അമ്മപട്ടം കയ്യിൽ വെച്ചേളൂ; കവിയൂർ പൊന്നമ്മ മലയാളത്തിലെ മികച്ച നടിയാണ്



സ്ത്രീത്വത്തോടു ചെയ്യാവുന്ന അനീതികളിൽ ഒന്നാണ് ആദർശവ ലക്കരണം. അതിന് വ്യക്തിപരമായും സർഗാത്മകപരമായും ഇരപ്പെട്ടു പോകേണ്ടി വരുന്നവരിൽ വലിയൊരു വിഭാഗം ചലച്ചിത്ര അഭിനേത്രികളുടേതാണ്. സർവഗുണ സമ്പന്നയും സർവ്വംസഹയും വാത്സല്യനിധിയുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേത്രികൾ ഇത്തരം 'ഇമേജ് ട്രാപ്പി'നകത്ത്  ആ ജീവനാന്തകാലം 'സുരക്ഷിതമായി ' കഴിയുന്നതും നമുക്കു ചുറ്റും കാണാം. തന്റെ അഭിനയജീവിതത്തിലെ വൈവിധ്യങ്ങൾ മൊത്തത്തിൽ റദ്ദുചെയ്യുന്ന, ക്ലീഷെകളെ മാത്രം ആഘോഷിക്കുന്ന വിപണിയുടെ രീതിശാസ്ത്രത്തോട്  കീഴടങ്ങി നില്ക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു. പൈങ്കിളിവത്ക്കരിക്കപ്പെട്ടതും കപടനാട്യങ്ങളുടെ കൂത്തരങ്ങുകളുമായി അധപതിക്കുന്ന ദൃശ്യമാധ്യമ പരിപാടികളിൽ ഒരു 'മുതലായി ' അവർ ഇരുന്നു കൊടുക്കേണ്ടിവരുന്നു. അമ്മത്ത പട്ടം ഔദാര്യം ചാർത്തുന്നവർ തിരശീലയിൽ പ്രകടിപ്പിച്ച സർഗവൈഭവത്തേക്കാൾ, മലയാളിയുടെ അമ്മത്തം നിറവോടെ അടയാളപ്പെട്ട മുഖം എന്ന വിശേഷണമാണ്  കവിയൂർ പൊന്നമ്മയ്ക്ക് എന്നും ചാർത്തികിട്ടാറ്. അഭിനയ ജീവിതത്തിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ പൊന്നമ്മയ്ക്ക് ലഭിച്ചത് മികച്ച കഥാപാത്രങ്ങളെയായിരുന്നു. തറവാടും കുടുംബവും സംരക്ഷിഷിക്കാൻ മുന്നിട്ടിറങ്ങുന്ന, ബലിദാനികളായ ഭാര്യ,അമ്മ, സഹോദരി വേഷങ്ങൾക്കിടയിലും ഈ മാമൂലുകളെ, സദാചാര നിയമങ്ങളെ ധിക്കരിക്കുന്ന ഒരു പിടി കഥാപാങ്ങൾ കവിയൂർ പൊന്നമ്മ മലയാള സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.പി.എൻ മേനോൻ, വിൻസെൻ്റ്, എം ടി വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ് സേതുമാധവൻ ,അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങി മലയാള സിനിമയിലെ എല്ലാധാരയിലേയും പ്രഗത്ഭരുടെ സിനിമകൾ ആദ്യദശകങ്ങളിൽ പൊന്നമ്മയിലെ അഭിനയശേഷിയെ കാര്യമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സിനിമ കീഴടക്കിയ തറവാടി വായാടിത്തങ്ങൾ എൺപതുകളോടെയാണ്  ഈ അമ്മ മുഖത്തിന് സവർണതയുടേയും തറവാടിത്തത്തിന്റെയും പ്രത്യയശാസ്ത്ര പിന്തുണയും ധാരാളമായി ലഭിച്ചത്. തൊണ്ണൂറുകളോടെ സൂപ്പർ താരങ്ങളുടെ അമ്മയാകാൻ സർവ്വയോഗ്യതയുമുള്ള മുഖമായി പൊന്നമ്മമാറാൻ വാണിജ്യ താല്പര്യങ്ങളും കൂടെ നിന്നു.തൊഴിലുറപ്പ് തരുന്ന കമ്പോള താല്പര്യങ്ങൾക്കിണങ്ങിയ തിരുസ്വരൂപത്തെ ഹനിക്കുന്നതൊന്നും ചെയ്യാതിരിക്കാനും അവർ ശ്രദ്ധ പുലർത്തി. തൊണ്ണൂറുകൾ തൊട്ടിങ്ങോട്ട് ഈ അഭിനേത്രി അവതരിപിച്ച കഥാപാത്രങ്ങളിധികവും ഏകതാനവും കൃത്രിമത്വം നിറഞ്ഞതുമാകാൻ കാരണം അവയിൽ നിറഞ്ഞു തുളുമ്പിയ സവർണ പ്രത്യയശാസത്രം തന്നെയാണ്. സാമൂഹ്യ വ്യവഹാരങ്ങളിലാകെ മൃദുഹൈന്ദവതയുടെ, വേരുകളിറങ്ങിയ  അക്കാലത്ത് അതിന് ചേർന്ന മാതൃബിംബമായി കവിയൂർ പൊന്നമ്മയെ സിനിമ ഉപയോഗിക്കുകയായിരുന്നു.  ആറുപതിറ്റാണ്ടെത്തുന്ന അഭിനയജീവിതത്തിൽ താൻ പകർന്നാടിയ  വ്യത്യസ്ത സ്വഭാവികളായ മനുഷ്യത്തികളെ ഒന്നൊന്നായി  മറവിയിലാഴ്‌ത്തി ,  ജനപ്രിയ സിനിമകളിലെ  ചില അമ്മവേഷങ്ങളിൽ മാത്രം ഓർക്കപ്പെടേണ്ട അഭിനേത്രിയായി കവിയൂർ പൊന്നമ്മയുടെ തിരജീവിതം അടയാളപ്പെടുത്തുന്നതിൽ മലയാള പത്ര ദൃശ്യമാധ്യമങ്ങൾ പുലർത്തുന്ന ഐക്യം സമാനതകളില്ലാത്തതാണ് ! ഈ സാമാന്യവത്ക്കരണത്തിൽ കവിയൂർ പൊന്നമ്മ അവതരിപ്പിച്ച മികച്ച ഒരു പിടി കഥാപാത്രങ്ങൾ തമസ്കൃതമാക്കപ്പെടുന്നു. പാട്ടിന്റെ മുക്കുത്തിയണിഞ്ഞ് രേവമ്മയുടെ പിൻഗാമി സംഗീതമായിരുന്നു പൊന്നമ്മയുടെ കലാ ചോദനകളെ ആദ്യമുണർത്തിയത്.എം.എസ് സുബ്ബ ലക്ഷ്മിയെപ്പോലെയാകാനായിരുന്നു പൊന്നമ്മയുടെ ആഗ്രഹം.ആ ആരാധന വലിയ പൊട്ടും മുക്കുത്തിയും തന്റെയും മുഖമുദ്രയാക്കാൻ പൊന്നമ്മയെ പ്രേരിപ്പിച്ചു. സംഗീതപ്രേമിയും ഗായകനുമായ അഛൻ ടി.പി ദാമോദരൻ മകളുടെ ആഗ്രഹങ്ങൾക്ക് കൂടെ നിന്നു. എം.കെ ത്യാഗരാജ ഭാഗവതരുടെ വലിയ ആരാധകനായ അഛൻ തന്നെയായിരുന്നു ആദ്യ ഗുരു. അഞ്ചാം വയസു മുതൽ സംഗീതം പഠിച്ചു തുടങ്ങി.എൽ.പി.ആർ വർമ, കണ്ണമംഗലം പ്രഭാകരൻ പിള്ള, വെച്ചൂർ ഹരിഹരയ്യർ തുടങ്ങിയവരും ഗുരുക്കൻമാരായി. പതിനൊന്നാം വയസിൽ അരങ്ങേറ്റ വേളയിൽ തന്നെ പൊന്നമ്മയ്ക്ക് 'കവിയൂർ പൊന്നമ്മ ' എന്ന പേരു കിട്ടി. കവിയൂർ രേവമ്മയെന്ന പ്രഗത്ഭ സംഗീതജ്ഞയുടെ പിൻഗാമിയായിമാറാനുള്ള ആശംസയായിരുന്നു ആ നാമകരണം. 'മൂലധനം ' എന്ന നാടകത്തിലേക്ക് ഗായികകയേത്തേടി ദേവരാജൻ, തോപ്പിൽ ഭാസി, കേശവൻ പോറ്റി, ശങ്കരാടി എന്നിവർ പൊന്നമ്മയുടെ വീട്ടിലെത്തിയത് ജീവിതത്തിൻ്റെ ഗതി മാറ്റുകയായിരുന്നു.പതിനാലാം വയസ്സിൽ നാടകത്തിന് പിന്നണി പാടാനെത്തിയ പൊന്നമ്മ, യാദൃശ്ചികമായി അഭിനയിക്കേണ്ടി വന്നു. തോപ്പിൽ ഭാസിയുടെ ശിക്ഷണമാണ് പൊന്നമ്മയിലെ അഭിനേത്രിയെ രൂപപ്പെടുത്തിയത്.കെ.പി.എ.