ഹനുമാൻകൈൻഡ്‌ അഭിനയ രംഗത്തേക്ക്‌; ‘റൈഫിൾ ക്ലബ്ബിൽ’ വേഷമിടും



കൊച്ചി > കഴിഞ്ഞ മാസം പുറത്തിറങ്ങിയ ‘ബിഗ്‌ ഡോഗ്‌സ്‌’ എന്ന ട്രാക്കിലൂടെ ആഗോള തലത്തിൽ ശ്രദ്ധ നേടിയ മലയാളി റാപ്പറാണ്‌ ഹനുമാൻ കൈൻഡ്‌ എന്ന സൂരജ്‌ ചെറുകാട്ട്‌. കോടികൾ കാഴ്‌ചക്കാരുള്ള ബിഗ്‌ ഡോഗ്‌സ്‌ ഓരോ ദിവസവും പുതിയ റെക്കോർഡുകൾ തീർക്കുകയാണ്‌. ഈ ട്രാക്കിന്റെ വൻ വിജയത്തിന്‌ ശേഷം അഭിനയ രംഗത്തേക്ക്‌ കുടി ചുവടു വയ്‌ക്കാൻ ഒരുങ്ങുകയാണ്‌ ഹനുമാൻകൈൻഡ്‌. ആഷിക്‌ അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബിലൂടെയാണ്‌ ഹനുമാൻ കൈൻഡിന്റെ അരങ്ങേറ്റം. ഹനുമാൻകൈൻഡ്‌ സിനിമയിൽ അഭിനയിക്കുന്ന കാര്യം ആഷിക്‌ അബു തന്നെയാണ്‌ പുറത്തുവിട്ടത്‌. ക്യാരക്‌ടർ പോസ്റ്ററിലുടെയായിരുന്നു പ്രഖ്യാപനം. സിനിമയിൽ ഭീര എന്ന കഥാപാത്രത്തെയാണ്‌ ഹനുമാൻകൈൻഡ്‌ അവതരിപ്പിക്കുന്നത്‌. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രം ഓണത്തിന് റിലീസിനെത്തുമെന്നാണ് സൂചന. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപിന്റെ ആദ്യ മലയാളചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ളവർ ചിത്രത്തിൽ അഭിനയിക്കുന്നു. റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്.  'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. Read on deshabhimani.com

Related News