ജോർദ്ദാനിൽ കുടുങ്ങിയ "ആടുജീവിതം' ടീം കൊച്ചിയിൽ തിരിച്ചെത്തി; 14 ദിവസം ക്വാറന്റൈനിൽ കഴിയും



കൊറോണാ വ്യാപനവും ലോക്‌ഡൗണും കാരണം ജോർദാനിൽ കുടുങ്ങിയ ‘ആടുജീവിതം’ ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും. ഫോർട്ട് കൊച്ചിയിൽ പണം നൽകി ഉപയോഗിക്കുന്ന ക്വാറന്റീൻ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം 14 ദിവസം നിരീക്ഷണത്തിൽ തുടരും. ആരോ​ഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ  ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. നേരത്തെ ജോർദാനിലെ വിമാനത്താവളത്തിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രം അമ്മനിലെ ഇന്ത്യൻ എംബസി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദാനിൽപോയത്. അടച്ചിടൽ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണഷെഡ്യൂൾ പൂർത്തിയാക്കുകയായിരുന്നു. Read on deshabhimani.com

Related News