സി, പ്രതിഭ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം എന്നിവയിൽ പുതിയ ആകാശം പുതിയ ഭൂമി, ഡോകടർ,അൽത്താര, ജനനി ജന്മഭൂമി എന്നീ നാടകങ്ങളിൽ നടിയായും ഗായികയായും പൊന്നമ്മ ശോഭിച്ചു. കാലിദാസ കലാകേന്ദ്രത്തിൽ നിന്ന് ഡാൻസ് മാസ്റ്റർ തങ്കപ്പനാണ് ശ്രീരാമപട്ടാഭിഷേകത്തിലെ (1962) ഒരു വേഷത്തിനായി മെറിലാൻ്റ് സ്റ്റുഡിയോവിൽ ചെല്ലാൻ നിർദ്ദേശിച്ചത്. രാവണപത്നി മണ്ഡോദരിയുടെ വേഷത്തിൽ കവിയൂർ പൊന്നമ്മ സിനിമയിലും അരങ്ങേറി. കുടുംബിനി എന്ന പുരുഷ കാഴ്ചയുടെ ബ്രാന്റിങ് 1964 ൽ പുറത്തിറങ്ങിയ 'കുടുംബിനി'യാണ് സിനിമയിൽ തൻ്റെ ഇടം കണ്ടെത്താനാകും എന്ന ആത്മവിലാസം പൊന്നമ്മയ്ക്ക് നല്കിയത്. പില്ക്കാലത്ത് കവിയൂർ പൊന്നമ്മയുടെ തിരസ്വരുപത്തെ നിർണയിച്ച ഘടകങ്ങളെല്ലാം ഈ സിനിമയിൽ ഉണ്ടായിരുന്നു. കുടുംബത്തിൻ്റെ ശിഥിലത തടയാൻ, സാമ്പത്തിക സുരക്ഷിതത്വമുറപ്പുവരുത്താൻ ശ്രമിക്കുന്ന 'ലക്ഷ്മി'യായി പൊന്നമ്മ. അമ്മായിമ്മയുടെ മുറുമുറുപ്പുകളേയും തെറ്റിദ്ധാരണകളേയും അതിജീവിക്കുന്ന, നാത്തൂൻ പോര് സഹിക്കുന്ന ലക്ഷ്മി, ഉത്തമപത്നിയുടെ പ്രതിരൂപമാണ്. സ്ത്രീത്രീയെ ആദർശാത്മക ബിംബമായി  അവതരിപ്പിക്കുകയും ജനസമ്മതി നേടിയെടുക്കുകയും ചെയ്യുന്നതിന്പുരുഷാധികാര സമൂഹത്തെ തൃപ്തിപ്പെടുത്താനുള്ള ഘടകങ്ങളെല്ലാം വിശദമായും വിദഗ്ദ്ധമായും 'കുടുംബിനി'യിൽ ഉപയോഗിച്ചിരിക്കുന്നു. 'വീടിന് പൊൻമണി വിളക്കു നീ, തറവാടിന് നിധി നീ കുടുംബിനി ' എന്ന ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്ന സ്ത്രീയുടെ ദിനചര്യകൾ നോക്കുക. രാവിലെ ഉറക്കമുണർന്നയുടൻ ഭർത്താവിൻ്റെ കാലുകൾ തൊട്ട് വന്ദിക്കുക, മുറ്റത്ത് വിളക്ക് വെച്ച് പ്രാർത്ഥിക്കുക, അടുപ്പിൽ തീ പൂട്ടുക, മുറ്റമടിച്ച് വെള്ളം തേവുക, വെള്ളം കോരുക, പാത്രം കഴുകുക, തുണിയലക്കുക, തുണി ഉണക്കാനിടുക, ചായയുമായി ചെന്ന് അമ്മായിയമ്മയെ വിളിച്ചുണർത്തുക എന്നിങ്ങനെ ലക്ഷ്മിയുടെ പ്രവൃത്തികളിലൂടെ സ്ത്രീ ധർമം ദൃശ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. തികഞ്ഞ കൃഷ്ണ ഭക്തയാണ് ലക്ഷ്മിയുടെ കഥാപാത്രം. കവിയൂർ പൊന്നമ്മയുടെ അഭിനയജീവിതത്തിലുടനീളം ആവർത്തിക്കുന്ന ഒരു സൂചകമാണ് കൃഷ്ണഭക്തിയുടേത് എന്ന് കാണാം. ഭർതൃ സഹോദര ഭാര്യയ്ക്ക് രക്തദാനം നടത്തി ജീവൻ വെടിയുന്ന ' ലക്ഷ്മി' എന്ന കഥാപാത്രത്തിലൂടെ പൊന്നമ്മ കാണിയുടെ ഇഷ്ടതാരമായി. പരമ്പരാഗത വിശേഷണങ്ങളെ മറികടന്ന അഭിനയ പ്രതിഭ 64 ൽ തന്നെ പുറത്തിറങ്ങിയ 'ആറ്റംബോംബിൽ 'അടൂർ ഭാസിക്കൊപ്പം പന്ത്രണ്ടു മക്കളുള്ള ഡോളി ലക്ഷ്മി' എന്ന തമാശക്കഥാപാത്രം ചെയ്തു ഈ അഭിനേത്രി.ആസാം റിട്ടേൺ പാച്ചു (അടൂർ ഭാസി ) യും ഡോളി ലക്ഷ്മിയും (പൊന്നമ്മ ) 'കുടുംബാസൂത്രണ സന്ദേശം' പാട്ടു രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു സന്ദർഭമുണ്ട് ഈ സിനിമയിൽ.' പണ്ടേ പറഞ്ഞു ഞാൻ പൊന്നേ, നീയിത്ര പണ്ടാരങ്ങളെപ്പെറ്റുകൂട്ടരുതെന്ന്' എന്ന പാട്ടിൽ ഭാസിക്കൊപ്പം ഹാസ്യ ഭാവങ്ങളോടെ നിൽക്കുന്ന കവിയൂർ പൊന്നമ്മയുടെ വേറിട്ട മുഖം കാണാം. കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' (1965 )കെ.എസ് സേതുമാധവൻ ചലച്ചിത്രമാക്കിയപ്പോൾ കല്യാണിയെന്ന പ്രധാന കഥാപാത്രം പൊന്നമ്മയ്ക്ക് ലഭിച്ചു. പൊന്നമ്മയുടെ അക്കാലങ്ങളിലെ മെലിഞ്ഞ രൂപവും  ദാരിദ്യത്തിൽപെട്ടുഴലുന്ന കല്യാണിയുടെ കഥാപാത്ര ചിത്രത്തോട് ചേർന്നു നില്ക്കുന്നതായിരുന്നു. പപ്പുവിൻ്റെ(സത്യൻ ) സുഖദു:ഖങ്ങളിൽ പങ്കാളിയാകുന്ന കല്യാണിയുടെ നിസഹായത പൊന്നമ്മയുടെ കുനിഞ്ഞ ശിരസിലും ശബ്ദ ഇടർച്ചകളിലും കൃത്യമായി അയാളപ്പെടുന്നു. ഈ അഭിനയ രീതി നിസ്വരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പൊന്നമ്മ ആവർത്തിച്ചുപയോഗിക്കുന്നത് പിന്നീടും കാണാം. മുഖമുയർത്താതെയുള്ള നില്പിപിലും ശബ്ദവിനിയോഗ, വിനിമയ ശേഷികൊണ്ട് കഥാപാത്രത്തിൻ്റെ ഭാവം കാണിയിലേക്ക് പകരാൻ കഴിയുന്നു ഈ അഭിനേത്രിക്ക്. 1965 ൽ തന്നെ പി.എൻ മേനോൻ്റെ 'റോസി'യിൽ നായികയായി കവിയൂർ പൊന്നമ്മ. സ്റ്റുഡിയോകളുടെ കൃത്രിമ ഇടങ്ങളിൽ നിന്ന് ആലുവാപുഴയുടെ തുറസിലേക്ക് ക്യാമറയുമായി കടന്നു ചെന്ന പി.എൻ മേനോൻ്റെ ആദ്യ നായികയാണ് കവിയൂർ പൊന്നമ്മ. പരുക്കൻ മുഖഭാവങ്ങളുള്ള തോമയെ (പി.ജെ.ആൻ്റണി) പ്രണയിച്ച്  കല്യാണം കഴിക്കുന്ന റോസി, പ്രസവാനന്തരം മരണത്തിന് കീഴടങ്ങുന്നു. തന്നിലെ അഭിനേത്രിയുടെ കഴിവുകളെ മികവോടെ പൊന്നമ്മയ്ക്ക് പ്രദർശിപ്പിക്കാൻ കഴിഞ്ഞ സിനിമയാണ് റോസി. 'സ്വന്തമെവിടെ ബന്ധമെവിടെ  ഇരുപത്തിരണ്ടാമത്തെ വയസ്സിൽ 'തൊമ്മൻ്റെ മക്കളിൽ ' (1965) സത്യൻ്റെയും മധുവിനേറെയും അമ്മയായി അഭിനയിക്കാൻ തയ്യാറായി കവിയൂർ പൊന്നമ്മ. കുടിയേറ്റ കർഷകനായ തൊമ്മൻ(കൊട്ടാരക്കര ശ്രീധരൻ നായർ ) ഭാര്യ അച്ചാമ്മയ്ക്കും (കവിയൂർ പൊന്നമ്മ ) രണ്ട് ആൺമക്കൾക്കുമൊപ്പം അധ്വാനിച്ച് ജീവിക്കുന്ന മനുഷ്യനാണ്. മക്കൾ വളർന്ന് വലുതാവുകയും വിവാഹിതരാകുയും ചെയ്യുന്നതോടെ കുടുംബത്തിൽ വഴക്കും സ്വത്തു തർക്കങ്ങളും ഉടലെടുക്കുന്നു. കലഹം മൂർഛിച് അക്രമമായി മാറിയപ്പോൾ ഭർത്താവിൻ്റെ കൈകളാൽ അബദ്ധത്തിൽ കൊല്ലപ്പെടുന്ന അച്ചാമ്മ പൊന്നമ്മയുടെ തിരസ്വരൂപത്തെ മാറ്റിമറിച്ച കഥാപാത്രമായി.