ഭീമനിലേക്കുള്ള സൗഹൃദവഴി; സംവിധായകൻ അഷ്‌റഫ്‌ ഹംസ സംസാരിക്കുന്നു



തമാശ എന്ന സിനിമയിലൂടെ ശരീരനിന്ദയെ എന്ന നടപ്പുശീലത്തെ കടന്നാക്രമിച്ച അഷറഫ്‌ ഹംസ തന്റെ രണ്ടാം സിനിമയുമായെത്തുന്നു. ചെമ്പൻ വിനോദ്‌ ജോസ്‌ തിരക്കഥയെഴുതുന്ന ഭീമന്റെ വഴിയിൽ കുഞ്ചാക്കോ ബോബനാണ്‌ പ്രധാനവേഷത്തിൽ. ഭീമന്റെ വഴി ഡിസംബർ മൂന്നിന്‌ തിയറ്ററിൽ സമൂഹത്തിലും സിനിമയിലും അരക്കിട്ടുറപ്പിക്കപ്പെട്ട ചില ബോധ്യങ്ങളെ തച്ചുതകർക്കുകയായിരുന്നു അഷ്‌റഫ്‌ ഹംസ സംവിധാനം ചെയ്‌ത തമാശ എന്ന ചിത്രം. ശരീരത്തെ മുൻനിർത്തിയുള്ള അധിക്ഷേപം സ്വാഭാവികമെന്ന്‌ ചിന്തിക്കുന്ന മനുഷ്യരോട്‌ നിങ്ങളുടെ ബോധ്യംതെറ്റാണെന്ന്‌ ചൂണ്ടിക്കാണിച്ചു തമാശ. അങ്കമാലി ഡയറീസിലൂടെ തിരക്കഥാകൃത്തായി രംഗപ്രവേശംചെയ്‌ത ചെമ്പൻ വിനോദ്‌ ജോസ്‌ ‘ഭീമന്റെ വഴി’ക്ക്‌ തിരക്കഥയെഴുതി അഷ്‌റഫ്‌ ഹംസയോടൊപ്പം ചേരുകയാണ്‌. കുഞ്ചാക്കോ ബോബൻ പ്രധാന വേഷമിടുന്ന സിനിമ ഡിസംബർ മൂന്നിന്‌ തിയറ്ററിലെത്തും. സംവിധായകൻ അഷ്‌റഫ്‌ ഹംസ സംസാരിക്കുന്നു... ഇതൊരു പുതിയ സിനിമ ഒരു സിനിമയുടെ തുടർച്ചയാവില്ല അടുത്ത സിനിമ. ആദ്യസിനിമയും രണ്ടാം സിനിമയും തമ്മിൽ താരതമ്യം എത്രത്തോളം സാധ്യമാണെന്നറിയില്ല. തമാശയിൽ പറഞ്ഞത്‌ സാധാരണ മനുഷ്യർക്കിയിലുണ്ടാകുന്ന ചെറിയ കാര്യങ്ങളാണ്‌. അതേരീതി തന്നെയാണ്‌ ഭീമന്റെ വഴിയിലും. സാധാരണക്കാരുടെ കഥ പറയാനാണിഷ്‌ടം. അതാണ്‌ സൗകര്യവും. എല്ലാവർക്കും ആസ്വാദകരമാകുന്ന ചിരിയും തമാശയുമൊക്കെ അവതരിപ്പിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. വഴിയാണ്‌ സിനിമ വഴിയുണ്ടാക്കുകയെന്നത്‌ എല്ലാവരുടെയും പ്രശ്‌നമാണ്‌. വീട്ടിലേക്കുള്ള വഴി, ജീവിതത്തിന്റെ വഴി, പ്രതിസന്ധികളിൽനിന്ന്‌ രക്ഷപ്പെടാനുള്ള വഴി അങ്ങനെ വഴി നമുക്ക്‌ എപ്പോഴുമൊരു വലിയ പ്രതിസന്ധിയാണ്‌. അങ്ങനെയുള്ള വഴിയെക്കുറിച്ചാണ്‌ സിനിമ. ഭീമൻ തന്റെ വീട്ടിലേക്ക്‌ വഴി നിർമിക്കാൻ ശ്രമിക്കുന്നതും തുടർ സംഭവങ്ങളുമാണ്‌ ഇതിവൃത്തം. ചെമ്പന്റെ കഥാലോകം ചെമ്പൻ വിനോദുമായുള്ള സൗഹൃദത്തിൽ നിന്നാണ്‌ സിനിമയുണ്ടാകുന്നത്‌. പരസ്‌പരം കഥകൾ ചർച്ച ചെയ്‌തിരുന്നു. ചെമ്പൻ ധാരാളം കഥ പറയുന്നയാളാണ്‌.  