സ്വപ്നങ്ങളുടെ പുസ്തകം... വേദനയുടെ ഭൂഖണ്ഡത്തിൽ പെട്ടുപോയവരുടെ കഥകൾ



ഒരു കഥാ സമാഹാരത്തിലെ തീർത്തും വ്യത്യസ്തമായ നാല് കഥകൾ. കഥ എഴുതിയ ഭാഷ സംസാരിക്കുന്നവരല്ല കഥയിലെ ഒരു കഥാ പാത്രവും അതെ സമയം ആ കഥ എല്ലാ ഭാഷക്കാരുടെയും കഥയുമാണ്- ഷാഹിന ഇ കെ യുടെ "സ്വപ്നങ്ങളുടെ പുസ്തകം" എന്ന കഥാ സമാഹാരത്തെക്കുറിച്ചു വളരെ ചുരുക്കി ഇങ്ങനെ പറയാം. സാധാരണ ചെറുകഥയേക്കാൾ നീളം കൂടിയവയാണ് ഈ സമാഹാരത്തിലെ കഥകൾ എല്ലാം, അതുകൊണ്ട് തന്നെ വിശദമായ ആഖ്യാനത്തിനുള്ള സാദ്ധ്യതകൾ ഭംഗിയോടെ ഉപയോഗിച്ച് ആ കഥയ്ക്കകത്തേക്ക് വായനക്കാരനെയും  എത്തിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ടൊരാൾ അവിചാരിതമായി മരണത്തിലേക്ക് വീണുപോയതിന്റെ സംഘർഷങ്ങളിൽ നിന്നും മോചിതയാകാൻ കഴിയാത്ത പെൺകുട്ടിയുടെ കഥയാണ് ഒന്നാമതെത്തുന്ന "സ്വപ്നങ്ങളുടെ പുസ്തകം".  ഏറ്റവും പ്രിയപ്പെട്ടൊരാൾ അവിചാരിതമായി മരണത്തിലേക്ക് വീണുപോയതിന്റെ സംഘർഷങ്ങളിൽ നിന്നും മോചിതയാകാൻ കഴിയാത്ത പെൺകുട്ടിയുടെ കഥയാണ് ഒന്നാമതെത്തുന്ന "സ്വപ്നങ്ങളുടെ പുസ്തകം". ജീവിതം അവസാനിപ്പിച്ച് പോയവർ തീർത്ത ഓർമ്മകളുടെ തടവറയിൽ ജീവിക്കേണ്ടി വരുന്നതിനോളം ദുരിതപൂർണ്ണമായ ജീവിതം മറ്റൊന്നില്ലെന്ന് ആ തടവറയിൽ പെട്ടുപോയവർക്കൊക്കെ അറിയാം. നമ്മൾ ആഗ്രഹിച്ചാലും പലപ്പോഴും നിയന്ത്രണത്തിന്റെ ചരട് മുറിഞ്ഞുപോയ പട്ടംകണക്കെയാണ് നമ്മുടെ മനസ്സ്. അതുകൊണ്ട് ആരെയും കുറിച്ച് മനസ്സിൽ സ്വപ്നങ്ങൾ സൂക്ഷിക്കാതിരിക്കുക.  ഉമ്മ പറയുന്നത് പോലെ " നമുക്ക് എന്താണ് ഉറപ്പു പറയാനാവുക നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച് ... അവരെച്ചൊല്ലി നമ്മൾ സൂക്ഷിക്കുന്ന ഉറപ്പുകൾ, അവയെല്ലാം സ്വപ്നങ്ങളാണെന്നു തിരിച്ചറിയുന്നത് ഒരു ഉണർച്ചയിലാവും". സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള നേർത്ത രേഖയിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമാഹാരത്തിലെ ഏറ്റവും സങ്കീർണ്ണമായ കഥയും ഇത് തന്നെയാകണം. ഭാഷയെന്നത് ഒരാളുടെ ചിന്ത ശരീരത്തിന് മുകളിലെ തൊലിയാണ് എന്ന് അരുദ്ധതി റോയ് പറയുന്നുണ്ട്. പലരുടെയും  പരിഗണനയിൽ പതിയാത്ത മനുഷ്യരുടെ, പതിഞ്ഞ മനുഷ്യരുടെ തന്നെ പതിയാത്ത വികാരങ്ങളെ , ആത്മ വൈരുദ്ധ്യങ്ങളെ തന്റെ ചിന്തയിൽ ഷാഹിന സൂക്ഷിക്കുന്നുണ്ട് എന്നുറപ്പാണ്. 'കൃഷ്ണചുര' യും , 'ക്രിസാന്ത് ഫെർണ്ണണ്ടസിന് സെറീനയോട് പറയാനുള്ളത്' എന്നീ രണ്ട് കഥകളും ആ ചിന്ത ശരീരത്തെ കാന്തിയോടെ പ്രാകാശിപ്പിക്കുന്നുണ്ട്.   സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിലെ ഗോപാൽ യാദവിന്റെ  പട്ടിണിയ്ക്ക് ശേഷം ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവിതത്തെ ഇത്രമേൽ തീഷ്‌ണമായി അവതരിപ്പിച്ച മറ്റൊരു കഥ വായിച്ചിട്ടില്ല. നമ്മുടെ ജനസംഖ്യയുടെ ഏതാണ്ട് പത്ത് ശതമാനം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ പണിയെടുക്കുന്നുണ്ട്. അതെ സമയം അവരിൽ ബഹുഭൂരിപക്ഷം പേരും നമ്മുടെ പൊതുമണ്ഡലത്തിലോ സാഹിത്യ വ്യവഹാരങ്ങളിലോ സ്ഥാനമില്ലാത്തവരാണ്. സിനിമകളിലാണെങ്കിൽ അവർ പലപ്പോഴും ക്രിമിനലുകൾ മാത്രമാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിലെ ഗോപാൽ യാദവിന്റെ  പട്ടിണിയ്ക്ക് ശേഷം ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവിതത്തെ ഇത്രമേൽ തീഷ്‌ണമായി അവതരിപ്പിച്ച മറ്റൊരു കഥ വായിച്ചിട്ടില്ല. കേരളത്തിൽ പണിക്കെത്തുന്ന 'കൃഷ്ണചുര' യിലെ ഖോകൻ പരാജയപ്പെട്ടുപോയ ഒരു വിപ്ലവം ബാക്കിയാകുന്നത് എന്താണ് എന്നതിന്റെ നേർ സാക്ഷിയാണ്. ഖോകന്റെ ദാദാ അവൻ്റെ സഹോദരൻ താക്കൂർദായെയും ബാബയെയും കുറിച്ചുള്ള പഴയ ഓർമ്മകൾ പങ്കു വയ്ക്കുമ്പോൾ പറയുന്നുണ്ട് "... ഞങ്ങൾ സംഘടിക്കുകയായിരുന്നു ഖോകൻ. സംഘടിക്കൽ... ആ വാക്കുതന്നെ എന്തുമാത്രം ശക്തിയേറിയതാണെന്ന് നിനക്കറിയാമോ.." എന്ന്. മനുഷ്യ മോചനത്തിന്റെ വഴികൾ സംഘടിക്കുക എന്ന സാമൂഹ്യ പ്രക്രിയ കൊണ്ട് മാത്രം സാധിക്കുന്ന ഒന്നാണ് എന്ന് കഥാകാരി പറയുന്നു. സംഘടിക്കുവിൻ ശക്തരാകുവിൻ എന്ന ഗുരുദർശനത്തിന്റെ കഥാരൂപമാണ് "കൃഷ്ണചുര" എന്ന് തന്നെ പറയാം. അതെ സമയം കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ആരാണ് സംഘടിപ്പിക്കേണ്ടത് എന്ന ചോദ്യം കഥ വായിക്കുമ്പോൾ ഓരോ വായനക്കാരനെയും ചെറുതായെങ്കിലും അലട്ടും. ക്രിസാന്ത് ഫെർണാണ്ടസിന്റെയും സെറീനയുടെയും പ്രേമത്തിന്റെ കഥ ഒരേ സമയവും വീണ്ടെടുക്കലിന്റെയും നഷ്ട്ടത്തിന്റെയും കഥയാണ്. ഒരാൾ സ്വന്തം ശരീരവും മനസ്സും ജീവിതവും സ്വപ്നവും വീണ്ടെടുക്കുമ്പോൾ അയാളെ ചുറ്റി നിൽക്കുന്ന ചിലർക്കൊക്കെയും പലതും നഷ്ടപ്പെടും. ഈ ലാഭ നഷ്ടങ്ങളുടെ തുലാസിന്റെ സൂചിയിലേക്ക് നോക്കി സ്വന്തം ജീവിതത്തെ നഷ്ടപ്പെടുത്തിക്കളയരുത് എന്നാണ് ക്രിസാന്ത് എല്ലാ ജീവിതങ്ങളോടും പറയുന്നത്. കാശീർ, കല്ല്, സൂഫിയാൻ കാശ്മീരിലെ സാധാരണ മനുഷ്യരുടെ കഥയാണ്. ഒരായുസ്സ് മുഴുവനും സംശയത്തിന്റെയും ഏത് നിമിഷവും വന്നെത്താവുന്ന മരണത്തെയും കാത്തു നിൽക്കുന്ന ഒരു സമൂഹത്തിന്റെ നിസ്സഹായതയും ആത്മരോഷവും പുസ്തകത്തിൽ നിന്നും വായനക്കാരനിലേക്ക് പടർത്താൻ പാകത്തിലുള്ള ഭാഷ വൈഭവം ഈ കഥയ്ക്കുണ്ട്. കഥയുടെ തുടക്കത്തിൽ വഴിതെറ്റിപ്പോയ ചിന്തയിൽ നിന്നുള്ള ഒരു കഥയായോ എന്നൊരു സംശയം തോന്നിയെങ്കിലും സൂഫിയാൻ എന്ന കഥാപാത്രം എത്തുന്നത തോടെ കഥയുടെ ശരിയായ രാഷ്ട്രീയം പ്രഖ്യാപിക്കപ്പെടുന്നു. തൻ്റെ വീട്ടിലെത്തിയവർക്ക് കഴിക്കാൻ ഭക്ഷണം കൊടുത്തുകൊണ്ട് നടത്തുന്ന സംഭാഷണത്തിൽ ഒരിടത്ത് സൂഫിയാൻ ഇങ്ങനെ പറയുന്നു  " എന്നിട്ടും നിങ്ങൾ രണ്ടു കൂട്ടർക്കും (മിലിട്ടറിക്കും തീവ്രവാദികൾക്കും) ഈ കളി മടുക്കാത്തതെന്ത് ? മടുക്കില്ല. അതൊരു ശീലമായിരിക്കുന്നു. ഞങ്ങളുടെ ജീവിതംകൊണ്ടുള്ള കളി. ഭൂരിപക്ഷം കാശ്മീരികൾക്കും ഒരൊറ്റ ആഗ്രഹമേ ഉള്ളൂ. സമാധാനമുണ്ടാവണം ഈ അനുഗ്രഹിക്കപ്പെട്ട താഴ്വരയിൽ". കാശ്മീരി ജീവിതത്തെയും, മിലിട്ടറി ഓപറേഷന്റെയും ദൃശ്യങ്ങൾ വായക്കാരന്റെ ഭാവനയിൽ തെളിയിക്കാൻ എഴുത്തുകാരിക്ക് മികച്ച നിലയിൽ കഴിഞ്ഞിട്ടുണ്ട്. മിലിട്ടറിക്കും മിലിറ്റൻസിനും ഇടയിൽ കുടുങ്ങുപോകുന്ന സാധാരണ കാശ്മീരി ജനതയുടെ ഗതികേടിനെക്കുറിച്ചുള്ള ഓർമ്മകൾ അസ്വസ്ഥപ്പെടുത്താൻ തുടങ്ങുമ്പോൾ കഥാ നായകൻ ഓർക്കുന്നത് കമാന്ററിന്റെ വാക്കുകളാണ്. "അവരുടെ വികാരങ്ങളല്ലലോ രാജ്യത്തിൻറെ ശരികൾ. രാജ്യത്തിൻറെ ശരികൾ മാത്രമാണ് സൈനികരായ നമ്മുടേത്...".    ജനതയുടെ ശരിയല്ലെങ്കിൽ ആരുടെ ശരികളാണ് രാജ്യത്തിൻറെ ശരികൾ ? തികച്ചും വിഭിന്നമായ ദേശങ്ങളിലും പരിസരങ്ങളിലുമാണ് നാല് കഥകളും നടക്കുന്നതെങ്കിലും മനുഷ്യജീവിതത്തിന്റെ തീരാത്ത സംഘർഷങ്ങൾ നാല് കഥകളെയും ഒരേ കണ്ണിയിൽ കോർക്കുന്നു. വ്യക്തിപരമായി തോന്നിയ ഒരനിഷ്ടം   സങ്കീർണ്ണമായ കഥ പുസ്തകത്തിന്റെ ഒന്നാമതായി കൊടുത്തു എന്നുള്ളതാണ്. അമൂർത്തമായ ചിന്തകൾ തുന്നിചേർത്തുള്ള കഥകൾ അത്രമേൽ ആസ്വദിക്കാത്ത ഒരാളായത് കൊണ്ടാകാം അങ്ങനെയൊരു തോന്നൽ. അത്തരം കഥകൾ ഇഷ്ട്ടപെടാത്തവർ പിറകിലത്തെ  കഥയിൽ നിന്നും വായിച്ചു തുടങ്ങുന്നത് നന്നാകും. തികച്ചും വിഭിന്നമായ ദേശങ്ങളിലും പരിസരങ്ങളിലുമാണ് നാല് കഥകളും നടക്കുന്നതെങ്കിലും മനുഷ്യജീവിതത്തിന്റെ തീരാത്ത സംഘർഷങ്ങൾ നാല് കഥകളെയും ഒരേ കണ്ണിയിൽ കോർക്കുന്നു. അതുകൊണ്ട് തന്നെ ബംഗാളിൽ നിന്നുള്ള ഖോകനും, കശ്മീരിലെ സൂഫിയാനും,ഗോവയിലെ ക്രിസാന്തും വേദനയുടെ ഭൂഖണ്ഡത്തിൽ പരസ്പരം പരിചയമുള്ളവരായി തീരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ കഥാ സമാഹാരത്തിന്റെ വായന എന്തുകൊണ്ടും മികച്ച ഒന്നായി തോന്നി. Read on deshabhimani.com

Related News