പൊന്നമ്മയെ അമ്മ വേഷങ്ങളിലേക്ക് തുടർച്ചയായി കാസ്റ്റ് ചെയ്യപ്പെടാൻ കാരണമായി 'തൊമ്മൻ്റെ മക്കൾ '. ഇതേ സിനിമ 1984 ൽ സംവിധായകൻ ശശികുമാർ തന്നെ 'സ്വന്തമെവിടെ ബന്ധമെവിടെ ' എന്ന പേരിൽ റീമേക്ക് ചെയ്തപ്പേഴും ആവർത്തിച്ച ഒരേയൊരു അഭിനേതാവ് കവിയൂർ പൊന്നമ്മയായിരുന്നു! 1968 മുതൽ രണ്ടു ദശകക്കാലമാണ് അഭിനേത്രിയെന്ന നിലയിൽ കവിയൂർ പൊന്നമ്മയെ മലയാള സിനിമ കാര്യമായി പരീക്ഷിച്ചത്. അമ്മ വേഷങ്ങളുടെ സ്ഥാഥായിഭാവങ്ങൾക്കു കീഴ്പ്പെടുംമുമ്പ് മറ്റൊരു കവിയൂർ പൊന്നമ്മയുണ്ടായിരുന്നു എന്ന് ഓർമിപ്പിക്കുന്ന ദശകങ്ങൾ. നന്മകളുടെ വിഗ്രഹങ്ങളായ പെൺകല്പനകളെക്കാൾ ഗുണദോഷസന്മിത്രമായ (grey ) യഥാർത്ഥ മനുഷ്യത്തയെ പകർന്നാടാൻ പൊന്നന്മയ്ക്ക് അവസരം കിട്ടിയത് ഇക്കാലത്ത് മാത്രമാണ്.സെറ്റുമുണ്ടും ചന്ദനക്കുറിയും നിത്യമുദ്രകളായി വരും മുമ്പ്, മണ്ണ് കിളച്ച്, ചവിട്ടിക്കുഴച്ച് ഇഷ്ടികയുണ്ടാക്കുന്ന പെണ്ണിനെ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ അഭിനേത്രി.( കരകാണാക്കടൽ ) ഭക്തിയും പ്രാർത്ഥനകളും നിത്യവൃത്തിയായി കാണിക്കുന്നതിന് മുമ്പ് ,വെളിച്ചപ്പാട് ഭഗവതിക്കു നേരെ തുള്ളിയുറഞ്ഞു തുപ്പുന്നതിന് മുമ്പ്, തൻ്റേയും മക്കളുടെയും സംരക്ഷണത്തിനുതകാത്ത ദേവീ വിഗ്രഹത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ അമ്മയെ അവതരിപ്പിച്ചിട്ടുണ്ട് ഈ അഭിനേത്രി.( തീർത്ഥയാത്ര) കുലീനകളും നടപ്പു പുരുഷസദാചാര നിഷ്ഠകൾ പാലിക്കുന്നവരുമായ സ്ത്രീ കഥാപാത്രങ്ങളുടെ ഘോഷയാത്രകൾക്കിടയിലും ദമിത കാമനകൾ വെളിപ്പെടുന്ന പെൺമനസുകളും പൊന്നമ്മ കാട്ടിത്തന്നിട്ടുണ്ട്.( നെല്ല്, കൊടിയേറ്റം ) തൊഴിലാളി സമരമുഖത്ത് ,ചെങ്കൊടിയേന്തി വിപ്ളവ മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന പെണ്ണൊരുത്തിയെ അടയാളപ്പെടുത്തിയിട്ടുണ്ട്.( ക്രോസ് ബെൽറ്റ്) ഇത്തരം കഥാപാത്ര പ്രതിനിധാനങ്ങളെ മുഴുവൻ ഹൈജാക്ക് ചെയ്യാൻ ,മറച്ചുവെക്കാൻ കമ്പോള വരേണ്യയുക്തികൾ നടപ്പിലാക്കുന്ന മറവിക്കെണിയിൽ നാം പെട്ടുപോകുന്നതുകൊണ്ടു കൂടിയാണ് കവിയൂർ പൊന്നമ്മയെ 'ഒരമ്മ 'നടിയായി മാത്രം കാണാൻ നാം ശീലിക്കുന്നത്. 1971 ,72,73 വർഷങ്ങളിൽ തുടർച്ചയായി മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ്  കവിയൂർ പൊന്നമ്മ കരസ്ഥമാക്കി മലയാളസിനിമാചരിത്രത്തിലെ അപൂർവ നേട്ടത്തിനുമിക്കാലത്ത് ഉടമയായി. അസുരവിത്ത്, വെളുത്ത കത്രീന, ത്രിവേണി, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർത്ഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ,കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം...അങ്ങിനെ എക്കാലവും ഓർക്കേണ്ടുന്ന കഥാപാത്രങ്ങൾ   ജീവിച്ച കുറേയേറെ ചിത്രങ്ങൾ. ആറു പതിറ്റാണ്ട് കൊണ്ട് ആയിരത്തോളം സിനിമകളിൽ വേഷമിട്ട ഒരഭിനേത്രിയുടെ ജീവിതത്തിൻ്റെ ചെറിയൊരു ശതമാനമേ ഇത്തരത്തിലുള്ള സിനിമകൾ ആകുന്നുള്ളൂ. പക്ഷെ മടുപ്പിക്കുന്ന ബഹുലതകളേക്കാൾ മൂല്യമുള്ളത് ഈ ന്യൂനപക്ഷത്തിനാണെന്ന് കാലം തിരിച്ചറിയും. എം ടിയുടെ കുഞ്ഞോപ്പോൾ കഥാപാത്രമായി  മാറുന്നതിലും അപര വ്യക്തിത്വം അതിസൂക്ഷ്മതയോടെ ആവിഷ്കകരിക്കുന്നതിലും ഈ അഭിനേത്രി വിജയിക്കുന്ന ആദ്യ കാല സിനിമകളിൽ ഒന്ന് 'അസുരവിത്താ'ണ്.(1968) എം.ടി വാസുദേവൻ നായരുടെ രചനയിൽ പിറന്ന 'കുഞ്ഞോപ്പോൾ ' അന്തർ സംഘർഷങ്ങൾ എല്ലാം ഒതുക്കി വെച്ച് നിസംഗയായി പെരുമാറുന്ന പെൺ പിറവിയാണ്. തികഞ്ഞ കൈയ്യടക്കത്തോടെ  ക്ഷയിച്ചു കൊണ്ടിരിക്കുന്ന തറവാടിൻ്റെ എല്ലാ സഹനങ്ങളും പേറുന്ന പെൺ ശരീരമായി മാറുന്നു പൊന്നമ്മ ഈ സിനിമയിൽ.ഗോവിന്ദൻ കുട്ടി എന്ന അനിയന് മാത്രം തിരിച്ചറിയാൻ കഴിയുന്നുണ്ട് കുഞ്ഞോപ്പോളിനെ. ശബ്ദം ഉയർത്തി സംസാരിക്കാത്ത, തല ഉയർത്തി നോക്കുന്നതിൽ പോലും അപകർഷതയനുഭവിക്കുന്ന ,കരിയിലും അഴുക്കിലും മുഷിഞ്ഞ പെണ്ണിൻ്റെ നിർമമത അടിമുടി പതിഞ്ഞ പെണ്ണ്.  വ്യവസ്ഥിതികളുടെ ജീർണതകളിൽ തീർത്തും കീഴടങ്ങിയ സ്ത്രീ രൂപമായി കുഞ്ഞാത്തോളെ അനുഭവപ്പെടുത്താൻ കഴിയുന്നുണ്ട് കവിയൂർ പൊന്നമ്മയ്ക്ക്.  വെളുത്ത കത്രീനയിലെ (1968) 'മാർത്ത പുലയി' കുട്ടനാട്ടിലേക്കുളള, തൻ്റെ വേരുുകളിലേക്കുള്ള മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്ന അമ്മയാണ്. സവർണ സങ്കല്പനങ്ങളെ മറികടന്ന മാർത്ത കീഴാള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വളരെ അപൂർവ്വമായെ പൊന്നമ്മയ്ക്ക് അവസരം ലഭിച്ചുള്ളൂ. കിട്ടിയ അവസരത്തിൽ തന്നിലെ അഭിനയശേഷി മുഴുവൻ പ്രകടിപ്പിക്കുന്നുണ്ട് 'മാർത്ത പുലയിൽ '.നരച്ച തല, മുറുക്കി കറപിടിച്ച പല്ലുകൾ,തോൾ വരെ മറയ്ക്കാത്ത ശരീരം, കൈകൾ ചലിപ്പിച്ച് നാടകീയമായി സംസാരിക്കുന്ന രീതി അങ്ങനെ എല്ലാം കൊണ്ടും  നാട്ടു മനുഷ്യത്തിയുടെ തനിമയിൽ ഈ അമ്മ പ്രത്യക്ഷപ്പെടുന്നു. തറയിൽ കാലും നീട്ടിയിരിക്കുന്ന മാർത്തയുടെ രൂപം നമ്മൾ കണ്ടു ശീലിച്ച, ശീലിപ്പിച്ചു കൊണ്ടിരിക്കുന്ന കവിയൂർ പൊന്നമ്മ എന്ന അഭിനേത്രിയെ കുറിച്ചുള്ള സവർണ സങ്കല്പനങ്ങളെ ആകെ അട്ടിമറിക്കാൻ ശേഷിയുള്ള ദൃശ്യ ബിംബമാണ്. മാർത്തയ്ക്ക് വെളുത്ത കുഞ്ഞു ( കത്രീന) ജനിച്ചതിന് നേരിടേണ്ടി വന്ന അവമതിപ്പുകൾ വിശദീകരിക്കുന്നു ഒരു സന്ദർഭമുണ്ട് ഈ സിനിമയിൽ.