അറ്റുപോകാത്ത നീറ്റലുകൾ... ഡോ. കീർത്തി പ്രഭ എഴുതുന്നു
സ്വന്തം ജീവിതത്തിന്റെ ചോര വാർന്നു പോകുന്ന നേരങ്ങളിൽ അദ്ദേഹം കുറിച്ചു വച്ച ഓരോ വാക്കുകളും വായിക്കുന്നവരെ തീർച്ചയായും അസ്വസ്ഥരാക്കും, കരയിപ്പിക്കും, ഒരു ആഘാതം തന്നെയുണ്ടാക്കും. ചിലപ്പോൾ നമുക്ക് കുറ്റബോധത്താൽ തല കുനിക്കേണ്ടി വരും. ആത്മകഥയ്‌ക്ക് കേരള സാഹിത്യഅക്കാദമി പുരസ്‌ക്കാരം ലഭിച്ച പ്രൊഫസർ ടി ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന കൃതിയെപ്പറ്റി ഡോ. കീർത്തി പ്രഭ എഴുതുന്നു. "സമർപ്പണം -എന്റെ സലോമിക്ക്' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥ എന്താണ് നമ്മളെ പഠിപ്പിക്കുന്നത് എന്ന് മനസ്സിലാകണമെങ്കിൽ ഉള്ളിലെ ഇരുട്ടൊഴിയണം. യാതനകൾ പിഴിഞ്ഞെടുത്ത നീര് നിറച്ച പേന കൊണ്ട് ഇടതു കൈകളാൽ കുറിച്ചിട്ട ആ ഓർമ്മകൾ 'ഇനിയുമരുത്' എന്ന് പറയുന്നത് എന്തിനോടാണ് എന്ന് മനസിലാകണമെങ്കിലും ഇരുട്ടൊഴിയണം. ചോദ്യക്കടലാസിലെ ഒരു പേരിന്റെ പേരിൽ, വാക്കിലോ ചിന്തയിലോ കടന്നു വരാത്ത ഒരു ആരോപണത്തിന്റെ പേരിൽ ഔദ്യോഗിക ജീവിതവും പ്രിയതമയെയും നഷ്ടപ്പെട്ട് സ്വന്തം ജീവിതത്തിന്റെ ചോര വാർന്നു പോകുന്ന നേരങ്ങളിൽ അദ്ദേഹം കുറിച്ചു വച്ച ഓരോ വാക്കുകളും വായിക്കുന്നവരെ തീർച്ചയായും അസ്വസ്ഥരാക്കും, കരയിപ്പിക്കും, ഒരു ആഘാതം തന്നെയുണ്ടാക്കും. ചിലപ്പോൾ നമുക്ക് കുറ്റബോധത്താൽ തല കുനിക്കേണ്ടി വരും. 2010 മാർച്ച് 23 ന് നടന്ന പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റി എം എ മലയാളത്തിലും ബി എ മലയാളത്തിലും റഫറൻസ് ഗ്രന്ഥം ആയിട്ടുള്ള പി ടി കുഞ്ഞുമുഹമ്മദിൻറെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ ഒരു ഭ്രാന്തൻ ദൈവത്തോട് സംസാരിക്കുന്ന ഒരു ഭാഗം എടുത്തു ജോസഫ് മാഷ് തയ്യാറാക്കിയ ചോദ്യം ഉണ്ടായിരുന്നു.പൊതുവായ ഒരു മുസ്ലിം പേര് എന്ന ഉദ്ദേശത്തിൽ വളരെ അവിചാരിതമായാണ് ഭ്രാന്തന് മുഹമ്മദ് എന്ന പേര് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് പിന്നീട് നബിയെ അവഹേളിച്ചു എന്ന തരത്തിൽ വാർത്തയായത് പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. വർഗീയ വിദ്വേഷം സൃഷ്ടിച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുത്തു.ഒളിവാസം, ജയിൽജീവിതം അങ്ങനെ മനസിൽ പോലും കരുതാത്ത കാര്യങ്ങൾക്ക് അദ്ദേഹം അനുഭവിച്ച യാതനകൾ ചെറുതൊന്നുമല്ല. ജയിൽമോചിതനായ ശേഷം 2010 ജൂലൈ നാലിന് പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി കാർ തടഞ്ഞു നിർത്തി മതതീവ്രവാദികൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. മഴു കൊണ്ട് വലതു കൈപ്പത്തി വെട്ടിമാറ്റുകയും ഇടത് കാലും ഇടതു കൈയും വെട്ടി മുറിവേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിനുശേഷം മാനസികമായ ഊർജ്ജം വീണ്ടെടുക്കാനുള്ള അദ്ദേഹത്തിൻറെ ശ്രമം തളർന്നു പോയത് കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന കോളേജ് മാനേജ്മെൻറ് അദ്ദേഹത്തെ തള്ളിക്കളഞ്ഞപ്പോഴാണ്.കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടതും അദ്ദേഹത്തിൻറെ യാതനകളിൽ മനംനൊന്ത് ജീവിത സഖിയായ സലോമിയെ കുളിമുറിക്കുള്ളിൽ കഴുത്തിനു കുരുക്കിട്ട് കാണേണ്ടി വന്നതും ഒക്കെ വായിക്കുമ്പോൾ ഒരിക്കലും അറ്റുപോകാത്ത നീറ്റലുകൾ ആണ് മനസ്സിൽ ബാക്കിയായത്. ഈ തീക്ഷ്ണതകൾക്ക് നർമ്മത്തിന്റെ നിറം കൊടുക്കാൻ എങ്ങനെ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് ഓരോ താളുകൾ മറിക്കുമ്പോഴും അദ്‌ഭുതത്തോടെ ആലോചിച്ചത്. കോളേജ് അധ്യാപകരിലും വിദ്യാർത്ഥികളിലും അദ്ദേഹത്തിൻറെ കൂടെ ഉറച്ചുനിന്നവരും എതിർത്തവരും ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെ പ്രതികളിൽ ചിലർ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടെന്നാണ് പറയുന്നത് എന്നും അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി.എപ്പോഴും ആരോടും ഒരു പരാതിയും ഇല്ലെന്ന് മാത്രമേ അദ്ദേഹത്തിൽ നിന്നും കേൾക്കാറുള്ളു. മതതീവ്രവാദം ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന്റെ വികാരങ്ങളുടെ നേർക്ക് നോക്കുമ്പോൾ ഇരുട്ട് മാത്രം കാണിക്കുന്ന കണ്ണടയാണ്. സ്‌നേഹവും സഹാനുഭൂതിയും ആ കണ്ണടയ്ക്ക് അന്യമാണ്. "മത വൈരം വളർത്താൻ എന്റെ അനുഭവമെടുത്ത് വിളമ്പരുത്" എന്ന് ജോസഫ് മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ മതത്തിന് ഒരു പേര് കൊടുത്ത് അതിനകത്തു പെടുന്ന മനുഷ്യരെ അന്ധരെന്ന് മുദ്രകുത്തി ചിന്തകൾ അവിടെ അവസാനിക്കുമ്പോൾ അതേ പാതകൾ പിന്തുടരുന്ന മറ്റ് വശങ്ങൾ നമ്മൾ കാണാതെ പോകും.അതുകൊണ്ട് തന്നെയാണ് സംഭവം നടന്ന് മൂന്ന് വർഷങ്ങൾക്കിപ്പുറം ആ പരീക്ഷാ ചോദ്യത്തിലൂടെ മാഷ് ഒരു മതനിന്ദയും നടത്തിയിട്ടില്ലെന്ന് കണ്ട് കോടതി ജോസഫ് മാഷിനെ കുറ്റവിമുക്തനാക്കിയിട്ടും അദ്ദേഹം ഉൾപ്പെടുന്ന മതവും, ഭരണകൂടം എന്ന മതവും, സമൂഹം എന്ന മതവും അദ്ദേഹത്തെ കുറ്റവിമുക്തനാക്കാതെ ശിക്ഷിച്ചത്. നബിയെ ജോസഫ് മാഷ് തമാശ രൂപത്തിൽ പരിഹസിച്ചിരുന്നു എന്ന് ആ കാലഘട്ടത്തിലെ മാധ്യമ റിപ്പോർട്ടുകളിൽ ഉണ്ട് എന്ന് പലരും പറഞ്ഞു കേട്ട അറിവുണ്ട്. സാമൂഹിക പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ച് സമൂഹത്തെ വെളിച്ചത്തിലേക്ക് നടത്തേണ്ട മാധ്യമങ്ങൾ സമൂഹത്തിൽ കലാപങ്ങളും കോളിളക്കങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കാൻ മാത്രമുള്ള ഇടങ്ങളായി ചുരുങ്ങുമ്പോൾ ഇനിയും പല വികാരങ്ങളും വ്രണപ്പെടാൻ തയ്യാറെടുക്കുന്നുണ്ടാവും. മനസിൽ പോലും കരുതാത്ത ഒരു കാര്യത്തിന്റെ പേരിൽ ഒരു മനുഷ്യനെ ഇത്രയേറെ ദ്രോഹിക്കാൻ പറയുന്ന ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല. ക്ഷമയോടെ ചിന്തിച്ച് മുന്നിലിരിക്കുന്നയാളുടെ വികാരങ്ങളെയും വാക്കുകളെയും കേട്ട് തീരുമാനമെടുക്കാൻ പറയാത്തൊരു ദൈവത്തെയും മതത്തെയും സങ്കൽപ്പിക്കാനും കഴിയുന്നില്ല.