12 വർഷം, 50 സിനിമകൾ; സിനിമാ യാത്ര പങ്കുവച്ച് ടൊവിനോ തോമസ്



കൊച്ചി > 12 വർഷം പിന്നിട്ട സിനിമാ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നടൻ തന്റെ സിനിമ അനുഭവങ്ങൾ പങ്കുവച്ചത്. പന്ത്രണ്ട് വർഷത്തിൽ 50 സിനിമകൾ താൻ ചെയ്തുവെന്നും ഒപ്പം നിന്ന പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ടൊവിനോ തോമസ് കുറിച്ചു. പ്രഭുവിന്റെ മക്കൾ എന്ന ആദ്യ ചിത്രം മുതൽ അവസാനം പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം വരെയുള്ള തന്റെ സിനിമാ യാത്രയുടെ വീഡിയോയും ടൊവിനോ ഷെയർ ചെയ്തിട്ടുണ്ട്. താൻ അഭിനയിച്ച ചിത്രങ്ങളെല്ലാം ടൊവിനോ വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭാഗമായിട്ടുള്ള എല്ലാ പ്രൊജക്‌റ്റുകളുടെയും നിർമാതാക്കൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവരോടും പ്രേക്ഷകരോടും നന്ദി പറയുന്നതായി ടൊവിനോ കുറിച്ചു. നിങ്ങളുടെ സ്നേഹവും പിന്തുണയും കാരണമാണ് ഇന്ന് കാണുന്ന ടൊവിനോ ഉണ്ടായതെന്നും നടൻ കുറിച്ചു. നിരവധി പേർ ടൊവിനോയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. 2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമ രം​ഗത്തെത്തിയത്. തുടർന്ന് ദുൽഖർ സൽമാന്റെ എബിസിഡിയിൽ വില്ലൻ വേഷത്തിലെത്തി. പൃഥ്വിരാജ് നായകനായ എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും അതിഥി വേഷത്തിലും എത്തി. ധനുഷിന്റെ മാരി 2 എന്ന തമിഴ് ചിത്രത്തിൽ പ്രതിനായക വേഷം ചെയ്തു. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ലേബലിലെത്തിയ മിന്നൽ മുരളിയിൽ ടൊവിനോയായിരുന്നു നായകൻ. അജയന്റെ രണ്ടാം മോഷണമാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരുന്നു. സെവൻത് ഡേ, എന്നു നിന്റെ മൊയ്തീൻ, സ്റ്റൈൽ, ​ഗപ്പി, ​ഗോദ, തരം​ഗം, മായാനദി, തീവണ്ടി, ലൂസിഫർ, ഉയരെ, 2018, ലൂക്ക, കള, കാണെക്കാണെ, ഡിയർ ഫ്രണ്ട്, അദൃശ്യ ജാലകങ്ങൾ, തല്ലുമാല എന്നിവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.   Read on deshabhimani.com

Related News