ഒരു ജനത നേരിടുന്ന വംശീയ അധിക്ഷേപങ്ങൾ സംഭാഷണത്തിൻ്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ പൊന്നമ്മ ശക്തമായി പറഞ്ഞുവെക്കുന്നു. മാർത്തയുടെ ഉള്ളിൽ നിറയെ കുട്ടനാടാണ്. 'പുഞ്ചവരമ്പത്തുകൂടെ ഓടണം.. ഒരു കൊച്ചുവള്ളത്തിക്കേറി ഒന്നു തുഴയണം... ഒരു കറ്റ നെല്ലൊന്ന് കൊയ്യണം.. ' എന്ന് ആഗ്രഹം പറയുമ്പോൾ പെറ്റു വീണ ചെളിമണ്ണിൻ്റെ വിളി മാർത്തപുലയിയുടെ  വാക്കിൽ വിങ്ങി നില്ക്കുന്നത് കാണിക്കനുഭവിക്കാൻ കഴിയും. വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു കൊണ്ട് ആടിയാടി മാർത്ത പാടുന്ന നാടൻ ശീല് -  ' മെതിക്കളത്തിലെ ചെറുമിപ്പെണ്ണുങ്ങൾ പതം പറയുന്ന നേരം, മുളങ്കഴചാരി അകലെ നിന്നെന്നെ തലപ്പുലയൻ നോക്കി, കുനിഞ്ഞു നിന്നു ഞാൻ പെരുവിരൽ കൊണ്ട് ,കളം വരച്ചു മണ്ണിൽ, അഴിയാറായൊരെൻ റവുക്ക കണ്ടപ്പോൾ ,അലച്ചലച്ചങ്ങ് ചരിച്ചു' ,പൊന്നമ്മയിലെ ഗായിക, കഥാപാത്ര സ്വഭാവത്തിന് വഴങ്ങി തന്നെ അവതരിപ്പിച്ചിരിക്കുന്നത് കാണാം. കുട്ടനാട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുന്ന മാർത്ത മംഗലം കായലിൻ്റെ വരമ്പിലെത്തുമ്പോഴേക്കും ജീവൻ വെടിയുന്നതും ബാക്കിവെച്ച ആഗ്രഹങ്ങൾ പാതി തുറന്ന കണ്ണുകളിൽ തിളങ്ങി നില്ക്കുന്നതും   'വെളുത്ത കത്രീനയിലെ ഹൃദയസ്പർശിയായ രംഗമാകുന്നു. ചമയത്തിൽ ചില ന്യുനതകൾ ഉണ്ടെങ്കിലും അവയെ എല്ലാം അപ്രസക്തമാക്കി മാർത്ത പുലയിയുടെ ഉടലും ഉയരും ശരീരചലനങ്ങളും ആധികാരികമായി രൂപപ്പെടുത്തുന്നതിൽ കവിയൂർ പൊന്നമ്മയുടെ കരവിരുതുണ്ട്.  ത്രിവേണിയിലെ (1970) കടത്തു കടവിൽ പാർവതി കയർ പിരി തൊഴിലാളിയാണ്. മകൾ തങ്കമ്മയെ(ശാരദ ) പൊന്നുപോലെ നോക്കുന്ന ഒറ്റയമ്മ. പാർവതിയുടെ വ്യക്തി ജീവിതം സംശയത്തിൻ്റെ നിഴലിലാണ്. മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്ന് സംഭാഷണങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ പറ്റുന്ന അളവിൽ മാത്രമെ ആ സ്വഭാവദൂഷ്യത്തെ കുറിച്ച് സൂചനയുള്ളൂ. തൻ്റേടിയും എന്തും തുറന്ന മനസോടെ സ്വീകരിക്കുകയും ചെയ്യുന്ന പാർവതി, നടപ്പിലും ചലനങ്ങളിലും ചടുലതയും ഊർജവും കാണിക്കുന്ന പെണ്ണാണ്. വർണ പുള്ളികളുള്ള ബ്ലൗസും കൈകളിൽ കുപ്പിവളകളും വലിയ പൊട്ടും ധരിക്കുന്ന പാർവതിയുടെ വലതു കവിളിൽ ഒരു കാക്കപ്പുള്ളിയുമുണ്ട്. രസകരമായ ഭാവമാറ്റങ്ങൾ ധാരാളമായുള്ള  കഥാപാത്രമാണ് പാർവതിയുടേത്. സാന്ദർഭിക നർമ സന്ദർഭങ്ങളിൽ കവിയൂർ പൊന്നമ്മ പുലർത്തുന്ന ഔചിത്യവും മികവും പാർവതിയുടെ കഥാപാത്രത്തെ ആസ്വാദ്യകരമാക്കുന്നു. വാർദ്ധക്യത്തിലെത്തിയ ദാമോദരൻ മുതലാളി (സത്യൻ ) തനിക്ക് ഒരു വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് പാർവതിയോട് വെളിപ്പെടുത്തുന്നതോടെ അവളുടെ സ്വഭാവത്തിൽ വരുന്ന മാറ്റം പരിഭ്രമം  പൊന്നമ്മ അവതരിപ്പിക്കുന്നത് ആരെയും ചിരിപ്പിക്കും. മുതലാളിക്ക് തന്നോടാണ് ഇഷ്ടമെന്ന് തെറ്റിദ്ധരിച്ച് ഒരുങ്ങിയിറങ്ങി അദ്ദേഹത്തിൻ്റെ വീട്ടിലെത്തുന്നതും, അപകർഷതകളോടെ ആതിഥ്യമര്യാദകൾ സ്വീകരിക്കുന്നതും പൊന്നമ്മയിലെ അഭിനേത്രിയുടെ റേഞ്ച് കാണിക്കുന്ന രംഗമാണ്. മുതലാളിക്ക് തൻ്റെ മകൾ തങ്കമ്മയിലാണ് ആഗ്രഹം എന്നറിയുന്ന ഒരു നിമിഷം പതറിപ്പോകുന്നെങ്കിലും അതും തൻ്റെ നേട്ടമായി മാറ്റിയെടുക്കാൻ പാർവതി കാണിക്കുന്ന സമർത്ഥത പൊന്നമ്മയുടെ കഥാപാത്രവ്യാഖാനത്തിൽ ഭദ്രമാണ്. ദാമോദരൻ മുതലാളിയുടെ ഭാര്യയുടെ അമ്മ എന്ന നിലയിൽ പാർവതി പ്രകടിപ്പിക്കുന്ന അധികാരം, അഹങ്കാരം ഹാസ്യത്തിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്.  മുതലാളിയുടെ ദാസനും തന്നെ ഇകഴ്‌ത്തുകയും പരിഹസിക്കുകയും ചെയ്ത പുരുഷുവിനെ (അടൂർ ഭാസി ) ,പാർവതി വട്ടം കറക്കുന്നത് ഈ സിനിമയിലെ കൗതുകമുണർത്തുന്ന സ്വീകൻസാണ്. 'എടാ ചെറുക്കാ' എന്ന പരുക്കൻ വിളിയും കിഴുക്കലും ചെവിക്കു പിടിച്ച് തിരിക്കലും എല്ലാം ചേർന്ന് 'പൊന്നമ്മയുടെ 'ക്ലീഷെ കഥാപാത്രങ്ങളുടെ സ്നേഹഭാവത്തിന് എതിർദിശയിൽ നിൽക്കുകയാണ് 'ത്രിവേണി'യിലെ  പാർവതി. പട്ടാളം ഭവാനിയെ തറവാടി സിനിമകൾ ഓർക്കുമോ മലയാള നാടകവേദിയിൽ മുഴക്കം സൃഷ്ടിച്ച  എൻ.എൻ പിള്ളയുടെ 'ക്രോസ് ബെൽറ്റ് 'ഗ്: (1970) സിനിമയായപ്പോൾ അതിലെ 'പട്ടാളം ഭവാനി' എന്ന ശക്തമായ കഥാപാത്രം അവതരിപ്പിച്ചത് കവിയൂർ പൊന്നമ്മയാണ്.  സമരമുഖത്ത് കൊടിയും പിടിച്ച് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ടു മുന്നേറുന്ന തൊഴിലാളി സഖാക്കളുടെ മുൻനിരയിൽ ഭവാനിയെ കാണാം. 