ഗൊയ്ഥെ സെൻട്രം ജർമൻ ചലച്ചിത്രമേള 28ന്



തിരുവനന്തപുരം > തിരുവനന്തപുരത്തെ ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം ബാനർ ഫിലിം സൊസൈറ്റിയുമായി ചേർന്ന് ജർമൻ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. ഈ മാസം 28 ന് വഴുതക്കാട് ടാഗോർ തിയേറ്ററിന് സമീപമുള്ള ലെനിൻ ബാലവാടിയിലാണ് ഫെസ്റ്റിവെൽ. 2021 ൽ പുറത്തിറങ്ങിയ നാല് ജർമൻ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം രാവിലെ 11 ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ നിർവഹിക്കും. മുതിർന്ന ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് അധ്യക്ഷനാകും. ഗൊയ്ഥെ സെൻട്രം ഡയറക്‌ടർ ഡോ. സയിദ് ഇബ്രാഹിം മുഖ്യാതിഥിയാകും. ബാനർ ഫിലിം സൊസൈറ്റി സെക്രട്ടറി ആർ ബിജു, ജോയിൻറ് സെക്രട്ടറി സന്ദീപ് സുരേഷ് എന്നിവർ സംബന്ധിക്കും. രാവിലെ 9.30 ന് ഫ്ളോറിയൻ ഡിട്രിച്ച് സംവിധാനം ചെയ്‌ത തൗബാബ്, 11.15 ന് സാറാ ബ്ലാസ്‌കിവിറ്റ്സിൻറെ പ്രഷ്യസ് ഐവി, ഉച്ചയ്ക്ക് 2.30 ന് ലിസ ബെയ്റിത്തിൻറെ പ്രിൻസ്, വൈകിട്ട് 4.30 ന് ഫ്രാൻസിസ്‌ക സ്റ്റൻകെലിൻറെ ദി ലാസ്റ്റ് എക്‌സിക്യൂഷൻ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.   ഇന്ത്യയിലാദ്യമായി 1957 ൽ കൊൽക്കത്തയിൽ തുടക്കമിട്ട ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരവും കൊച്ചിയുമടക്കം രാജ്യത്ത് ആറ് ശാഖകളാണുള്ളത്. തിരുവനന്തപുരം കേന്ദ്രം 2008-ലാണ് ആരംഭിച്ചത്. Read on deshabhimani.com

Related News