ഐഡിഎസ്എഫ്എഫ്കെ: പ്രതിരോധത്തിന്റെ കാഴ്ചകളുമായി 4 പലസ്തീൻ ചിത്രം
തിരുവനന്തപുരം> ഇസ്രയേലിന്റെ അധിനിവേശവും വംശഹത്യയുംകൊണ്ട് സംഘർഷഭരിതമായ പലസ്തീനിൽനിന്നുള്ള നാലു ചിത്രങ്ങൾ 16–-ാമത് ഐഡിഎസ്എഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. ‘ആൻ ഓഡ് റ്റു റെസിലിയൻസ്: ടെയ്ൽസ് ഫ്രം പലസ്തീൻ' എന്ന വിഭാഗത്തിൽ ദ റോളർ, ദ ലൈഫ്, ദ ഫൈ്‌ളറ്റ്, പലസ്തീൻ ഐലന്റ്‌സ്, ഹെവി മെറ്റൽ, ബൈ ബൈ ടൈബീരിയാസ് എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയത്. പലസ്തീൻ അഭയാർഥികളുടെ അവസാനതലമുറയിൽപ്പെട്ട പന്ത്രണ്ടുകാരി മഹ, വിഭജനമതിൽ തകർന്നതായും ജന്മദേശത്തേക്കുള്ള മടക്കം സാധ്യമാണെന്നും തന്റെ അന്ധനായ മുത്തച്ഛനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ കഥ പറയുന്നു ‘പലസ്തീൻ ഐലന്റ്‌സ്'. ജോർദാനിലെ അൽ ബാഖ അഭയാർഥി ക്യാമ്പിൽ വളരുന്ന ആദ്‌ല, റഹ്‌മി, വിയാം എന്നിവർ അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിങ് മത്സരങ്ങളിൽ മെഡൽ നേടാനായി പരിശീലനം നടത്തുന്നതിന്റെ കാഴ്ചകൾ പകർത്തുന്നു ‘ഹെവിമെറ്റൽ' എന്ന ചിത്രം. ഗാസയിൽനിന്ന് വേദനാഭരിതമായ യാത്രകഴിഞ്ഞ് ബെൽജിയമിലെത്തുന്ന ഹസീം, ഡോക്യുമെന്ററി ചലച്ചിത്ര നിർമാണം പഠിക്കാൻ ബ്രസൽസിലെത്തുന്ന ഇലട്ര എന്നിവരുടെ ജീവിതക്കാഴ്ചകളിലൂടെ ജന്മദേശത്തുനിന്ന് പറിച്ചെറിയപ്പെടുന്നവരുടെ ദുരിതങ്ങൾ, നല്ല സമീപനമുള്ള ദേശങ്ങളിലത്തെിച്ചേരാനുള്ള ആന്തരിക കുടിയേറ്റങ്ങൾ എന്നിവ അവതരിപ്പിക്കുകയാണ് ദ റോളർ, ദ ലൈഫ്, ദ ഫൈ്‌ളറ്റ് എന്ന ചിത്രം. അമ്മയെയും അമ്മൂമ്മയെയും ഏഴു സഹോദരിമാരെയും ഉപേക്ഷിച്ച് ഒരു നടിയാവുക എന്ന സ്വപ്നവുമായി പലസ്തീൻ ഗ്രാമം വിട്ട് യൂറോപ്പിൽ കുടിയേറിയ ഹയാം അബ്ബാസിന്റെ തീരുമാനത്തെ പുനഃപരിശോധനയ്ക്കു വിധേയമാക്കുകയാണ് ലിന സൗ ആലമിന്റെ ‘ബൈ ബൈ ടൈബീരിയാസ്' എന്ന ചിത്രം. ഫെസ്റ്റിവൽ വിന്നേഴ്‌സ് വിഭാഗത്തിൽ 9 ചിത്രം ലോകത്തെ മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ തെരഞ്ഞെടുത്ത് 16–-മത് ഐഡിഎസ്എഫ്എഫ്കെ ഒരുക്കിയ ഫെസ്റ്റിവൽ വിന്നേഴ്‌സ് വിഭാഗത്തിൽ ഒമ്പത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. 76–ാമത് കാൻ മേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പാംദോർ പുരസ്‌കാരം ലഭിച്ച 'ദ മാൻ ഹു കുഡിന്റ് റിമൈൻ സയലന്റ്', കാൻ ചലച്ചിത്രമേളയിൽ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് അസ്‌മേ എൽ മൊയ്തിറിന് നേടിക്കൊടുത്ത 'ദ മദർ ഓഫ് ഓൾ ലൈസ്', 74ാമത് ബെർലിൻ ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗോൾഡൻ ബെയർ പുരസ്‌കാരം ലഭിച്ച 'ഏൻ ഓഡ് ടേൺ', ക്രിസ്റ്റൽ ബെയർ പുരസ്‌കാരം നേടിയ സ്പാനിഷ് ചിത്രം 'കുറ സന' സിൽവർ ബെയർ ലഭിച്ച ചൈനീസ് ചിത്രം 'റീമെയ്ൻസ് ഓഫ് ദി ഹോട്ട് ഡേ', ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ച 'ജർമ്മൻ ചിത്രം ദാറ്റ്‌സ് ഓൾ ഫ്രം മി' അന്താരാഷ്ട്ര ജൂറിയുടെ സ്‌പെഷ്യൽ പ്രൈസ് ലഭിച്ച 'എ സമ്മേഴ്‌സ് ഏൻഡ് പോയം ' വെനീസ് മേളയിൽ മികച്ച ഡോക്യുമെന്ററിക്ക് നാമനിർദേശം ചെയ്യപ്പെട്ട 'ഹോളിവുഡ് ഗേറ്റ്', ടിബെക്ക ഫെസ്റ്റിവലിൽ മികച്ച നവാഗത ഡോക്യുമെന്ററി സംവിധാനത്തിനുള്ള അവാർഡ് നിക്കോൾ ഗോർമെലി, ദെബ്ര അറോക്കോ എന്നിവർക്കു നേടിക്കൊടുത്ത 'സേർച്ചിംഗ് ഫോർ അമാനി' തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. Read on deshabhimani.com