പ്രഭാസ് @ 45; അണിയറയിൽ ഒരുങ്ങുന്നത് 2100 കോടിയുടെ പ്രോജക്ടുകൾ
ഹൈദരബാദ്> 'ബാഹുബലി' എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്മയമായി തീർന്ന സൂപ്പർ താരം പ്രഭാസിന്റെ 45-ാം ജന്മദിനം ആഘോഷമാക്കി ആരാധകർ. പ്രഭാസിന്റെ ആറു സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇന്ന് റീ റിലീസ് ചെയ്യുന്നത്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി, ചത്രപതി, റിബൽ, ഈശ്വർ, സലാർ എന്നീ ചിത്രങ്ങളാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ഏകദേശം 2100 കോടിയുടെ പുതിയ പ്രോജക്ടുകളും പ്രഭാസിനായി അണിയറയിൽ ഒരുങ്ങുന്നു. പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിൻറെ രണ്ടാംഭാഗം സലാർ 2: ശൗര്യംഗ പർവ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് വരാനിരിക്കുന്നത്. 1979 ഒക്ടോബർ 23ന് തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു സൂര്യനാരായണ രാജുവിൻറെയും ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസിന്റെ ജനനം. ഭീമവരത്തെ ഡി എൻ ആർ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്നും ബി ടെക് ബിരുദം നേടി. 2002 ലാണ് പ്രഭാസിൻറെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി പരൻഞെ സംവിധാനം ചെയ്ത 'ഈശ്വർ' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് തൻറെ ആദ്യ ചുവടു വയ്ക്കുന്നത്. അവിടന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ നായകവേഷം പ്രഭാസിനെ ലോക സിനിമയിലെ തന്നെ ശ്രദ്ധേയതാരമാക്കി. 2021ൽ യുകെ ആസ്ഥാനമായുള്ള പ്രതിവാര പത്രം 'ഈസ്റ്റേൺ ഐ' ലോകത്തിലെ ഒന്നാം നമ്പർ സൗത്ത് ഏഷ്യൻ സെലിബ്രിറ്റിയായി പ്രഭാസിനെ തെരഞ്ഞെടുത്തിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിൻറെ താരമൂല്യം കുതിച്ചുയർന്നതിൻറെ തെളിവുകൂടിയാണത്. Read on deshabhimani.com