മതവും ദൈവവും അടക്കം എല്ലാം മനുഷ്യൻ സൃഷ്ടിച്ചത് അവന്റെ ചിട്ട ആയ സാമൂഹിക നിലനിൽപ്പിനു വേണ്ടിയാണ്.അതെല്ലാം ഒരു ഭ്രാന്തായി മാറുമ്പോൾ അരക്ഷിതാവസ്ഥയും നാശവും മാത്രമാണ് ഉണ്ടാവുക. മതതീവ്രവാദത്തിന് പ്രത്യേകിച്ച് ഒരു പേര് നൽകി മാറ്റി നിർത്തപ്പെടേണ്ടതല്ല, നമുക്ക് ചുറ്റും ഒരവസരത്തിനു വേണ്ടി കാതോർത്ത് തീവ്ര ചിന്തകളുടെ ഉറവിടങ്ങൾ പതിയിരിക്കുന്നുണ്ട് എന്ന് ഒരിക്കലും അറ്റുപോകാത്ത ജോസഫ് മാഷിന്റെ അക്ഷരങ്ങൾ എന്നും നമ്മളെ ഓർമ്മപ്പെടുത്തും. അരികിലുള്ളയാളുടെ വികാരങ്ങൾ മനസിലാക്കാൻ കഴിയാതെ, മതത്തെ നിന്ദിക്കുന്നുണ്ടെന്ന് ഒരു മനുഷ്യന്റെ അറിയാതെയുള്ള ചുണ്ടനക്കത്തിൽ നിന്ന് പോലും മനസിലാക്കുന്നവരുടെ വികാരങ്ങൾ ഇനി എവിടെ വ്രണപ്പെടാനാണ്. അത് മുഴുവൻ വ്രണപ്പെട്ടിരിക്കുക തന്നെയല്ലേ. ഇനി ഇത്തരം പ്രശ്നങ്ങളെ പല കോണുകളിൽ നിന്നുകൊണ്ട് ഒന്ന് നോക്കാം.ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും മുറിച്ചു മാറ്റാൻ ആർക്കും അവകാശമില്ല. അതേസമയം ആ അഭിപ്രായം മറ്റൊരാളുടെ വ്യക്തിത്വത്തെയോ അയാളുടെ അന്തസ്സിനെ ഹനിക്കുന്ന ഒന്നായി മാറാനും പാടില്ല. ഇത് ഒരു പരിഷ്കൃത സമൂഹം കാണിക്കേണ്ടുന്ന മാന്യതയാണ്. ഈ രണ്ടു തത്വങ്ങളും പരസ്പരധാരണയോടു കൂടി മുന്നോട്ടു പോകേണ്ടുന്ന ഒരു സാമൂഹിക അവസ്ഥ രൂപപ്പെടേണ്ടതുണ്ട്. ഇനി ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ അന്തസ്സിനെ അല്ലെങ്കിൽ അയാളുടെ വൈകാരികതയെ ചോദ്യം ചെയ്യുന്ന ഒന്നായി മാറിയാൽ എന്ത് ചെയ്യണം എന്നതാണ് ചോദ്യം. അത് മതപരം ആവട്ടെ വ്യക്തിപരം ആവട്ടെ ഔദ്യോഗികം ആവട്ടെ എന്തുതന്നെയായാലും പരിഹാരവും ശിക്ഷയും നമ്മുടെ നിയമവ്യവസ്ഥയിലുണ്ട്. പക്ഷേ ഇങ്ങനെ ഒരു അവഹേളനം ഉണ്ടായാൽ അത് നേരിടാനുള്ള പ്രാഥമിക മാർഗ്ഗം എന്നു പറയുന്നത് ജനാധിപത്യപരമായ രീതിയിൽ പ്രതികരിക്കുക എന്നതാണ്. അവഹേളിക്കുന്ന രീതിയിൽ ഉണ്ടായ പ്രസ്താവന പിൻവലിക്കുക എന്ന് ആവശ്യപ്പെടാം, മറുഭാഗത്തുള്ള ആൾക്ക് പറയാനുള്ളത് വ്യക്തമായി ക്ഷമയോടെ കേൾക്കാം, നേരിട്ട് ബന്ധപ്പെടാൻ പറ്റുമെങ്കിൽ ചെയ്യാം, അല്ലെങ്കിൽ ഒരു പൊതുപ്രസ്താവന ഇറക്കാം.എന്നിട്ടും ആ പ്രസ്താവന പിൻവലിക്കാൻ തയ്യാറല്ല എങ്കിൽ നിയമത്തെ സമീപിക്കാം.ആ അവഹേളനം കൊണ്ട് എൻറെ വികാരം വ്രണപ്പെട്ടു എന്ന് നിയമപരമായി തെളിയിക്കാനുള്ള സാധ്യതകൾ നമുക്കുണ്ട്. നിയമത്തിൻറെ വഴി എപ്പോഴും രണ്ടാമത്തെ വഴിയായിരിക്കണം. ക്ഷമയോടെ മറ്റൊരാളെ കേൾക്കാൻ തയ്യാറാവുക എന്നതാണ് ഒരു പരിഷ്കൃത സമൂഹം ആദ്യം കാണിക്കേണ്ട ഏറ്റവും വലിയ ഗുണം. അതല്ല ഇത്തരത്തിലുള്ള എല്ലാ വ്യക്തിഹത്യകൾക്കും അവഹേളനങ്ങൾക്കും വികാരം വ്രണപ്പെടുത്തലുകൾക്കും എതിരെ ആയുധം എടുക്കാൻ തുടങ്ങിയാൽ നമ്മുടെ രാജ്യത്ത് കലാപങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. Read on deshabhimani.com