കുഞ്ഞുകാര്യങ്ങളുടെ വലിയ എഴുത്തുകാരൻ
മുഹമ്മ (ആലപ്പുഴ)>‘കോമുണ്ണിയുടെ ദു:ഖം’ എന്ന ബാലനോവലിൽ കണ്ണീർ തോരാത്ത ദുരിതകാലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമുണ്ട്. പേര് കോമുണ്ണി. കോമുണ്ണിയുടെ ജീവിതം വരച്ചുകാട്ടുന്ന ഹൃദയസ്‌പർശിയായ നോവൽ മുഹമ്മ രമണനെന്ന കഥാകാരന്റെ ജീവിതാഖ്യാനമാണ്. കുട്ടികൾക്കായി ലളിതവും മനോഹരവുമായ ഭാഷയിലൂടെ ഉൾക്കാമ്പുള്ള കഥകൾ രചിച്ച കഥാകാരന്റെ ജീവിതം കോമുണ്ണിക്കഥയുടെ വരികൾക്കിടയിലൂടെ കണ്ടെടുക്കാം. സാഹിത്യലോകത്ത് രമണനെന്ന കഥാകാരൻ വളർന്നുവന്ന സാമൂഹ്യ ചുറ്റുപാടുകൾ അറിയാവുന്നവർ വിരളമാണ്. കോമുണ്ണിയുടെ ദുഃഖം എഴുതിയപ്പോൾ ആരോ രമണനോട് പറഞ്ഞു. മനോരമയുടെ ബാല പ്രസിദ്ധീകരണത്തിന് അയക്കാൻ. മാസങ്ങൾ കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചു കാണാത്തതിനെത്തുടർന്ന് സുഹൃത്ത് മംഗളാനന്ദനൊപ്പം രമണൻ കോട്ടയത്തെ ഓഫീസിൽ ചെന്നു. എഡിറ്റർ കടവനാട് കുട്ടികൃഷ്‌ണനോട് വിവരം പറഞ്ഞു. രമണന്റെ നോവലിൽ കോമുണ്ണി എന്ന കുട്ടിയുടെ പട്ടിണിയും കഷ്‌ടപ്പാടുകളും അതികഠിനം. ഇത് കുട്ടികൾ വായിച്ചാൽ മനസ് ഇടിഞ്ഞുപോകും. അതിനാലാണ് പ്രസിദ്ധീകരിക്കാത്തത്. ഈ ഭാഗം ഒഴിവാക്കിയാൽ പ്രസിദ്ധീകരിക്കാമെന്നും കുട്ടികൃഷ്‌ണൺ പറഞ്ഞു. കൈയെഴുത്ത് പ്രതി തിരികെവാങ്ങി രമണൻ പോന്നു. ജീവിതവുമായി ഇഴപിരിഞ്ഞു കിടക്കുന്ന നോവൽ മാറ്റിയെഴുതാൻ രമണന് ആകുമായിരുന്നില്ല. ഈ നോവൽ പിന്നീട് ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ചു. വാരികയുടെ പത്രാധിപരായിരുന്ന എം എൻ കുറുപ്പിന്റെ പ്രോത്സാഹനവും സഹായവും രമണന് ലഭിച്ചു. ഇദ്ദേഹത്തിന്റെ പല സൃഷ്‌ടികളും ദേശാഭിമാനി വാരികയിലൂടെ അച്ചടിമഷി പുരണ്ടു. കുട്ടിക്കാലത്തെ ദാരിദ്ര്യത്തോട് പടവെട്ടിയാണ് മുഹമ്മ രമണൻ എന്ന തൂലികാനാമത്തിൽ സാഹിത്യത്തിലും കെ ചിദംബരനായി ഔദ്യോഗിക ജീവിതത്തിലും പ്രശോഭിച്ചത്. പ്രായപൂർത്തിയായതിനാൽ സഹോദരൻ രമണന്റെ പേരിൽ ബാലപംക്തിയിൽ കഥകൾ എഴുതിയാണ് രമണനെന്ന തൂലികാനാമം സ്വന്തമായത്. 1961 ൽ മാതൃഭൂമി ബാലപംക്തി നടത്തിയ കഥാമത്സരത്തിൽ ‘മാമ്പഴം’ എന്ന കഥയ്‌ക്ക് ഒന്നാം സമ്മാനം കിട്ടി. ഇതോടെ പേരുമാറ്റം വേണ്ടെന്നുവച്ച് ചിദംബരൻ രമണൻ ആയി. 1942ൽ മുഹമ്മ സിഎംഎസ് എൽപി സ്‌കൂളിന് സമീപം നിർധന മത്സ്യത്തൊഴിലാളി കുടുംബമായ വേലിക്കകത്ത് ചിറയിൽ വീട്ടിലാണ് ജനിച്ചത്. കുഞ്ഞിക്കുട്ടന്റെയും കാളിക്കുട്ടിയുടെയും മകൻ. മുഹമ്മ സിഎംഎസ് എൽപി സ്‌കൂൾ, ആര്യക്കര മിഡിൽ സ്‌കൂൾ, കണിച്ചുകുളങ്ങര ഹൈസ്‌കൂൾ, ആലപ്പുഴ എസ്ഡി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സെക്രട്ടറിയറ്റിൽ ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങി. തണ്ണീർമുക്കം തെക്ക് വില്ലേജ് ഓഫീസറായി സർവീസിൽനിന്ന് പിരിഞ്ഞു. ബാലസാഹിത്യമായും നോവലായും മനശാസ്‌ത്ര പുസ്‌തകമായും നാൽപ്പതോളം രചനകൾ. കള്ളൻ കുഞ്ഞപ്പൻ, മണിയൻ പൂച്ചയ്‌ക്ക് മണി കെട്ടി, കണ്ണൻ കാക്കയുടെ കൗശലങ്ങൾ ഭാഗം 1, 2, 3, അഷ്‌ടാവക്രൻ, അഭിയുടെ കുറ്റാന്വേഷണം 4 ഭാഗം, മണ്ടൻ മൈതീൻ, പുസ്‌തകം വളർത്തിയ കുട്ടി, കുട്ടികളുടെ സഖാവ്, കുട്ടികളെ എങ്ങനെ സൽസ്വഭാവികളായി വളർത്താം തുടങ്ങിയവയാണ് പ്രധാനകൃതികൾ. Read on deshabhimani.com