'സർഫിര'യിൽ വൈകാരിക രംഗങ്ങളിൽ ഓർത്തത് അച്ഛന്റെ മരണം: അക്ഷയ് കുമാർ
മുംബൈ > സൂര്യ നായകനായി എത്തിയ 'സൂരരൈ പോട്രി'ന്‍റെ ഹിന്ദി പതിപ്പായ ‘സർഫിര’യുടെ പ്രൊമോഷന്റെ തിരക്കിലാണ് അക്ഷയ് കുമാർ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ വൈകാരിക രംഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പറയുകയാണ് താരം. സ്വന്തം ജീവിതാനുഭവങ്ങളാണ് അഭിനയിക്കുമ്പോൾ താൻ ഓർത്തതെന്നും അക്ഷയ് പറഞ്ഞു. 'ഈ സിനിമയിൽ എനിക്ക് ബന്ധപ്പെടുത്താൻ പറ്റുന്ന ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. സിനിമയിലെ കഥാപാത്രത്തിന് അച്ഛൻ നഷ്ടപെടുന്നുണ്ട്. അതേ ആഘാതത്തിലൂടെ കടന്ന് പോയിട്ടുള്ള ഒരാളാണ് ഞാൻ. അത്കൊണ്ട് തന്നെ വൈകാരികമായ ഒരു സീനിൽ ഗ്ലിസറിൻ ഉപയോഗിച്ചില്ല പകരം അച്ഛന്റെ മരണത്തെ കുറിച്ചായിരുന്നു ഓർത്തത്. ആ സീൻ എത്രത്തോളം ആധികാരികമാക്കാൻ പറ്റുമോ അത്രയും ആധികാരികമാക്കാനായിരുന്നു അത് ചെയ്തത്. സിനിമ കാണുമ്പോൾ നിങ്ങൾ കാണുന്ന എന്റെ കരച്ചിലുകൾ എല്ലാം യാഥാർഥ്യത്തിൽ ഞാൻ കരഞ്ഞത് തന്നെയാണ്.' അക്ഷയ് പറഞ്ഞു. 'സർഫിര'യിൽ അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയെ സർഫിരയിൽ അവതരിപ്പിക്കുന്നത് രാധിക മധൻ ആണ്. ചിത്രത്തിൽ സൂര്യയും അതിഥിവേഷത്തിൽ എത്തുന്നുണ്ട്. Read on deshabhimani.com