'ഉയരട്ടെ ഉയരട്ടെ ഉദയ രക്തതാരകൾ ഉയരട്ടെ... തകരട്ടെ ,തകരട്ടെ തങ്ക ഗോപുരങ്ങൾ തകരട്ടെ' എന്ന വിപ്ലവഗാനത്തിൻ്റെ ഊർജം മുഴുവൻ ഭവാനിയുടെ ഗതകാല സ്മരണകളിൽ ഇരമ്പുന്നുണ്ട്. അഞ്ച് വർഷമായി മനോവിഭ്രാന്തിയിൽ ഉഴലുന്ന  ഭവാനിയുടെ  ഭാവമാറ്റങ്ങൾ , സവിശേഷപെരുമാറ്റ രീതികൾ സിനിമയുടെ സാങ്കേതികസംവേദനരീതികൾക്കിണങ്ങും വിധം നിയന്ത്രിച്ചഭിനയിക്കാനും പൊന്നമ്മ ജാഗരൂകയാവുന്നത് കാണാം. ദൈവത്തിനോട് ഫോണിൽ സംസാരിക്കുന്ന ഭവാനിക്കായി ,പൊന്നമ്മ നടത്തുന്ന മനോധർമമാഭിനയവും സ്വന്തം വീട് കത്തിയമരുന്നത് കണ്ട്, ചിരിയും കരച്ചിലും സമ്മിശ്രമാക്കി നടത്തുന്ന ഭാവപ്രകടനവും എടുത്തു പറയാവുന്ന സന്ദർഭങ്ങളാണ്. ഇതേ വർഷം തന്നെ 'നിഴലാട്ട'ത്തിൽ രോഗഭീതി, രോഗാഭിനിവേശം മാനസികമായി കീഴ്പെടുത്തിയ  അമ്മയായും മികച്ചൊരു പ്രകടനം പൊന്നമ്മ കാഴ്ചവെക്കുന്നുണ്ട്. ഭൂരിഭാഗം സമയവും കട്ടിലിൽ കിടന്ന് ഭർത്താവിനെ ശപിക്കുകയും പ്രാകുകയും ചെയ്യുന്ന ഈ അമ്മയുടെ യഥാർത്ഥ ദുർബലത മാനസിനാണ് എന്ന് സിനിമ പറയുന്നു. കവിയൂർ പൊന്നമ്മയുടെ അഭിനയജീവിതത്തിലെ ഏറ്റവും ജീവസ്സുറ്റ കഥാപാത്രങ്ങളിലൊന്നാണ് 1971 ൽ സേതുമാധവൻ സംവിധാനം ചെയ്ത 'കരകാണാക്കടലി 'ലേത്. കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് പുറമ്പോക്ക് ഭൂമിയിലേക്ക് ഭർത്താവ് തോമ (സത്യൻ ), അമ്മ (അടൂർ ഭവാനി ), മക്കളായ മേരി (ജയഭാരതി ) അമ്മിണി (ശോഭ ) എന്നിവർക്കൊപ്പം കുടിയേറുന്ന 'തറതി' അധ്വാനശീലയും കാര്യപ്രാപ്തിയുമുള്ള നാട്ടു പെണ്ണാണ്. കൊച്ചി ഭാഷാശൈലിയും ചെറുതായി പൊന്നമ്മ പരീക്ഷിക്കുന്നു. തൻ്റെ അവസാനനാളുകളിൽ നടൻ സത്യൻ നടത്തിയ ഗംഭീര പ്രകടനമാണ് 'കരകാണാക്കടലി'ൻ്റെ പ്രത്യേകതയായി പരാമർശിക്കപ്പെടുക. തറതി യായി പൊന്നമ്മയും തോമായുടെ അമ്മയായി അടൂർ ഭവാനിയും ബാലതാരമായി ശോഭയും കാഴ്ച അഭിനയത്തികവ് ഇന്നും ഈ സിനിമയിൽ അത്ഭുഭുതപ്പെടുത്തുന്ന ഘടകമാണ്. സംഭാഷണ പ്രധാനമായ സിനിമയിൽ, നെടുങ്കൻ ഭാഷണത്തേക്കാൾ നിത്യജീവിത വർത്തമാനങ്ങൾ ധാരാളമായി കടന്നു വരുന്നുണ്ട്. അനൗപകചാരികമായ പെരുമാറ്റവും സംസാരവും തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കപ്പെട്ട ഈ സിനിമയിൽ സത്യനും, അടൂർ ഭവാനിയും ,കവിയൂർ പൊന്നമ്മയും ശോഭയും പുലർത്തുന്ന 'ടൈമിംഗ് '  അനുപമാണ്. തറതിയോട് നിരന്തരം തർക്കിക്കുന്ന അമ്മയ്ക്ക് അപ്പപ്പോൾ മറുപടി കൊടുക്കുന്ന  പൊന്നമ്മ, മേരിയേയും അമ്മിണിയേയും ശാസിക്കാനും ജീവിത പാഠങ്ങൾ പകർന്നു നല്കാനും പ്രാപ്തയായ പെണ്ണാണ്.വീട്ടുജോലികൾക്ക് പുറമേ, കൃഷിപ്പണിക്കും ഇഷ്ടികപ്പണിക്കുമിറങ്ങുന്ന, കെട്ടുറപ്പുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം സാധാരണ മനുഷ്യരുടെ പ്രതിനിധിയാണ്.ഒരു തരിമ്പു പോലും അഭിനയമാണെന്ന് തോന്നാത്ത കൃത്യതയോടെയും തനിമയോടെയുമാണ് തറുതിയെ കവിയൂർ പൊന്നമ്മ ആവിഷ്ക്കരിക്കുന്നത്. വലിവിൻ്റെ അസുഖമുണ്ടെങ്കിലും അതൊന്നുംകാര്യമാക്കാതെ കുടുംബത്തിൻ്റെ ആവശ്യങ്ങൾക്കായി ഓടി നടക്കുന്നു. മേരിക്കു പറ്റിയ തെറ്റിൽ മനംനൊന്ത് തളർന്നു വീഴുന്ന തറുതി മരണത്തിന് കീഴടങ്ങുന്നതിലെ  ലാളിത്യം കാണിയെ പിടിച്ചുലക്കുന്നു.ഇന്നും പ്രസക്തമായ തീമാണ് 1972 ൽ എ.വിൻസെൻ്റ് സംവിധാനം ചെയ്ത 'തീർത്ഥയാത്ര 'യുടേത്. ആൺതുണയില്ലാത്ത  അമ്മയും രണ്ടു പെൺമക്കളും നേരിടേണ്ടി വരുന്ന എല്ലാവിധ അപവാദങ്ങളും ആക്രമണങ്ങളും ശക്തമായി ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നു. വിധവയായ കുഞ്ഞിക്കാവ് (കവിയൂർ പൊന്നമ്മ ) മക്കൾ സാവിത്രിയേയും ( ശാരദ ) പാർവതിയേയും ( സുപ്രിയ) വാസു ( മാസ്റ്റർ സത്യജിത് ) കൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കാൻ നടത്തുന്ന ശ്രമവും ആണധികാര കുടുംബ സാമൂഹ്യ ഘടനകൾ അതിന് സൃഷ്ടിക്കുന്ന വിഘാതവും 'തീർത്ഥയാത്ര 'യെ നെഞ്ചിൽ തറക്കുന്ന സിനിമയാക്കുന്നു. ശാരീരിക്രമണങ്ങളും അപവാദങ്ങളും ധന ചൂഷണവുമെല്ലാം കുടുംബത്തിന് അനുഭവിക്കേണ്ടി വരുന്നു. തികഞ്ഞ ഭക്തയായ കുഞ്ഞിക്കാവ് തറയിൽ ഭഗവതിയുടെ ഒരു കൊച്ചു ലോഹ വിഗ്രഹം ഏതു നേരവും ഭയഭക്തി ബഹുമാനത്തോടെ കൊണ്ടു നടക്കുന്നവളാണ്. 'തീർത്ഥയാത്ര'യിലെ 'അംബികേ ജഗദംബികേ സുര വന്ദിതേ ശരണം' എന്ന ഗാനത്തിന് ബി.വസന്തയ്ക്കും മധുരിക്കുമൊപ്പം പിന്നണി പാടുകയും ചെയ്തു പൊന്നമ്മ. മക്കളെയും കൊണ്ട് തൊഴിൽ തേടി ഇറങ്ങിയ കുഞ്ഞിക്കാവിൻ്റെ ഇളയ മകൾ പാർവതിയെ കുട്ടപ്പൻ എന്ന ബസ് ഡ്രൈവർ ബലാത്സംഗം ചെയ്തതോടെ ആ അമ്മ മനസിൻ്റെ താളം തെറ്റാൻ തുടങ്ങി.പക്ഷെ, മകൾക്ക് ശാരീരികാക്രമണം നേരിടേണ്ടി വന്നത് തൻ്റെ മാത്രം ശ്രദ്ധക്കുറവ് കൊണ്ടാണെന്ന കുറ്റബോധം അവരെ അലട്ടാൻതുടങ്ങുന്നു. മകളുടെ നഗ്നതയിലേക്ക് തൻ്റെ വസ്ത്രം വലിച്ചെറിഞ്ഞ് അവളെ ഗാഢമായി പുണരുന്ന കുഞ്ഞിക്കാവിൻ്റെ വൈകാരിക വിക്ഷോഭങ്ങളെ കവിയൂർ പൊന്നമ്മയും യൗവനാരംഭത്തിൽ തൻ്റെ ലൈംഗികാതിക്രമത്തിന് വിധേയയായ പെൺകുട്ടിയായി സുപ്രിയയും (ഫടാഫട് വിജയലക്ഷ്മി എന്ന് തമിഴിൽ പ്രശസ്തയായ അഭിനേത്രി)  കാണി യുടെ മനസ്സിൽ തട്ടും വിധം ഉജ്വലമായി അവതരിപ്പിച്ചിരിക്കുന്നു. റേപ് ചെയ്യപ്പെട്ട പെൺകുട്ടിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ തൻ്റെ നെഞ്ചോട് ചേർത്തു നിർത്തുന്ന മലയാള സിനിമയിലെ ആദ്യ അമ്മ കഥാപാത്രമായിരിക്കും കവിയൂർ പൊന്നമ്മയുടെ കുഞ്ഞിക്കാവ്. അമ്മയുടെ എല്ലാ കരുതലുകളിൽ നിന്നും വിട്ടുമാറി, പങ്കിലമായ തൻ്റെ തൻ്റെ ശരീരത്തെ ഉപഭോഗവസ്തുവാക്കി മാറ്റുന്ന പാർവതിയുടെ തകർച്ച, അമ്മ മനസിൻ്റെ എല്ലാ ശുഭാപ്തി വിശ്വാസങ്ങളേയും തരിപ്പണമാക്കുന്നു. നിത്യവും പൂജിക്കുകയും തൻ്റേയും മക്കളുടേയും രക്ഷകയായി സങ്കല്പിക്കുകയും ചെയ്ത ദേവിവിഗ്രഹം 'തറയിൽ ഭഗവതിയുടെ ശവ 'മാണെന്ന് പറഞ്ഞ് വലിച്ചെറിയുന്ന കുഞ്ഞിക്കാവിൻ്റെ ക്രുദ്ധഭാവം, മനത്തകർച്ച, ആത്യന്തികമായമരണം പൊന്നമ്മയിലെ അഭിനേത്രിയുടെ പ്രകടത്തിൽ അവിസ്മരണീയമാകുന്നു. "നിർമാല്യ'ത്തിലെ വെളിച്ചപ്പാട് സിനിമയിൽ അരങ്ങേറുന്നതിന് ഒരു വർഷം മുമ്പാണ് കുഞ്ഞിക്കാവ് ഈ വിഗ്രഹ ഭഞ്ജനം. നടത്തിയത്. അസുരവിത്തിനും തീർത്ഥയാത്രയ്ക്കും ശേഷമാണ് വള്ളുവനാടൻ ഭാഷയും സെറ്റ് മുണ്ടും കവിയൂർ പൊന്നമ്മയുടെ തിരസ്വരുപത്തിലെ  അവിഭാജ്യ ഘടകമായl മാറുന്നത്. സവർണ പശ്ചാത്തലത്തിലും ദാരിദ്ര്യവും സാധാരണത്വവും ലാളിത്യവും ഈ കഥാപാത്രങ്ങൾക്കുണ്ടായി.പില്ക്കാലത്തത് കസവിലേക്കും മറ്റ് സമ്പന്ന,പ്രൗഡിയുടേയും രൂപകമായി പരിണമിച്ചു. ആശയറ്റ നിർമാല്യ'ത്തിലെ നാരായണി കുടുംബം പട്ടിണി കൊണ്ട് ഗതികെട്ടപ്പോൾ തൻ്റെ ശരീരം ഉപജീവനത്തിനായി ഉപയോഗിക്കേണ്ടി വന്ന 'നിർമാല്യ'ത്തിലെ നാരായണിയാണ് 1973 ൽ കവിയൂർ പൊന്നമ്മയ്ക്ക ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രം. ശിരസു കുനിച്ച് നടക്കുന്ന, ആരുടേയും മുഖത്തേക്ക് നോക്കി സംസാരിക്കാൻ വിമുഖതയുള്ള നാരായണി, ആശയറ്റ സ്ത്രീ ജീവിതത്തിൻ്റെ ഒന്നാന്തരം ദൃശ്യമാക്കി മാറ്റുന്നുണ്ട് പൊന്നമ്മ. കഥാപാത്രത്തിൻ്റെ പെരുമാറ്റ രീതികളിൽ പുലർത്തുന്ന സൂക്ഷ്മത  നാരായണിയുടെ ഓരോ ചലനത്തിലും വ്യക്തമായുണ്ട്.ശബ്ദത്തിലെ മന്ത്ര സ്ഥായിയും ചലനങ്ങളിലെ മന്ദ താളവും ആന്തരികമായി നാരായണി അനുഭവിക്കുന്ന ജഡത്വത്തെ കുറിക്കുന്നുമുണ്ട്. വേശ്യയായ രാജിയെ മകൻ്റെ ഭാര്യയായി കുടുംബത്തിനകത്തേക്ക് സ്വീകരിക്കാൻ ശക്തമായ നിലപാടെടുക്കുന്ന 'അവളുടെ രാവുകളി 'ലെ (1978) ലക്ഷ്മിയും പ്രകടനപരതയില്ലാത്ത നടിപ്പിലൂടെ വിശ്വസനീയമാക്കാൻ കവിയൂർ പൊന്നമ്മയ്ക്ക് കഴിഞ്ഞ കഥാപാത്രമാണ്. ഉത്തമ കുലസ്ത്രീ ,അമ്മ, അമ്മൂമ്മ കഥാപാത്രങ്ങൾ തുടരെ തുടരെ ലഭിച്ചിരുന്ന കവിയൂർ പൊന്നമ്മ പൊതുവെ ശരീരപ്രദർശനമോ ലൈംഗീക ചോദനകൾ വെളിപ്പെടുന്ന ഭാവപ്രകടനങ്ങളോ അവതരിപ്പിച്ചു കണ്ടിട്ടില്ല. അതേ സമയം സ്ത്രീ സഹജമായ ആസക്തികൾ പരിധി വിടാതെ പ്രകടിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങൾ പൊന്നമ്മ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.1974ൽ പുറത്തിറങ്ങിയ 'നെല്ലി'ലെ സാവിത്രി വാരസ്യാർ എന്ന വിധവ, അവരുടെ വീട്ടിൽ താല്ക്കാക്കാലികമായി താമസിക്കാനെത്തുന്ന രാഘവൻ നായരോട്  ( നസീർ )  കാണിക്കുന്ന അടുപ്പം പതിയെ ശാരീരിക ആകർഷണമായി മാറുന്നുണ്ട്. പലവിധ വിലക്കുകൾ മനസിൽ സൂക്ഷിക്കുന്ന സാവിത്രിയുടെ മനസംഘർഷങ്ങൾ, സന്ദേഹങ്ങൾ അവരുടെ പെരുമാറ്റത്തിൽ നിഴലിക്കുംവിധം തന്നെ അവതരിപ്പിക്കാൻ 'നെല്ലി'ൽ പൊന്നമ്മയ്ക്ക് കഴിയുന്നു. കൊടിയേറ്റത്തിലെ ദമിത കാമനകളുടെ മിതഭാഷ അടൂർ ഗോപാലകൃഷ്ണൻ്റെ 'കൊടിയേറ്റ 'ത്തിലെ (1978) കമലന്മയ്ക്ക് ശങ്കരൻ കുട്ടിയുടെ ശരീരത്തോട് തോന്നുന്ന മോഹങ്ങൾ കണ്ണുകളിലൂടെയാണ് പ്രകടമാക്കുന്നത്. മുറ്റത്ത് വിറക് കീറുന്ന ശങ്കരൻ കുട്ടിയുടെ ദേഹത്തെ ഉറച്ച മാംസപേശികളും വിയർപ്പുതുള്ളികളും താല്പര്യത്തോടെ നോക്കിയിരിക്കുന്ന കമലമ്മയുടെ മുഖം ദമിത കാമനകളുടെ മിതഭാഷയാകുന്നു.   മക്കൾക്കുവേണ്ടി ജീവൻ കളയുന്ന  കഥാപാത്രങ്ങളെ ധാരാളമായി കവിയൂർ പൊന്നമ്മ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും അക്കൂട്ടത്തിൽ പത്മരാജൻ്റെ 'തിങ്കളാഴ്ച നല്ല ദിവസത്തിലെ'  ജാനകി വേറിട്ടു നില്ക്കുന്ന കഥാപാത്രമാണ്. അമ്മ മക്കൾക്ക് ഭാരമാവുകയും വൃദ്ധസദനത്തിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന തീഷ്ണയഥാർത്ഥ്യത്തെ ഈ സിനിമ അഭിമുഖീകരിക്കുന്നു. ഷഷ്ഠിപൂർത്തിയാഘോഷത്തിനായി മക്കളെയേയും കൊച്ചു മക്കളെയും കാത്തിരിക്കുന്ന ജാനകിക്കുട്ടിയിലാണ് സിനിമ തുടങ്ങുന്നത്.അല്പം മുന്നോട്ട് ആഞ്ഞ് നടക്കുന്ന അമ്മയുടെ ശരീരഭാഷയിൽ പ്രായത്തിൻ്റെ ഇടർച്ചകൾ ധ്വനിപ്പിക്കാൻ പൊന്നമ്മയ്ക്ക് കഴിയുന്നു.അതേ സമയം നയത്തിലും സമചിത്തതയിലും ഇടപെടുന്ന, ഊർജസ്വലമായ മാതൃമനസ് കൈമോശം വന്നിട്ടില്ല എന്ന് തെളിയിക്കുകയും ചെയ്യുന്നുണ്ട് ആ ചലനങ്ങൾ. മണ്ണിനോടും മനുഷ്യരോടും പക്ഷിമൃഗാദികളോടും പ്രകൃതിയോടും സംവദിക്കുന്ന  മാതൃത്വത്തിൻ്റെ  ഉദാത്തഭാവമായി മാറുന്നു പത്മരാജൻ്റെ ഈ അമ്മ. തൊടിയിലെ മരങ്ങൾക്ക് ഭർത്താവിൻ്റെയും മക്കളുടേയും പേരിട്ടു വെച്ചിരിക്കുന്നു ഈ അമ്മ. അവയോട് സംസാരിക്കുകയും ചെയ്യുന്നതിലും ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. മരിച്ചു പോയ ഭർത്താവിനെയും മകൾ മാലിനിയേയും ഓർക്കുമ്പോൾ വേദനയുടെ ദീർഘനിശ്വാസങ്ങൾ ഉതിരുന്നുണ്ട് ഈ അമ്മയിൽ. മകൻ ഗോപൻ (മമ്മൂട്ടി ) കൊണ്ടുവന്ന ക്യാമറയിൽ ചിത്രങ്ങൾ എടുക്കുമ്പോൾ ഒരു photo മാത്രം അമ്മ നിർദ്ദേശിക്കുന്നുണ്ട്. അഛൻ്റെ ഓർമയായി വളർന്നു നില്ക്കുന്ന മാവിൻ ചുവട്ടിൽ നിന്ന് ഒരു ചിത്രം അമ്മ ആഗ്രഹിക്കുന്നു. നഷ്ടപ്പെട്ട ജീവിതത്തിൻ്റെ മധുര സ്മരണകൾ വേദനിപ്പിക്കുമ്പോഴും അത് പുറത്തു കാട്ടാതെ, ശിശുസഹജമായ നിഷ്കളങ്കതയിൽ ക്യാമറയ്ക്കു മുന്നിൽ Pose ചെയ്യുന്ന അമ്മയുടെ നില്പ്, ഹൃദയാദ്രമാക്കുന്ന ദൃശ്യമാക്കി മാറ്റാൻ പൊന്നമ്മയ്ക്ക് കഴിയുന്നു. മക്കളുടെ നിർബന്ധത്തിന് വഴങ്ങി തിങ്കളാഴ്ച നല്ലദിവസത്തിലെ യാത്രാമൊഴി ശരണാലയത്തിലേക്ക് പോകാനൊരുങ്ങുന്ന ജാനകിയമ്മ, താൻ ജീവിച്ച മണ്ണിനോടും ജീവജാലങ്ങളോടും വിട ചൊല്ലുന്നതും കൃത്രിമലേശമന്യേ അവതരിപ്പിക്കാൻ പൊന്നമ്മയ്ക്ക് കഴിയുന്നു. 