ചുരുളഴിയുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍
യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്കായുള്ള പ്രേക്ഷകന്റെ കാത്തിരിപ്പിന് നിരാശ സമ്മാനിക്കാത്ത ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍. ഈയടുത്ത് വന്ന മലയാളത്തിലെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളെയെല്ലാം പോലെ ആനന്ദ് ശ്രീബാലയും ഓരോനിമിഷവും ആകാംക്ഷ നിറഞ്ഞ തിയേറ്റര്‍ എക്സിപീരയന്‍സാണ് പ്രേക്ഷകന് നല്‍കിയത്. മാധ്യമങ്ങളിലൂടെ അറിഞ്ഞൊരു സംഭവത്തിന് ചലചിത്ര ഭാഷ്യം നല്‍കിയപ്പോള്‍ കൊച്ചിയും ഗോശ്രീപാലവും വീണ്ടും ചര്‍ച്ചാവിഷയമായി. 2017ലെ മിഷേല്‍ ഷാജി കേസിന്റെ ത്രഡില്‍ നിന്നാണ് 2024ല്‍ മെറിന്‍ എന്ന യുവതിയുടെ മരണവും അനുബന്ധ കേസും ആനന്ദ് ശ്രീബാലയായി തിരശീലയിലെത്തിയത്. എറണാകുളത്തെ നിയമവിദ്യാര്‍ഥിയുടെ തിരോധാനവും പിന്നീട് അവളുടെ മൃതദേഹം ഗോശ്രീ പാലത്തിന് സമീപം കായലില്‍ പൊങ്ങുന്നത് മുതലാണ് ആനന്ദ് ശ്രീബാല ആരംഭിക്കുന്നത്. ആത്മഹത്യയായി പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തുന്ന കേസ് ആനന്ദ് ശ്രീബാല എന്ന ഉദ്യോഗസ്ഥനിലേക്ക് എത്തുകയും തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് ഉറപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആദ്യാവസാനം വരെ കഥയെ എഴുത്തുകാരനായ അഭിലാഷ് പിള്ളയും സംവിധായകന്‍ വിഷ്ണു വിനയും കൊണ്ടുപോകുന്നത്. ആനന്ദ് ശ്രീബാല എന്ന ടൈറ്റില്‍ കഥാപാത്രത്തെ തന്മയത്തത്തോടെ അര്‍ജുന്‍ അശോകന്‍ ഭദ്രമാക്കി. കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലാണ് ചെറിയ റോളുകളില്‍ പോലും അഭിനേതാക്കളെ ഉപയോഗിച്ചിരിക്കുന്നത്. ആനന്ദിന്റെ അമ്മയുടെ കഥാപാത്രമായ ശ്രീബാലയായി എത്തിയ സംഗീത തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. അപർണ ദാസ്, മാളവിക മനോജ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസന്‍, അജു വർഗീസ് തുടങ്ങിയ വലിയ താരനിരയും സിനിമയിലുണ്ട്. Read on deshabhimani.com