വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ ആദ്യ സീസണിലെ വിജയികളെ പ്രഖ്യാപിച്ചു
കൊച്ചി > വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ ആദ്യ സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. കരീം എൽ മസ്‌റിയുടെ ‘മൈ പോർട്രെയിറ്റ്’ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) മികച്ച പരീക്ഷണ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ബ്രിട്ടീഷ് തിരക്കഥാകൃത്ത് പോൾ ഹോഡ്‌സൺ മൂന്ന് തിരക്കഥാ പുരസ്‌കാരങ്ങൾ നേടി. അദ്ദേഹത്തിന്റെ 'ജോൺസ് ജേർണി 2' മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടി. സ്‌ക്രീൻപ്ലേ വിഭാഗത്തിൽ 'ജോൺസ് ജേർണി', 'ദി ഹിൽ' എന്നീ കൃതികൾക്ക് മറ്റ് രണ്ട് പ്രത്യേക പരാമർശങ്ങളും നേടി. ‘ദി റോസ് വാഗൺ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അമേരിക്കൻ താരം ഡവ്‌ന ലീ ഹെയ്‌സിംഗ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 'ടൈംലെസ് ക്ലാസിക്ക്സ്: ക്യാറ്റ് ഓൺ എ ഹോട്ട് ടിൻ റൂഫ് മോണോലോഗ്' എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ഡവ്‌ന കരസ്ഥമാക്കി. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ ‘വഴിയെ’യുടെ വിജയത്തെ തുടർന്ന് ലോകമെമ്പാടുമുള്ള സ്വതന്ത്ര സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വഴിയെ സിനിമയുടെ അണിയറപ്രവർത്തകരും നിർമ്മാണ കമ്പനിയായ കാസബ്ലാങ്ക ഫിലിം ഫാക്ടറിയും ചേർന്ന് സംഘടിപ്പിക്കുന്ന ഐ എം ഡി ബി യോഗ്യത നേടിയ ഒരു വാർഷിക ചലച്ചിത്ര മേളയാണിത്. Read on deshabhimani.com