'ഞാനുള്ളപ്പോൾ എൻ്റെ മുന്നിൽ വച്ച് നിങ്ങൾ വഴക്കിടരുത് ' എന്ന് സങ്കടവും രോഷവും കൊണ്ട് ശാസിക്കുമ്പോഴും ശരണാലയത്തിലേക്ക് പ്രവേശിക്കവേ 'ഞാനങ്ങു പോയിട്ടേ നിങ്ങള് പോകാവേ' എന്ന് ദയനീയമായി അപേക്ഷിക്കുമ്പോഴും കവിയൂർ പൊന്നമ്മയുടെ ഭാവ - ഭാഷണ പൊരുത്തം  മിഴിവോടെ ജ്വലിക്കുന്നത് കാണാം. നാടകരംഗത്തു നിന്ന് കടന്നു വന്നിട്ടും അഭിനയ മിതത്വം തുടക്കകാലം തൊട്ട് നിലനിർത്താൻ പൊന്നമ്മയ്ക്ക് കഴിഞ്ഞു. ജോൺ അബ്രഹാമിൻ്റെ 'ചെറിയാച്ചൻ്റെ ക്രൂരകൃതങ്ങളിൽ ' (1980) ഏലിയാമ്മയായി പൊന്നമ്മ നടത്തുന്ന പ്രകടനം ഈ Subtle പ്രകടനങ്ങളുടെ നല്ല ഉദാഹരണമാണ്. ഭയം വേട്ടയാടുന്ന ചെറിയാച്ചൻ്റെ  മനോഗതികളെ  നിശബ്ദമായും നിസംഗതയോടെയും നേരിടുന്ന ഏലിയാമ്മയ്ക്ക് മുഖ്യധാരാ സിനിമയുടെ  ചിട്ടപ്പടിയുള്ള അഭിനയ രീതി ബാധ്യതയാകും. ജോണിൻ്റെ ദൃശ്യഭാഷയിൽ  അടൂർ ഭാസിയും കവിയൂർ പൊന്നമ്മയും പരസ്പര പൂരകമായി നില്ക്കുന്നത് ചെറിയാച്ചൻ്റെ ശില്‌പഘടനയെ ഏകാഗ്രമാക്കുന്നത് കാണാം. മുഖാഭിനയവും ശബ്ദ നിയന്ത്രണവും ശബ്ദഗുണം ഏറ്റവും നന്നായി സഹായിച്ച അഭിനേത്രികളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ. മുഖാഭിനയത്തിന്  മാറ്റുകൂടുന്ന ശബ്ദ നിയന്ത്രണ പാടവം  പൊന്നമ്മ പ്രകടിപ്പിക്കുന്നു.ശബ്ദത്തിൻ്റെ പ്രത്യേകത കൊണ്ട് അടക്കിവെച്ച സ്നേഹ, രാഗ, വേദനകൾ  അതിൻ്റെ ആഴതിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്നു. മോനെ ', 'ഉണ്ണീ' എന്ന് പൊന്നമ്മ വിളിക്കുമ്പോൾ അതിൽ വാത്സല്യം പ്രസരിക്കുന്നതായി കാണിക്കനുഭവപ്പെടുന്നത് ശബ്ദത്തിൻ്റെ സവിശേഷതകൊണ്ടുകൂടിയാണ്. കഥാപാത്രത്തിൻ്റെ ഉള്ളം ,ഭാവം അതേ അളവിൽ പ്രകടിപ്പിക്കാൻ കഴിയുന്ന സ്വരം,  ഒരേപോലുള്ള കഥാപാത്രങ്ങളവതരിപ്പിച്ച്  കൃത്രിമത്തത്തിലേക്ക് വീഴുന്നതും തൊണ്ണൂറുകൾ തൊട്ട് നമുക്ക് കാണാം.   അമ്മ വേഷങ്ങളിൽ ആദ്യകാലത്ത് നസീറിനൊപ്പവും പില്ക്കാലത്ത് മോഹൻലാലിനൊപ്പവും ഏ ജനപ്രിയമായ  കോമ്പിനേഷൻ തീർക്കാൻ പൊന്നമ്മയ്ക്ക് കഴിഞ്ഞിരുന്നു.ഏതാണ്ട് അമ്പതോളം സിനിമകളിൽ മോഹൻലാലും കവിയൂർ പൊന്നമ്മയും അമ്മയും മകനുമായി അഭിനയിച്ചു. അവയിൽ ഭൂരിഭാഗവും വൻ വാണിജ്യവിജയവുമായി. പൊന്നമ്മയുടെ അമ്മ വേഷങ്ങൾക്ക് പൊതുവായി ആവർത്തിക്കുന്ന ഘടകങ്ങൾ പരിശോധിച്ചാൽ അവയിൽ കുസൃതിയും ചാപല്യങ്ങളുള്ള മകനും വാത്സല്യനിധിയായ അമ്മയും തമ്മിലുള്ള രസതന്ത്രം വ്യക്തമായി കാണാം. മലയാള സിനിമയിലെ യശോദ സങ്കല്പത്തെ പൂരിപ്പിക്കുന്ന അമ്മയായി മാറി കവിയൂർ പൊന്നമ്മ. പൊന്നമ്മ അഭിനയിച്ച കഥാപാത്രങ്ങളിൽ കണ്ണൻ, ഉണ്ണികൃഷ്ണൻ, ഉണ്ണി എന്നീ പേരുകൾ തുടർച്ചയായി കടന്നു വരുന്നതും ഓർക്കണം. മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ ( 1982) ഉണ്ണിയെ കാത്തിരിക്കുന്ന മുത്തശ്ശി, 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഒരു പൈങ്കിളിക്കഥയിൽ'' അഛനുമായി ഇടഞു നില്ക്കുന്ന കണ്ണനെ രഹസ്യമായി പിന്തുണക്കുന്ന പൊന്നി, നഖക്ഷതങ്ങളിലെ (1986) ഗുരുവായൂർ ഭക്തയായ മുത്തശി, ഹിസ് ഹൈനസ് അബ്ദുള്ളയിലെ (1990) മരിച്ചു പോയ മകൻ ഉണ്ണി എന്നെങ്കിലും തിരിച്ചു വരും എന്ന പ്രതീക്ഷയിൽ കഴിയുന്ന ഭാഗിരഥി തമ്പുരാട്ടി,കിരീടത്തിലേയും (1989) ചെങ്കോലിലെയും ( സേതുമാധവൻ്റെ അമ്മ, ഭരതത്തിലെ (1991) അമ്മ തേന്മാവിൻ കൊമ്പത്തിലെ ( 1994) യശോദാമ്മ റൺവേയിലെ (2004) വാളയാർ പരമശിവത്തിൻ്റെ അമ്മ, ബാബ കല്യാണിയിൽ (2006) അമ്മ, വടക്കുംനാഥനിലെ (2006) ഭരത പിഷാരടിയുടെ അമ്മ രുഗ്മാവതി അങ്ങനെ ഭൂരിഭാഗവും സിനിമകളും ഹൈന്ദവ  പശ്ചാത്തലത്തിലുള്ളതും മേൽ പറഞ്ഞ മാതൃ -ശിശു ബന്ധത്തെ പരിപോഷിക്കും വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ബാബാ കല്യാണിയിലെ അമ്മ സ്വയം 'കൂറുരമ്മ 'യായി തന്നെ വിശേഷിപ്പിക്കുന്നുണ്ട്.'കൈ നിറയെ വെണ്ണ തരാം' എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയും ഈ സന്ദർഭത്തോട് ചേർത്ത് വായിക്കാം.  മകനെ ചോറൂട്ടുന്ന രംഗങ്ങൾ കവിയൂർ പൊന്നമ്മയുടെ കഥാപാത്രങ്ങളുടെ മാതൃഭാവത്തെ ഊട്ടിയുറപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. 1975 ൽ പുറത്തിറങ്ങിയ 'പ്രവാഹ 'ത്തിൽ അഷ്ടമിരോഹിണി നാളിൽ ജനിച്ച ലക്ഷ്മിയുടെ (പൊന്നമ്മ ) മകൻ, കുടുബത്തിന് കാലക്കേട് വരുത്തും എന്നു പറഞ്' ഉപേക്ഷിക്കപ്പെടുകയാണ്. ആ മകൻഉണ്ണികൃഷ്ണൻ എന്ന പേരിൽ വളർത്തപ്പെടുകയും അവൻ്റെ വളർത്തമ്മ രാജമ്മ , ലക്ഷ്മിയുടെ വീട്ടിലെ ഔട്ട് ഹൗസിൽ അഭയാർത്ഥികളായി എത്തുകയും ചെയ്യുന്നു.