിസന്ധിയെ അതിജീവിച്ച് പുറത്തെത്തിയവളാണ്. അവൾ അവളുടെ മനസ്സിന്റെ ശരീരത്തെ കണ്ടെത്തിയവളാണ്. നൃത്തവും വിദ്യാഭ്യാസവും അധ്യാപനവുമാണ് അവളെ അതിനു പ്രാപ്തയാക്കിയത്. അതിലൂടെ മറ്റു രണ്ടു പ്രതിസന്ധികളെക്കൂടി അവൾ അതിജീവിച്ചു. ലിംഗസ്വത്വപരമായ ദൃശ്യത (visibility) യെയും തന്റെ ജൻഡർ ഏതാണെന്ന സ്ഥിരീകരണത്തെയുമാണ് അവൾ നേടിയെടുത്തത്. ജൻഡർ അസ്ഥിരമായിരിക്കുന്ന (unstable) സ്വാതന്ത്ര്യപൂർവകാലവും അത് സ്ഥിരതയെ പ്രാപിക്കുന്ന സ്വാതന്ത്ര്യകാലവും തമ്മിൽ വ്യത്യാസമുണ്ട്. ഇതൊന്നും പാവം കാളിദാസൻ എന്ന മല്ലിയ്ക്ക് കിട്ടുന്നില്ല. അതുകൊണ്ടാണ് അവളും അവളുടെ കമ്യൂണിറ്റിയും ഏതുനേരവും അപഹസിക്കപ്പെടുന്ന സാമൂഹികവിലക്കുകളെ മേൽക്കൂരയാക്കി ജീവിച്ചു പോവുന്നത്. അതിൽനിന്ന് പുറത്തുവരാൻ അവൾക്ക് പ്രത്യക്ഷമായ ഒരു മാധ്യമം ആവശ്യമായിരുന്നു. നൃത്തമാണ് അവൾ കണ്ടെത്തിയ മാധ്യമം. പക്ഷെ ചിലങ്കയോടെ അവൾ മരിച്ചുപോവുകയാണുണ്ടായത്. ചിലങ്ക വലിച്ചെറിഞ്ഞ് മധുരാപുരി ചുട്ടെരിച്ച തീയുരുക്കും പെണ്ണിന്റെ തിണയിലാണ് മല്ലിയ്ക്ക് ഈ ദുര്യോഗമുണ്ടായതെന്നത് വിളിച്ചുപറയാൻ റാം c/o ആനന്ദിക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. റാമിന്റെ സ്വപ്നങ്ങളിൽ, റാമിന്റെയും ആനന്ദിയുടെയും മകളായി ആനന്ദി എഴുതിവച്ചുപോയ കുറിപ്പിലെ പേരുകൾ നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. കല്യാണം കഴിഞ്ഞശേഷം അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഒരാൾ ആൺകുട്ടിയും മറ്റൊന്ന് പെൺകുട്ടിയും ആയിരിക്കുമെന്നും ആൺകുട്ടിക്ക് റാം എന്ത് പേര് വേണമെങ്കിലും വച്ചോട്ടെ പക്ഷേ, പെൺകുട്ടിക്ക് എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും താൻ തൃഷ എന്നു മാത്രമേ പേര് വയ്ക്കൂ എന്നൊക്കെ ആനന്ദി എഴുതിയിരുന്നു. 'കാളിദാസ്. നീ എവിടെയായിരുന്നാലും ഏത് കോലത്തിലായിരുന്നാലും എന്നും സന്തോഷമായിരുന്നാൽ മതിയെനിക്ക്. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് നീയൊരു കുഞ്ഞായി പിറക്കാൻവേണ്ടി ഞാൻ ദൈവത്തോട് പ്രാർഥിക്കും. എന്നിട്ട് ഒരു ദുഷ്ടന്മാരുടെയും കണ്ണുപെടാതെ ഒരു കോട്ടവും തട്ടാതെ നിന്നെ ഞാൻ പൊന്നുപോലെ സംരക്ഷിക്കും’. മല്ലി നാട്ടിലേക്കു മടങ്ങുമ്പോൾ റാം പറയുന്ന വാക്കുകളാണിത്. അങ്ങനെയെങ്കിൽ തൃഷ മല്ലിയായി ജനിക്കുമോ അതല്ല ആൺകുട്ടി കാളിദാസനായി ജനിക്കുമോ എന്നത് ഈ നോവലിനെന്നല്ല, നമ്മുടെ സമൂഹത്തിനും ഇനിയും  കണ്ടെത്താനാകാത്ത  ഒരു പാസ്‌വേഡാണ്. ദേശാഭിമാനി വാരികയിൽ നിന്ന്     Read on deshabhimani.com

Related News