ജെഎന്‍യുവില്‍നിന്ന് പടര്‍ന്ന തീക്കാറ്റ്
"ഭൂഖ് മാരീ സേ ആസാദി സംഘ് വാദ് സേ ആസാദി സാമന്ദ് വാദ് സേ ആസാദി പൂഞ്ചി വാദ് സേ ആസാദി ബ്രാഹ്മന്‍ വാദ് സേ ആസാദി മനു വാദ് സേ ആസാദി''– ജെഎന്‍യുവില്‍നിന്ന് മുഴങ്ങിക്കേട്ട ശബ്ദം. സംഘപരിവാര്‍ രാഷ്ട്രീയക്കോട്ടകളെ പിടിച്ചുകുലുക്കിയ ശബ്ദം. സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍. വാക്കുകള്‍ക്ക് വെടിയുണ്ടകളേക്കാള്‍ ശക്തിയുണ്ടെന്ന് നരേന്ദ്ര മോഡിയും കൂട്ടരും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ പ്രസംഗം. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെടുകയും രാജ്യത്തിന്റെ മുഴുവന്‍ ആദരവ് നേടി പുറത്തിറങ്ങുകയുംചെയ്ത വിദ്യാര്‍ഥിനേതാവ്. രാജ്യത്ത് ഹിന്ദുത്വശക്തികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ്, ദളിത്–ന്യൂനപക്ഷ വിരുദ്ധ അജന്‍ഡകള്‍ക്കെതിരായ പ്രക്ഷോഭത്തിന് തിരികൊളുത്തിയ നിമിഷങ്ങള്‍. അവ മൂര്‍ച്ചയോടെ അവതരിപ്പിക്കുകയാണ് 'കനയ്യകുമാര്‍ മനുസ്മൃതിയില്‍നിന്നുള്ള സ്വാതന്ത്യ്രം' എന്ന പുസ്തകത്തില്‍. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന്റെയും തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍കൂടിയാണ് പുസ്തകം. എന്‍ എസ് സജിത് എഡിറ്റ് ചെയ്ത പുസ്തകം കനയ്യകുമാറിനെ പരിചയപ്പെടുത്തുന്നതിനൊപ്പം ജെഎന്‍യുവില്‍ രൂപംകൊണ്ട സമരക്കാറ്റ് രാജ്യമാകെ വീശിയടിച്ച രാഷ്ട്രീയ–സാമൂഹ്യ സാഹചര്യം വ്യക്തമാക്കുകയുംചെയ്യുന്നു. കനയ്യകുമാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ് ജെഎന്‍യു ക്യാമ്പസില്‍ നടത്തിയ പ്രസംഗം, കൊടിയ പീഡനങ്ങള്‍ക്കുശേഷം ജയില്‍മോചിതനായശേഷം നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം, കനയ്യയുമായി എന്‍ എസ് സജിത്തും അഭിനന്ദന്‍ സേഖ്രിയും നടത്തിയ അഭിമുഖങ്ങള്‍, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലേഖനം, ആര്‍എസ്എസിന് സ്വാധീനമുള്ള ഒരു ഭരണകൂടം അധികാരത്തിലെത്തിയാല്‍ ഇന്ത്യയില്‍ എന്ത് സംഭവിക്കുമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മുന്നറിയിപ്പ് നല്‍കിയ ചരിത്രകാരനും ജെഎന്‍യുവിലെ മുന്‍ അധ്യാപകനുമായ ഡോ. കെ എന്‍ പണിക്കരുമായുള്ള അഭിമുഖം, മാധ്യമപ്രവര്‍ത്തകന്‍ എം അഖിലിന്റെ ലേഖനം എന്നിവയും പുസ്തകത്തിലുണ്ട്. കോഴിക്കോട് പ്രോഗ്രസ് പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിന്റെ നാലാംപതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. midhunrain@gmail.com Read on deshabhimani.com