സ്ലീവാച്ചനും കെട്ടിയോളും മാലാഖ തന്നെ; "കെട്ട്യോളാണ് എന്‍റെ മാലാഖ' റിവ്യൂ



ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിൽ മറ്റാർക്കും പിടിതരാതെ ഇരിക്കുന്ന കെമിസ്‌ട്രിയുണ്ട്‌. കെട്ടിയോൾമാർ മാത്രമല്ല കെട്ടിയവന്മാരും മാലാഖമാരായിരിക്കണം. എന്നാലേ അതിന്‌ ഒഴുക്ക്‌ ഉണ്ടാകൂ. ദാമ്പത്യ ബന്ധത്തെപ്പറ്റിയുള്ള ഗൗരവമായ വിഷയം ഭംഗിയായി പറയുന്ന ചിത്രമാണ്‌ പുതുമുഖം നിസാം ബഷീർ സംവിധാനം ചെയ്‌ത "കെട്ടിയോളാണ്‌ എന്റെ മാലാഖ'. 2008 ൽ പുറത്തിറങ്ങിയ "വെറുതെ ഒരു ഭാര്യ' എന്ന ജയറാം‐ഗോപിക ചിത്രം ദാമ്പത്യബന്ധത്തിലെ പല പ്രശ്‌നങ്ങളും ചർച്ച ചെയ്‌ത ഒന്നാണ്‌. പുരുഷാധിപത്യ കുടുംബങ്ങളിൽ ഉണ്ടാകുന്ന മേധാവിത്വ മനോഭാവവും തുല്യത എന്ന വാക്ക്‌ ജീവിതത്തിൽ ഒരിടത്തും പ്രാവർത്തികമാക്കാത്ത ഭർത്താക്കന്മാരും നിരവധി കാര്യങ്ങൾ ഇതിൽനിന്നും മനസ്സിലാക്കാനും ഉണ്ടായിരുന്നു. കുടുംബബന്ധങ്ങളെപ്പറ്റിയും പരസ്‌പര ബഹുമാനം എന്നിവയെപ്പറ്റിയെല്ലാം ഓൺലൈനായി കാര്യങ്ങൾ പഠിപ്പിക്കുന്ന ഇക്കാലത്തും മാരിറ്റൽ റേപ്പ്‌ എന്ന ഗുരുതരമായ വിഷയത്തെപ്പറ്റിയുള്ള അറിവില്ലായ്‌മ സമൂഹത്തിൽ എത്രത്തോളമാണെന്ന്‌ ആസിഫ്‌ അലി നായകനായ ചിത്രം വ്യക്തമായി പ്രതിപാദിപ്പിക്കുന്നു. ഇടുക്കിയിലെ മലയോരഗ്രാമത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ കഥ വികസിക്കുന്നത്‌. സ്ലീവാച്ചൻ എന്ന ആസിഫ്‌ അലിയുടെ കഥാപാത്രം ഗ്രാമത്തിൽത്തന്നെ ഒതുങ്ങിക്കൂടി കഴിയുന്ന ആളാണ്‌. ഒപ്പം കഠിനാധ്വാനിയും മനുഷ്യസ്‌നേഹിയും. മുപ്പത്‌ വയസ്സുകഴിഞ്ഞിട്ടും കല്ല്യാണം കഴിക്കാതെ നടക്കുന്ന സ്ലീവാച്ചന്‌ വീട്ടിൽ അമ്മയും താനും ഒറ്റക്കാകുമ്പോഴാണ്‌ അത്‌ വേണമെന്ന്‌ തോന്നുന്നത്‌. അവിടെത്തന്നെ കഥാപാത്രത്തിന്റെ വിവാഹത്തോടുള്ള കാഴ്‌ചപ്പാട്‌ വ്യക്തമാണ്‌. പെണ്ണുകാണാൻ പോകുമ്പോഴും വീട്ടിൽ അമ്മച്ചി ഒറ്റക്കാണ്‌, അവരെ നോക്കണം എന്നത്‌ മാത്രമാണ്‌ അയാളുടെ ഡിമാൻഡ്‌. ഗ്രാമത്തിലെ പല ജീവിത വിഷയങ്ങളിലും മുതിർന്നവരേക്കാൾ കാര്യവിവരം ഉള്ള സ്ലീവാച്ചന്‌ എന്നാൽ ദാമ്പത്യത്തിൽ അത്യാവശ്യം വേണ്ട ഔചിത്യം പോലും അറിയില്ല. അതവരുടെ ബന്ധത്തിൽ തുടക്കത്തിലേ കല്ലുകടി ഉണ്ടാക്കുന്നു. എന്നാൽ തന്റെ വിവാഹജീവിതത്തിൽ ഭാര്യയ്‌ക്ക്‌ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ പോലും മനസ്സിലാക്കാനുള്ള ഔചിത്യം അയാൾക്കില്ല. വിവാഹം ഉറപ്പിച്ച ശേഷം വധു ആദ്യമായി ഫോൺ വിളിക്കുമ്പോൾ "അമ്മച്ചി