ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി 'ലാപതാ ലേഡീസ്' ഓസ്കാറിലേക്ക്



മുംബൈ> ഈ വർഷത്തെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ലാപതാ ലേഡീസ്. ആമിർഖാൻ, കിരൺ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം വളരെയധികം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. ബോളിവുഡ് ഹിറ്റ് ആനിമൽ, മലയാളം ദേശീയ അവാർഡ് ജേതാവ് "ആട്ടം", കാൻ ജേതാവ് "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്" എന്നിവയുൾപ്പെടെ 29 ചിത്രങ്ങളുടെ പട്ടികയിൽ നിന്നാണ് പുരുഷാധിപത്യത്തെക്കുറിച്ചുള്ള ലഘു ആക്ഷേപഹാസ്യമായ ഹിന്ദി ചിത്രം തിരഞ്ഞെടുത്തത്. തമിഴ് ചിത്രം "മഹാരാജ", "കൽക്കി 2898 എഡി", "ഹനു-മാൻ" എന്നീ തെലുങ്ക് ചിത്രങ്ങളും കൂടാതെ "സ്വാതന്ത്ര്യ വീർ സവർക്കർ", "ആർട്ടിക്കിൾ 370" എന്നീ ഹിന്ദി ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയായിരുന്നു അയച്ചത്. വളരെ ശക്തമായ ഒരു വിഷയം ലളിതമായി അവതരിപ്പിച്ച ചിത്രമായിരുന്നു ലാപതാ ലേഡീസ്. വിവാഹശേഷം ട്രെയിൻ മാർ​ഗം ദൂരെയുളള ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ട് നവവധുക്കളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സമൂഹം സൃഷ്ടിച്ചുവച്ച പൊതുബോധത്തില്‍ സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ടുപോകുന്ന സ്ത്രീകളെയായിരുന്നു അവർ അവതരിപ്പിച്ചത്. ഒരുപാട് സംഭവവികാസങ്ങൾക്ക് ശേഷം അവർക്കുണ്ടാവുന്ന തിരിച്ചറിവിന്റെ കഥ കൂടിയാണ് ലാപതാ ലേഡീസ്. ഒരുപിടി നവാഗത അഭിനേതാക്കളെ കേന്ദ്രപാത്രങ്ങളാക്കി ഇന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു കൊച്ചുചിത്രമായിരുന്നു ഇത്. തീയേറ്ററിൽ വലിയ വിജയം കാണാത്ത സിനിമ ഒടിടിയിലെത്തിയപ്പോൾ മികച്ച പ്രേക്ഷകപിന്തുണ തേടി. സിനിമയിലെ പാട്ടുകളും ഡയലോ​ഗുകളും ആളുകൾ ഏറ്റെടുത്തു.   Read on deshabhimani.com

Related News