ഇൻസൈഡ്‌ ഔട്ട്‌ 2; വീണ്ടുമെത്തുമ്പോൾ



‘പ്രായം കൂടുക എന്നാൽ സന്തോ ഷം കുറയുന്നു എന്നാണർഥം’ ഇൻസൈഡ്‌ ഔട്ട്‌ 2 ജെൻ–- സിയുടെമാത്രം സിനിമയല്ലാതാകുന്നത്‌ ഇവിടെയാണ്‌. 2015ൽ ആണ്‌ മനുഷ്യവികാരങ്ങളെ കഥാപാത്രങ്ങളാക്കി ഡിസ്‌നിയും പിക്സർ അനിമേഷൻ സ്റ്റുഡിയോസും ചേർന്ന്‌ ഇൻസൈഡ്‌ ഔട്ട്‌ എന്ന അനിമേഷൻ ചിത്രം പുറത്തിറക്കിയത്‌. പത്തുവർഷത്തിനിപ്പുറം പുതിയ വികാരങ്ങളെകൂടെ കൂട്ടി കെൽസി മാൻ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം തിയറ്ററുകളിൽ കലക്‌ഷൻ റെക്കോഡുകൾ ഭേദിച്ച്‌ മുന്നേറുകയാണ്‌. സന്തോഷം, ദുഃഖം, ഭയം, വെറുപ്പ്‌, ദേഷ്യം  എന്നീ വികാരങ്ങളെ റൈലി എന്ന 12 വയസ്സുകാരിയുടെ ജീവിതത്തിലൂടെയാണ്‌ ഇൻസൈഡ്‌ ഔട്ടിന്റെ ആദ്യഭാഗം നമ്മുടെ മുന്നിലെത്തിച്ചത്‌. രണ്ടാം ഭാഗത്തിൽ റൈലിക്ക്‌ രണ്ടു വയസ്സു കൂടി. കൗമാരത്തിലെത്തിയ റൈലിയോടെപ്പം ഉൽക്കണ്‌ഠ, ലജ്ജ, വിരസത, അസൂയ എന്നിവയും ഒരൽപ്പം ഗൃഹാതുരത്വവും ഒപ്പം കൂടിയിട്ടുണ്ട്‌. ആത്യന്തികമായി സന്തോഷമായിരിക്കുക എന്നതാണ്‌ പ്രധാനമെങ്കിലും ഓരോ വികാരത്തിനും ആ സന്തോഷത്തിലുള്ള പങ്ക്‌ ഇൻസൈഡ്‌ ഔട്ട് കാണിച്ചുതരുന്നുണ്ട്‌. ഒരു കൺട്രോൾ പാനലിൽ സാഹചര്യങ്ങൾക്കനുസരിച്ച്‌ ഓർമകളെ കൂട്ടിയിണക്കി റൈലിയുടെ മാനസികാവസ്ഥ ഒരുക്കുകയാണ്‌ ഓരോ വികാരവും. റൈലിയുടെ വികാരങ്ങളുടെ പ്രധാന നിയന്ത്രണം സന്തോഷത്തിന്റെ കൈയിലാണ്‌. എന്നാൽ, സാഹചര്യങ്ങൾക്കനുസരിച്ച്‌ ഇത്‌ മാറുന്നുമുണ്ട്‌. ജീവിതത്തിലുണ്ടാകുന്ന ഓരോ അനുഭവവും വ്യക്‌തികളിലുണ്ടാക്കുന്ന മാറ്റങ്ങളും അവരുടെ വികാരങ്ങളെ വ്യത്യസ്തപ്പെടുത്തുന്നുണ്ട്‌. ഇത്‌ ഓരോ പ്രേക്ഷകനിലും സ്വയം തിരിച്ചറിവുണ്ടാകുന്നുണ്ട്‌. അതിനാലാണ്‌ ഈ വർഷം ഹോളിവുഡിലിറങ്ങിയ മികച്ച സിനിമകളിലൊന്നായി ഇൻസൈഡ്‌ ഔട്ട്‌ മാറിയത്‌. സന്തോഷത്തിൽ ഉൽക്കണ്ഠ കൗമാരത്തിലെത്തുമ്പോഴേക്കും സിനിമയിലെപോലെ അഞ്ചാറ്‌ പെട്ടിയും തൂക്കി ഉൽക്കണ്ഠയെത്തും. ആദ്യം സിനിമയിലെ വില്ലൻ എന്നു തോന്നുമെങ്കിലും പിന്നെ അത്‌ മാറുകയാണ്‌. പുതിയ ജീവിതസാഹചര്യങ്ങൾക്കൊപ്പം ഉൽക്കണ്ഠയുണ്ടാകുന്നത്‌ സാധാരണമാണെന്നും ആദ്യഭാഗത്തിൽ ദുഃഖം ഇല്ലാതെ റൈലിക്ക്‌ സന്തോഷം നഷ്‌ടപ്പെടുന്നതുപോലെ ഉത്‌കണ്ഠയും നമ്മുടെ ശത്രുവല്ലെന്ന്‌ സിനിമ പറയുന്നുണ്ട്‌. വികാരങ്ങൾ നമ്മോട്‌ പറയാൻ ആഗ്രഹിക്കുന്നത്‌ നാം മനസ്സിലാക്കേണ്ടതുണ്ടെന്നും അവ നമ്മെ സഹായിക്കാൻ ശ്രമിക്കുകയാണെന്നും കാണാം. പുതിയ വികാരങ്ങളെത്തുന്നതോടെ കൗമാരത്തിൽ വ്യക്‌തിയിലുണ്ടാകുന്ന മാറ്റങ്ങളും അനിയന്ത്രിതമായി ഉണ്ടാകുന്ന ഉൽക്കണ്ഠ മനസ്സിനെ പിടിച്ചുലയ്ക്കുന്നതും സൂക്ഷ്‌മമായി കൈകാര്യം ചെയ്‌തിട്ടുണ്ട്‌ ഇൻസൈഡ്‌ ഔട്ട്‌ 2ൽ. വികാരങ്ങൾ കഥാപാത്രങ്ങളാകുമ്പോൾ ഓരോ വികാരത്തിന്റെയും സ്വഭാവത്തിനനുസരിച്ചാണ്‌ കഥാപാത്രങ്ങളുടെ ചിത്രീകരണവും. എപ്പോഴും ഹൂഡിയിൽ ഒളിച്ചിരിക്കുന്ന ലജ്ജയിലും ഒടിഞ്ഞുതൂങ്ങി സോഫയിൽ ഫോൺ നോക്കിയിരിക്കുന്ന വിരസതയിലും വലിയ കണ്ണുകളുള്ള അസൂയയിലും ഇത്‌ കാണാം. നൃത്തം ചെയ്യുന്ന പുരികവും ഓറഞ്ച്‌ നിറത്തിലുള്ള വയറുകൾകൊണ്ടുള്ള ബൊക്കെപോലെ തലമുടിയും വാകീറിയ ചിരിയുമുള്ള ഉൽക്കണ്ഠ കാണുന്നവരിൽ ഉണ്ടാക്കുന്ന ഉൽക്കണ്ഠ ചെറുതല്ല. കഥാപാത്രങ്ങൾക്ക്‌ ശബ്‌ദം നൽകുന്നതിലും അതീവ ശ്രദ്ധചെലുത്തിയിട്ടുണ്ട്‌. നടി മായാ ഹോക്ക്‌ ഉൽക്കണ്ഠയ്ക്കും എമി പോഹ്‌ലർ സന്തോഷത്തിനും ശബ്ദം നൽകി. സിനിമയെന്ന തെറാപ്പി അമിത ഉൽക്കണ്ഠയും ദേഷ്യവും അകാരണമായ സങ്കടവും മാനസിക സംഘർഷങ്ങൾകൊണ്ട്‌ വീർപ്പുമുട്ടുന്ന ഒരു തലമുറയ്ക്ക്‌ തെറാപ്പിയാകുന്നുണ്ട്‌ ഈ സിനിമ. ഉൽക്കണ്‌ഠയെ ഇത്ര വ്യക്തമായി കൈകാര്യം ചെയ്ത മറ്റൊരു സിനിമയുണ്ടോയെന്ന്‌ സംശയമാണ്‌. നമുക്കുണ്ടാകുന്ന ഓരോ വികാരവും സ്വാഭാവികമാണെന്നും എല്ലാ വികാരങ്ങളിലൂടെയും കടന്നുപോകുമ്പോഴാണ്‌ ജീവിതം പൂർണമാകുകയെന്നും ഇൻസൈഡ്‌ ഔട്ട്‌ പറഞ്ഞുതരുന്നു. ഒരു അടിക്കുറിപ്പോടെ പ്രേക്ഷകരിലേക്ക്‌ അവരുടെ ഓർമകളുടെയും അനുഭവിച്ച വികാരങ്ങളുടെയും വാതിൽ തുറന്നിടുന്നുണ്ട്‌ ഇൻസൈഡ്‌ ഔട്ട്‌. ‘സ്വയം സ്നേഹിക്കുക’. Read on deshabhimani.com

Related News