അങ്കമാലി ഡയറീസിനുശേഷം ചെമ്പൻ എഴുതിയ തിരക്കഥയാണിത്‌. എനിക്ക്‌ അറിയുന്ന വഴിയിലൂടെ സിനിമ ചെയ്യാനാണ്‌ താൽപ്പര്യം. അതിനനുസരിച്ച്‌ ചെമ്പൻ തിരക്കഥ  എഴുതിത്തന്നു.  സാധാരണക്കാരനായി മാറുന്ന ചാക്കോച്ചൻ വിനയ്‌ ഫോർട്‌ നല്ല നടനാണ്‌. അതിനാൽ തന്നെ തമാശയിലെ പ്രധാന കഥാപാത്രമായി വിനയ്‌ ഫോർടിനെ അനായാസം കണ്ടെത്തി. ചാക്കോച്ചനും അതുപോലെ തന്നെ. വൺലൈൻ കേട്ടപ്പോഴേ സമ്മതിച്ചു. വളരെ എളുപ്പത്തിൽ സാധാരണക്കാരനായി മാറാൻ കഴിയുന്ന ഈ നടനെ പ്രേക്ഷകർക്ക്‌ വലിയ ഇഷ്ടവുമാണ്‌. എഴുതി എഴുതി പൂർത്തിയാക്കിയ തല്ലുമാല കൊച്ചിയിൽ വരുന്നതും സൗഹൃദങ്ങൾ രൂപപ്പെടുന്നതും തല്ലുമാലയുടെ തിരക്കഥയുമായിട്ടാണ്‌. മുഹസിൻ പരാരിക്ക്‌ ചെയ്യാനായി എഴുതിയതാണ്. സിനിമ പല കാരണങ്ങളാൽ വൈകി. പെട്ടെന്നുള്ള എഴുത്തല്ല, വളരെ കാലവും സമയവുമെടുത്ത്‌ എഴുതിത്തീർത്തതാണ്‌. ഇപ്പോൾ സിനിമയാകുന്നുവെന്ന്‌ മാത്രം.  മുഹ്‌സിൻ തമാശയ്‌ക്ക്‌ വേണ്ടി പാട്ടെഴുതി. അങ്ങനെ സൗഹൃദത്തിൽ ഊന്നിത്തന്നെയാണ്‌ ഈ സിനിമയും സാധ്യമായത്‌. തിയറ്ററിന്റെ ആരവം തിയറ്ററിലെ ആരവങ്ങളിലും ഹരങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നവരാണ്‌ നമ്മൾ. വെറുതെ പോയി സിനിമ കാണുക മാത്രമല്ല, ആ പരിസരത്തിലെത്തുന്നു, ചായ കുടിക്കുന്നു അങ്ങനെയൊക്കെയാണ്‌ സിനിമ ആസ്വദിക്കുന്നത്‌. അത്‌ തിരിച്ചുകിട്ടാൻ കോവിഡ്‌ കാലത്ത്‌ നമ്മളൊക്കെ ആഗ്രഹിച്ചിരുന്നു. അതിനാലാണ്‌ ഒടിടിക്ക്‌ കൊടുക്കാതെ തിയറ്റർ അനുഭവം സാധ്യമാകാൻ നിർമാതാക്കളായ ചെമ്പനും ആഷിക്‌ അബുവുമെല്ലാം പരമാവധി കാത്തുനിന്നത്‌.   തെറ്റായ സന്ദേശം നൽകരുത്‌ രാഷ്‌ട്രീയം പറയണമെന്ന്‌ കരുതിയല്ല സിനിമ ചെയ്യുന്നത്‌. എന്നാൽ, തെറ്റായ സന്ദേശം നൽകാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്‌. തെറ്റായ രാഷ്‌ട്രീയ സന്ദേശം കൊടുക്കാൻ പാടില്ല. എന്നാലും ചിലപ്പോൾ പാളിച്ച സംഭവിക്കാം. സിനിമ എല്ലാവരെയും സ്വാധീനിക്കും. തെറ്റായ സന്ദേശം കൊടുക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനാണ്‌ ശ്രമം. Read on deshabhimani.com

Related News