ലോക്ക്‌ഡൗൺ ബാധ്യത രണ്ടുകോടിയോളം: ബ്ലെസി
കൊച്ചി മുപ്പത്തിരണ്ടു ദിവസത്തോളം ജോർദാനിൽ കുടുങ്ങിയതിനെ തുടർന്ന് രണ്ടുകോടിയോളം രൂപയുടെ അധികച്ചെലവ് സിനിമയ്‌ക്കുണ്ടായെന്ന് സംവിധായകൻ ബ്ലെസി. പ്രത്യേക അനുമതി നേടാനായതിനാൽ സിനിമയുടെ രണ്ടാംഷെഡ്യൂൾ ചിത്രീകരണം ഏറെക്കുറെ പൂർത്തിയായെന്നും തിരുവല്ലയിലെ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ച ബ്ലെസി പറഞ്ഞു. ചിത്രീകരണത്തിനിടെയുണ്ടായ ചെറിയൊരു അപകടത്തിൽ ബ്ലെസിയുടെ വലതുകൈയിലെ ഒരു വിരൽ ഒടിഞ്ഞു. മെയ് ആദ്യവാരത്തിലായിരുന്നു അപകടം. വിരലിൽ പ്ലാസ്‌റ്റർ ഇട്ടിരിക്കുകയാണ്. അത് പരിഗണിച്ചാണ് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യപ്രവർത്തകർ ബ്ലെസിക്ക് അനുമതി നൽകിയത്. വെള്ളിയാഴ്‌ച പുലർച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങി നേരെ തിരുവല്ലയ്‌ക്ക് പോരുകയായിരുന്നു. ലോക്ക്‌ഡൗണായതോടെ 58 അംഗസംഘം ഹോട്ടൽമുറിയിലായി. ദിവസം 3–-4 ലക്ഷം രൂപയുടെ അധികബാധ്യത വന്നു. 32 ദിവസം അങ്ങനെ കഴിഞ്ഞു. ജോർദാനിലുള്ള, തിരുവനന്തപുരം നേമം സ്വദേശിയായ വ്യവസായി സനൽകുമാറിന്റെ ഇടപെടലിലൂടെയാണ് പിന്നീട് സിനിമാചിത്രീകരണത്തിന് പ്രത്യേക അനുമതി കിട്ടിയത്. ലോക്ക്‌ഡൗൺമൂലം എല്ലാ അഭിനേതാക്കൾക്കും മുൻ നിശ്ചയപ്രകാരം ജോർദാനിൽ എത്താനായില്ല. രണ്ടാംഘട്ട ചിത്രീകരണത്തിൽ ഒരു അറബി താരവും രണ്ട് ഹോളിവുഡ് താരങ്ങളും പങ്കെടുക്കേണ്ടതായിരുന്നു. ഇവരുടെ അഭാവംമൂലം ഷെഡ്യൂൾ പൂർത്തിയായില്ല. അതിനാൽ വീണ്ടും ജോർദാനിൽ പോയി ചിത്രീകരണം നടത്തേണ്ടിവരും. പക്ഷേ, അത് എന്നു നടക്കുമെന്നറിയില്ല–- ബ്ലെസി പറഞ്ഞു. തിരിച്ചുവരവിന് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ നടത്തിയ ഇടപെടലിന് ബ്ലെസി പ്രത്യേകം നന്ദി പ്രകടിപ്പിച്ചു. Read on deshabhimani.com