ഉണ്ണി തൻ്റെ മകനാണ് എന്നറിയുന്ന ലക്ഷ്മി, ആ രഹസ്യം മനസിൽ വെച്ചു കൊണ്ടു തന്നെ അവനോട് പെരുമാറുന്നു. മുതിരുന്നതോടെ വീട്ടിലെ വേലക്കാരായി മാറുന്നു ഉണ്ണികൃഷ്ണൻ ( നസീർ ) വേലക്കാരനപ്പുറത്തുള്ള പരിഗണന ഉണ്ണിക്ക് നൽകുന്നതിൽ കുപിതനായ ലക്ഷ്മിയുടെ ഭർത്താവ് ,ഊൺമേശയിൽ നിന്ന് ഉണ്ണിയെ ഇറക്കി വിടുന്നു. അടുക്കള പുറത്ത് നിന്ന് ഉണ്ണിക്ക് ചോറുവാരി കൊടുക്കുന്ന രംഗം അക്കാലത്തെ കാണികളെ ഏറെ ആകർഷിച്ചു. തിങ്കളാഴ്ച നല്ല ദിവസം, കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകളിലും ഈ വാത്സല്യച്ചോറൂട്ട് കാണാം.എന്നാൽ ഈ സ്നേഹപ്രവൃത്തിയുടെ അതിദാരുണമായ അട്ടിമറി ലോഹിതദാസിൻ്റെ രചനയിൽ പിറന്ന  'തനിയാവർത്തന 'ത്തിൽ (1987)  കാണാം. മകൻ ഭ്രാന്തനായി നരകിക്കുന്നതിലും ഭേദം അവന് വിഷച്ചോറ് നൽകുന്ന അമ്മ സ്റ്റേഹത്തിന് ഉൻമൂലനത്തിൻ്റെ ഭാഷ്യം ചമയ്ക്കുന്നു.ബാലഗോപാലൻ്റ (മമ്മൂട്ടി ) യുടെ മുന്നിൽ വച്ചാണ് ഈ അമ്മ ചോറിൽ വിഷം കലർത്തുന്നത്. മരവിച്ച മനസ്സോടെ മകൻ്റെ വായിലേക്ക് ചോറുരുള നല്കുന്ന ഈ അമ്മ കഥാപാത്രം കവിയൂർ പൊന്നമ്മയുടെ ജീവിതത്തിൽ വേറിട്ടു നില്ക്കുന്നു. മക്കളെ നഷ്ടപ്പെടുന്ന, വേർപിരിയേണ്ടി വരുന്ന ,  പ്രതീക്ഷയോടെ കാത്തു നില്ക്കുന്ന അമ്മമാരെയും ആവർത്തിക്കേണ്ടി വന്നിട്ടുണ്ട് പൊന്നമ്മയക്ക്. സിനിമയുടെ ആദ്യ പകുതി അമ്മ -മകൻ സ്നേനേഹോഷ്മളതയിലും രണ്ടാം പകുതി അതിൻ്റെ തകർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലാണ് ഇത്തരം സിനിമകളുടെ ഘടന. ഭർത്താവിനും മക്കൾക്കുമിടയിലെ സംഘർഷങ്ങൾക്കിടയിൽ മകനെ, രഹസ്യമായി പിന്തുണക്കുന്നതിലും താലോലിക്കുന്നതിലും പൊന്നമ്മയുടെ അമ്മമാർ  ആനന്ദം കണ്ടെത്തുന്നു.വീട്ടിൽ നിന്ന് പിണങ്ങിപ്പോകുന്ന മക്കളെ തേടി ഹരിദ്വാറിലും (വടക്കും നാഥൻ), കാവേരി തീരത്തും (കുടുംബസമേതം ) ഈ അമ്മ എത്തുന്നു. 'മോനേ... ഉണ്ണീ... ' നിലവിളികൾ പുറപ്പെട്ടു പോയ ഏത് മകനേയും കുടുംബത്തിലേക്ക് തിരിച്ചെത്തിക്കാൻ തക്ക ശക്തിയുള്ളതായി സിനിമ നിരന്തരം പൊന്നമ്മയിലൂടെ അടയാളപ്പെടുന്നു. തിലകനും പൊന്നമ്മയുമായുള്ള കൂട്ടുകെട്ടിനും ജനപ്രീതി ഏറെയുണ്ടായി.'പെരിയാറിൽ ' (1973)പൊന്നമ്മയുടെ മകനായി അഭിനയിച്ച തിലകൻ തനിയാവർത്തനത്തിൽ സഹോദരനായും , സന്ദേശം, ജാതകം, കിരീടം, ചെങ്കോൽ, കുടുംബവിശേഷം, സന്താനഗോപാലം തുടങ്ങിയവയിൽ ജീവിത പങ്കാളിയായും പ്രേക്ഷകർക്ക് ഇഷ്ടമുള്ള അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.ഇതാൽ സന്താനഗോപാലത്തിലെ അഛനുമമ്മയും (കൃഷ്ണക്കുറുപ്പ്, സരസു) ആത്മസംഘർഷമേറെയുള്ള കഥാപാത്രങ്ങളാണ്.ജീവിച്ചിരിക്കെ തന്നെ, 'പരേതനാ'യി കഴിയുന്ന കുറുപ്പിൻ്റെ ഇരട്ട ജീവിതം പ്രതിസന്ധിയിലാക്കുന്നത് സരസുവിനെ കവിയൂർ പൊന്നമ്മ നന്നായി അവതരിപ്പിക്കുന്നുണ്ട്.  പുരുഷ കാഴ്ചയിലെ അമ്മ നോട്ടത്തെ മറികടന്ന നടനം ആൺ മക്കളാഗ്രഹിക്കുന്ന സ്നേഹവും സാന്ത്വനവും ഉപാധികളില്ലാതെ പകർന്നു നല്കുന്ന  ഈ അമ്മയെ മലയാളിയുടെ മൊത്തം അമ്മ സങ്കല്പമായി വ്യാഖ്യാനിക്കാനും അവരോധിക്കാനും ശ്രമിക്കുന്നതും കഴിയുന്നതും  തന്നെ പാട്രിയർക്കൽ ബോധത്തിൻ്റെ ലിറ്റ്മസ് ടെസ്റ്റ് പാസാകുന്നത് കൊണ്ടാണ്. അമ്മ എന്ന അവസ്ഥയിൽ  സ്ത്രീയിൽ ജൈവികമായി പിറവിയെടുക്കുന്ന സ്നേഹവാത്സല്യങ്ങൾ ബലഹീനതയും , ദൗർബല്യവുമായി മാറുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് പൊന്നമ്മയുടെ ഏറ്റവും സ്വീകാര്യമായ തിരസ്വരൂപമായി കൊണ്ടാടപ്പെടുന്നത്.പത്ര മാധ്യങ്ങളും സിനിമാ പ്രസിദ്ധീകരണങ്ങളും  ദൃശ്യമാധ്യമങ്ങളും കൂടുതൽ പ്രചാരം നല്കിയ അമ്മ പ്രതിഛായയിൽ തന്നെ തളച്ചിടാൻ കവിയൂർ പൊന്നമ്മയും തയ്യാറാകുന്നത് കാണാം. സൂപ്പർ താരങ്ങളുടെ അമ്മയായി തിളങ്ങുന്ന കാലത്ത് ലഭിക്കുന്ന ആരാധക, ഫാൻസ് പിന്തുണയും വാഴ്ത്തിപ്പാടലുകളും  ഈ അഭിനേത്രിയുടെ നീണ്ട അഭിനയജീവിതത്തിൻ്റെ വലിയൊരു അളവിൽ 'സ്റ്റ്റ്റീരിയോ ടൈപ് 'ആക്കി മാറ്റി. സിനിമയിലെ അഛനുമമ്മയും പുതുകാല അഭിരുചികൾക്ക് വഴങ്ങുകയും മുത്തശിമാർ ഏതാണ്ട് അപ്രത്യക്ഷമാകുകയും ചെയ്യുന്ന കാലത്ത് അവസരങ്ങൾ കുറഞു വരികയും ചെയ്യുന്നു. സിനിമയുടെ വാണിജ്യ, വരേണ്യവിജയങ്ങൾക്ക് കവിയൂർ പൊന്നമ്മയുടെ  തിരപ്രതിരൂപം എത്രമാത്രം ഉപകാരപ്പെടുമെന്നതിന് 'തേന്മാവിൻ കൊമ്പത്ത്' എന്ന സിനിമ മാത്രം ഉദാഹരിച്ചാൽ മതി. തന്നിൽ ആരോപിക്കപ്പെട്ട ക്ലീഷെ പരികല്പനകളെ മാത്രം ഉപയോഗപ്പെടുത്തിയ ഈ സിനിമയിൽ, ലാൽ നെടുമുടി ശ്രീനിവാസൻ ടീമിനൊപ്പം അഭിനേത്രിയെന്ന നിലയിൽ കവിയൂർ പൊന്നമ്മ നടത്തുന്ന പ്രകടനം നല്ലതു തന്നെയാണ് പ്രത്യേകിച്ചും ടൈമിംഗിെെൻ്റെ കാര്യത്തിൽ. വളരെ ദൈർഘ്യമേറിയ ഷോട്ടുകളിലാണ് യശോദാമ്മയും മാണിക്യനും ശ്രീകൃഷ്ണനും ചേർന്ന ആദ്യ രംഗങ്ങൾ പ്രിയദർശൻ ചിത്രീകരിച്ചത്.അത് ഫലവത്താകുന്നിൽ പൊന്നമ്മയിലെ അഭിനേത്രിയുടെ മാധ്യമ ബോധത്തിനും വലിയ പങ്കുണ്ട്. അനു പാപ്പച്ചൻ ദേശാഭിമാനി വാരികയിൽ എഴുതിയ ലേഖനത്തിൽ നിന്ന്   Read on deshabhimani.com

Related News