അടുത്തത് ജിത്തു മാധവൻ ചിത്രം തന്നെ; ഉറപ്പിച്ച് മോഹൻലാൽ
മോഹൻലാൽ ആരാധകരെ ആവേശഭരിതരാക്കി പുതിയ സിനിമയുടെ പ്രഖ്യാപനം. ‘ആവേശം’, ‘രോമാഞ്ചം’ തുടങ്ങിയ സിനിമകൾ ഒരുക്കിയ ജിത്തു മാധവനൊപ്പമാണ് മോഹൻലാലിന്റെ അടുത്ത ചിത്രം. മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'എന്റെ ഏറ്റവും പുതിയ ചിത്രമായ 'തുടരെ' സംവിധാനം ഒരു നവാഗത സംവിധായകനാണ്. ആവേശം എന്ന ചിത്രത്തിന്റെ ഡയറക്ടർ ജിത്തുമാധവനൊപ്പം ഞാൻ ഒരു ചിത്രം ചെയ്യുന്നുണ്ട്. അതുമാത്രമല്ല ഞാൻ ഒരുപാട് സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ട്' മോഹൻലാൽ പറഞ്ഞു. ഒരു ചിത്രത്തിനായി മോഹൻലാലും ജിത്തുവും ഒന്നിക്കുന്നുവെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജിത്തുവിന്റെ ആദ്യത്തെ രണ്ടു സിനിമകള്‍ പോലെ ബാംഗ്ലൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പക്കാ എന്റർടൈയ്നർ ആയി ഒരുങ്ങുന്ന സിനിമ നിർമിക്കാനൊരുങ്ങുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. മോഹൻലാലും ഗോകുലം മൂവിസും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്. 140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെപറ്റി ടീമിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. നിരവധി പ്രതീക്ഷയുള്ള സിനിമകളാണ് ഇനി മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന സിനിമ വമ്പൻ ബഡ്ജറ്റിൽ 3D യിലാണ് ഒരുങ്ങുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും' ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ സിനിമ. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. Read on deshabhimani.com