ആഗോള ബോക്സോഫീസിൽ 900 മില്യൺ കടന്ന് ഡെഡ്‌‌പൂളും വോൾവറിനും



ആ​ഗോള ബോക്‌സോഫീസിൽ തരം​ഗമായി സൂപ്പർ ഹീറോകളായ ഡെഡ്‌‌പൂളും വോൾവറിനും. ബോക്സോഫീസിൽ 900 മില്യൺ കടന്നാണ് മുന്നേറ്റം. ജൂലൈ 26ന് പുറത്തിറങ്ങിയ ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ ഇതുവരെ നേടിയത് 903 മില്യൺ ഡോളറാണ് (7584 കോടി രൂപ). മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ രീതിയിൽ തുടർന്നാൽ ബോക്‌സോഫീസിൽ നിന്ന് റെക്കോർഡ് കളക്ഷൻ നേടുമെന്നാണ് സിനിമ ട്രാക്കിങ് സൈറ്റുകളുടെ വിലയിരുത്തൽ. ഇന്ത്യയിൽ നിന്ന് നേടിയിട്ടുള്ള നെറ്റ് കളക്ഷൻ 114 കോടിയാണ്. ഇന്ത്യയിൽ റിലീസ് ചെയ്‌ത് ആദ്യ ആഴ്‌ച‌‌യിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആറാമത്തെ ഹോളിവുഡ് ചിത്രമായി ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ മാറി. 1559 മില്യൺ ഡോളർ നേടിയ ഡിസ്‌നി അനിമേഷൻ ചിത്രം ഇൻസൈഡ് ഔട്ട് ആണ് ഈ വർഷം ഇതുവരെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം. നിലവിൽ രണ്ടാം സ്ഥാനത്താണ് ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ. കുതിപ്പ് തുടർന്നാൽ ഉടൻ തന്നെ ചിത്രം ഒരു ബില്യൺ കടക്കും. വാർണർ ബ്രദേഴ്‌സിന്റെ ഡ്യൂൺ പാർട് 2 (711 മില്യൺ)വിനെ പിന്തള്ളിയാണ് ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ രണ്ടാമതെത്തിയത്. യൂണിവേഴ്‌സൽ സിനിമാസിന്റെ ഡെസ്പിക്കബിൾ മീ 4 (684 മില്യൺ), വാർണർ ബ്രദേഴ്‌സിന്റെ ​ഗോഡ്‌സില vs. കോങ്: ദ ന്യൂ എമ്പയർ (569 മില്യൺ), യൂണിവേഴ്‌സൽ സിനിമാസിന്റെ കുങ്ഫു പാണ്ട (546 മില്യൺ) എന്നീ ചിത്രങ്ങളാണ് ആദ്യ ആറ് സ്ഥാനങ്ങളിൽ. 2923 മില്യൺ (2. 92 ബില്യൺ) നേടിയ അവതാറാണ് ഇതുവരെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം. 2799 മില്യൺ നേടിയ അവഞ്ചേഴ്സ് എൻഡ് ​ഗെയിം രണ്ടാം സ്ഥാനത്തും 2320 മില്യൺ നേടിയ അവതാർ: വേ ഓഫ് വാട്ടർ മൂന്നാം സ്ഥാനത്തുമാണ്. 1997ൽ പുറത്തിറങ്ങിയ ടൈറ്റാനിക്കാണ് നാലാം സ്ഥാനത്ത് (2264 മില്യൺ). Read on deshabhimani.com

Related News