ദേ അങ്കമാലീന്നാ വിളിക്കുന്നേ' എന്ന്‌ പറഞ്ഞ്‌ ഫോൺ കൊണ്ടുപോയി അമ്മയ്‌ക്ക്‌ കൊടുക്കുന്ന സ്ലീവാച്ചനെ കാണാം. പരിഗണനയോ സ്‌നേഹമോ ഇല്ലാത്ത അവരുടെ ബന്ധത്തിലുണ്ടാകുന്ന കല്ലുകടികളാണ്‌ സിനിമ പിന്നീട്‌ പറയുന്നത്‌. റിൻസി എന്ന സ്ലീവാച്ചന്റെ ഭാര്യ പല കുടുംബങ്ങളിലെയും സ്‌ത്രീകളുടെ അവസ്ഥ വരച്ചുകാട്ടുന്ന കഥാപാത്രമാണ്‌. ഒരാളുടെ രീതികൾ മനസ്സിലാക്കി ഇടപെടാൻ അറിയുന്ന റിൻസിക്ക്‌ പക്ഷേ അത്‌ തിരിച്ചുകിട്ടുന്നില്ല. അത്രയും മാനസിക സംഘർഷങ്ങൾ അനുഭവിച്ച്‌ മുന്നോട്ട്‌ പോകേണ്ടുന്ന ഒന്നാണോ വിവാഹം എന്നുതന്നെ ആ കഥാപാത്രം ചോദിക്കുന്നുണ്ട്‌.  ഭർത്താവിൽനിന്നും തനിക്ക്‌ നേരിടേണ്ടിവരുന്ന അസ്വഭാവികമായ പെരുമാറ്റങ്ങളോടുള്ള റിൻസിയുടെ പ്രതികരണം മലയാള സിനിമ ഒരുകാലത്ത്‌ പ്രതിഷ്‌ഠിച്ച ഭാര്യാ സങ്കൽപ്പങ്ങളെ തകർക്കുന്നവയാണ്‌. അതുവരെ അമ്മയും നാല്‌ പെങ്ങൾമാരുംകൂടി ജീവിച്ച അയാൾക്ക്‌ പെണ്ണ്‌ എന്നാൽ അമ്മയോ പെങ്ങളോ മാത്രമാണ്‌. ഭാര്യയോട്‌ മിണ്ടാൻപോലും കഴിയാതെ ഒഴിഞ്ഞുമാറി നടക്കുകയാണ്‌ സ്ലീവാച്ചൻ. ഒരു പുരുഷന്റെ വ്‌ളർച്ചയിൽ സ്വാഭാവികമായി ഉണ്ടാകേണ്ട പെൺസൗഹൃദങ്ങളോ സമൂഹവുമായി അത്തരം കാര്യങ്ങളിലുള്ള സംസാരമോ അയാൾക്ക്‌ ഉണ്ടായിട്ടില്ല. സമൂഹത്തിൽ ഇന്ന്‌ പല ചെറുപ്പക്കാർക്കും ഉള്ള പ്രശ്‌നങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നതിൽ നിസാം വിജയിച്ചിട്ടുണ്ട്‌. പ്രദേശങ്ങളെയും കഥാപാത്രങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുന്നതിനെ വിളിക്കുന്ന "ബ്രില്ല്യൻസ്‌' ബ്രാൻഡിങും അവകാശപ്പെടാവുന്ന സിനിമയാണ്‌ മാലാഖയും. മലയോര പ്രദേശവും ജീവിതരീതികളും ഭക്ഷണവും വസ്‌ത്രധാരണവും തുടങ്ങി നടപ്പിലൂം സംസാരത്തിലുംവരെ ഫീൽ ചെയ്യുന്ന തുടർച്ച മികച്ച കാഴ്‌ചതന്നെയാണ്‌. ഗൗരവമുള്ള കുടുംബ ചിത്രം എന്ന്‌ ഗണത്തിലേക്ക്‌ മാത്രം പൂട്ടിയിടാതെ ലളിതമായ തമാശകളും ആവർത്തനവിരസതയില്ലാത്ത സംഭാഷണങ്ങൾകൊണ്ടും സമ്പന്നമാക്കിയതിന്‌ നിസാമിനും എഴുത്തുകാരൻ അജി പീറ്റർ തങ്കത്തിനും ഫുൾ മാർക്കാണ്‌. ആസിഫ്‌ അലി എന്ന നടന്റെ കരിയർ ഓരോ സിനിമ കഴിയുന്തോറും എത്രത്തോളം സുരക്ഷിതമാകുന്നു എന്നതാണ്‌ സ്ലീവാച്ചനായുള്ള അഭിനയം കാണുമ്പോൾ അനുഭവപ്പെടുക. ഉയരെയിലെ ഗോവിന്ദായും വൈറസിലെ വിഷ്‌ണുവായും അത്രയും ടാലന്റുള്ള നടനാണ്‌ താനെന്ന്‌ പലവട്ടം ആസിഫ്‌ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്‌. താരതമ്യേന വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം തന്നെയായിരുന്നു സ്ലീവാച്ചനും. സ്ലാങ്ങിൽ വരുന്ന പാകപ്പിഴകൾപോലും അതിഭാവുകത്വം തോന്നിപ്പിക്കുന്ന സന്ദർഭങ്ങൾ തൻമയത്വത്തോടെ പൂർത്തിയാക്കാൻ ആസിഫിന്‌ കഴിഞ്ഞിട്ടുണ്ട്‌. പരിഭ്രമവും ദാമ്പത്യജീവിതത്തോടുള്ള അജ്‌ഞതയുമെല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്‌. മുന്നോട്ടുപോകുന്ന കരിയറിൽ ഏറെ ഉയരത്തിൽ നിൽക്കുന്ന കഥാപാത്രമാണ്‌ സ്ലീവാച്ചൻ എന്ന്‌ അഭിമാനത്തോടെ പറയാം. പുതുമുഖമായ വീണാ നന്ദകുമാർ റിൻസിയുടെ വേഷം മികച്ചരീതിയിൽ കൈകാര്യം ചെയ്‌തിരിക്കുന്നു. റൊമാൻസ്‌ മാത്രമല്ലാതെ വൈകാരിക രംഗങ്ങളിൽ അഭിനയത്തിൽ മികച്ചുനിൽക്കുന്ന പുതുമുഖ നടിയെ കുറച്ചുനാളുകൾക്കിടയിൽ മലയാള സിനിമ ഒരുപക്ഷേ കണ്ടുകാണില്ല. ഏറെ സംഘർഷങ്ങൾ നിറഞ്ഞ രംഗങ്ങളിലുള്ള വീണയുടെ അഭിനയവും ഡയലോഗ്‌ ഡെലിവറിയും എടുത്ത്‌ പറയേണ്ടതാണ്‌. ഒരു പുതുമുഖ താരമെന്ന്‌ ഒരു ഘട്ടത്തിലും തോന്നിപ്പിക്കാത്ത സ്വാഭാവിക അഭിനയം. വ്യത്യസ്‌തമായ പ്രമേയം കുടുംബ ബന്ധങ്ങളെയും തമാശയെയും കൂട്ടുപിടിച്ച്‌ മികച്ച രീതിയിൽ അവതരിപ്പിച്ചതിന്‌ നിസാം ബഷീറിന്‌ അഭിമാനിക്കാം. വിശ്വാസമില്ലായ്‌മയും വിവാഹേതര ബന്ധങ്ങളും മെയിൽ ഷൊവനിസവുമെല്ലാം പ്രമേയങ്ങളായിട്ടുള്ള മലയാള സിനിമയിൽ ഇത്തരത്തിലുള്ള ഒരു കഥ പുതിയ അനുഭവമാണ്‌. അജി പീറ്ററിന്റെ തിരക്കഥ പഴുതുകളില്ലാത്തതാണ്‌. പ്രദേശത്തെയും കഥാപാത്രങ്ങളെയും അറിഞ്ഞുള്ള എഴുത്ത്‌. മനുഷ്യരിലേക്ക്‌ നോക്കിത്തുടങ്ങിയ മലയാള സിനിമയിൽ അജിയുടെ പേര്‌ ഇനിയും കാണാനാകുമെന്ന്‌ ഉറപ്പാണ്‌. കായികമായോ മാനസികമായോ കീഴ്‌പ്പെടുത്തുന്നതല്ല നല്ല ബന്ധങ്ങളിലേക്കുള്ള വഴി എന്ന്‌ സ്ലീവാച്ചന്‌ ബോധ്യമാകുന്നിടത്താണ്‌ സിനിമ പൂർത്തിയാകുന്നത്‌. ഗാർഹിക പീഡനങ്ങളും സ്‌ത്രീകൾക്ക്‌ നേരെയുള്ള ആക്രമണങ്ങളും നിലനിൽക്കുന്ന സമൂഹത്തിൽ ചിത്രം പ്രസക്തമാണ്‌. വിവാഹം എന്നത്‌ സ്‌ത്രീയുടെ മേലുള്ള അധികാരം സ്ഥാപിക്കലല്ല എന്നും സിനിമ പറഞ്ഞുവയ്‌ക്കുന്നു. സ്‌ത്രീയും പുരുഷനും തമ്മിലുള്ള ഒരു ബന്ധം മനോഹരമാകുന്നത്‌ പരസ്‌പരം ബഹുമാനത്തോടെ മനസ്സിലാക്കുമ്പോഴും അതിനും ഉപരിയായി തുല്യത എന്ന ആശയത്തിൽ മുന്നോട്ടുപോകുമ്പോഴുമാണെന്ന്‌ കൃത്യമായി അടയാളപ്പെടുത്തുന്നു. കെട്ടിയവൾ മാത്രമല്ല, കെട്ടിയവനും മാലാഖയാകുന്നതോടെയാണ്‌ സ്ലീവാച്ചന്റെയും റിൻസിയുടെയും ജീവിതത്തിന്റെ വാതിൽ യഥാർത്ഥത്തിൽ തുറക്കുന്നത്‌. Read on deshabhimani.com

Related News